പ്രവാസികളെ പരിഹസിക്കരുത് ….

635
0
Share:

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വാർദ്ധക്യ പെൻഷൻ 3000 /- രൂപ ആക്കുന്നു.
വോട്ടില്ലാത്ത പ്രവാസിക്ക് പെൻഷൻ 500/- രൂപ !!!! ജനാധിപത്യത്തിന്റെ ഒരു പോക്കേ …

കേരളത്തിനു പുറത്തു ജോലിചെയ്യുന്ന മലയാളികള്‍ നാട്ടിലേക്കയക്കുന്ന പണം ഈ വര്‍ഷം ഒരു ലക്ഷം കോടി കവിഞ്ഞു എന്നത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. മലയാളികളുടെ കര്‍മ്മശേഷിയുടെ ഏറ്റവും നല്ല ഉദാഹരണമാണിത്.

സംസ്ഥാന ബാങ്കിംഗ് സമിതിയുടെ കണക്ക് പ്രകാരം 1.09 ലക്ഷം കോടി രൂപയാണ് പ്രവാസി മലയാളികള്‍ കഴിഞ്ഞ വര്‍ഷം കേരളത്തിലേക്ക് അയച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 17% കൂടുതലാണിത്. 93700 കോടി രൂപയായിരുന്ന പ്രവാസി മലയാളികളുടെ നിക്ഷേപത്തില്‍ 16000 കോടി രൂപയുടെ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ബാങ്കുകളിലെ ആകെ നിക്ഷേപത്തിന്റെ 40 ശതമാനം പ്രവാസി നിക്ഷേപമാണ്.

കഴിഞ്ഞ എത്രയോ നാളുകളായി, മരുഭൂമിയിലും മഞ്ഞിലും പണിയെടുത്ത്, മലയാളി നാട്ടിലേക്കയക്കുന്ന പണമാണ് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നത്!. കേരളം ഇന്ന് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നെങ്കില്‍ അതിന്റെ പിന്നില്‍ പ്രവാസി മലയാളികളുടെ വിയര്‍പ്പും കണ്ണീരും ഉണ്ടെന്ന് ഇനിയും നമ്മുടെ ഭരണാധികാരികള്‍ തിരിച്ചറിയുന്നില്ല. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കേരള പ്രവാസിക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ള പെന്‍ഷന്‍ പദ്ധതി.

കേരളത്തിന് പുറത്തും വിദേശത്തും ജോലി ചെയ്തവര്‍ക്കും ചെയ്യുന്നവര്‍ക്കും അംഗങ്ങളാകാവുന്ന ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും വിദേശത്തും ജോലി ചെയ്യുന്ന പ്രവാസി മലയാളികളുടെ വാര്‍ധക്യകാല ജീവിതത്തിനു ഉപകരിക്കുന്ന രീതിയില്‍ അംശാദയം അടച്ചുള്ള പെന്‍ഷന്‍ പദ്ധതി, കുടുംബ പെന്‍ഷന്‍, ആരോഗ്യ സംരക്ഷണം, ജോലി നഷ്ടപെട്ടവര്‍ക്കുള്ള തൊഴില്‍ സഹായം എന്നിങ്ങനെ നിരവധി പരിപാടികളാണ് പ്രവാസി ക്ഷേമബോര്‍ഡ് നടപ്പാക്കുമെന്ന് ഉത്‌ഘോഷിച്ചിട്ടുള്ളത്. രണ്ടായിരത്തി എട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രവാസി ക്ഷേമബോര്‍ഡില്‍ 85000 അംഗങ്ങള്‍ ആണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 60 വയസ് പൂര്‍ത്തിയായവര്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ വിദേശനാണ്യം അയക്കുന്ന പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ 500 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയത് ഒരു ‘മഹാനുഗ്രഹമായി’ ഓരോ പ്രവാസിയും മനസ്സിലാക്കണം. അറുപത് വയസ് പൂര്‍ത്തിയാക്കുന്ന ഏതെരാള്‍ക്കും വാര്‍ധക്യകാല പെന്‍ഷന്‍ ആയി 500 രൂപ നല്‍കുന്ന നാട്ടിലാണ് ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ വിദേശത്ത് ജോലി ചെയ്തും ആവുന്നത്ര പണം വിദേശനാണ്യമായി നാട്ടിലേക്കയച്ചും രാജ്യത്തിന് മഹത്തായ സംഭാവന നല്‍കിയ ഒരു വിഭാഗം ജനങ്ങളെ സര്‍ക്കാര്‍ വിഡ്ഢികളാക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും സ്റ്റാഫിനും പത്തും അന്‍പതിനായിരവും രൂപ പെന്‍ഷന്‍ ആയി നല്കുന്ന നാട്ടിലാണ് കോടിക്കണക്കിനു രൂപ തൊഴില്‍ ചെയ്തു വിദേശനാണ്യമായി എത്തിച്ചവര്‍ക്ക് 500 രൂപ പെന്‍ഷന്‍ ആയി നല്കാനുളള സര്‍ക്കാരിന്റെ പദ്ധതി.

കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി കീശ വീര്‍പ്പിക്കുന്ന മന്ത്രിമാരും കൈകൂലിയും അഴിമതിയും നടത്തി രാജ്യം കൊളളയടിക്കുന്ന ഉദ്യോഗസ്ഥന്മാരും പതിനായിരങ്ങളുടെ പെന്‍ഷന്‍ അനുഭവിക്കുമ്പോള്‍ രക്തം നീരാക്കി രാജ്യത്തിന് വിദേശനാണ്യം നേടികൊടുത്ത പ്രവാസി മലയാളികള്‍ക്ക് ഭിക്ഷക്കാശ് നല്കാനുളള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം.

രാജ്യത്തിന് വിദേശ്യനാണ്യം നേടിത്തരുന്ന വ്യവസായം ചെയ്യുന്നവര്‍ക്ക് അഞ്ചും ആറും ശതമാനം സബ്‌സിഡി നല്കുന്ന നാടാണ് നമ്മുടേത്. സ്വന്തം അധ്വാനത്തിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വിദേശനാണ്യം കൊണ്ടുവരുന്ന പ്രവാസി മലയാളികള്‍ക്ക് അതിന്റെ ഒരു ശതമാനമെങ്കിലും പെന്‍ഷന്‍ ആയി നല്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ നിന്നും ദാരിദ്ര്യം ഉന്മൂലനം ചെയ്യാനും നാടിനു സാമ്പത്തിക സുസ്ഥിരത നേടിയെടുക്കാനും പ്രവാസി മലയാളികള്‍ നല്കിയ സംഭാവന സര്‍ക്കാര്‍ മറക്കരുത്.

വാര്‍ധക്യം ബാധിച്ചു നാട്ടില്‍ കഴിയുന്നവര്‍ക്ക് മാന്യമായ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിദേശ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയ്ക്കനുസൃതമായി, 60 കഴിഞ്ഞ പ്രവാസി മലയാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കുറേ രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്ക് ലക്ഷങ്ങള്‍ കൊള്ളയടിക്കാനുള്ള കേരള പ്രവാസി ക്ഷേമബോര്‍ഡ് എന്ന പ്രഹസനം നിലനിര്‍ത്തണം. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കാനും വാര്‍ദ്ധക്യത്തിലെത്തിയവരെ സംരക്ഷിക്കാനും തുടങ്ങിയ ഈ സംരംഭം ഒരു പൊറാട്ട്‌നാടകമാകരുത്. ചോദിച്ചുവാങ്ങാന്‍ പ്രവാസി സംഘടനകള്‍ ഒന്നായി മുന്നിട്ടിറങ്ങണം.

http://leftclicknews.com/news_details.php?newsId=3864Pravaasi

Share: