ഉദ്യോഗ-പൂർവ്വപരിശീലനം; ബോധവൽക്കരണം അനിവാര്യം

Share:

– രാജൻ പി തൊടിയൂർ

ന്താണ് ഉദ്യോഗം , എന്തിനുവേണ്ടിയാണ് ഉദ്യോഗം, എന്താണ് മാറ്റങ്ങൾ  എന്നതിനെക്കുറിച്ചു സർക്കാർ ഉദ്യോഗസ്ഥർക്ക് ബോധമില്ലാത്തതിനാലാണ്  നമ്മുടെ ഔദ്യോഗിക മേഖലക്ക് മൂല്യച്യുതി സംഭവിച്ചത്. മൂല്യച്യുതി എന്നുപറയുമ്പോൾ , സർക്കാർ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് യഥാസമയം ലഭിക്കാതെ പോകുന്നത് മാത്രമല്ല. എന്നന്നേക്കുമായി നിഷേധിക്കപ്പെടുന്നതുമാണ്.

ജനാധിപത്യ സംവിധാനം ഉറപ്പുനൽകുന്ന ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനും , അത്തരം ആവശ്യങ്ങളുമായി ഉദ്യോഗസ്ഥരെ സമീപിക്കുന്നവരെ സൗമനസ്യത്തോടും സഹാനുഭൂതിയോടും കാണുന്നതിനും അവരോട് മനുഷ്യരോടെന്നപോലെ പെരുമാറുന്നതിനും അവരിൽ വിശ്വാസം വളർത്തിയെടുക്കുന്നതിനും ഒരു പാഠപുസ്തകവും , ദൗർഭാഗ്യവശാൽ, പഠിപ്പിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായമാണ് നമുക്കുള്ളത്. മറ്റുള്ളവരെ എങ്ങനെ പരിഗണിക്കണം, അവരുടെ വേദനകളിൽ സഹാനുഭൂതിയോടെ എങ്ങനെ സമീപിക്കണം, അവരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ ശ്രമിക്കണം എന്ന് ചിന്തിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ഇത്തരം കാര്യങ്ങളിൽ യാതൊരുവിധ മാർഗനിർദ്ദേശവും ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ല എന്നതാണ് കേരളം ഇന്നനുഭവിക്കുന്ന ദുര്യോഗം.

ക്ലാസ് ഫോർ ജീവനക്കാർ മുതൽ ഉദ്യോഗത്തിൻറെ ഉന്നത മേഖലകളിൽ ഇരിക്കുന്നവർ വരെയുള്ളവരുടെ പൊതുജനങ്ങളോടുള്ള സമീപനവും പ്രതികരണവും ശത്രുക്കളോടെന്നവണ്ണമാകാനുള്ള കാരണം , ജനങ്ങളോട് പ്രതികരിക്കാൻ അവർക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ല (നൽകുന്നില്ല) എന്നതാണ്. എൽ ഡി ക്ളർക് പരീക്ഷക്കുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഇപ്പോഴും എസ് എസ് എൽ സി യാണ്. അത് കഴിഞ്ഞു പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷയിൽ വിജയിയായി എത്തുന്നവരെ സംസ്ഥാനത്തെ വിവിധ തസ്തികകളിൽ നിയമിക്കുന്നു. ഏതു വകുപ്പിലാണെങ്കിലും ജോലിയിൽ പ്രവേശിപ്പിക്കുന്നതിതിന് മുൻപ് യാതൊരുവിധമായ പരിശീലനവും മാർഗ്ഗനിർദ്ദേശവും ഇവർക്ക് നൽകുന്നില്ല. അവർ പഠിച്ച പാഠപുസ്തകങ്ങളിൽ ഒന്നുംതന്നെ സാധാരണ ജനങ്ങളോട് എങ്ങനെ പ്രതികരിക്കണം, പെരുമാറണം ( man management  )എന്ന് പഠിപ്പിച്ചിട്ടില്ല. എന്താണ് തൊഴിൽ മേഖലയിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ എന്ന് പറഞ്ഞുകൊടുക്കാൻ പോലും നമുക്കിന്നും സംവിധാനങ്ങൾ ഇല്ല. തെറ്റിലും കുറ്റങ്ങളിലൂടെയുമാണ് (errors and  corrections ) ഉദ്യോഗസ്ഥർ ഇപ്പോഴും പഠിച്ചെടുക്കുന്നത്. കൂടുതലും തെറ്റായ കാര്യങ്ങളാണ് മുൻഗാമികളിൽ നിന്നും അവർ പഠിച്ചെടുക്കുന്നത് ( പ്രശ്നങ്ങളുമായി എത്തുന്നവരോട് സൗമനസ്യം കാട്ടരുത് തുടങ്ങിയ ഉപദേശങ്ങൾ!!!)

മൂന്ന് പതിറ്റാണ്ടിന് മുൻപ് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ അസി. ഇൻഫർമേഷൻ ഓഫീസർ ആയി ജോലിയിൽ പ്രവേശിക്കാൻ വയനാട് എത്തിയ ലേഖകനോട് നിയമന ഉദ്യോഗസ്ഥൻ, മുൻഗാമി, നൽകിയ ആദ്യ ഉപദേശം, “പബ്ലിക് റിലേഷൻസ് വകുപ്പാണ്. പക്ഷെ നമുക്ക് വലിയ പബ്ലിക് റിലേഷൻസിൻറെ ആവശ്യമൊന്നുമില്ല ” എന്നാണ്. വയനാട് ജില്ലയിലെ പാവങ്ങൾക്ക്, ആദിവാസികൾക്ക്, പബ്ലിക് റിലേഷൻസിൻറെ ആവശ്യമില്ല എന്ന പക്ഷക്കാരൻ ! ഒരുപക്ഷെ സാധാരണ ജനങ്ങൾക്ക് , ആദിവാസികൾക്ക് ,ആവശ്യമായ ഒരുപാട് കാര്യങ്ങൾ ചെയ്തുകൊടുക്കാൻ പബ്ലിക് റിലേഷൻസ് വകുപ്പിന് കഴിയുമായിരുന്നു. സാമ്പത്തിക കാര്യങ്ങൾ അല്ലെങ്കിലും…ബൗദ്ധികമായി, വിദ്യാഭ്യാസപരമായി, കലാപരമായി, സാക്ഷരതയിൽ,വിവര-സാങ്കേതിക രംഗത്ത്….

എന്നാൽ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി നിരവധി കാര്യങ്ങൾ ചെയ്തുകൊടുക്കാൻ കഴിയുന്ന, ബാധ്യതപ്പെട്ട പല വകുപ്പുകളിലെയും സ്ഥിതി വ്യത്യസ്തമല്ല. ജനങ്ങളോട് ചിരിച്ചുപോയാൽ , സഹാനുഭൂതിയോട് പെരുമാറിയാൽ ‘കിമ്പളം’ കിട്ടില്ല എന്ന് കരുതുന്ന, ഉപദേശം നൽകുന്ന മേധാവികൾ ഉള്ള പല വകുപ്പുകളും സർക്കാരിലുണ്ട് .

സർക്കാർ ജോലി എന്തിനുവേണ്ടിയാണ് , ആർക്കുവേണ്ടിയാണ് എന്ന അവബോധം ആദ്യമുണ്ടാകേണ്ടത് സർക്കാർ ഉദ്യോഗസ്ഥരിലാണ് . അതിനായി ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സംവിധാനം നമുക്കുണ്ടാകണം. ഐ എ എസ് ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷ ജയിച്ചെത്തുന്നവർക്ക് നൽകുന്ന പരിശീലനത്തിന് തുല്യമായ ഉദ്യോഗപൂർവ്വ പരിശീലനം ( Pre – Employment Training ) ജനങ്ങളുമായി ഇടപെടുന്നതിനും ഉത്തരവാദിത്വ ബോധം ഉദ്യോഗസ്ഥരിൽ വളർത്തിയെടുക്കുന്നതിനും നിർബന്ധമായും പരിശീലനം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഐ എം ജി ( Institute for Management in Government ) പോലുള്ള സ്ഥാപനങ്ങൾ ഉദ്യോഗത്തിൽ പ്രവേശിച്ചു വർഷങ്ങൾക്ക് ശേഷം പരിശീലന പരിപാടികൾ ഉന്നത ഉദ്യോഗസ്ഥർക്കായി നടത്തുന്നുണ്ട്. ഇത് ഉദ്യോഗത്തിൽ പ്രവേശിക്കുന്നതിന് മുൻപ് നടത്തുകയാണെങ്കിൽ , കുറഞ്ഞ പക്ഷം എന്തിനുവേണ്ടി ജോലി എന്ന കാര്യത്തിലെങ്കിലും ഉദ്യോഗസ്‌ഥർക്കു അവബോധം ഉണ്ടാകും. ക്‌ളാസ് ഫോർ ജീവനക്കാരെ മുതൽ ഇതിൽ ഉൾപ്പെടുത്തുകയും വേണം.

ഒരിക്കൽ ഉദ്യോഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ സർക്കാർ  ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന നിയമ പരിരക്ഷ മറ്റാർക്കും ലഭിക്കാത്തതാണ്.അതുകൊണ്ടുതന്നെ അവകാശങ്ങൾക്കായി മുദ്രാവാക്യം മുഴക്കുകയും സമരം നടത്തുകയും ചെയ്യുന്നവർ ഉത്തരവാദിത്തങ്ങളെക്കുറിച്ചുകൂടി ബോധവാന്മാരായിരിക്കണം. കാലികമായ മാറ്റങ്ങൾ ഉൾക്കൊള്ളാനും സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനും അവർ തയ്യാറാകണം.

ഭരണ സംവിധാനത്തിലും രീതിയിലും ആധുനിക സാങ്കേതിക വിദ്യയും സൗകര്യങ്ങളും സമൂല മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.കമ്പ്യൂട്ടറും ഇന്റർനെറ്റും വിവര സാങ്കേതിക വിദ്യയും നൽകുന്ന അനന്ത സാധ്യതകൾ തിരിച്ചറിയാനും ജനോപകാരപ്രദമായി വിനിയോഗിക്കുവാനും ഉദ്യോഗസ്ഥർ തയ്യാറാകണം. പരമ്പരാഗത ശൈലികളും സംവിധാനങ്ങളും പുത്തൻ സാധ്യതകൾക്കുമുന്നിൽ മുട്ടുമടക്കുമ്പോൾ പുതിയ പദ്ധതികളുമായി എത്തുന്നവർക്ക് നേരെ മറുപടി പറയാൻ കഴിവില്ലാത്തവരാകരുത് ഉദ്യോഗസ്ഥർ. “ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുക” എന്ന പഴമൊഴി ഇന്നത്തെ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം നൂറു ശതമാനം ശരിയായി വരുന്ന ദുരിതപൂർണ്ണമായ അവസ്ഥയിൽ നിന്ന് മാറ്റം വരണമെന്നുണ്ടങ്കിൽ ഉദ്യോഗപൂർവ്വ പരിശീലനവും കാലികമായ തൊഴിൽ ബോധവൽക്കരണവും നമ്മുടെ ഉദ്യോഗസ്ഥർക്ക് നൽകണം.

കാലാനുസൃതമായ മാറ്റങ്ങൾക്കെതിരെ മുഖം തിരിച്ചുനിൽക്കുന്നവരുടെ തെറ്റായ ചിന്തകളും ഉപദേശങ്ങളുമായി ജോലിയിൽ കഴിയുന്നവർക്ക് സാധാരണക്കാരൻറെ ദുഃഖങ്ങൾ തിരിച്ചറിയാനാവില്ല. പുതിയ തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റാനാകില്ല. ജനങ്ങളോട് ചേർന്നുനിൽക്കാൻ , പുത്തൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ പരിശീലനം സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് നൽകണം. എങ്കിൽ മാത്രമേ ഉദ്യോഗസ്ഥർ ജനസേവകരാകൂ;  ഇ- ഗവേർനസ് നടപ്പാക്കാനാകൂ.

Share: