തെങ്ങമം ബാലകൃഷ്ണൻ : നന്മകളുടെ സൂര്യൻ

Share:

ഷ്ടങ്ങളുടെ മാസമാണ് എനിക്ക്, ജൂലൈ.
1970 ജൂലൈ ഇരുപതിന്‌, എൻറെ പതിനഞ്ചാമത്തെ വയസ്സിൽ അപ്പൻ നഷ്ടപ്പെട്ടു.
അഞ്ചു വർഷങ്ങൾക്കു മുൻപ് 2013 ജൂലൈ മൂന്നിന് പിതൃ തുല്യനായ തെങ്ങമം ‘അങ്കിൾ’ .
1973- ൽ പരിചയപ്പെട്ട നാൾ മുതൽ അദ്ദേഹത്തെ ഞാൻ ‘അങ്കിൾ’ എന്ന് വിളിച്ചു.
ആരും പറഞ്ഞു തന്നിട്ടല്ല.
എന്നെപ്പോലെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന ശശിയോ ( നങ്ങാശ്ശേരിൽ ഫിലിംസ് ) ഹരി കട്ടേൽ , സുരേഷ് തുടങ്ങിയവരോ അങ്ങനെ വിളിക്കുന്നത് കേട്ടിട്ടില്ല. സുരേഷ്, തെങ്ങമം മാമൻ എന്നായിരുന്നു വിളിച്ചിരുന്നത്.
ഒരു കൂട്ടം ചെറുപ്പക്കാരെ അദ്ദേഹം കൂടെ നിർത്തിയിരുന്നു. സ്നേഹം കൊണ്ട്. ഉപദേശങ്ങൾ കൊണ്ട്. അനുഭവ പാഠങ്ങൾ പകർന്നുകൊണ്ട്.
ഭക്ഷണം മേശമേൽ നിരത്തിക്കൊണ്ടു അമ്മ പറയും , “നിങ്ങളൊക്കെ ഒന്ന് രക്ഷപെട്ടു കാണണമെന്നാണ് അദ്ദേഹത്തിൻറെ ആഗ്രഹം.”
മറ്റാരോട് തോന്നിയിട്ടുള്ളതിലും കൂടുതൽ അധികാരവും വാൽസല്യവും അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നു.സാഹിത്യത്തിലുള്ള ആഭിമുഖ്യം കൊണ്ടാകും, ജനയുഗം പ്രസിദ്ധീകരണങ്ങളുടെ താളുകൾ തുറന്ന് തന്നു. സിനിമ നിരൂപണം , അഭിമുഖങ്ങൾ …
ജനയുഗം വാരികയിലും സിനിരമയിലും ബാലയുഗത്തിലും തുടർച്ചയായി എഴുതാൻ അവസരം തന്നു എന്നതിലുപരി, പഠിക്കുന്ന കാലത്തു ലഭിച്ചിരുന്ന പ്രതിഫലം വലിയ അനുഗ്രഹമായിരുന്നു.
ജനയുഗം ഓഫീസിലും വീട്ടിലും സർവ്വ സ്വാതന്ത്ര്യം …ഭക്ഷണം …
ഏക മകൻ സോണി ബി തെങ്ങമത്തിനും മകൾ കരീനക്കും കവിതക്കുമൊക്കെ അതിൽ അൽപ്പം അസൂയ തോന്നിയിട്ടുണ്ടോ എന്നും അപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്.

തെങ്ങമത്തെ പരിചയപ്പെടുന്നതിനു മുൻപുതന്നെ ജനയുഗം ചീഫ് എഡിറ്റർ കാമ്പിശേരിയുമായി അടുത്തിരുന്നു. സ്കൂളിൽ പഠിപ്പിച്ച നടരാജൻ സർ നൽകിയ കത്തുമായി 1970 -ൽ കാമ്പിശ്ശേരിയെ കാണുമ്പോൾ ജനയുഗവുമായി സുദീർഘമായ ബന്ധത്തിന് തുടക്കമാവുകയായിരുന്നു.
മൂന്ന് വർഷങ്ങൾക്ക് ശേഷം തെങ്ങമത്തെ കണ്ടപ്പോൾ , എന്തുകൊണ്ട് നേരത്തെ പരിചയപ്പെട്ടില്ല എന്നായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം.

ഫാത്തിമ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ഇറങ്ങുമ്പോൾ , ജനയുഗത്തിൻറെ പത്രാധിപ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി ശ്രമിക്കുകയും ചെയ്തു. അത് നടക്കാതെ വന്നപ്പോൾ ,സ്വന്തമായി ഒരു പ്രസിദ്ധീകരണം ഞാൻ ആരംഭിക്കണമെന്ന് ഏറ്റവുമധികം നിർബന്ധിച്ചത് അദ്ദേഹമാണ്. അനുജൻ തെങ്ങമം ചെല്ലപ്പൻറെ ‘കല പ്രിന്റേഴ്‌സി ‘ന്റെ പേരിലായിരുന്നു , ‘കരിയർ മാഗസിൻ’റെ ആദ്യ ഡിക്ലറേഷൻ ഫയൽ ചെയ്തത്.
അതിൻറെ വിജയത്തിന് വേണ്ടി വിലയേറിയ ഉപദേശങ്ങൾ അവസാന നിമിഷം വരെയും അദ്ദേഹം പകർന്നുതന്നു.
കർമ്മനിരതമായ ആ ജീവിതത്തിന് തിരശീല വീഴുമ്പോൾ സാന്ത്വനത്തിൻറെ തൂവൽ സ്പർശമാണ് നഷ്ടമായത്.

തെങ്ങമം ബാലകൃഷ്ണൻ എന്ന മഹാപ്രതിഭ 85 വർഷക്കാലം കേരളത്തിൻറെ സാമൂഹ്യ – രാഷ്ട്രീയ – സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്നു. തികഞ്ഞ ഗാന്ധിയനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തിൻറെ ആദർശ നിഷ്ഠയും സഹജീവികളോടുള്ള സഹാനുഭൂതിയും മനസ്സിൽ സൂക്ഷിച്ച അദ്ദേഹം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിനായി ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു. എല്ലാ മനുഷ്യരുടെയും വേദനകളെ സ്വന്തം വേദനയായി ഏറ്റെടുക്കാനും അവർക്കുവേണ്ടി സംസാരിക്കാനും പ്രവർത്തിക്കാനും എപ്പോഴും അദ്ദേഹം മുന്നിലുണ്ടായിരുന്നു.

സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിൻറെ പ്രതീകമായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിലും അത് കാത്തുസൂക്ഷിച്ചു. വേദനിക്കുന്നവരുടെ പ്രശ്നങ്ങൾ അനുതാപത്തോടെ കേട്ടിരിക്കാനും പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിക്കാനും , പിതൃ വാത്സല്യത്തോടെ , സഹോദരതുല്യം സമാശ്വസിപ്പിക്കാനും അദ്ദേഹത്തെപ്പോലൊരാൾ ഇന്നപൂർവ്വമാണ്.

കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവും ജനയുഗം പത്രാധിപരും നിയമസഭാംഗവും ആയിരുന്ന തെങ്ങമം ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന്‌ അഞ്ച് വർഷം തികയുന്നു. സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തെങ്ങമത്തിന്റെ ജീവിതത്തിലെ നല്ലൊരു പങ്കും ‘ജനയുഗ’ വുമായി ബന്ധപ്പെട്ടതാണ്‌. ജനയുഗത്തിൽ നിന്ന്‌ പിറവികൊ ണ്ട എല്ലാ പ്രസിദ്ധീകരണങ്ങളുടെയും പ്രസാധകനും ചീഫ്‌ എഡിറ്ററുമാകാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. സിനിമയെ ഗൗരവമുള്ള കലാരൂപമായിക്കണ്ട ‘സിനിരമ ‘ കുട്ടികൾക്ക് എഴുതാൻ വേദിയൊരുക്കിയ , ബാലയുഗം , സമ്പൂർണ്ണ നോവൽ പ്രസിദ്ധീകരിച്ചുകൊണ്ട് മലയാളത്തിൽ ആദ്യമായുണ്ടായ ‘ജനയുഗം നോവൽ പതിപ്പ് ‘ എന്നിവ ധിഷണാശാലിയായ ഒരു പത്രാധിപർക്ക് മാത്രം ചിന്തിക്കാൻ കഴിയുന്നവയാണ്. കേരള പബ്ലിക് സർവീസ് കമ്മീഷന് ‘പി എസ് സി ബുള്ളറ്റിൻ ‘ എന്നൊരു പ്രസിദ്ധീകരണം തെങ്ങമത്തിന്റെ ആശയമായിരുന്നു.

ജനയുഗത്തിൽ എത്തും മുമ്പ്‌ ‘ശരച്ചന്ദ്രിക’ എന്ന പേരിൽ കയ്യെഴുത്ത്‌ മാസിക നടത്തിയിട്ടുള്ള തെങ്ങമം നാവികത്തൊഴിലാളികളുടെ മുഖപത്രമായ ‘നാവികന്റെ’യും ആലപ്പുഴയിൽ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ‘യുവശബ്ദ’ത്തിന്റെയും പത്രാധിപർ സ്ഥാനം വഹിച്ചിട്ടുണ്ട്‌.കേരളത്തിൻറെ സാക്ഷരതാ പ്രസ്ഥാനത്തിനും ഗ്രന്ഥശാല പ്രവർത്തനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രത്താളുകളിൽ തിളങ്ങി നിൽക്കും.

1948ലാണ്‌ അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാർട്ടി അംഗത്വം നേടിയത്‌. കൽക്കട്ട തീസിസിന്റെ കാലമായിരുന്നു അത്‌. 1949 മാർച്ച്‌ 19നാണ്‌ ആദ്യമായി അറസ്റ്റിലാകുന്നത്‌. അന്ന്‌ അദ്ദേഹം കൊല്ലം എസ്‌ എൻ കോളജ്‌ വിദ്യാർഥിയായിരുന്നു. ഒരു കൊല്ലവും അഞ്ച്‌ മാസവും കഴിഞ്ഞാണ്‌ ജയിൽമോചിതനായത്‌.
1952ലെ ഭരണിക്കാവ്‌ തെരഞ്ഞെടുപ്പിൽ എമ്മെനുവേണ്ടി സജീവമായ പ്രവർത്തനമാണ്‌ നടത്തിയത്‌. തുടർന്ന്‌ കുന്നത്തൂർ താലൂക്കിലെ പാർട്ടി പ്രവർത്തനത്തിൽ വ്യാപൃതനായി. 1953ൽ പാർട്ടിയുടെ മേലുള്ള നിരോധനം നീങ്ങിയതോടെ സ്വതന്ത്രമായ പ്രവർത്തനമാരംഭിച്ചു. 1954ൽ ‘ജനയുഗം’ പത്രാധിപസമിതിയിൽ അംഗമായ അദ്ദേഹം 62-ൽ ജനയുഗത്തിന്റെ പ്രിന്ററും പബ്ലിഷറുമായി. അഴിമതിക്കെതിരെ ജനയുഗം നടത്തിയ ധീരമായ പ്രവർത്തനത്തിന്റെ ഫലമായി അറസ്റ്റിലായി. 1965ൽ ആറന്മുള നിയോജകമണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചു. 70ൽ അടൂർ നിയോജകമണ്ഡലത്തിൽ നിന്ന്‌ നിയമസഭാംഗമായി. 76-ൽ വീണ്ടും ജനയുഗത്തിൽ വരികയും പത്രത്തിന്റെ ചീഫ്‌എഡിറ്ററാവുകയും ചെയ്തു. തുടർന്ന്‌ പിഎസ്സി അംഗമായി.
നിരവധി സംഘടനകൾക്ക്‌ അദ്ദേഹം മാർഗ്ഗദർശിയായിരുന്നു. കൊല്ലത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിൻറെ മഹത്തായ സംഭാവനയാണ് കടപ്പാക്കട സ്പോർട്സ് ക്ളബ്.കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കൺട്രോൾ കമ്മീഷനംഗമായിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ അന്ത്യം സംഭവിച്ചത്‌. ജീവിതവിശുദ്ധി എക്കാലവും കാത്തുസൂക്ഷിച്ച, നിസ്വവർഗ്ഗത്തിനുവേണ്ടി നിരന്തരമായി ശബ്ദമുയർത്തിയ ആ പ്രതിഭാധനൻറെ സ്മരണ ആവേശകരമാണ്‌.
ആ സ്മരണയ്ക്ക്‌ മുന്നിൽ ആദരാഞ്ജലികൾ.

-രാജൻ പി തൊടിയൂർ

ചിത്രം: ലേഖകൻ, തെങ്ങമം , ഹരികുമാർ

Share: