കേസര്‍ഭായി കേര്‍ക്കര്‍: സൗരയൂഥം കടന്നുപോയ സ്വരമാധുരി

Share:

 

-പ്രശാന്ത് ചിറക്കര

 പ്രപഞ്ചത്തില്‍ ഭൂമിയെപ്പോലെ മറ്റേതെങ്കിലും ഒരു ഗ്രഹം ‘ജീവനോടെ’ ഉണ്ടെങ്കില്‍, അവിടത്തെ കാതുകള്‍ ആദ്യം കേള്‍ക്കാന്‍ പോകുന്ന ശബ്ദങ്ങളിലൊന്ന് ഈ ഗായികയുടെതായിരിക്കും!

ന്നുവരെ മനുഷ്യന് ഭൗമേതര ജീവനെക്കുറിച്ച് യാതൊരറിവും ലഭിച്ചിട്ടില്ല. സൗരയൂഥത്തിലും പുറത്തുമായി നൂറിലധികം ഗ്രഹങ്ങളെ മനുഷ്യന് കണ്ടെത്താനായിട്ടുണ്ടെങ്കിലും ഭൂമിക്ക് സമാനമായ ഒരു ഗ്രഹത്തെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്ര വിശാലമായ ഈ പ്രപഞ്ചത്തില്‍ നാം മാത്രമേയുള്ളൂവെന്ന് എങ്ങനെ വിശ്വസിക്കും?
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 1977 ആഗസ്ത് 20-നും അതേവര്‍ഷം സപ്തംബര്‍ അഞ്ചിനും രണ്ട് പേടകങ്ങള്‍ ഭൂമിയില്‍നിന്ന് വിക്ഷേപിച്ചു. വോയേജര്‍ 1-ഉം വോയേജര്‍ 2-ഉം. ഇന്നും പ്രവര്‍ത്തനക്ഷമമായ ഇവ സൗരയൂഥത്തിലെ ഗ്രഹങ്ങളെയെല്ലാം സന്ദര്‍ശിച്ച് അത്യപൂര്‍വമായ വിവരങ്ങള്‍ ശാസ്ത്രത്തിന് സമ്മാനിച്ചശേഷം സൗരയൂഥം കടന്ന് മഹാപ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് ഊളിയിട്ടുകൊണ്ടിരിക്കുന്നു.

2012 ആഗസ്തില്‍ വോയേജര്‍ സൗരയൂഥത്തിന് പുറത്തുകടന്നു എന്ന് 2014 സപ്തംബറില്‍ നാസ സ്ഥിരീകരിച്ചു. അതോടെ സൗരയൂഥത്തിന്റെ അതിര്‍ത്തി ഭേദിച്ച മനുഷ്യനിര്‍മിതമായ ഏക വസ്തുവായിവോയേജര്‍ പേടകം.
വോേയജര്‍ എന്നെങ്കിലും അന്യഗ്രഹജീവികളുടെ കൈകളില്‍ ചെന്നുപെടാനുള്ള സാധ്യതയുണ്ടെങ്കില്‍ അതില്‍നിന്ന് ഭൂമിയെക്കുറിച്ചും ഭൂമിയിലെ മനുഷ്യരെക്കുറിച്ചുമുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കാനായി നാസ അതില്‍ ഒരു റെക്കോഡ് സ്ഥാപിച്ചിരുന്നു. അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. കാള്‍ സാഗന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയായിരുന്നു ഭൂമിയില്‍നിന്നുള്ള ചിത്രങ്ങളും ശബ്ദങ്ങളും ഈ റെക്കോഡിലേക്കായി തിരഞ്ഞെടുത്തത്. അതി ശ്രമകരമായ ആ ദൗത്യത്തിന്റെ കഥയാണ് കാള്‍ സാഗന്റെ പുസ്തകമായ ‘Murmers of the Earth’ വിവരിക്കുന്നത്.

മഴ, കാറ്റ്, ഇടിമുഴക്കം, പക്ഷികളുടെയും ജന്തുക്കളുടെയും ശബ്ദങ്ങള്‍, ഭൂമിയില്‍നിന്നുള്ള അനവധി ചിത്രങ്ങള്‍ എന്നിവയ്ക്കുപുറമേ 55 ഭാഷകളിലുള്ള ആശംസകള്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശബ്ദത്തില്‍ അമേരിക്കന്‍ ജനതയുടെയും, യു.എന്‍. സെക്രട്ടറി ജനറലിന്റെ ശബ്ദത്തില്‍ യു.എന്‍. അംഗ രാജ്യങ്ങളുടെയും ആശംസകള്‍ എന്നിവയും ആ ‘ഗോള്‍ഡന്‍ റെക്കോഡി’ന്റെ ഭാഗമായിരുന്നു.
എന്നാല്‍, അതില്‍ ഏറ്റവും പ്രാമുഖ്യം നല്‍കിയിരുന്നത് ഭൂമിയില്‍നിന്നുള്ള സംഗീതത്തിനായിരുന്നു. അനന്ത വൈചിത്ര്യവും വൈപുല്യവുമാര്‍ന്ന ഭൂമിയിലെ സംഗീതലോകത്തെ ആരൊക്കെ പ്രതിനിധീകരിക്കുമെന്നതായിരുന്നു കാള്‍ സാഗന്റെയും കൂട്ടരുടെയും മുന്നിലുള്ള കനത്ത വെല്ലുവിളി. ലോകമെമ്പാടുമുള്ള വിദഗ്ധരുടെയും സംഗീതനിരൂപകരുടെയും അഭിപ്രായങ്ങളെ ക്രോഡീകരിച്ചുകൊണ്ട് അവര്‍ ആ ദൗത്യം പൂര്‍ത്തീകരിച്ചു. ഓസ്ട്രേലിയന്‍ ആദിവാസി സംഗീതത്തില്‍ തുടങ്ങി മൊസാര്‍ട്ടും ബിഥോവനും മുതല്‍ അമേരിക്കന്‍ പോപ്പുലര്‍ സംഗീതംവരെ ഗോള്‍ഡന്‍ റെക്കോഡിന്റെ ട്രാക്കുകളില്‍ നിറഞ്ഞു.
ഗോള്‍ഡന്‍ റെക്കോഡിന്റെ സംഗീതച്ചിമിഴില്‍ ഇന്ത്യന്‍ സംഗീതത്തെ പ്രതിനിധീകരിച്ചത് സുര്‍ശ്രീ കേസര്‍ഭായി കേര്‍ക്കര്‍ എന്ന അതുല്യയായ ഇന്ത്യന്‍ ഗായികയായിരുന്നു. കേര്‍ക്കറുടെ ‘ജാത് കഹാം ഹോ…’ എന്ന ഭൈരവി രാഗത്തിലുള്ള ഹിന്ദുസ്ഥാനി കീര്‍ത്തനം ഗോള്‍ഡന്‍ റെക്കോഡിന്റെ ഭാഗമായി. ലോകപ്രശസ്ത സംഗീത ഗവേഷകനായ റോബര്‍ട്ട് ഇ. ബ്രൗണിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഗോള്‍ഡന്‍ റെക്കോഡ് കമ്മിറ്റി ഇന്ത്യന്‍ സംഗീതത്തെ പ്രതിനിധീകരിക്കാന്‍ കേസര്‍ഭായിയുടെ ഗാനം തിരഞ്ഞെടുത്തത്. റെക്കോഡുകള്‍ ലഭ്യമല്ലാതിരുന്ന ഈ ഗാനം ഏറെ ശ്രമങ്ങള്‍ക്കുശേഷം ഒരു സ്വകാര്യ ശേഖരത്തില്‍നിന്ന് കണ്ടെത്തുകയാണുണ്ടായത്.

ഭൂമിയും ഭൂമിയിലെ സംഗീതവും അവസാനിച്ചാലും ഒരുപക്ഷേ, കേര്‍ക്കറുടെ ‘ജാത് കഹാം ഹോ…’ മറ്റേതെങ്കിലും ഭൂമിയില്‍ അവിടത്തെ ‘മനുഷ്യ’നെ ആനന്ദിപ്പിക്കുമായിരിക്കാം. കൂടിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ക്ക് ആ മാസ്മരിക ശബ്ദത്തിലൂടെ നമ്മെ ഭാവനചെയ്യാന്‍ കഴിയുമായിരിക്കാം.

1892 ജൂലായ് 13-ന് ഗോവയുടെ തലസ്ഥാനമായ പനാജിയില്‍നിന്ന് ഏഴ് മൈല്‍ അകലെയുള്ള കേരി എന്ന കൊച്ചുഗ്രാമത്തിലായിരുന്നു കേസര്‍ഭായി കേര്‍ക്കര്‍ ജനിച്ചത്. ശൈശവത്തില്‍ത്തന്നെ കേസര്‍ഭായിക്ക് സംഗീതത്തോട് അടങ്ങാത്ത കമ്പമുണ്ടായിരുന്നത്രെ. അക്കാലങ്ങളില്‍ സംഗീത കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങള്‍ മാത്രമായിരുന്നു; ജനപ്രിയ സംഗീതം കീര്‍ത്തനങ്ങളും ഭജനയും പോലുള്ള ആരാധനാഗാനങ്ങളും. കൊച്ചു കേസര്‍ ആ കീര്‍ത്തനങ്ങള്‍ കേട്ടുപാടാന്‍ തുടങ്ങി.
എട്ടുവയസ്സില്‍ കേസര്‍ഭായി കോലാപ്പുരില്‍ ഉസ്താദ് അബ്ദുള്‍ കരിംഖാന്റെ ശിക്ഷണത്തില്‍ സംഗീതപഠനമാരംഭിച്ചു. എന്നാല്‍, ആ കുട്ടിക്ക് എന്തുകൊണ്ടോ അത് തുടരാനായില്ല. ഒരു വര്‍ഷത്തിനുശേഷം അവള്‍ പഠനമുപേക്ഷിച്ച് ഗോവയില്‍ തിരിച്ചെത്തി. പിന്നീട് പല ഗുരുക്കന്മാരെയും കണ്ടെത്തിയെങ്കിലും ഒരിടത്തും ഉറച്ചുനിന്നില്ല.
1908-ല്‍ ആ സംഗീത പ്രതിഭയുടെ കുടുംബം ബോംബെയിലേക്ക് കുടിയേറി. അക്കാലത്തെ പ്രശസ്ത സിത്താര്‍ വാദകനും മൈസൂര്‍ കൊട്ടാരത്തിലെ സംഗീതജ്ഞനുമായിരുന്ന ബര്‍ക്കത്തുള്ള ഖാന്റെ ശിഷ്യയാകാന്‍ അവിടെവെച്ച് കേസര്‍ഭായിക്ക് കഴിഞ്ഞു. പിന്നീട് പണ്ഡിറ്റ് ഭാസ്‌കര്‍ ബുവ ഭക്ലേ, പണ്ഡിറ്റ് രാമകൃഷ്ണബുവ എന്നിവരില്‍നിന്ന് അവര്‍ പഠിച്ചു. പല ഗുരുക്കന്മാരുടെയും കീഴില്‍ മാറിമാറി പഠിക്കേണ്ടിവന്നതിനാല്‍ കേസര്‍ഭായിക്ക് മടുപ്പ് അനുഭവപ്പെട്ടുതുടങ്ങി. തുടര്‍ന്ന് അവര്‍ ഒരു തീരുമാനമെടുത്തു. ഞാന്‍ ഇനി ഒരാളിന്റെ ശിഷ്യത്വംമാത്രമേ സ്വീകരിക്കൂ-ഹിന്ദുസ്ഥാനി സംഗീതത്തിലെ മഹാ പ്രതിഭയായ ഉസ്താദ് അള്ളാ ദിയാഖാന്റെ.
വളരെയേറെ പ്രതീക്ഷയോടെ കേസര്‍ഭായി ഉസ്താദിനെ സമീപിച്ചു. അദ്ദേഹം അവരെ ശിഷ്യയായി സ്വീകരിക്കാന്‍ സമ്മതിച്ചെങ്കിലും കഠിനമായ പല നിബന്ധനകളും മുന്നോട്ടുവെച്ചു. താന്‍ ജീവിച്ചിരിക്കുമ്പോള്‍ ശിഷ്യ സ്വന്തമായി കച്ചേരി നടത്താന്‍ പാടില്ല എന്ന നിബന്ധനയായിരുന്നു അതില്‍ ഏറ്റവും കഠിനം. എന്നാല്‍, ഉസ്താദിനെ ഗുരുവായി സ്വീകരിക്കുക എന്ന ലക്ഷ്യത്തില്‍നിന്നും ദൃഢനിശ്ചയത്തില്‍നിന്നും ആ നിബന്ധനകള്‍ക്കൊന്നും ശിഷ്യയെ പിന്തിരിപ്പിക്കാനായില്ല.

കേസര്‍ഭായിയുടെ സംഗീതത്തോടുള്ള ആത്മസമര്‍പ്പണം കണ്ടറിഞ്ഞ ഉസ്താദ് തന്റെ സമയത്തിന്റെ ഭൂരിഭാഗവും അവര്‍ക്കുവേണ്ടി നീക്കിവെച്ചു. 1946-ല്‍ അള്ളാ ദിയാഖാന്‍ അന്തരിക്കുന്നതുവരെ കേസര്‍ഭായി അദ്ദേഹത്തിന്റെ ശിഷ്യയായി തുടര്‍ന്നു. ഗുരു അന്തരിക്കുമ്പോള്‍ കേസര്‍ഭായിക്ക് 54 വയസ്സുണ്ടായിരുന്നു. അതോടെ അവര്‍ സ്വന്തമായി കച്ചേരികള്‍ നടത്താന്‍ തുടങ്ങി. ഭാരതമാകമാനമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ അവരുടെ മാസ്മരശബ്ദം പുതിയ അലകള്‍ തീര്‍ത്തു. ഉസ്താദ് അള്ളാ ദിയാഖാന്റെ ശിഷ്യ എന്നനിലയില്‍ പതിറ്റാണ്ടുകള്‍നീണ്ട പരിശീലനത്തിന്റെയും തപസ്യയുടെയും ഫലം ഓരോ കച്ചേരി കഴിയുംതോറും സംഗീതാസ്വാദകര്‍ തൊട്ടറിഞ്ഞുതുടങ്ങി.
രവീന്ദ്രനാഥ ടാഗോറിന്റെ പ്രിയ ഗായികയായിരുന്നു അവര്‍. ഒരു സ്വകാര്യസദസ്സില്‍ ആ മാന്ത്രികനാദം കേള്‍ക്കാനിടയായ ടാഗോര്‍ അവരെ ‘സുര്‍ശ്രീ’ എന്ന് വിശേഷിപ്പിച്ചു. അതോടെ കേസര്‍ഭായി സുര്‍ശ്രീ കേസര്‍ഭായി കേര്‍ക്കര്‍ എന്നറിയപ്പെട്ടു. ഹിന്ദുസ്ഥാനി സംഗീതത്തില്‍ രാഷ്ട്രപതിയുടെ പുരസ്‌കാരം 1953-ല്‍ ലഭിച്ചതോടെ ഈ ബഹുമതി നേടുന്ന ആദ്യത്തെ ഭാരതീയ വനിതയായിത്തീര്‍ന്നു അവര്‍. 1969-ല്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ പ്രഥമ രാജ്യഗായിക പുരസ്‌കാരവും അതേവര്‍ഷംതന്നെ പത്മഭൂഷണ്‍ ബഹുമതിയും ലഭിച്ചു.
1966-ലാണ് കേസര്‍ഭായി തന്റെ അവസാന കച്ചേരി നടത്തിയത്. കേസര്‍ഭായിയുടെ സംഗീതമൊന്നും ഇന്ന് പ്രചാരത്തിലില്ല. അവര്‍ പാട്ട് റെേക്കാഡ് ചെയ്യാന്‍ ആരെയും അനുവദിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു. സ്വകാര്യ സദസ്സുകളിലെ കച്ചേരികള്‍ പല ആരാധകരും റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നത് മാത്രമാണ് അവശേഷിക്കുന്നത്. ഗോള്‍ഡന്‍ റെക്കോഡിനുവേണ്ടി ഏറെ അന്വേഷണങ്ങള്‍ക്കു ശേഷമാണ് ‘ജാത്കഹാം ഹോ…’ ഒരു സ്വകാര്യ ശേഖരത്തില്‍നിന്ന് ഗോള്‍ഡന്‍ റെക്കോഡ് കമ്മിറ്റിക്ക് കണ്ടെത്താനായത് (https://www.youtube.com/watch?v=fKSlqm6rYRw ) യില്‍ ആ ഗാനം കേള്‍ക്കാം).
തന്റെ സുദീര്‍ഘമായ ജീവിതത്തില്‍ കേസര്‍ഭായി ആരെയും ശിഷ്യരായി സ്വീകരിച്ചിരുന്നില്ല എന്നതും കൗതുകകരമാണ്.
1977 സപ്തംബര്‍ 16-ന് കേസര്‍ഭായി എന്ന അസാധാരണ സംഗീതപ്രതിഭ ലോകത്തോട് വിടപറഞ്ഞു. കേസര്‍ഭായിയുടെ ‘ജാത് കഹാം ഹോ…’ എന്ന ഗാനവുമായി വോജയര്‍ യാത്ര പുറപ്പെട്ട് പത്തുദിവസം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍.എസ്. മാധവന്‍ കേസര്‍ഭായിയെ കഥാപാത്രമാക്കി എഴുതിയ കേസര്‍ എന്ന കഥയില്‍ ആ മഹാഗായികയെ ഇങ്ങനെ വിശേഷിപ്പിക്കുന്നു: ‘ഏറ്റവും പതുക്കെ മന്ത്രിക്കുന്നതുപോലെ ശബ്ദം താഴ്ത്തി അവര്‍ക്ക് പാടാന്‍ പറ്റും. അതുപോലെ ഏറ്റവും ഉച്ചത്തിലും. ഒരു സ്‌തോഭവും കൂടാതെ, ഒരു സ്വരവും കലമ്പിക്കാതെ… വരികള്‍ക്കിടയില്‍നിന്ന് ഒരുസ്വരം പെറുക്കിയെടുത്ത് അതിനെ ഊതിയൂതി പൊന്നാക്കാന്‍ അവരെപ്പോലെ ആര്‍ക്കും പറ്റില്ല.’
മറ്റേതെങ്കിലും ഗാലക്‌സിയിലെ, നമ്മോടൊപ്പമോ നമ്മെക്കാളുമോ ബൗദ്ധികവികാസം പ്രാപിച്ച ഒരു ജീവസമൂഹത്തിന് ഗോള്‍ഡന്‍ റെക്കോഡ് കണ്ടുകിട്ടുകയാണെങ്കില്‍, അതിലെ ലിഖിതങ്ങള്‍ അവര്‍ക്ക് വേര്‍തിരിച്ചറിയാനാകുമെന്ന് പ്രതീക്ഷിക്കുക. അങ്ങനെയെങ്കില്‍ ‘ജാത്കഹാം ഹോ…’ എന്ന അതിസുന്ദരമായ ആലാപനത്തിന്റെ വശ്യതയില്‍പ്പെട്ട് ഗോള്‍ഡന്‍ റെക്കോഡിലെ സൂചനകള്‍ നല്‍കുന്ന വഴിയേ അവര്‍ ഭൂമി അന്വേഷിച്ചെത്തുമായിരിക്കുമോ?
അന്നേരം ഈ പച്ചഗ്രഹവും അതിലെ ജീവജാലങ്ങളും ജീവന്റെ സംഗീതവും എവ്വിധമായിരിക്കാം?

Share: