എവിടെയാണ് സുരക്ഷ ?

Share:

ശരാശരി പൗരനെ സംബന്ധിച്ചിടത്തോളം, നൂറിലധികം ആളുകളെ കൊല്ലാനും മുന്നൂറോളം പേർക്ക് അംഗവൈകല്യം വരുത്താനും ശേഷിയുള്ള ബോംബാണ് പരവൂരിൽ വീണത്‌.
ബോംബ്‌ സ്ഫോടനത്തിൽ ചിന്നി ചിതറിയ നാല്പതോളം ശരീരങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മരണമടഞ്ഞവരെ സംബന്ധിച്ചിടത്തോളം , അവരുടെ ബന്ധുക്കളെ സംബന്ധിച്ചിടത്തോളം, ഇതൊരു ബോംബാക്രമണം അല്ലെങ്കിൽ കൂട്ടക്കൊല തന്നെയാണ്. നിയമം ധിക്കരിച്ചുകൊണ്ടുള്ള കൂട്ടക്കൊല!
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സമാശ്വാസധനം നല്കുകയും അവരെ ആശ്വസിപ്പിക്കുവാൻ പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ എത്തിച്ചേരുകയും മാധ്യമങ്ങളിലൂടെ കണ്ണീരൊഴുക്കുകയും ( അതിലെ രാഷ്ട്രീയ താല്പര്യം എന്ത് തന്നെയായാലും!) നല്ലത് തന്നെ. പക്ഷെ ക്ഷേത്ര ദർശനം നടത്താനും ഉത്സവം കാണാനും അവർ നല്കേണ്ടിവന്ന വില പത്ത് ലക്ഷത്തിൽ ഒതുങ്ങുകയില്ല.
സുരക്ഷകണക്കിലെടുത്ത് ജില്ലാഭരണകൂടം അപകട ദിവസം (9/ 4 / 16) നല്കിയ നിരോധന ഉത്തരവ് ആരുടെയൊക്കെ കൈകളിലെത്തി?
എന്തുകൊണ്ട് ആഴ്ചകൾക്ക് മുൻപ് നല്കിയ അപേക്ഷക്ക് മറുപടി നിരോധനം നല്കുന്നതിനായി ഒൻപതാം തിയതി വരെ കാത്തിരുന്നു?
അതും രണ്ടാം ശനിയാഴ്ച, അവധി ദിവസം വരെ?
ഉത്സവദിവസം ( അവധി ദിവസം) എ ഡി എം നല്കിയ നിരോധന ഉത്തരവ് പകർപ്പ് അതിൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാവർക്കും ലഭിച്ചിട്ടുണ്ടോ?
എങ്കിൽപ്പിന്നെ പോലീസുകാർ കാവലിരുന്ന സ്ഫോടക വസ്തുക്കൾ അനധികൃതമാണെന്നും അതിന്റെ ഉടമകളും അതുപയോഗിക്കുന്നവരും ഭീകരപ്രവർര്തകരെക്കാൾ കുറ്റവാളികളാണന്നും ബന്ധപ്പെട്ടവർ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല?
അനേകായിരങ്ങളെ കൊല്ലാനും പരിക്കേൽപ്പിക്കാനും ശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചതും യഥേഷ്ടം ഉപയോഗിക്കാൻ അനുവദിച്ചതും ഇവിടത്തെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അറിയാതെയല്ല.
സാധാരണക്കാരന്റെ സുരക്ഷ ഈ ജനാധിപത്യ രാജ്യത്ത് ഭരണാധികാരികളുടെ ചിന്തയിൽ ഒരിക്കലും വേദനയുണ്ടാക്കുന്നില്ല.
അധികാരക്കസേരയിൽ കയറിക്കൂടാനും പൊതുമുതൽ കൊള്ളയടിക്കാനും മാത്രമുള്ള ഒരുപകരണം മാത്രമാണ് 125 കോടിവരുന്ന ഭാരത പൗരൻ. ഒരുപാധി. വോട്ട് ബാങ്ക് !
നിയമങ്ങളും, അത് നടപ്പാക്കാൻ ശംബളം പറ്റുന്ന ഉദ്യോഗസ്ഥരും ഭരണ നേതൃത്വവും നമുക്കുണ്ട്.
നിയമങ്ങൾ നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമ്പോൾ വീണുടയുന്നത് സാധാരണക്കാരന്റെ ജീവിതമാണ്.
അവന്റെ കുടുംബത്തിന്റെയും കുഞ്ഞുങ്ങളുടെയും സ്വപ്നങ്ങളാണ്…പ്രതീക്ഷകളാണ്.
സാധാരണ പൗരൻ ജനാധിപത്യത്തിന്റെ അകത്തളങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെടുന്നത് , നിസ്സഹായരായി കണ്ടുനില്ക്കുകയാണ്.
അധികാരി വർഗം, നിയമങ്ങൾ സ്വാർഥതാല്പര്യങ്ങൾക്കായി വരുതിയിലാക്കുമ്പോൾ , ഭീകര പ്രവര്തകരെക്കാൾ വലിയ ശത്രുക്കൾ
നമുക്കിടയിൽത്തന്നെയുണ്ട്‌ എന്ന് നാം തിരിച്ചറിയണം. ഇന്ത്യയിൽ ഒരു ഭീകര സംഘടനയും ഇന്നുവരെ 110 പേരെ ഒന്നിച്ച് ബോംബെറിഞ്ഞ് കൊന്നിട്ടില്ല. 300 പേരെ അംഗഹീനരാക്കിയിട്ടില്ല…ചുട്ടെരിച്ചിട്ടില്ല…
ആരാണിതിന് മറുപടി പറയുക?
നാനൂറിലധികം വീടുകളിൽ , കണ്ണുനീർ വീഴ്ത്തിയതിന് എന്ത് സമാധാനമാനുള്ളത്?
നിയമങ്ങൾ കാറ്റിൽ പറത്തി, കൂട്ടക്കൊലയ്ക്ക് കൂട്ടുനിന്നവരെ കണ്ടെത്താനും മാതൃകാ പരമായി ശിക്ഷിക്കാനും ആര് തയ്യാറാകും?
സാധാരണക്കാരന്റെ സുരക്ഷ ആരുറപ്പാക്കും?

-രാജൻ പി തൊടിയൂർ Paravur

Share: