എയർമാൻ : ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു
എയർമാൻ ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ), ഗ്രൂപ്പ് വൈ ട്രേഡുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ യുവാക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാം . മാസ്റ്റർ വാറന്റ് ഓഫീസർ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മീഷൻഡ് ഓഫീസറാകാനുള്ള അവസരവുമുണ്ട്. എഴുത്തുപരീക്ഷ, ശാരീരികയോഗ്യതാ പരീക്ഷ, അഭിമുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
ഓരോ ട്രേഡിനും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതകൾ
ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ)- 50 ശതമാനം മാർക്കോടെ കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്ലസ്ടു/ തത്തുല്യ യോഗ്യത, അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോ മൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചുകളിൽ ഏതെങ്കിലും അംഗീകൃതസ്ഥാപനങ്ങൾ/ പോളിടെക്നിക്ക് എന്നിവയിൽനിന്ന് 50 ശതമാനം മാർക്കോടെ മൂന്നു വർഷത്തെ ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ.
ഗ്രൂപ്പ് വൈ( നോണ്‍ ടെക്നിക്കൽ)- 50 ശതമാനം മാർക്കോടെ പ്ലസ്ടു/ വിഎച്ച്എസ്ഇ/ തത്തുല്യ യോഗ്യത. ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം.
ഗ്രൂപ്പ് എക്സ് ആൻഡ് വൈ (ടെക്നിക്കൽ ആൻഡ് നോണ്‍ ടെക്നിക്കൽ)- ഗ്രൂപ്പ് എക്സ് ടെക്നിക്കൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർക്ക് താല്പര്യമുണ്ടെങ്കിൽ ഗ്രൂപ്പ് വൈ വിഭാഗത്തിലേക്കും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് പൊതുവായി പരീക്ഷയാണുണ്ടാകുക. ഇംഗ്ലീഷ്, റീസണിംഗ് ആൻഡ് ജനറൽ അവേർനെസ് വിഷയങ്ങളിൽ വിജയിച്ചാൽ ഗ്രൂപ്പ് വൈ യോഗ്യത നേടിയതായും ഇംഗ്ലീഷ്, ഫിസിക്സ് ആൻഡ് മാത്തമാറ്റിക്സ് വിഷയങ്ങളിൽ വിജയിച്ചാൽ ഗ്രൂപ്പ് എക്സ് യോഗ്യത നേടിയതായും പരിഗണിക്കും. നാല് വിഷയങ്ങളിലും വിജയിച്ചാൽ ഉദ്യോഗാർഥികൾക്ക് ഗ്രൂപ്പ് എക്സ്, വൈ വിഭാഗങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.
ശാരീരിക യോഗ്യത- ഉയരം- 152.5 സെമീ. നെഞ്ച് വികാസം- 5 സെമീ. ഉയരത്തിനൊത്ത തൂക്കം.
പ്രായം- 1998 ഓഗസ്റ്റ് ഒന്നിന് 2001 നവംബർ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടും തസ്തികകളും ഉൾപ്പെടെ). അപേക്ഷകർ ശാരീരികമായും മാനസികമായും ഉന്നത നിലവാരം പുലർത്തുന്നവരായിരിക്കണം.
മികച്ച കാഴ്ച ശക്തി കേൾവി ശക്തി എന്നിവ നിർബന്ധമാണ്. കണ്ണട ഉപയോഗിക്കുന്നവർ ശാരീരിക പരിശോധനയ്ക്ക് വരുന്പോൾഅതും കണ്ണട നിർദേശിച്ച ഡോക്ടറിന്റെ കുറിപ്പും കൊണ്ടുവരണം.
തെരഞ്ഞെടുക്കുന്നവർക്ക് കർണാടകയിലെ ബെൽഗാം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 12 ആഴ്ച നീളുന്ന പരിശീലനം ഉണ്ടായിരിക്കും.
ഈ കാലയളവിൽ 11,400 രൂപ പ്രതിമാന സ്റ്റൈപ്പൻഡായി ലഭിക്കും. ഗ്രൂപ്പ് എക്സ് വിഭാഗത്തിൽ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവരെ 24,900 രൂപ ശന്പളത്തിൽ അവരുടെ ട്രേഡ് അനുസരിച്ച് ഇലക്ട്രോണിക്സ് ഫിറ്റർ, ഇലക്ട്രിക്കൽ ഫിറ്റർ, പ്രൊപ്പൽഷൻ ഫിറ്റർ, ഓട്ടോ മൊബൈൽ ഫിറ്റർ, മെക്കാനിക്കൽ സിസ്റ്റം ഫിറ്റർ, മെക്കാനിക്കൽ സിസ്റ്റം ഫിറ്റർ, വെപ്പണ്‍ ഫിറ്റർ, വർക്ക്ഷോപ്പ് ഫിറ്റർ (സ്മിത്ത്, മെക്കാനിക്കൽ) തസ്തികകളിൽ നിയമിക്കും.
ഗ്രൂപ്പ് വൈ വിഭാഗത്തിൽ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവരെ 20,500 രൂപ ശന്പളത്തിൽ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, എണ്‍വയോണ്‍മെന്റ് സപ്പോർട്ട് സർവീസസ് അസിസ്റ്റന്റ്, കമ്യൂണിക്കേഷൻ ടെക്നീഷ്യൻ, മെറ്റീറോളജിക്കൽ അസിസ്റ്റന്റ്, ഓപ്പറേഷൻസ് അസിസ്റ്റന്റ്, മെഡിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിയമിക്കും.
2018 മാർച്ച്/ ഏപ്രിൽ മാസത്തിലാണ് എഴുത്തുപരീക്ഷ നടക്കുക. കേരളത്തിൽ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം. ഗ്രൂപ്പ് എക്സ് വിഭാഗത്തിൽഇംഗ്ലീഷ്,കണക്ക്, സയൻസ് വിഷയങ്ങളിൽ ഒരു മണിക്കൂർ ഒബ്ജക്ടീവ് പരീക്ഷ ഉണ്ടായിരിക്കും.
ഗ്രൂപ്പ് വൈ വിഭാഗത്തിൽ ഇംഗ്ലീഷ്, റീസണിംഗ്, ജനറൽ അവേർനെസ് വിഭാഗങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും.മൂന്നു വിഭാഗത്തിലും ജയിച്ചിരിക്കണം. പരീക്ഷാ ഫലം അന്നു തന്നെ അറിയാം. ഇതിൽ വിജയിച്ചാൽ പിറ്റേന്നു നടക്കുന്ന ശാരീരിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കണം.
എട്ട് മിനിറ്റ് കൊണ്ട് 1.6 കിലോ മീറ്റർ ഓട്ടം. പത്ത് പുഷ്അപ്പ്, 10 സിറ്റ്അപ്പ്, 20 സ്ക്വാട്ട്അപ്പ് എന്നിവയാണ് ഈ പരീക്ഷയിൽ ഉണ്ടായിരിക്കുക. അതിനായുള്ള സ്പോർട്സ് ഷൂവും ഷോർട്ട്സും ഉദ്യോഗാർഥികൾ കരുതണം. ഈ ഘട്ടത്തിലും വിജയിക്കുന്നവർക്ക് അഭിമുഖത്തിന് ക്ഷണിക്കും. ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങൾ. അഭിമുഖത്തിനു ശേഷം വൈദ്യപരിശോധന. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷാ ഫീസ്- 250 രൂപ. ഓണ്‍ലൈൻ ബാങ്കിംഗ്/ ക്രെഡിറ്റ് ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ടവിധം- www.indianairforce.nic.in എന്ന വെബ്സൈറ്റിൽ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12.