ഒരുലക്ഷംപേർക്ക് തൊഴിൽ: ചിട്ടയോടെ തയ്യാറെടുക്കാം , എൽ ഡി സി പരീക്ഷയ്ക്ക്

Share:

ഒരുലക്ഷംപേർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യതയാണ് അടുത്ത എൽ ഡി ക്ളർക് പരീക്ഷ ഉദ്യോഗാർഥികൾക്ക് മുന്നിൽ തുറന്നു വെക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസം മാത്രം യോഗ്യതയായുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ഈ പരീക്ഷ , ചിട്ടയായ പരിശീലനത്തിലൂടെ സാധാരണക്കാര്‍ക്കും വിജയിക്കാന്‍ കഴിയും,

മികച്ച പ്രമോഷന്‍ സാധ്യതകള്‍, മറ്റൊരു തസ്തികയിലുമില്ലാത്തത്ര നിയമനം, എന്നിവയെല്ലാം എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയ്ക്ക് മാത്രമുള്ള ആകര്‍ഷണീയതയാണ്.

ജനങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ജോലി സാഹചര്യം…സവിശേഷ അധികാരങ്ങള്‍, മികച്ച ശമ്പളഘടന എന്നിവയും ഈ തസ്തികയെ വേറിട്ടതാക്കുന്നു. ഉയര്‍ന്ന യോഗ്യതകള്‍ നേടിയിട്ടുള്ളവര്‍ക്ക് എല്‍.ഡി.സി.യിലൂടെ ഉന്നതമായ തസ്തികകളിലേക്ക് എളുപ്പത്തില്‍ മാറാനുമാവും.

വില്ലേജ് ഓഫീസര്‍, സബ് രജിസ്ട്രാര്‍, അസിസ്റ്റൻറ് സെക്രട്ടറി, തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടർ എന്നീ ഉദ്യോഗങ്ങളെല്ലാം എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയെഴുതി ജോലിയിൽ പ്രവേശിക്കുന്നവരുടെ പ്രൊമോഷന്‍ തസ്തികകളാണ്. റാങ്ക് ലിസ്റ്റിൻറെ കാലാവധി തീരുന്നതിനുമുൻപ് ഒരു ലക്ഷത്തിലേറെ ജീവനക്കാരാണ് വിരമിക്കാനിരിക്കുന്നത്‌. ഈ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ വരുന്നവരിൽനിന്ന് ഒരുലക്ഷം പേർക്ക് ജോലി ലഭിക്കാനുള്ള സാധ്യത!

ഉദ്യോഗാര്‍ഥികൾക്ക് തലവേദനയായിരുന്ന പ്രാഥമിക പരീക്ഷകള്‍ എല്‍.ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഇനി ഉണ്ടാകില്ല. ഒറ്റപ്പരീക്ഷ മാത്രം. ഇതോടെ 10ാം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്ക് പ്രാഥമിക പരീക്ഷയും ഉണ്ടാവില്ല. പ്ലസ് ടു യോഗ്യതയുള്ള തസ്തികകളിലേക്ക് നേരത്തെ പ്രാഥമിക പരീക്ഷ പിന്‍വലിച്ചിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് പി.എസ്.സി പ്രാഥമിക പരീക്ഷ ആരംഭിച്ചത്. പരീക്ഷണം വന്‍ പരാജയമാണെന്ന ആക്ഷേപം തുടക്കം മുതല്‍ തന്നെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. ഇതോടെയാണ് പരീക്ഷകളില്‍ മാറ്റം വരുത്താന്‍ പി.എസ്.സി തീരുമാനിച്ചത്.

കേരളത്തില്‍ 110 ഓളം സര്‍ക്കാര്‍ വകുപ്പുകളുണ്ട്. ഇവയില്‍ ക്ലാര്‍ക്ക് തസ്തികയില്ലാത്ത വകുപ്പുകള്‍ വിരലില്‍ എണ്ണാവുന്നവ മാത്രം. ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്നതും ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരുള്ളതുമായ റവന്യൂ, പഞ്ചായത്ത്, കൃഷി, വിദ്യാഭ്യാസം, വ്യവസായം, രജിസ്ട്രേഷന്‍, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളിലൊക്കെ നിര്‍ണായകമായ ജോലികള്‍ നിര്‍വഹിക്കുന്നത് എല്‍.ഡി. ക്ലാര്‍ക്കുമാരാണ്. ഫയല്‍ ആരംഭിക്കുന്നതും തീരുമാനമായി അവസാനിക്കുന്നതും എല്‍.ഡി. ക്ലാര്‍ക്കുമാരുടെ സീറ്റുകളിലാണ്. വിവിധ വകുപ്പുകളില്‍ ലഭിക്കുന്ന പല സ്വഭാവങ്ങളിലുള്ള അപേക്ഷകളും പരാതികളും മറ്റ് തപാലുകളും തങ്ങളുടെ രജിസ്റ്ററില്‍ ചേര്‍ത്ത് ഫയലുകളാക്കി മാറ്റുന്നത് ക്ലാര്‍ക്കുമാരാണ്. വിവിധ രേഖകളില്‍ ആദ്യഅഭിപ്രായം രേഖപ്പെടുത്തുന്നതും നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും എല്‍.ഡി. ക്ലാര്‍ക്കുമാരുടെ സീറ്റുകളില്‍നിന്നാണ്. ഉന്നതാധികാരികളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളെ ഉത്തരവുകളും കത്തുകളുമൊക്കെയായി മാറ്റുന്നതും ക്ലാര്‍ക്കുമാരാണ്. ഓരോ വകുപ്പിലെയും നിരവധി ഉത്തരവുകളുടെയും മാര്‍ഗരേഖകളുടെയും വിശദാംശങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതും അവ നടപ്പാക്കാന്‍ നടപടിയെടുക്കുന്നതും എല്‍.ഡി. ക്ലാര്‍ക്കുമാരുടെ ജോലിയാണ്. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ കാര്യക്ഷമതയുള്ളവരും പ്രാപ്തിയുള്ളവരുമായവര്‍ ഈ ഉദ്യോഗത്തിലെത്തേണ്ടത് സര്‍ക്കാര്‍ സംവിധാനത്തിൻറെ മികച്ച പ്രവര്‍ത്തനത്തിന് പ്രധാനമാണ്. പരീക്ഷയുടെ ഉയര്‍ന്ന നിലവാരം അതിൻറെ സൂചനയാണ്. ( തുടരും )

-ആർ. കെ. പിള്ള 

Tagsldcpsc
Share: