“മരങ്ങള്‍ നടുന്നതിനൊപ്പം പരിപാലിക്കാനും ശ്രദ്ധിക്കണം”- ഗവര്‍ണര്‍

Share:

 ലോകപരിസ്ഥിതി ദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.

രങ്ങള്‍ നടുന്നതിനൊപ്പം അത് പരിപാലിക്കുന്നതിലും ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം . ലോകപരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മരങ്ങള്‍ പരിപാലിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാവണം. ജനങ്ങള്‍ക്ക് പ്രയോജനകരമായ മരങ്ങള്‍ വേണം വച്ചുപിടിപ്പിക്കേണ്ടത്. ഔഷധഗുണമുള്ള ചെടികള്‍, മാവ്, പ്ലാവ് തുടങ്ങിയ ഫല വൃക്ഷങ്ങള്‍ എന്നിവ നട്ടുവളര്‍ത്തണം. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

ഗവര്‍ണറായി ചുമതലയേറ്റപ്പോള്‍ ആദ്യം ചെയ്തത് രാജ്ഭവനില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുകയാണ്. കോര്‍പ്പറേഷന്‍ നല്ല വെള്ളം തരുന്നുണ്ട്. അപ്പോള്‍ മിനറല്‍ വാട്ടറിന്റെ ആവശ്യമില്ലെന്ന് നിര്‍ദ്ദേശിച്ചു. രാജ്ഭവനിലെ ജീവനക്കാര്‍ക്ക് ചായ നല്‍കാന്‍ സ്റ്റീല്‍ ഗ്‌ളാസുകളും വാങ്ങി. വിവാഹം ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളിലും പ്ലാസ്റ്റിക് ഒഴിവാക്കാന്‍ തയ്യാറാകണം. റിപ്പബ്‌ളിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും പ്രമുഖരുള്‍പ്പെടെയുള്ളവര്‍ രാജ്ഭവനില്‍ വരാറുണ്ട്. ഈ അവസരങ്ങളിലെല്ലാം പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഭാവിതലമുറയ്ക്ക് വേണ്ടി പരസ്ഥിതിയെ സംരക്ഷിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കനകക്കുന്ന് വളപ്പില്‍ ഗവര്‍ണര്‍ ഇലഞ്ഞിതൈ നട്ടു. പരിസ്ഥിതി സംരക്ഷണ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു. സുഗതകുമാരിയ്ക്കുള്ള പുരസ്‌കാരം ഗവര്‍ണറില്‍ നിന്ന് മകള്‍ ലക്ഷ്മിദേവി ഏറ്റുവാങ്ങി. സി. കെ. കരുണാകരന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്‌റ്റേഴ്‌സ് എന്നിവര്‍ക്കും ഗവര്‍ണര്‍ പുരസ്‌കാരം നല്‍കി. യൂക്കാലി, അക്കേഷ്യ മരങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്ന് വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനംമന്ത്രി അഡ്വ.കെ. രാജു പറഞ്ഞു. ഇനി മുതല്‍ വനംവകുപ്പ് ഇത്തരം തൈകള്‍ വിതരണവും ചെയ്യില്ല. ആഗോളതാപന പാരീസ് ഉടമ്പടിയില്‍ നിന്ന് യു. എസ് പിന്‍മാറിയത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മേയര്‍ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എസ്. സി. ജോഷി, പരസ്ഥിതി കാലാവസ്ഥ വ്യതിയാന വിഭാഗം ഡയറക്ടര്‍ പത്മ മഹന്തി എന്നിവര്‍ പങ്കെടുത്തു. പിന്നീട്, രാജ്ഭവനില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ പ്ലാവ്, തെങ്ങ്, കറിവേപ്പ്, വേപ്പ് തൈകള്‍ നട്ടു. സങ്കരയിനം പ്ലാവിന്റെ തൈ നട്ട് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. രാജ്ഭവനിലെ ജീവനക്കാര്‍ക്ക് വേപ്പ്, കറിവേപ്പ് തൈകള്‍ ഗവര്‍ണര്‍ നല്‍കി.

Share: