ശൂരനാട് കുഞ്ഞൻപിള്ള: മലയാള ഭാഷയുടെ മുഖശ്രീ

Share:

ഭരണഭാഷ, മലയാളമാകുന്ന കാലയളവിൽ പോലും ആധികാരികമായ ചിട്ടപ്പെടുത്തലിൻ്‌ കഴിഞ്ഞിട്ടില്ല എന്നുള്ളത്‌ ആ മഹാപ്രതിഭയുടെ ഇടപെടലുകൾ എത്രത്തോളം വലുതയായിരുന്നു എന്നതിന്റെ തെളിവാണ്‌.

-മനു പോരുവഴി

മലയാളഭാഷയുടെ മുഖശ്രീയാണ്‌ ശൂരനാട്ടു കുഞ്ഞൻ പിള്ള. ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ ആഴത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഭാഷയുടെയും ചരിത്രത്തിന്റെയും ഇരുളാണ്ട കാലത്തേക്ക്‌ ഇറങ്ങിചെന്ന്‌ അവയെ വീണ്ടെടുക്കാനുള്ള ഒരു ഗവേഷണ മനസ്‌ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. ഒട്ടേറെ പ്രാചീനരേഖകൾ ശൂരനാട്ടു കുഞ്ഞൻപിള്ള ആവേശത്തോടെ കണ്ടെടുത്ത്‌ പ്രസിദ്ധീകരിച്ചു. ആധുനിക മലയാളഭാഷയിൽ സമാനതകളില്ലാത്ത ഇടപെടലുകൾ നടത്തിയ, ഭാഷാശുദ്ധിയുടെ നേർവഴികൾ തെളിച്ച ഈ ഭാഷാ പണ്ഡിതനെ സാംസ്കാരിക കേരളം അവഗണിക്കുന്നുവെന്ന യാഥാർത്ഥ്യം വിസ്മരിക്കാൻ കഴിയില്ല. 1995 മാർച്ച്‌ എട്ടിന്‌ ഈ ലോകത്തോട്‌ വിടപറഞ്ഞ മഹാപ്രതിഭയ്ക്ക്‌ 22 ആണ്ടുകൾക്ക്‌ ഇപ്പുറം അനുചിതമായ സ്മാരകം ഉയർത്താൻ കഴിയാത്തത്‌ ശ്രേഷ്ഠഭാഷാ പദവിയിൽ എത്തിയ മലയാളത്തോടുള്ള അവഹേളനമാണ്‌. അദ്ദേഹത്തിന്റെ ജന്മനാടായ ശൂരനാട്ട്‌ മലയാള ഭാഷാ പഠന ഗവേഷണ കേന്ദ്രം ഉൾപ്പെടെയുള്ള അക്ഷര സ്മാരകം ഒരുക്കുമെന്ന സാംസ്കാരിക വകുപ്പിന്റെ പ്രഖ്യാപനവും എങ്ങുമെത്തിയില്ല. പുതുതലമുറ അറിയേണ്ട, പഠിക്കേണ്ട ചരിത്രത്തിന്റെ അവതാരികയുള്ള പുസ്തകമാണ്‌ ഡോ.ശൂരനാട്‌ കുഞ്ഞൻപിള്ള.
കൊല്ലം ശൂരനാട്‌ പായിക്കാട്ടുവീട്ടിൽ കാർത്ത്യായനിയമ്മയുടെയും നീലകണ്ഠപ്പിള്ളയുടെയും മകനായിട്ടാണ്‌ പി എൻ കുഞ്ഞൻപിള്ള എന്ന പ്രതിഭ പിറവിയെടുത്തത്‌. തേവലക്കരയിലെ മലയാളം വിദ്യാലയത്തിലും ചവറയിലെ ഇംഗ്ലീഷ്‌ സ്കൂളിലുമായി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. പിന്നീട്‌ തിരുവനന്തപുരത്തേക്ക്‌ വിദ്യാഭ്യാസം മാറ്റിയ അദ്ദേഹം യൂണിവേഴ്സിറ്റി കോളജിൽ നിന്ന്‌ ഇന്റർമീഡിയറ്റും സംസ്കൃതത്തിൽ ബിഎയും നേടി. ആർട്ട്സ്‌ കോളജിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന്‌ സംസ്കൃതത്തിലും മലയാളത്തിലുമായി ബിരുദാനന്തര ബിരുദങ്ങളും കരസ്ഥമാക്കി. പുരാവസ്തുഗവേഷണത്തെ സംബന്ധിച്ച്‌ ആധികാരികമായ പഠനവും ഈ കാലയളവിൽ അദ്ദേഹം നടത്തി.
തിരുവനന്തപുരം സെന്റ്‌ ജോസഫ്‌ സ്കൂളിലെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌ . 1935ൽ ഗവ.സംസ്കൃത സ്കൂളിന്റെ പ്രഥമ അദ്ധ്യാപകനായി ചുമതലയേറ്റു. അഞ്ച്‌ മാസങ്ങൾ പിന്നിട്ടപ്പോൾ ഗവൺമെന്റ്‌ ആർട്ട്സ്‌ കോളജിലെ അധ്യാപകനായി അദ്ദേഹത്തിന്‌ നിയമനം ലഭിച്ചു. 1936 ൽ തിരുവിതാംകൂർ സ്റ്റേറ്റ്മാനുവൽ പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ എഡിറ്റർ ആയിരുന്ന സദസ്യ തിലകൻ ടി കെ വേലുപ്പിള്ളയുടെ അസിസ്റ്റന്റായി അദ്ദേഹത്തെ നിയമിച്ചു. കേരളചരിത്രത്തെ സംബന്ധിച്ച്‌ വിശാലമായ പഠനത്തിന്‌ തുടക്കം കുറിക്കാൻ കഴിഞ്ഞത്‌ ഈ ചുമതലയിൽ എത്തപ്പെട്ടതു കൊണ്ടാണ്‌. സ്റ്റേറ്റ്‌ മാനുവൽ പരിഷ്ക്കരിക്കാൻ കഴിഞ്ഞതിൽ കുഞ്ഞൻപിള്ളയുടെ പങ്ക്‌ വിലമതിക്കാനാകാത്തതാണെന്ന്‌ ചരിത്രം രേഖപ്പെടുത്തുന്നു. ഈ ചുമതലകൾക്ക്‌ ശേഷം സെക്രട്ടേറിയറ്റിൽ പൂരാരേഖ വകുപ്പിന്റെ സൂപ്രണ്ടായി നിയമിതനായി. ഉള്ളൂർ എസ്‌ പരമേശ്വരയ്യർ ആയിരുന്നു ഓഫീസിന്റെ ഡയറക്ടർ. നിരവധി പുരാതനരേഖകൾ പ്രസിദ്ധീകരിക്കാൻ സെൻട്രൽ റെക്കോർഡ്സിനു കഴിഞ്ഞത്‌ ഈ കാലയളവിലാണ്‌.
ശുരനാട്ടു കുഞ്ഞൻപിള്ളയുടെ പേരിനൊപ്പം നിഘണ്ടുക്കാരൻ എന്ന പേരുകൂടി ചേർക്കപ്പെട്ടത്‌ 1953ൽ തിരുവിതാംകൂർ കൊച്ചിസർക്കാരുകൾ (തിരുവിതാംകൂർ സർവ്വകലാശാല) മലയാളത്തിൽ ഒരു നിഘണ്ടു നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചപ്പോഴാണ്‌ . ഒരു ഭാഷയിലെ എല്ലാ വാക്കുകളും നിഘണ്ടുവിൽ ഉണ്ടാകണമെന്നും ഒരു വാക്കിനെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കണമെന്നുമായിരുന്നു നിഘണ്ടു ലക്ഷ്യംവച്ചത്‌. ഡോ. ശൂരനാട്‌ കുഞ്ഞൻപിള്ള ആയിരുന്നു എഡിറ്റർ. മുപ്പത്തിയഞ്ച്‌ ലക്ഷം വാക്കുകൾ ചേർത്ത്‌ മലയാളത്തിലെ ആദ്യ അക്ഷരമായ “അ” യിൽ തുടങ്ങി അദ്ദേഹം ആദ്യവാല്യത്തിന്റെ കരട്‌ ഉണ്ടാക്കി. പിന്നീട്‌ 1970-ൽ രണ്ടാംവാല്യം പുറത്തിറക്കി. അദ്ദേഹം വിരമിച്ച ശേഷം 1976ൽ കെ വി നമ്പൂതിരിപ്പാട്‌ മൂന്നാം വാല്യം പുറത്തിറക്കി. പിന്നീട്‌ 97ലും 2009ലും 2011ലും ഓരോ വാല്യം കൂടി പുറത്തിറക്കി എന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആധികാരികമായ ചിട്ടപ്പെടുത്തലിൻ്‌ ഭരണഭാഷ മലയാളമാകുന്ന കാലയളവിൽ പോലും കഴിഞ്ഞിട്ടില്ല എന്നുള്ളത്‌ ആ മഹാപ്രതിഭയുടെ ഇടപെടലുകൾ എത്രത്തോളം വലുതയായിരുന്നു എന്നതിന്റെ തെളിവാണ്‌. നിരവധി ചുമതലകൾ തന്റെ എൺപത്തിനാലു വയസിനിടയിൽ ഏറ്റെടുത്ത മഹാവ്യക്തിയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ്‌ കമ്മിഷൻ അംഗം, പാഠപുസ്തകകമ്മിറ്റി സെക്രട്ടറി, ഗവൺമെന്റ്‌ എഡ്യൂക്കേഷൻ അസിസ്റ്റന്റ്‌ സെക്രട്ടറി, കേന്ദ്ര സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം. കേരളസർവകലാശാല മാനുസ്കൃപ്റ്റ്‌ ലൈബ്രറി ഹോണററി ഡയറക്ടർ, ഫാക്കൽറ്റി ഓഫ്‌ ഓറിയന്റൽ സ്റ്റഡീസ്‌. കേരളാസർവകലാശാലാ അംഗം, കേരളാആർകൈയ്‌വ്സ്‌, ന്യൂസ്‌ ലെറ്റർബോർഡിന്റെ പത്രാധിപർ, നവസാഹിതി ബയോഗ്രഫിക്കൽ എൻസൈക്ലോപീഡിയയുടെ മുഖ്യ ഉപദേഷ്ടാവ്‌, കേരളാസർവ്വകലാശാല പിഎച്ച്ഡി ഇവാലുവേഷൻ ബോർഡ്‌ അംഗം, സാഹിത്യപരിഷത്ത്‌ അദ്ധ്യക്ഷൻ, കേരളസാഹിത്യ അക്കാഡമി അംഗം, ഹിസ്റ്ററി അസോസിയേഷൻ അംഗം, കാൻഫെഡ്‌ അദ്ധ്യക്ഷൻ, ജേണൽ ഓഫ്‌ ഇന്ത്യൻ ഹിസ്റ്ററിയുടെ പത്രാധിപർ, ആദ്യ ജ്ഞാനപീഠ അവാർഡ്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്‌. കേരളാസർവകലാശാലയുടെ ഹസ്തലിഖിത ഗ്രന്ഥാലയ ഓണററി ഡയറക്ടർആയി പ്രവർത്തിച്ചിരുന്ന കാലയളവിൽ താളിയോലകളിൽ നിന്ന്‌ നിരവധി അപൂർവകൃതികൾ കണ്ടെത്തി പ്രസിദ്ധീകരിച്ചു.
മലയാള സാഹിത്യത്തിൽ എക്കാലവും ഓർക്കപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. പ്രാചീന സൗന്ദര്യ ശാസ്ത്ര ഗ്രന്ഥങ്ങളായ ലീലാതിലകത്തിനും സന്ദേശകാവ്യമായ ഉണ്ണിനീലി സന്ദേശത്തിനും അദ്ദേഹം രചിച്ച വ്യാഖ്യാനങ്ങൾ പ്രസിദ്ധമാണ്‌. ശ്മശാന ദീപം (കവിതാ സമാഹാരം) അമ്പാദേവി (നോവൽ), പ്രാചീന കേരളം (ജീവചരിത്രങ്ങൾ) കല്യാണസൗധം (നോവൽ), യാത്രക്കാരുടെ കണ്ണിലെ മലബാർ, തിരുവിതാംകൂറിലെ മഹാന്മാർ(ജീവചരിത്രം) സൗരഭൻ (കഥകൾ) വീരരാഘവ ശാസനം (ജീവചരിത്രം) മാതൃപൂജ, കൈരളീ പൂജ (പ്രബന്ധസമാഹാരം), പുഷ്പാഞ്ജലീ സാഹിത്യഭൂഷണം (പ്രബന്ധസമാഹാരം), ഹൃദയകർപ്പണം (കവിതാ സമാഹാരം) പഞ്ചതന്ത്രകഥാമണികൾ (കഥകൾ) കൈരളീ സമക്ഷം (സാഹിത്യ നിരൂപണം) ഭാരതപൂജ, ഭാഷാദീപിക, ജീവിതകല, തിരുമുൽക്കാഴ്ച, തിരുവിതാംകൂർ കൊച്ചി ചരിത്ര കഥകൾ, മലയാളലിപി പരിഷ്ക്കാരം ചിലനിർദ്ദേശങ്ങൾ, ശ്രീ ശങ്കരാചാര്യരുടെ ജീവചരിത്രം എന്നിവയാണ്‌ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത്‌. മലബാർ ഇൻ ദി ഐസ്‌ ഓഫ്‌ ട്രാവലേഴ്സ്‌ എന്ന ഇംഗ്ലീഷ്‌ കൃതിയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ശ്രീ പത്മനാഭസ്വാമീക്ഷേത്രത്തിലേയും, സർക്കാർ പുരാരേഖാ സഞ്ചയത്തിലേയും നിരവധി പ്രാചീന കൃതികൾ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. കേന്ദ്രസാഹിത്യ അക്കാഡമിയ്ക്കു വേണ്ടി മലയാള കാവ്യ രത്നാകരം എന്ന കവിതാസമാഹാരം എഡിറ്റ്‌ ചെയ്യ്തതും മലയാള ഗ്രന്ഥസൂചിക തയ്യാറാക്കിയതും അദ്ദേഹമാണ്‌.
നിരവധി പുരസ്കാരങ്ങളും ശൂരനാട്ടു കുഞ്ഞൻപിള്ളയെ തേടി എത്തിയിട്ടുണ്ട.്‌ 1952ൽ അന്നത്തെ കൊച്ചിരാജാവ്‌ അദ്ദേഹത്തെ സാഹിത്യ നിപുണൻ പട്ടംനൽകി ആദരിച്ചു. 1984 ൽ ഭാരത സർക്കാരിന്റെ പത്മശ്രീ ബഹുമതിയും, കേരളസാഹിത്യ അക്കാഡമിയുടെ ഫെലോഷിപ്പും, ഹിസ്റ്ററി അസോസിയേഷന്റെ ഫെലോആയും തിരഞ്ഞെടുത്തു. 1991 ൽ മീററ്റ്‌ സർവകലാശാലയും, 1992 ൽ കേരളാസർവകലാശാലയും ഡിലിറ്റ്‌ നൽകി ആദരിച്ചു. 1992 ൽ വള്ളത്തോൾപുരസ്ക്കാരം, 1994 ൽ കേരളസർക്കാരിന്റെ ആദ്യ എഴുത്തച്ചൻ പുരസ്ക്കാരം എന്നിവ നേടി.
ശ്രേഷ്ഠഭാഷയുടെ അലങ്കാര ബഹുമതികൾ നൽകാതെ മലയാളത്തെ അവഗണിച്ചകാലത്ത്‌ ഭാഷയുടെ ശുദ്ധമായ ഇടപെടലിലൂടെ ഡോ.ശൂരനാട്‌ കുഞ്ഞൻപിള്ള നിലനിർത്തിയ തനിമകൾ തന്നെയാണ്‌ അദ്ദേഹത്തിനുള്ള മലയാളത്തിന്റെ അക്ഷരോദകം.

Share: