എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷ: തയ്യാറെടുപ്പിനുള്ള സമയമായി

Share:

വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലര്‍ക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി എസ് സി അംഗീകരിച്ചു. നവംബർ 15 ലെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് സാധ്യത. മുൻ വർഷത്തെപ്പോലെ എസ്.എസ്.എല്‍.സി.യാണ് കുറഞ്ഞ യോഗ്യത. പ്രായത്തിലും മാറ്റമില്ല. ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ , എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷ എഴുതുന്നവർ നടത്തേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചു മുംതാസ് രഹാസുമായി കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ സംസാരിക്കുന്നു.

മുംതാസ് രഹാസ് : ഏറ്റവും ലക്ഷണമൊത്ത സര്‍ക്കാര്‍ ജോലിയായി എൽ ഡി ക്ളർക് തസ്തിക വിശേഷിപ്പിക്കപ്പെടുന്നുണ്ടല്ലോ? എന്തുകൊണ്ടാണത്?

രാജൻ പി തൊടിയൂർ: ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ജോലിയാണ് എൽ ഡി ക്ലർക്ക്.  മുന്‍പ്എല്‍.ഡി.ക്ലര്‍ക്ക്എന്നും ഇപ്പോള്‍ ക്ലര്‍ക്ക്എന്നും അറിയപ്പെടുന്ന ഈ തസ്തിക കേരളത്തിലെ  നൂറിലേറെവരുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനഘടനയില്‍ നിര്‍ണായകമായ സ്ഥാനമാണ്ക്ലര്‍ക്കുമാര്‍ക്കുള്ളത്. കേരളത്തിലെആകെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള ഉദ്യോഗസ്ഥവിഭാഗവും ക്ലര്‍ക്കുമാരാണ്. സര്‍ക്കാരിൻറെ ഭരണനിയന്ത്രണം സെക്രട്ടേറിയറ്റിലാണെങ്കിലും, ഭരണനിര്‍വ്വഹണംപ്രാവര്‍ത്തികമാക്കുന്നത് വിവിധവകുപ്പുകളിലെ ക്ലര്‍ക്കുമാര്‍ ചേര്‍ന്നാണ്. നിര്‍വ്വഹണ ചുമതല, വിവിധ ചട്ടങ്ങളിലെ അറിവ്, സര്‍ക്കാര്‍ നടപടികൾ നടത്തിക്കൊണ്ടുപോകാനുള്ള കഴിവുകള്‍, ക്രമാനുഗതമായുള്ള ഉദ്യോഗക്കയറ്റങ്ങള്‍ എന്നിവചേരുമ്പോള്‍ ക്ലര്‍ക്ക്ജോലി ഉയരങ്ങളിലേക്കുള്ള വഴിയാകുന്നു. 40 ,000 രൂപയിലേറെ ശമ്പളവും ഉയരങ്ങളിലേക്കള്ള മികച്ചസാധ്യതകളുമാണ്, ഈ പരീക്ഷയിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത്.

ജനജീവിതവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗമാണ്ക്ലര്‍ക്ക്. ബഹുഭൂരിപക്ഷം കാര്യങ്ങളിലും, ക്ലര്‍ക്കുമാരുടെകുറിപ്പുകളാണ്കാര്യങ്ങളുട ഗതി നിര്‍ണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവുംകൂടുതല്‍ മതിപ്പും, ബഹുമാനവും ലഭിക്കുന്ന ഉദ്യോഗങ്ങളില്‍ ഒന്നുകൂടിയാണിത്.ലക്ഷക്കണക്കിന്ഉദ്യോഗാര്‍ത്ഥികള്‍ക്ക്ഏറ്റവും പ്രിയപ്പെട്ടതാവാനുള്ളകാരണവുംഇതൊക്കെയാണ്. ഒരുസര്‍ക്കാര്‍ജോലി എന്നലക്ഷ്യവുമായിനീങ്ങുന്നയുവജനങ്ങളുടെയെല്ലാം സ്വപ്നമാണ് ക്ളർക് തസ്തിക

മുംതാസ് രഹാസ് : കേരളത്തിൽ ഏറ്റവുമധികംപേർ പങ്കെടുക്കുന്ന മത്സര പരീക്ഷയാണിത്. എന്തൊക്കെയാണ് ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ടത്?

രാജൻ പി തൊടിയൂർ: പി.എസ്.സിപരീക്ഷകളിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്നു എന്നതാണ് ഈ പരീക്ഷയുടെ പ്രത്യേകത. കഴിഞ്ഞ തവണ 17 .94 ലക്ഷം പേരാണ് അപേക്ഷിച്ചത്. ഇത്തവണ 20 ലക്ഷത്തോളം യുവതീ -യുവാക്കൾ പരീക്ഷക്ക് അപേക്ഷിക്കാൻ സാധ്യതയുണ്ട് ! അതുകൊണ്ടുതന്നെ ഉദ്യോഗാർഥികളെ സംബന്ധിച്ചിടത്തോളം ഓരോനിമിഷവും ഇനി വിലപ്പെട്ടതാണ്.

വ്യക്തമായ ആസൂത്രണവും പരീക്ഷയെപ്പറ്റിയുള്ള ശരിയായ ധാരണയുമാണ് എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയില്‍ വിജയം നേടാന്‍ ആദ്യം വേണ്ടത്. പി.എസ്.സി.പരീക്ഷകളിലെ ഏറ്റവും ആവേശകരമായ മത്സരമാണ് എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയുടേത്.അപേക്ഷിക്കുന്നവരുടെ എണ്ണത്തിലുള്ള വന്‍വര്‍ധന, പരീക്ഷയെ ഗൗരവമായി സമീപിക്കുന്നവരുടെ എണ്ണം, ഉദ്യോഗം നേടുന്നവര്‍ എന്നിവയിലെല്ലാം ക്ലാര്‍ക്ക് പരീക്ഷ മറ്റുപരീക്ഷകളെയെല്ലാം പിന്നിലാക്കുന്നു. എന്തൊക്കെ പഠിക്കണം, എങ്ങനെയൊക്കെ പഠിക്കണം എന്നുള്ള ബോധമാണ് ഉദ്യോഗാർഥികൾക്ക് ആദ്യമുണ്ടാകേണ്ടത്.

കടുത്ത മത്സരസ്വഭാവവും, വാശിയേറിയപഠനരീതികളുംചേര്‍ന്ന് ക്ലര്‍ക്ക്പരീക്ഷ ചെറുപ്പക്കാരുടെ കഴിവ് തെളിയിക്കുന്ന വേദിയായിട്ടുണ്ട്. പരീക്ഷാ നടത്തിപ്പും റാങ്ക് ലിസ്റ്റ് തയ്യാറാക്കലും നിയമനവും ഒക്കെച്ചേർന്നു
കൃത്യമായും മൂന്നുവര്‍ഷത്തെ ഇടവേളകള്‍ക്കുള്ളില്‍ നടക്കുന്ന ക്ലര്‍ക്ക് പരീക്ഷ കേരളത്തിലെ ഏറ്റവുംവലിയ നിയമനപ്പരീക്ഷകളില്‍ഒന്നാക്കി മാറ്റിയിട്ടുണ്ട്. വിദേശമലയാളികളും, അന്യസംസ്ഥാനങ്ങളില്‍ജോലിചെയ്യുന്നവരുമായയുവജനങ്ങളുംഈപരീക്ഷക്കായികേരളത്തിലെത്തുന്നുഎന്നത്ക്ലര്‍ക്ക് പരീക്ഷയുടെ പ്രത്യേകതയാണ്. പത്താം ക്ലസ്സാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും സിവിൽ സർവീസ് പോലുള്ള പരീക്ഷകളിൽ പങ്കെടുത്തവരും ഈ പരീക്ഷ എഴുതാനുണ്ടാകും. അടുത്ത പരീക്ഷ 2020 ജൂണിൽ ഉണ്ടാകാനാണ് സാധ്യത. നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2021 ഏപ്രിൽ ഒന്ന് വരെയാണ്.അതിനുമുൻപ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയും വിധമാണ് പി എസ് സി കാര്യങ്ങൾ നീക്കുന്നത്. നവംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ഡിസംബർ പത്തു വരെ അപേക്ഷിക്കാൻ സമയം അനുവദിക്കുകയും ചെയ്യുമെന്നാണറിയുന്നത്. keralapsc.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്.

ഇനിയുള്ള എട്ട് മാസങ്ങള്‍ സംസ്ഥാനത്തെയുവജനങ്ങള്‍ വേറിട്ടഅറിവുകള്‍ക്കും, ആഴത്തിലുള്ളവിജ്ഞാനത്തിനുമായി പരതുന്നകാഴ്ചകളാണ്കാണാനാവുക. തൊഴിലന്വേഷകരുടെ ഉത്സവമാണ് ഇനിയുള്ള ദിവസങ്ങൾ. മത്സരത്തിന്റെയും അറിവിൻറെയും പുത്തൻ മേച്ചിൽപ്പുറങ്ങൾ നാടിൻറെ വികസനത്തിനായി പ്രവർത്തിക്കാനുള്ളവരുടെ പുതിയൊരു സംഘത്തെ ഈ മത്സര പരീക്ഷയിലൂടെ സൃഷ്ടിച്ചെടുക്കും. വളരെയേറെ ഉത്തരവാദിത്തമുള്ള ജോലിയാണ് ജയിച്ചു വരുന്നവരെ കാത്തിരിക്കുന്നത്. ജോലി സ്വന്തമാക്കാന്‍ ഓരോ ഉദ്യോഗാര്‍ഥിയെയും പ്രാപ്തമാക്കുന്നപരിശീലനമാണ് ‘കരിയർ മാഗസിൻ’ ഡിജിറ്റൽ ഒരുക്കുന്നത്. www.careermagazine.in എന്ന വെബ് സൈറ്റിൽ ചോദ്യോത്തരങ്ങളും കഴിവളക്കാൻ കഴിയുന്ന രീതിയിൽ മാതൃകാ പരീക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ പോലും ക്ലര്‍ക്കുമാരുടെ അഭിപ്രായങ്ങള്‍ക്കും
കുറിപ്പുകള്‍ക്കും വേണ്ടി കാത്തു നിൽക്കേണ്ടി വരുന്നു എന്നിടത്താണ്ഈ ഉദ്യോഗത്തിന്റെവലുപ്പം.

മുംതാസ് രഹാസ് : നവംബറിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും അടുത്ത വർഷം ജൂണിൽ പരീക്ഷ ആരംഭിക്കുകയും ചെയ്യുമ്പോൾ എട്ടുമാസം പഠിക്കാൻ ലഭിക്കും. ഏതു രീതിയിലാണ് പഠിച്ചു തുടങ്ങേണ്ടത്?

രാജൻ പി തൊടിയൂർ: എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയില്‍ പൊതുവേ സുരക്ഷിതം എന്നു കരുതാവുന്ന മാര്‍ക്ക് മാര്‍ക്ക് 65-നും 70-നും മധ്യേയാണ്. അപൂര്‍വം സാഹചര്യങ്ങളില്‍ ചില ജില്ലകളില്‍ ഈ മാര്‍ക്കും സുരക്ഷിതമല്ലാതായി മാറിയ ഉദാഹരണങ്ങളുണ്ട്. ഈ നിലയില്‍ നിന്നും മുകളിലോട്ടു നേടുന്ന ഓരോ മാര്‍ക്കും ഉദ്യോഗാര്‍ഥികളുടെ റാങ്ക് വളരെ മുന്നോട്ടുകൊണ്ടുവരും. എത്ര മാര്‍ക്കുവരെ നേടിയെടുത്താൽ നില ഭദ്രമാകും എന്നത് തുടക്കത്തിലേ മനസ്സിലുറപ്പിക്കണം. പിന്നീട് പഠനത്തിന്റെ ഓരോ ഘട്ടത്തിലും നിലവാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഠിനമായി ശ്രമിക്കണം.

കഠിനാധ്വാനം എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയിലെ വിജയത്തില്‍ പരമപ്രധാനമാണ് എന്നതാണ്. എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയെ നേരിടാനൊരുങ്ങുന്നവര്‍ ആദ്യമായി മനസ്സിലാക്കേണ്ടത് . ശരാശരി പഠനങ്ങളൊന്നും സഹായകമായേക്കില്ല.
എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് മാറ്റുരയ്ക്കാന്‍ പോകുന്ന 20 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളെ പൊതുവേ മൂന്നു വിഭാഗങ്ങളായി തിരിക്കാം. ആറുമാസത്തിനു മുകളില്‍ തയ്യാറെടുക്കുന്നവര്‍ മുതല്‍ വര്‍ഷങ്ങളായി പരിശീലനം നടത്തുന്നവര്‍വരെയുള്ള ശക്തമായ ഗ്രൂപ്പാണ് ആദ്യത്തേത്. ഈ പരീക്ഷയില്‍ ഉന്നതവിജയം നേടുന്നവരില്‍ കൂടുതല്‍ പേരും ഈ വിഭാഗക്കാരാവും. നിരന്തരമായി തുടര്‍ന്നു വരുന്ന പരിശീലനം ഈ ഗ്രൂപ്പിന് വ്യക്തമായ മേല്‍ക്കൈ നല്‍കുമെന്നതിൽ തർക്കമില്ല.

മത്സരരംഗത്തുണ്ടെങ്കിലും പരീക്ഷാസമയങ്ങളില്‍ മാത്രം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഒരുമാസത്തെ ഊര്‍ജിതമായ പരിശ്രമങ്ങളിലൂടെ ഈ ഗ്രൂപ്പിലുള്ളവര്‍ക്ക് ശക്തമായി മത്സരരംഗത്തെത്താം.
പുതുമുഖങ്ങളും, ചുരുങ്ങിയ നാളത്തെ പരിശീലനചരിത്രമുള്ളവരുമാണ് മൂന്നാമത്തെ വിഭാഗം. മൂന്നുമുതല്‍ ആറുവരെ മാസങ്ങളിലെ ചിട്ടയായ പഠനത്തിലൂടെ ഈ ഗ്രൂപ്പില്‍പ്പെടുന്നവര്‍ക്കും മത്സസരരംഗത്ത് നല്ലരീതിയില്‍ മുന്നേറാന്‍ സാധിക്കും.

സിലബസ് വ്യക്തമായി മനസ്സിലാക്കുകയാണ് ആദ്യപടി. സിലബസ്-അതുമാത്രമാണ് എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷയില്‍ വിജയത്തിനായി ലക്ഷ്യമിടേണ്ടത്. സിലബസില്‍ പറയുന്ന മേഖലകള്‍ക്ക് പരമാവധി ഊന്നല്‍ നല്‍കി പഠിക്കുക. ഇതിന്റെ ഭാഗമായി സിലബസിന്റെ അനുബന്ധമായി വരുന്ന വിവരങ്ങളിലൂടെയും പരമാവധി കടന്നുപോകുക. വര്‍ഷങ്ങളായി ക്ലാര്‍ക്ക് പരീക്ഷകളില്‍ വിജയം നേടുന്നവര്‍ അനുവര്‍ത്തിക്കുന്ന പ്രധാനതന്ത്രവും ഇതുതന്നെയാണ്. പരീക്ഷയുടെ സിലബസ് ഹൃദിസ്ഥമാക്കുക എന്നതാവണം പരിശീലനത്തിലെ ആദ്യത്തെ ചുവടുവയ്പ്. എന്തൊക്കെ പഠിക്കണം, ഏതൊക്കെ മേഖലകളെ ഒഴിവാക്കണം എന്നതിനെപ്പറ്റിയെല്ലാം വ്യക്തമായ ധാരണ ലഭിക്കാൻ സിലബസ് മനസ്സിലാക്കുന്നതിലൂടെ കഴിയും.

മുംതാസ് രഹാസ് : ഗൗരവത്തിലുള്ള പഠനം എന്നത് കൊണ്ട് എന്താണുദ്ദേശിക്കുന്നത്?

രാജൻ പി തൊടിയൂർ: പഠനം ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഉദ്യോഗാര്‍ഥി സ്വയം വിലയിരുത്താൻ തയ്യാറാകണം. തനിക്ക് വ്യക്തമായ മുന്‍തൂക്കമുള്ള പഠനമേഖലകള്‍ ഏതൊക്കെ ? ശരാശരി നിലവാരം പുലര്‍ത്താന്‍ കഴിയുന്ന വിഷയങ്ങള്‍ ഏതെല്ലാം ? പിന്നാക്കം പോവുന്ന പഠനമേഖലകള്‍ ഏതെല്ലാം ? എന്നീ കാര്യങ്ങളില്‍ ഉദ്യോഗാര്‍ഥിക്ക് വ്യക്തമായ ധാരണവേണം. ദുര്‍ബലമായ പഠനമേഖലകള്‍ക്ക് തുടക്കത്തില്‍ത്തന്നെ നല്ല പ്രാധാന്യം നല്‍കണം. പഠനത്തില്‍ പിന്നാക്കമുള്ള വിഷയങ്ങളില്‍ നിലവാരം ഉയര്‍ത്താന്‍ സാധിക്കുന്നുണ്ടോ .എന്ന് സ്വയംപരിശോധിച്ചു കൊണ്ടേയിരിക്കണം. പഠനത്തിന്റെ ഒരു മേഖലയെയും വിട്ടുകളയരുത്.

തങ്ങളുടെ കൈപ്പിടിയില്‍ നില്‍ക്കുന്ന വിഷയങ്ങളില്‍ മാത്രം തയ്യാറെടുപ്പു നടത്തിയ ശേഷം ഒരു ഭാഗ്യപരീക്ഷണമെന്ന നിലയില്‍ എല്‍.ഡി.സി. പരീക്ഷയെ നേരിടുന്ന വലിയൊരു വിഭാഗം ഉദ്യോഗാര്‍ഥികളുണ്ട്. പരീക്ഷകളില്‍ ഇക്കൂട്ടര്‍ക്ക് വിജയം നേടാന്‍ കഴിയാതിരിക്കുന്നത് ഈ സമീപനംകൊണ്ടു തന്നെയാണ്. സിലബസിലെ എല്ലാ വിഷയങ്ങളിൽ നിന്നും മാര്‍ക്കുകള്‍ സ്‌കോര്‍ ചെയ്യാന്‍ ഉദ്യോഗാര്‍ഥിക്കു കഴിയുമ്പോള്‍ മാത്രമാണ് ശരിയായ തയ്യാറെടുപ്പു തുടങ്ങുന്നത്. പഠനത്തില്‍ വിഷയങ്ങളിലെ ഇഷ്ടാനിഷ്ടങ്ങള്‍ക്സ്ഥാ നമില്ല. എല്ലാ മേഖലകളിലും പഠനം നടത്താന്‍ സാധിക്കണം…….

എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്‌ക്കൊരുങ്ങുന്നവര്‍ ഗൗരവത്തോടെ ചെയ്തുതുടങ്ങേണ്ടത് കഴിഞ്ഞകാലങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ വായിക്കുക എന്നതാണ്. ഇത് രണ്ടുരീതിയില്‍ ഗുണംചെയ്യും. ഒന്നാമതായി പരീക്ഷയിലെ ചോദ്യങ്ങളുടെ രീതിയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കും.

രണ്ടാമതായി, മുന്‍ ചോദ്യപ്പേപ്പറുകളിലെ അഞ്ചുശതമാനം ചോദ്യങ്ങള്‍വരെ എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷകളില്‍ ആവര്‍ത്തിക്കാറുണ്ട്. ഇതിനര്‍ഥം, മുന്‍ചോദ്യപ്പേപ്പറുകള്‍ വായിക്കുന്നതിലൂടെ പരീക്ഷയ്ക്കു വരാന്‍ പോകുന്ന ഏതാനും ചോദ്യങ്ങളെ വരുതിയിലാക്കിക്കഴിഞ്ഞു എന്നതാണ്. ചോദ്യങ്ങള്‍ വന്നിരിക്കുന്ന മേഖലകൾ സൂക്ഷ്മമായി അപഗ്രഥിക്കണം. കൂടുതല്‍ ചോദ്യങ്ങള്‍ വന്നിട്ടുള്ള വിഷയങ്ങള്‍ മനസ്സിലാക്കി ഭാവിയിലെ പഠനത്തിന് വഴികാട്ടിയാക്കാനും കഴിയണം.

എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ പൊതുവേ സൂക്ഷ്മതലങ്ങളിലേക്കു പോകാറില്ല. അടിസ്ഥാനവിവരങ്ങളാണ് കൂടുതലും ചോദ്യങ്ങളായി വരുക. ചില വിഷയങ്ങളില്‍ ആഴത്തില്‍ പരതി സമയം കളയാതെ പരമാവധി വിഷയങ്ങളില്‍ സാമാന്യമായ ജ്ഞാനം നേടുകയാണ് വേണ്ടത്. പരമാവധി വിഷയങ്ങള്‍ മനസ്സിരുത്തി വായിക്കാന്‍ കഴിയണം…അധികം ശ്രദ്ധിക്കപ്പെടാത്ത ചില മേഖലകള്‍ അടുത്തിടെ പി.എസ്.സി. പതിവായി ചോദിക്കുന്നുണ്ട്. ഇവ മനസ്സിലാക്കിവേണം പഠനം ചിട്ടപ്പെടുത്താന്‍. പുതിയ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആവേശം മനസ്സില്‍ വളര്‍ത്തണം.

മുംതാസ് രഹാസ് : മുൻപ് നടന്ന പരീക്ഷകളുടെ ചോദ്യപേപ്പർ അറിഞ്ഞിരിക്കുന്നത് കൂടുതൽ സഹായകമാകും എന്ന് പറഞ്ഞു. ശരിയായ പഠനത്തിനുള്ള മറ്റു മാർഗങ്ങൾ കൂടി ഒന്ന് വിശദീകരിക്കാമോ?

രാജൻ പി തൊടിയൂർ: കഴിഞ്ഞ ഒരു വര്‍ഷത്തെ വിവിധ പി.എസ്.സി. ചോദ്യപ്പേപ്പറുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാവും-ചില പ്രത്യേക മേഖലകളില്‍നിന്ന് കൂടുതലായി ചോദ്യങ്ങള്‍ വരുന്നു എന്നത്. ഇത്തരത്തില്‍ ചോദ്യങ്ങളുടെ ട്രെന്‍ഡ് അറിഞ്ഞിരുന്നാല്‍, അത് മനസിലാക്കി പഠിച്ചാൽ എളുപ്പത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടാനാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനൊപ്പം തന്നെ മറ്റു പരീക്ഷകളിലെ ചോദ്യങ്ങള്‍കൂടി ശ്രദ്ധിക്കുന്നത് നല്ല ഫലം ചെയ്യും.

സംഘങ്ങളായി ചേർന്ന് പഠനത്തെ മാറ്റുന്നവരില്‍ വിജയശതമാനം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ സമാന മനസ്‌കരുടെ ചെറുഗ്രൂപ്പുകളായി തിരിഞ്ഞ് പഠനവും, റിവിഷനും നടത്തുന്നത് വളരെ ഗുണംചെയ്യും. ഇത്തരം ഗ്രൂപ്പ് പ്രവര്‍ത്തനം, യാത്രകളില്‍പ്പോലും സമയം നഷ്ടപ്പെടാതെ പഠനം തുടരാന്‍ ഉപകരിക്കും. …

നിര്‍ബന്ധമായും ഏര്‍പ്പെടേണ്ട പ്രവര്‍ത്തനമാണ് മാതൃകാ ചോദ്യപ്പേപ്പറുകള്‍ പ്രയോജനപ്പെടുത്തുക  എന്നത്. ശരിയായ പരീക്ഷാ മാനസികാവസ്ഥ വികസിപ്പിക്കാന്‍ ഉപകരിക്കും എന്നതിനുപുറമേ കൂടുതല്‍ ചോദ്യങ്ങളില്‍ക്കൂടി കടന്നുപോകാനും ഇതിടയാക്കും. ചുരുങ്ങിയത് 100 മാതൃകാ ചോദ്യപ്പേപ്പറുകളെങ്കിലും പരീക്ഷയ്ക്ക് മുന്‍പ് കൈകാര്യം ചെയ്യാന്‍ കഴിയണം. കരിയർ മാഗസിൻ ഓൺലൈൻ പ്ലാറ്റഫോം ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മുംതാസ് രഹാസ് : എത്ര സമയം പഠിക്കണം? അപേക്ഷിക്കേണ്ട ജില്ലയേത്?

രാജൻ പി തൊടിയൂർ: ഉദ്യോഗാര്‍ഥി ഇപ്പോള്‍ എത്തിയിട്ടുള്ള പഠനനിലവാരമാണ് ഇത് നിശ്ചയിക്കുന്നത്. ഏറ്റവും കുറഞ്ഞത് എട്ടു മാസമെങ്കിലും പരീക്ഷാ തയ്യാറെടുപ്പിന് ലഭിക്കും. തുടക്കക്കാര്‍ 5 മുതല്‍ എട്ടുമണിക്കൂര്‍വരെ പഠനത്തിനായി ചെലവിടണം. വളരെ ചിട്ടയോടെ പഠിച്ചു മുന്നേറിയാലേ ഇവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാവൂ. ശരാശരിയില്‍ ഉയര്‍ന്ന പഠനനിലവാരം ഉള്ളവര്‍ നാലുമണിക്കൂറെങ്കിലും ഇനിയും പഠനങ്ങളില്‍ മുഴുകണം. കണക്ക്/മെന്റല്‍ എബിലിറ്റി/ഇംഗ്ലീഷ് മേഖലകളില്‍ കൂടുതല്‍ മാര്‍ക്കുനേടാന്‍ പ്രക്ടീസ് ചോദ്യങ്ങള്‍ പരമാവധി ചെയ്തുപഠിക്കണം.

കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്ന ജില്ലകളില്‍ അപേക്ഷിക്കുക എന്നതാണ് എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പരമ്പരാഗത തന്ത്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പൊതുവേ കൂടുതല്‍ ഒഴിവുകള്‍ വരാറുള്ളത്. അതുകൊണ്ടു ഈ ജില്ലകളില്‍ കൂടുതല്‍ നിയമനങ്ങളും നടക്കുന്നു. ചില ജില്ലകളില്‍ മുന്‍വര്‍ഷങ്ങളില്‍ ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്കുകള്‍ വന്നതിനാല്‍ അവയെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിപൂര്‍വമാകില്ല. കാരണം ഓരോ വര്‍ഷവും ചോദ്യങ്ങളുടെ സ്വഭാവം മാറുന്നതുതന്നെ. ഉയര്‍ന്ന പഠനനിലവാരത്തില്‍ എത്തിയിട്ടില്ലാത്തവര്‍ കൂടുതല്‍ നിയമനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ജില്ലകളിലേക്ക് അപേക്ഷ അയയ്ക്കുന്നതാവും കൂടുതല്‍ യുക്തം.

ചുരുക്കത്തില്‍, ഉദ്യോഗാര്‍ഥിയുടെ തയ്യാറെടുപ്പു രീതി ഏതു തന്നെയായാലും വിജയത്തിലേക്കെത്താന്‍ കഴിയുന്ന തരത്തില്‍ പരിശീലനം ക്രമപ്പെടുത്താനാവും എന്നതാണ് പ്രധാനസംഗതി. പുതിയ സാങ്കേതിക വിദ്യയും ഡിജിറ്റൽ സംവിധാനങ്ങളും മത്സരപ്പരീക്ഷക്ക്‌ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് നാം ചിന്തിക്കേണ്ടത്.
www.careermagazine.in 

Share: