നെറ്റ്( NET) : ഓഗസ്റ്റ് ഒന്നുമുതൽ അപേക്ഷിക്കാം
സെൻട്രൽ ബോർഡ് ഓഫ് ഹയർസെക്കൻഡറി എഡ്യുക്കേഷൻ നടത്തുന്ന ജൂണിയർ റിസർച്ച് ഫെലോഷിപ്പ്, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷക്ക് ഓഗസ്റ്റ് ഒന്നുമുതൽ അപേക്ഷിക്കാം. വിജ്ഞാപനം ജൂലൈ 24ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഫെലോഷിപ്പോടുകൂടി ഗവേഷണ പഠനത്തിനുള്ള ജൂണിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർ എഫ്) സർവകലാശാല, കോളജ് എന്നിവിടങ്ങളിൽ അധ്യാപകരാകാനുമുള്ള യോഗ്യതാ നിർണയ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്-നെറ്റ്) പരീക്ഷയാണിത്. ജെആർഎഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയർന്ന പ്രായപരിധി 28 വയസാണ്. പട്ടിക വിഭാഗക്കാർക്കും, ഒബിസി, വികലാംഗർ, വനിതകൾ എന്നിവർക്കും അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും. എന്നാൽ, ലക്ചറർഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല.
നവംബർ അഞ്ചിന് പരീക്ഷ നടത്തും. രാവിലെ ഒന്പതു മുതൽ പന്ത്രണ്ടു വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയുമാണ് പരീക്ഷ. 200 മാർക്കിന്റെ മൂന്നു ഭാഗങ്ങളായാണു പരീക്ഷ നടത്തുന്നത്.
പാർട്ട് എ: എല്ലാ വിഭാഗക്കാർക്കും പൊതുവായുള്ളതായിരിക്കും. ലോജിക്കൽ റീസണിംഗ്, ഗ്രാഫിക്കൽ അനാലിസിസ്, അനലിറ്റിക്കൽ ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കംപാരിസണ്, സീരീസ് ഫോർമേഷൻ, പസിൽസ് എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർട്ട് ബി: ബന്ധപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. പാർട്ട് സി:അപേക്ഷാർഥിയുടെ ശാസ്ത്രീയ അവബോധം അളക്കുന്നതിന് ഉയർന്ന നിലവാരത്തിലുള്ള ചോദ്യങ്ങളാകും ചോദിക്കുക.
ഓഗസ്റ്റ് ഒന്ന് മുതൽ 30 വരെ www.cbsenet.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 31 വരെ ഫീസ് അടയ്ക്കാം.
യോഗ്യതാ മാനദണ്ഡത്തിൽ യുജിസി ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. പരീക്ഷ എഴുതുന്ന മൊത്തം വിദ്യാർഥികളിൽ ആറു ശതമാനം പേരെ യോഗ്യരാക്കുമെന്നാണ് പുതിയ ഉത്തരവ് പറയുന്നത്. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് യുജിസി തീരുമാനം. മുൻ വർഷങ്ങളിൽ നാലു ശതമാനം പേരാണ് യോഗ്യത നേടിയത്. രണ്ടു വർഷത്തേക്കാണ് കാലാവധി.