കാലഘട്ടത്തിൻറെ ആവശ്യം – ഡോ. ജയിംസ് വടക്കുംചേരി

645
0
Share:

മെക്കാനിക്കൽ എൻജിനീയർ, മുംബയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ പത്രം നിത്യേന വായിക്കുന്നു. എന്താ കാരണം എന്ന് തിരക്കി. അപ്പോൾ അയാൾ പറഞ്ഞു : “മുംബയിലെ പത്രത്തിൽ തൊഴിൽ സംബന്ധമായ പരസ്യങ്ങൾ മറ്റുള്ള പത്രങ്ങളേക്കാൾ കൂടുതലാണ്”.
തൻ്റെ ബയോഡേറ്റായുടെ നൂറു കോപ്പി കൈയിലുള്ള ആ മെക്കാനിക്കൽ എൻജിനീയർക്ക് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലെ തൊഴിൽ പംക്തി വായിച്ചാൽ ഒന്നോ രണ്ടോ ജോലിക്കപേക്ഷിക്കാനാവും എന്ന പ്രതീക്ഷയാണ്.തൊഴിൽ വാർത്തകളാണ്  അയാളെ ആ പത്രം തന്നെ വായിക്കാൻ പ്രേരിപ്പിക്കുന്നത്.
ശരിയാണ്. കേരളത്തിലെവിടെയാണ് മെക്കാനിക്കൽ മെക്കാനിക്കൽ എൻജിനീയർക്ക് തൊഴിൽ ? കേരളം എല്ലാ മേഖലയിലും ─ സാക്ഷരതയിൽ, കുടുംബാസൂത്രണത്തിൽ, ആരോഗ്യത്തിൽ , ആളോഹരി ഇന്ത്യൻ നിർമ്മിത വിദേശമദ്യ സേവയിൽ, തട്ടിപ്പിൽ, വെട്ടിപ്പിൽ, പറ്റിപ്പിൽ ─ വളരെയേറെ വികസിസിച്ചെങ്കിലും തൊഴിൽ മേഖലയിൽ കാര്യമായ വികസനം ഉണ്ടായില്ലെന്ന് പരക്കെ പലരും സമ്മതിക്കുന്നു. കുറെ എസ്. ടി. ഡി. ബൂത്തുകളും, ഫോട്ടോകോപ്പിയർ സെൻററുകളും, എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളും, ഉപ്പേരിവറുക്കൽ വീടുകളും ഇവിടെ ഉണ്ടായിയെന്നല്ലാതെ എന്ത് തൊഴിലാണ് ഇവിടെ നമുക്ക് കാണാനാവുന്നത്? അത്തരത്തിലുള്ള ഒരു സംസ്ഥാനത്ത് കഴിയുന്നവർക്ക് മുംബൈയിലും, ബാംഗ്ലൂരിലും, അഹമ്മദാബാദിലും, ഡൽഹിയിലും, ഭുവനേശ്വറിലുമുള്ള തൊഴിലുകളെക്കുറിച്ചറിയാൻ തൊഴിൽ പ്രസിദ്ധീകരണങ്ങളല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ല.

‘കരിയർ മാഗസിൻ’ൻ്റെ പഴയ കോപ്പികളെല്ലാം സൂക്ഷിച്ച് വച്ച് അത് ഇടയ്ക്കിടയ്ക്ക് വായിക്കുന്ന ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ഈയിടെ പറയുകയുണ്ടായി. ‘ കേരളത്തിൽ പി. എസ്. സി. നടത്തുന്ന പരീക്ഷകൾ എഴുതണമെങ്കിൽ ‘കരിയർ മാഗസിൻ’ വായിച്ചിരിക്കണം. കാരണം അതിൽ പഴയ ചോദ്യപേപ്പർ ഉൾപ്പടെ പലതും വായിച്ച് പഠിക്കാനുണ്ട്”. ശരിയാണ്. 55 വയസിൽ മുറപോലെ റിട്ടയർമെൻറ് ─│എന്നാൽ അതനുസരിച്ച് റിക്രൂട്ട്മെൻറ്‌ ഉണ്ടോ എന്നതല്ല ഇവിടെ ചർച്ചവിഷയം.
സർക്കാർ സർവ്വീസിൽ ജോലിക്കു കയറാൻ ആഗ്രഹിക്കുന്ന ഒരു ഉദ്യോഗാർത്ഥിക്ക് പരീക്ഷക്ക് തയാറാകാൻ  സഹായകമായ  പ്രസിദ്ധീകരണങ്ങൾ ഇവിടെ ഇല്ലായിരുന്നു എന്നതാണ് വാസ്‌തവം. 1984 വരെ . അതുകൊണ്ടാവാം, പി. എസ്. സി പരീക്ഷക്ക് തയ്യാറാകുന്നവരെ പരിശീലിപ്പിക്കാനായി ഭീമമായ ഫീസ് ഈടാക്കി കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമായി ഉണ്ടായത്. അവിടെ പരിശീലനം നേടുന്നവർക്ക് ജോലികിട്ടുമോ എന്നൊന്നും ആരും നോക്കാറില്ല. ജോലിയില്ലാത്തൊരു നാട്ടിൽ “കച്ചിത്തുരുമ്പിലും” ഉദ്യോഗാർത്ഥികൾ കയറിപ്പിടിക്കുന്നു.

ഒരുകാലത്ത് ‘കരിയർ മാഗസിൻ’ മായിരുന്നു ഉദ്യോഗാർത്ഥികളുടെ ഏക ആശ്രയം. എന്നാൽ ഇന്ന് വൻകിട പത്രങ്ങൾവരെ തൊഴിൽ ─ വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നുണ്ട്. അവയ്ക്ക് വിപണിയിൽ നല്ല വില്പനയും ഉണ്ട്. കാരണം, മറ്റൊന്നും തന്നെ ഇവിടെയില്ലെന്നതുതന്നെ. തൊഴിൽ സാധ്യത വളരെയേറെ ഉണ്ടെന്നുപറഞ്ഞ് ഉദ്യോഗാർത്ഥികളെ പറ്റിക്കുന്നതിനായി അനവധി കോഴ്‌സുകൾ നടത്തുന്ന ─ അംഗീകാരമില്ലാത്ത വ്യാജസ്ഥാപനങ്ങൾ കേരളത്തിൽ വളരെയേറെയുണ്ട്. സർട്ടിഫിക്കറ്റും നേടി വണ്ടികയറാൻ ടിക്കറ്റെടുത്ത് കഴിയുന്ന ഉദ്യോഗാർത്ഥികൾക്ക് തങ്ങൾ കബളിപ്പിക്കപ്പെട്ടുവെന്നറിയുമ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത ഒരവസ്ഥാവിശേഷം വന്നുചേരുന്നു. “കരിയർ” പോലുള്ള മാഗസിന് പ്രസക്തി ഏറിവരികയാണ്. പ്രത്യേകിച്ചും ഡിജിറ്റൽ യുഗത്തിൽ, ഓൺലൈൻ പ്രസിദ്ധീകരണത്തിന്.
പി. എസ്. സി നടത്തുന്ന ചോദ്യപേപ്പറുകളുടെ മോഡൽ എവിടെ കിട്ടും എന്നന്വേഷിച്ച് നാട്ടിൻപുറങ്ങളിൽ നിന്നും വളരെപേർ തിരുവനന്തപുരത്ത് വരാറുള്ള ഒരു കാലമുണ്ടായിരുന്നു. അവരോട് പി. എസ്. സി ലൈബ്രറിയിൽ പോയന്വേഷിക്കൂ എന്ന ഉപദേശമാണ് കൊടുതിരുന്നത്.
അത്തരക്കാർക്ക് കരിയർ മാഗസിൻ്റെ പഴയ കോപ്പികൾ ലഭ്യമാക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. ഇന്നിപ്പോൾ പഴയ ലക്കങ്ങളിലെ വിലപ്പെട്ട വിവരങ്ങളും മഹാപണ്ഡിതൻമാരുടെ ലേഖനങ്ങളും ഉൾപ്പെടുത്തി ‘കരിയർ മാഗസിൻ ‘ഡിജിറ്റൽ ‘ ആകുന്നത് പുതിയ തലമുറയ്ക്ക് വളരെയേറെ പ്രയോജനം ചെയ്യും. വിജ്ഞാനം വിരൽത്തുമ്പിൽ എന്നതാണല്ലോ പുതിയ മുദ്രാവാക്യം.
പി. എസ്. സി ഗൈഡുകൾ എന്ന പേരിൽ വിപണിയിൽ ലഭിക്കുന്ന പല പ്രസിദ്ധീകരണങ്ങളും എത്രമാത്രം ഉപകാരപ്രദമാണെന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം, അവകളൊന്നും കാലാനുസരണം പുതുക്കുന്നവയല്ല. എന്നാൽ എല്ലാ ദിവസവും പുതുക്കാൻ കഴിയുന്ന ഡിജിറ്റൽ കരിയർ മാഗസിനിൽ ഏറ്റവും പുതിയ വിവരങ്ങളും പരീക്ഷകൾക്ക് വേണ്ട ചോദ്യോത്തരങ്ങളും ഉൾപ്പെടുത്തി കാലോചിതമാക്കാനും കഴിയും.

കാലാനുസരണം പരിഷ്ക്കരിച്ച ചോദ്യപേപ്പറുകളും വിവരങ്ങളുമാണ് എന്നും ” കരിയർ മാഗസി” ൻ്റെ പ്രചാരണത്തിന് പ്രധാനകാരണവും. ആരും തന്നെ കടന്നു വരാതിരിക്കുന്ന ഒരുമേഖലയിലേക്ക് 32 വർഷം മുമ്പ് കടന്നുവന്ന കരിയർ മാഗസിൻ ദൈനംദിനം എന്നോണം ഉയർന്നുവിജയകരമായി മുന്നേറുകയാണ്. മാഗസിൻ്റെ പ്രത്യേകതകൊണ്ട് മാത്രം മറ്റുപല പ്രസിദ്ധീകരണത്തെക്കാളും ഇന്നും ഉദ്യോഗാർത്ഥികൾ ഉറ്റുനോക്കുന്നത് ‘ കരിയർ മാഗസിൻ ‘ തന്നെ. മാഗസിനിൽ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ്, മലയാളം പാഠങ്ങൾ തൊഴിലുള്ളവർക്കും ഇല്ലാത്തവർക്കും വലിയ പ്രയോജനം ചെയ്യുന്നുവെന്നാണറിയാൻ കഴിയുന്നത്. ‘ കരിയർ മാഗസിൻ ‘ സ്ഥിരമായി വായിച്ച് ഉദ്യോഗം നേടിയെടുത്ത അനേകം പേരുണ്ട്. തൊഴിലില്ലാത്ത ഒരു സംസ്ഥാനത്ത് ‘ തൊ ഴിൽ’ നേടിയെടുക്കാൻ ‘കരിയർ ‘ മാഗസിൻ അനേകങ്ങളെ സഹായിക്കുന്നുവെന്നാണതിൻ്റെയർത്ഥം.
കാലഘട്ടത്തിന് അനുസൃതമായി പുരോഗതിയിലേക്ക് കുതിക്കുന്ന ‘കരിയർ മാഗസിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു.

തൊഴിലുകൾ ആരെയും അന്വേഷിച്ചു പോകാറില്ല. ആർക്കും വേണ്ടി കാത്തു നില്ക്കാറുമില്ല. അവ കണ്ടെത്തുകയെന്നതാണ് നമുക്കാവശ്യം. അതിന് ‘കരിയർ മാഗസിൻ’ ഡിജിറ്റൽ ഒരു സഹായിയായതിനാൽ, ഓൺലൈൻ മാഗസിൻ്റെ ഭാവി വളരെ ശോഭനമാണെന്ന് പറയാതെവയ്യ.

എല്ലാഭാവുകങ്ങളും നന്മകളും നേരുന്നു.

Share: