സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

തിരുഃ ചാർട്ടേർഡ് അക്കൗണ്ടൻസി / കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിംഗ് / കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാ ആനുപാതികമായി സ്കോളർഷിപ്പ് നൽകുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ മതവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാർസി എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെ പരിഗണിക്കും. മെറിറ്റിന്റെയും കുടുംബ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ബി.പി.എൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം.
ഇന്റർമീഡിയറ്റ് കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾ ഫൗണ്ടേഷൻ അല്ലെങ്കിൽ ബിരുദത്തിന് 60 ശതമാനം മാർക്ക് നേടിയവരായിരിക്കണം. അവസാന വർഷ വിദ്യാർഥികൾ ഇന്റർമീഡിയറ്റ് പാസായവരായിരിക്കണം. 15,000 രൂപയാണ് ഒറ്റത്തവണ സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. മുൻ വർഷങ്ങളിൽ വകുപ്പിൽ നിന്നും പ്രസ്തുത സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
ന്യൂനപക്ഷ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായാണ്. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്/കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in ലെ സ്കോളർഷിപ്പ് ലിങ്ക് മുഖേന അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25.
ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധ രേഖകളും നവംബർ 30നുള്ളിൽ വകുപ്പിലേക്ക് നേരിട്ടോ/തപാൽ മാർഗ്ഗമോ സമർപ്പിക്കണം. പ്രസ്തുത അപേക്ഷകൾ മാത്രമാണ് സ്കോളർഷിപ്പിന് പരിഗണിക്കുക. വിവരങ്ങൾക്ക് 0471-2300523, 0471-2300524.





