ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി : അലോട്ട്മെന്റ് ലിസ്റ്റ് 19ന്

Share:

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. 12ന് ട്രയല്‍ അലോട്ട്മെന്റ് നടത്തും. പ്രധാന അലോട്ട്മെന്റുകള്‍ 27 ന് അവസാനിക്കും. 28ന് ക്ളാസുകള്‍ തുടങ്ങുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ബുധനാഴ്ച പുതുക്കിയ പ്രവേശന ഷെഡ്യൂളില്‍ വ്യക്തമാക്കി.

517409 പേരാണ് സംസ്ഥാനത്ത് പ്ളസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. ഇവരില്‍ 513174 വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

സപ്ളിമെന്ററി അലോട്ട്മെന്റുകള്‍ ജൂലായ് ആറിന് ആരംഭിച്ച് ആഗസ്ത് ഒമ്പതിന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. സ്പോര്‍ട്സ് ക്വോട്ട ഒന്നാം അലോട്ടുമെന്റ് 20ന് നടക്കും. ഈ വിഭാഗത്തില്‍ മുഖ്യ അലോട്ടുമെന്റ് 23ന് അവസാനിക്കും. സ്പോര്‍ട്സ് ക്വോട്ട സപ്ളിമെന്ററി അലോട്ട്മെന്റ് ജൂലൈ 14 മുതല്‍ 17 വരെ നടക്കും. കമ്യൂണിറ്റി ക്വോട്ടയില്‍ ഡാറ്റ എന്‍ട്രി ജൂണ്‍ 13 ന് ആരംഭിക്കും. 23ന് പൂര്‍ത്തികരിക്കും. ഈ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. അന്നു തന്നെ അഡ്മിഷനും തുടങ്ങും. കമ്യൂണിറ്റി ക്വാട്ടയില്‍ സപ്ളിമെന്ററി ഡാറ്റാ എന്‍ട്രി ജൂലായ് 5ന് ആരംഭിച്ച് 13ന് പൂര്‍ത്തികരിക്കണം. അന്നു തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മാനേജ്മെന്റ് /അണ്‍എയ്ഡഡ് ക്വോട്ടകളില്‍ മുഖ്യഘട്ടത്തില്‍ പ്രവേശനം ജൂണ്‍ 20 മുതല്‍ 27 വരെ നടക്കും. ഈ വിഭാഗത്തില്‍ സപ്ളിമെന്ററി ഘട്ട പ്രവേശനം ജൂലായ് ആറ് മുതല്‍ 31വരെയായിരിക്കും.

മാനേജ്മെന്റ/ കമ്യൂണിറ്റി/അണ്‍എയ്ഡഡ് ക്വാട്ടകളിലെ പ്രവേശനത്തിന് പ്രിന്‍സിപ്പല്‍മാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശവും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നല്‍കിയിട്ടുണ്ട്. പ്രവേശന സമയക്രമ ഷെഡ്യൂളില്‍ മാറ്റംവരുത്തരുത്. അപേക്ഷാ ഫീസ് ആയി 25 രൂപയില്‍ കൂടുതല്‍ വാങ്ങരുത്. ഇതിന്റെ പകുതി തുക സര്‍ക്കാര്‍ ഖജനാവില്‍ അന്നുതന്നെ ഒടുക്കണം. ക്ളാസുകള്‍ 28നേ ആരംഭിക്കാന്‍ പാടുള്ളൂ. വിരുദ്ധമായ നടപടി ഉണ്ടായാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ചുമതലയുള്ള ഡോ. പി പി പ്രകാശന്‍ അറിയിച്ചു.

Share: