ജഗതി എന്‍.കെ. ആചാരി

1227
0
Share:

മലയാളനാടകകൃത്ത്. 1924 ഏ.-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. (1946) ബി.എ. പാസായശേഷം എറണാകുളം ലാകോളജില്‍നിന്ന് നിയമബിരുദം നേടി (1950). കുറേക്കാലം സര്‍ക്കാര്‍ ആഫീസുകളില്‍ സേവനം അനുഷ്ഠിച്ചു. അതിനുശേഷം ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി നിയമനം ലഭിച്ചു. തിരുവനന്തപുരം, അഹമദാബാദ്, വിജയവാഡ, കോഴിക്കോട് എന്നീ നിലയങ്ങളില്‍ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ആചാരി പ്രക്ഷേപണാര്‍ഥം ധാരാളം നാടകങ്ങളും ചിത്രീകരണങ്ങളും രചിച്ചിട്ടുണ്ട്.

ഹാസ്യനാടകങ്ങള്‍, തിരക്കഥകള്‍ എന്നീ ശാഖകളിലാണ് ആചാരിയുടെ കഴിവുകള്‍ ശരിക്കും പ്രതിഫലിക്കുന്നത്. ഇദ്ദേഹത്തിന്റെ ഇരുപതോളം ഗദ്യനാടകങ്ങള്‍ പ്രൊഫഷണല്‍ നാടകവേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്; ഇവയില്‍ പലതും മുദ്രിതങ്ങളാണ്. കറക്കുകമ്പനി, ഏടാകൂടം, റാണി, മനസ്സുണ്ടെങ്കില്‍ മതി, ബിംബിസാരന്‍, താജ്മഹല്‍, എളയിടത്തുറാണി, ദേവദാസി, ഉമ്മിണിത്തങ്ക, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍, ഗുരുവായൂരപ്പന്‍ തുടങ്ങിയ നാടകങ്ങള്‍ കേരളത്തിനുള്ളിലും പുറത്തും നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. പല ഫലിതലേഖനങ്ങളും എഴുതിയിട്ടുള്ള ഇദ്ദേഹം ജഗതി എന്‍.കെ.ആചാരി എന്ന പേരില്‍ അറിയപ്പെടുന്നു; ചിത്രരചനയിലും ഇദ്ദേഹം പ്രവീണനാണ്. 1977 സെപ്. 2-ന് തിരുവനന്തപുരത്ത് ഇദ്ദേഹം അന്തരിച്ചു. പ്രസിദ്ധ ഹാസ്യനടന്‍ ജഗതി ശ്രീകുമാര്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്.

Share: