പ്രസംഗിക്കാന്‍ പഠിക്കുക – ബി. എസ്. വാര്യര്‍

944
0
Share:

ജനാധിപത്യത്തിന് ചര്‍ച്ചയിലൂടെയുള്ള ഭരണം എന്നൊരു നിര്‍വചനമുള്ളത് നിങ്ങള്‍ കേട്ടിരിക്കും. ഏതു ചര്‍ച്ചയിലും ആശയസ്ഫുടതയോടെയും സംസാരിക്കാനുള്ള കഴിവ് കൂടിയേ തീരൂ. ഭാഷയുടെ അടിസ്ഥാന നിയമങ്ങളെക്കുറിച്ചുള്ള അറിവ്, സ്വരശുദ്ധി, സദസ്സിന്‍റെ വിജ്ഞാന നിലവാരത്തെക്കുറി ച്ചുള്ള ബോധം, സംസാരിക്കുന്ന വിഷയത്തെക്കുറിച്ചുള്ള ജ്ഞാനം, ശബ്ദവ്യതിയാനത്തിലും  ആരോഹണാ വരോഹണങ്ങളിലും  ആവശ്യമായ നിയന്ത്രണം വരുത്താനുള്ള കഴിവ്, പറ്റിയ അംഗവിക്ഷേപങ്ങൾ  പ്രയോഗിക്കാനുള്ള വിരുത് തുടങ്ങി പല സിദ്ധികളും നല്ല പ്രസംഗകന് കൂടിയേ തീരൂ.

സദസ്സിനെ അഭിമുഖീകരിച്ചു ശ്രോതാക്കള്‍ക്ക് മുഷിവുതോന്നാത്ത വിധത്തിൽ നാലുവാക്ക്‌ പറയാനുള്ള കഴിവ് ആധുനിക ജീവിതത്തിൽ പലര്‍ക്കും അത്യാവശ്യമായി തീര്‍ന്നിട്ടുണ്ട്. അല്പമൊന്നു പരിശ്രമിക്കുകയും സഭാകമ്പത്തെ അതിജീവിക്കാനുള്ള ശേഷി നേടുകയും ചെയ്താൽ നല്ല പ്രസംഗകര്‍ത്താക്കളാകാ ൻ സാദ്ധ്യതയുള്ള പലര്‍ക്കും, പത്തുപേരെ ഒന്നിച്ചു കണ്ടാല്‍ ഒന്നും പറയാനാകാതെ വരുന്നത് സാധാരണമാണ്. പഠിപ്പും പാണ്ഡിത്യവും കൈമുതലയവര്‍ പോലും ഇങ്ങനെ വിഷമിക്കാറുണ്ട്. നേരെ മറിച്ചു കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയും ലോകപരിചയവും മാത്രമുള്ള മറ്റു ചിലര്‍ തങ്ങളുടെ  കൈവശമുള്ളചെറിയ ആശയങ്ങൾ ചെറിയ പദാവലിയിലൂടെ മനോഹരമായി പ്രസംഗിച്ചു ഫലിപ്പിക്കാറുണ്ട്‌. നല്ല പ്രസംഗം കേള്‍ക്കുമ്പോൾ നമുക്കും അതുപോലെയൊക്കെ സംസാരിക്കാൻ കഴിഞ്ഞെങ്കിലെന്ന് മിക്കവരും ആഗ്രഹിച്ചു പോകാറുണ്ടെന്നത് വാസ്തവമല്ലേ.? വലിയ പ്രഭാഷങ്ങളുടെ കാര്യം നില്‍ക്കട്ടെ. സദസ്സിനെ നോക്കി നല്ലവണ്ണം സംസാരിക്കണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രധിക്കേണ്ടതുണ്ടെന്ന്‍ നോക്കാം.

സഭാകമ്പം

ഏതു പ്രവൃത്തിയും നന്നായി ചെയ്യുന്നതിന് പരിശീലനം ആവശ്യമാണ്. എത്രയെത്ര തത്വങ്ങള്‍ പഠിച്ചാലും ചെയ്തു ശീലിക്കാതെ ഒന്നിലും പ്രവീണ്യം കൈവരില്ല. വെള്ളത്തിലിറങ്ങാതെ നീന്തൽ പഠിക്കാൻ കഴിയുമോ? ചെറിയ സദസ്സുകളില്‍ സംസാരിക്കാൻ അവസരം കിട്ടിയാൽ അത് പാഴാക്കരുത്. തെറ്റുകള്‍ വരട്ടെ; അവ നമുക്ക് തിരുത്താന്‍ കഴിയും. ചെറിയ യോഗങ്ങള്‍ നടക്കുമ്പോള്‍ മുഖ്യപ്രസംഗകനോട് ചോദ്യം ചോദിക്കുന്നത് പലരുടെയും മുന്നിൽ അല്‍പനേരം സംസാരിക്കാൻ സൌകര്യമുണ്ടാകുന്നതിനുള്ള എളുപ്പവഴിയാണ്. പ്രസംഗവിഷയവുമായി ബന്ധപ്പെടുത്തി ഒരു ചോദ്യം ആലോചിച്ചു രൂപവത്കരിക്കാൻ വിഷമമില്ല. പക്ഷെ എഴുന്നേറ്റു നിന്നു ചോദിക്കുമ്പോള്‍ മനസ്സില്‍ പ്ലാൻ ചെയ്തത് പോലെ തന്നെയാണോ ചോദിച്ചു തീര്‍ത്തത് എന്ന് പരീക്ഷിക്കുന്നത് രസകരമായ അനുഭവമാണ്. സദസ്സിനെ നോക്കുമ്പോള്‍ സര്‍വ്വവും മറന്നു പോകുക, അബദ്ധം വല്ലതും പറഞ്ഞുകൂട്ടുമോയെന്നു അടിസ്ഥാനമില്ലാതെ ഭയപ്പെടുക, ആശയങ്ങള്‍ക്ക് നിലവാരമില്ലാതെ വന്നു സ്വന്തം പ്രതിച്ഛായ മങ്ങിപ്പോകുമോയെന്നു ശങ്കിക്കുക, വാക്കുകള്‍ തൊണ്ടയിൽ തടഞ്ഞു നില്‍ക്കുക, കലുവിറയ്ക്കുക , വിയര്‍ക്കുക, അസാധാരണമായ അംഗവിക്ഷേപങ്ങള്‍ കാട്ടുക, ചെവിയിലും മൂക്കിലും മറ്റും പിടിച്ചു വലിക്കുക, കൈകള്‍ പിണയ്ക്കുക, ശരിയായിരിക്കുന്ന വസ്ത്രങ്ങൾ വീണ്ടും ശരിയാക്കാനുള്ള  ചലനങ്ങളിൽ വ്യാപരിക്കുക എന്നിവയൊക്കെ സഭാകമ്പത്തിന്‍റെ ലക്ഷണങ്ങളാണ്. നാടകത്തില്‍ അഭിനയിക്കുന്നത് സഭാകമ്പത്തെ കീഴ്പ്പെടുത്താനുള്ള എളുപ്പവഴിയാണ്.

വാക്കുകൾ മാത്രമല്ല ചലനങ്ങൾ  പോലും മുന്‍കൂട്ടി റിഹേഴ്സ് ചെയ്തു ചിട്ടപ്പെടുതിയത്തിനു ശേഷമാണല്ലോ രംഗത്തുവരുന്നത്. സഭാകമ്പം ഒരു സാധാരണ പ്രതിഭാസമാണെന്ന് ഓര്‍ക്കുക. പ്രശസ്തരായ പ്രഭാഷകര്‍ക്കു പോലും പ്രസംഗം തുടങ്ങുന്നതിനു തൊട്ടു മുന്‍പ് തെല്ലൊരു സഭാകമ്പം അനുഭവപ്പെടാറുണ്ടെന്നതാണ് വാസ്തവം. പക്ഷെ പ്രസംഗത്തിന്‍റെ ഒഴുക്കില്‍പ്പെട്ടു കഴിയുമ്പോൾ അവര്‍ ശ്രോതാക്കളെയും കൂട്ടി സുഖമായി ഇഴഞ്ഞുമുന്നേറുന്നു. പ്രസംഗവിഷയം നല്ലവണ്ണം പഠിച്ചു തയ്യാറെടുക്കുക, പറയേണ്ടത് എന്തെല്ലാമെന്ന് മുന്‍കൂട്ടി നിശ്ചയിക്കുക, ആത്മവിശ്വാസത്തോടെ സദസ്സിനെ നോക്കുക എന്നിവ ചെയ്യുന്ന പക്ഷം നെഞ്ചിടിപ്പും മുട്ടിടിയും ഒഴിവാക്കാം. ലോകത്ത് ഇന്നോളമുണ്ടായിട്ടുള്ള അതിപ്രഗല്ഭപ്രസംഗകരില്‍ മുന്‍നിരക്കാരനായിത്തീര്‍ന്ന സർ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്‍റെ  സഭാകമ്പം അകറ്റാൻ ഒരു ഡ്യൂക്ക് ഇങ്ങനെ ഉപദേശിച്ചിരുന്നു: ‘എനിക്ക് പണ്ടൊക്കെ സഭാകമ്പം ഉണ്ടായിരുന്നു. ആ ദൌര്‍ലഭ്യത്തിൽ നിന്ന്‍ ഞാ ൻ രക്ഷപ്പെടുകയും ചെയ്തു. എങ്ങനെയെന്നോ? പ്ലാറ്റ്ഫോമില്‍ കയറുമ്പോള്‍തന്നെ ശ്രോതാക്കളെ ഞാന്‍ ആകെയൊന്ന് നോക്കും. എന്നിട്ട് സ്വയം പറയും, ഇത്തരത്തിലൊരു പമ്പര വിഡ്ഢികൂട്ടത്തെ എന്‍റെ ജീവിതത്തിൽ കണ്ടിട്ടേയില്ല!”

ഈ സമീപനത്തില്‍ മെച്ചമില്ലാതെയില്ല. ശ്രോതക്കളെല്ലാം മൂല്യനിര്‍ണ്ണയം ചെയ്യാ ൻ തുനിഞ്ഞിറങ്ങിയ വിദഗ്ധന്‍മാരാണെന്ന് ഭയപ്പെട്ടാല്‍ ആര്‍ക്കും ധൈര്യത്തോടെ വായ്തുറക്കാന്‍ കഴിയാതെ വരും. രണ്ടുകാലില്‍ ഉറച്ചുനിന്ന്‍, പ്രസന്നതയോടെ സദസ്സിനെ നോക്കി, നല്ലവണ്ണം ശ്വാസം നിറച്ചു മുന്‍കൂട്ടി പ്ലാൻ ചെയ്തതനുസരിച്ച് വ്യക്തമായി സംസാരിച്ചു തുടങ്ങുക. ആത്മവിശ്വാസവും മനഃസാന്നിദ്ധ്യവും ഒരിക്കലും കൈവെടിയരുത്. പറയേണ്ട കാര്യങ്ങള്‍ നന്നായി പടിച്ചുറപ്പിച്ചിട്ടുണ്ടെങ്കിൽ, പറയുന്നതെല്ലാം കൃത്യവും ശരിയുമെന്നു മുന്‍കൂട്ടി പഠിച്ച് ഉറപ്പാക്കിയിട്ടുണ്ടെങ്കിൽ, വിഷയം ശ്രോതാക്കളില്‍ താല്പര്യം ഉളവാക്കുമെന്നു നിശ്ചയമുണ്ടെങ്കില്‍, വാക്കുകള്‍ സ്ഫുടവും വ്യക്തവും ആണെങ്കില്‍, ആവശ്യമുള്ളത്ര ഉറക്കെ നിങ്ങള്‍ സംസരിക്കുന്നുണ്ടെങ്കിൽ, പ്രസംഗം ആവശ്യത്തില്‍ കവിഞ്ഞ് ദീര്‍ഘിപ്പിക്കുന്നില്ലെങ്കിൽ ഒരു പോറലുപോലും ഏല്ക്കാതെയെന്നല്ല സദസ്സിന്‍റെ ആദരം ആര്ജ്ജിച്ചുകൊണ്ടുതന്നെ നിങ്ങള്‍ക്ക് പ്രസംഗം അവസാനിപ്പിക്കാന്‍ കഴിയും.

(തുടരും)

Share: