എൽ ഡി ക്ളർക് പരീക്ഷ: ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുമോ? പി എസ് സിയോട് പത്തു ചോദ്യങ്ങൾ
പതിനെട്ട് ലക്ഷം പേർ അപേക്ഷിച്ചിട്ടുള്ള പി എസ് സി എൽ ഡി ക്ളർക് പരീക്ഷ ജൂൺ മാസത്തിൽ ആരംഭിക്കുകയാണ്. സാധാരണക്കാരായ ഉദ്യോഗാർഥികൾക്ക് ഇതേ സംബന്ധിച്ച് നിരവധി സംശയങ്ങൾ ബാക്കി നിൽക്കുകയാണ്. പി എസ് സി യിലെ അഴിമതിയും സ്വജനപക്ഷപാതവും സംബന്ധിച്ച വാർത്തകൾ ഒരു വശത്തും ഒ എം ആർ പരീക്ഷ എന്ന കാലഹരണപ്പെട്ട സമ്പ്രദായം ഉയർത്തുന്ന സംശയങ്ങൾ മറുവശത്തും . കഴിഞ്ഞ 32 വർഷങ്ങളായി ഉദ്യോഗാർഥികളോടൊപ്പം നിൽക്കുന്ന കരിയർ മാഗസിൻ , വിവരാവകാശ നിയമം അനുസരിച്ചു പി എസ് സി ക്കു നൽകിയ പത്തു ചോദ്യങ്ങൾ താഴെ ചേർക്കുന്നു.
1. കേരളത്തിലെ 18 ലക്ഷം ഉദ്യോഗാർഥികൾ ( 1794091 ) അപേക്ഷിച്ചിട്ടുള്ള എൽ ഡി ക്ളർക് പരീക്ഷ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നതും ഇത്രയധികം ഉദ്യോഗാർഥികളോട് നീതി പുലർത്താൻ കഴിയാത്തതുമായ ഒ എം ആർ സമ്പ്രദായത്തിൽ നടത്താൻ നിശ്ചയിച്ചത് എന്തുകൊണ്ടാണ്?
2 . ഒ എം ആർ സമ്പ്രദായത്തിനേക്കാൾ സുതാര്യവും പി എസ് സി 2014 മുതൽ നടത്തി വരുന്നതുമായ ഓൺലൈൻ പരീക്ഷാ സമ്പ്രദായം എന്തുകൊണ്ടാണ് ഈ പരീക്ഷക്ക് വേണ്ടന്ന് വെച്ചത്?
3 . 2015 -16 കാലഘട്ടത്തിൽ എഴുപതിലധികം ഓൺലൈൻ പരീക്ഷ പി എസ് സി നടത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക പത്രമായ പി\എസ് സി ബുള്ളറ്റിൻ വജ്ര ജൂബിലി പതിപ്പിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. പിന്നീട് എന്തുകൊണ്ട് എൽ ഡി ക്ളർക് പരീക്ഷ കൂടുതൽ സുതാര്യവും ആധുനികവും ഉദ്യോഗാർഥികൾക്ക് അപ്പോൾത്തന്നെ എഴുതിയതിന്റെ ഫലമറിയാൻ കഴിയുന്നതുമായ ഓൺലൈൻ സംവിധാനത്തിൽ നടത്തുന്നില്ല?
4 . പരീക്ഷാ ചെലവിൻറെ കാര്യത്തിൽ ഒ എം ആർ പരീക്ഷക്ക് ഒരു വിദ്യാർഥിക്ക് 60 രൂപ ചെലവ് വരുമെന്നും എന്നാൽ ഓൺലൈൻ പരീക്ഷക്ക് 5 രൂപയാണ് ചെലവെന്നും റിസേർച് ആൻഡ് അനാലിസിസ് ജോയിൻറ് സെക്രട്ടറി കെ പി തങ്കമണിഅമ്മ പി\എസ് സി ബുള്ളറ്റിൻ വജ്ര ജൂബിലി പതിപ്പിൽ എഴുതിയ ‘ഓൺലൈൻ പരീക്ഷ യാഥാർഥ്യവും വസ്തുതകളും ‘ എന്ന ലേഖനത്തിൽ പറയുന്നു. എന്നാൽ അടുത്തിടെ പി എസ് സി യുടേതായിവന്ന പത്രവാർത്തയിൽ ഇത് 300 രൂപ യാണെന്ന് പറയുന്നു. യഥാർഥത്തിൽ എത്ര രൂപയാണ് ചെലവ് വരുന്നത്?
5 . ഒ എം ആർ പരീക്ഷക്ക് 60 -ഉം ഓൺലൈൻ പരീക്ഷക്ക് 5 രൂപയുമാണെങ്കിൽ 12 ഇരട്ടിയുടെ വ്യത്യാസം പരീക്ഷാ നടത്തിപ്പിൽ വരുന്നു.18 ലക്ഷം കുട്ടികൾ പരീക്ഷ എഴുതുമ്പോൾ 10 കോടി രൂപ ഒ എം ആർ പരീക്ഷക്ക് ചെലവാകും. 300 രൂപ വെച്ചാണെങ്കിൽ 54 കോടി രൂപയാണ് ചെലവ് വരുന്നത്. ഇതിൻറെ 12 / 1 ചെലവിൽ ഓൺലൈൻ പരീക്ഷ നടത്താമെന്നിരിക്കെ എന്തുകൊണ്ടാണ് അതിൽനിന്നും പി എസ് സി പിൻമാറുന്നത് ?
6. ചെലവ് എന്ത് തന്നെയായാലും ഒ എം ആർ പരീക്ഷയുടെ ഉത്തരക്കടലാസിൻറെ പകർപ്പിനായി 300 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ( ജി ഒ (പി) നമ്പർ 409 / 2014 ) ഓൺലൈൻ പരീക്ഷ കഴിഞ്ഞാലുടൻ തന്നെ ഉത്തരസൂചികയും ചോദ്യപേപ്പറും പ്രസിദ്ധീകരിക്കുന്നതിനാൽ ഉദ്യോഗാർഥികൾക്ക് ഇങ്ങനെ ഒരു ചെലവ് നേരിടേണ്ടി വരുന്നില്ല. ഉദ്യോഗാർത്ഥികൾക്ക് സ്വന്തം മാർക്കറിയാൻ ചെലവേറെയുള്ള ഒ എം ആർ സംവിധാനം എന്തിനു വേണ്ടിയാണ്?
7 . ഓപ്ടിക്കൽ മാർക്ക് റെക്കഗ്നിഷൻ റീഡറിൽ (ഒ എം ആർ ) 4.2 % വരെ തെറ്റ് സംഭവിക്കാമെന്ന് അതിൻറെ നിർമ്മാതാക്കൾ തന്നെ ( ഐ ബി എം ) സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വൃത്തം പൂർണ്ണമായും കറുപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടികൾക്ക് മാർക് ലഭിക്കില്ല. ഒരിക്കൽ രേഖപ്പെടുത്തിയ ഉത്തരം മാറ്റി എഴുതാൻ കഴിയില്ല എന്നതും ഈ സംവിധാനത്തിൻറെ വലിയ പോരായ്മയാണ്. 1794091കുട്ടികളുടെ 4.2 ശതമാനം എന്ന് പറയുമ്പോൾ 75352 കുട്ടികൾ. പതിനായിരം പേർക്ക് ജോലി നൽകാനായി നടത്തുന്ന പരീക്ഷയിൽ 75352 പേർ, ഉപയോഗിക്കുന്ന യന്ത്രത്തിൻറെ തകരാറുകൊണ്ട് പുറംതള്ളപ്പെടാൻ സാധ്യതയുണ്ട് എന്നുപറയുമ്പോൾ പി എസ് സിക്ക് എന്ത് ന്യായീകരണമാണ് പറയാനുള്ളത്? വിശേഷിച്ചു അതിനേക്കാൾ സുതാര്യവും താരതമ്യേന കുറ്റമറ്റതുമായ ഓൺലൈൻ സംവിധാനം കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പി എസ് സി ഉപയോഗിച്ച് വരുന്ന സാഹചര്യത്തിൽ?
8 . പി എസ് സി കോച്ചിങ് എന്നപേരിൽ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് പരീക്ഷാ സമ്പ്രദായത്തെ ക്കുറിച്ചുള്ള പരിശീലനം ലഭിക്കുന്നത്. സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പുറന്തള്ളപ്പെടാൻ സാധ്യതയുള്ളത് . 18 ലക്ഷം കുട്ടികൾ എഴുതുന്ന ഈ പരീക്ഷയിൽ സാധാരണക്കാർക്കായി, സംവരണ വിഭാഗങ്ങൾക്കായി, എന്ത് പരിശീലന സംവിധാനമാണ് പി എസ് സി ഏർപ്പെടുത്തിയിട്ടുള്ളത്?
9 . അഴിമതിയും സ്വജന പക്ഷപാതവും പി എസ് സി യുടെ സൽപ്പേരിനു കളങ്കം ചാർത്തിയിരിക്കുന്നു. പരീക്ഷാ പേപ്പർ തയ്യാറാക്കുന്നവർ ആൾമാറാട്ടത്തിലൂടെ പരീക്ഷ എഴുതുന്നു. അവർ ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്നു. നിയമന സ്ഥാപനങ്ങളുടെ മേധാവികൾ , രാഷ്ട്രീയ നേതാക്കൻമാർ ശുപാർശയുമായെത്തുന്നു . പരീക്ഷാ സമ്പ്രദായം സുതാര്യമാകണം. അതിന് നിലവിലുള്ളതിൽ വച്ചേറ്റവും മികച്ചതാണ് ഓൺലൈൻ പരീക്ഷ. എൽ ഡി ക്ലാർക് പരീക്ഷ ഓൺലൈൻ ആക്കാൻ ഇനിയും സമയമുണ്ട്. അതിനായി തീരുമാനം പുനഃപരിശോധിക്കുമോ?
10 . ഇല്ല എന്നാണുത്തരമെങ്കിൽ എന്തുകൊണ്ട്? 18 ലക്ഷം കുട്ടികളോട് നീതിപുലർത്താൻ പി എസ് സിക്ക് കഴിയുമോ?
രാജൻ പി തൊടിയൂർ
ചീഫ് എഡിറ്റർ
കരിയർ മാഗസിൻ (www.careermagazine.in )