കോഴിക്കോട് സര്‍വകലാശാല ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് നാളെമുതൽ
കോഴിക്കോട് സര്‍വകലാശാലയില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് 26ന് തുടങ്ങും.
കോളജുകളിലേക്കും സര്‍വകലാശാല പഠന വകുപ്പുകളിലേക്കും എം.എ, എം.എസ്സി, എം.കോം, എം.എൽ.ഐ.എസ്സി തുടങ്ങിയ കോഴ്സുകളിലേക്കുമാണ് പ്രവേശനം. വിവിധ അലോട്ട്മെൻറുകള്‍ക്ക് ശേഷം ആഗസ്റ്റ് ഒമ്പതിന് പി.ജി ക്ലാസുകള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷെൻറ വിശദാംശങ്ങള്‍ സര്‍വകലാശാല പിന്നീട് അറിയിക്കും. സ്വാശ്രയ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റിലേക്കും ഏകജാലകപ്രക്രിയ വഴിയാണ് പ്രവേശനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്തുദിവസം നേരത്തേയാണ് പി.ജി ഓണ്‍ലൈന്‍ ഏകജാലക നടപടികള്‍ തുടങ്ങുന്നത്.
സെപ്റ്റംബര്‍ 18 നായിരുന്നു കഴിഞ്ഞ വര്‍ഷം ക്ലാസുകള്‍ തുടങ്ങിയത്. ഇത്തവണ റഗുലര്‍ ഡിഗ്രി ഫലങ്ങള്‍ നേരത്തെയായതാണ് പി.ജി പ്രവേശനം ജൂണില്‍തന്നെ തുടങ്ങാന്‍ കാരണമായത്. എന്നാല്‍, 60,000ത്തോളം വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളുടെ ഫലം പുറത്തുവന്നിട്ടില്ല. പി.ജി പ്രവേശന നടപടികള്‍ക്കിടെ ഈ വിഭാഗത്തിൻറെ ഡിഗ്രി ഫലം പ്രസിദ്ധീകരിക്കുമെന്നാണ് പരീക്ഷഭവന് അധികൃതർ അറിയിച്ചത്.
അതേസമയം, ഡിഗ്രി ഏകജാലക പ്രവേശനത്തിൻറെ ആദ്യ അലോട്ട്മൻറിൽ നിര്‍ബന്ധിത ഫീസടച്ചവരുടെ പട്ടിക അഡ്മിഷന് വെബ്സൈറ്റായ www.cuonline.ac.inല്‍ പ്രസിദ്ധീകരിച്ചു. ഫീസടക്കാത്തവര്‍ക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും.
ഫീസടച്ചവര്‍ക്കും എസ്.എം.എസ് കിട്ടിയാല്‍ അഡ്മിഷന് വിഭാഗവുമായി ബന്ധപ്പെടണം. ആദ്യ അലോട്ട്മൻറിന് ശേഷം ഫീസടച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. ഈ മാസം 29ന് മുമ്പ് ആവശ്യമായ രേഖകളുമായി നിശ്ചിത കോളജില്‍ ചേരണം.