യുദ്ധമുന്നണിയിൽ വിമാനം പറപ്പിക്കാൻ വനിതകളും

700
0
Share:

ന്യൂഡൽഹി ∙ വനിതകൾക്ക് ഇനി യുദ്ധമുന്നണിയിലും അവസരം. വനിതാ പൈലറ്റുമാരെ വ്യോമസേനയുടെ പോർവിമാനങ്ങൾ പറത്താൻ നിയമിക്കാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഇപ്പോൾ എയർഫോഴ്സ് അക്കാദമിയിൽ പരിശീലനം നേടുന്ന വനിതാ പൈലറ്റുമാരിൽനിന്ന് ആദ്യ പോരാളിയെ നിയമിക്കാനാണ് സാദ്ധ്യത. എയർ ചീഫ് മാർഷൽ വ്യോമസേനയുടെ കഴിഞ്ഞ വാർഷികാഘോഷച്ചടങ്ങിലാണ് ഇതുസംബന്ധിച്ചു നിർദേശം വെളിപ്പെടുത്തിയത്. ഏറെ ചർച്ചകൾക്ക് ശേഷം ഈ നിർദേശം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.

വനിതാ ഫൈറ്റർ പൈലറ്റുമാരെ യുദ്ധവിമാനങ്ങളിൽ മൂന്നുവർഷത്തെ കഠിനപരിശീലനത്തിനു ശേഷമാകും നിയോഗിക്കുക. ഇപ്പോൾ വ്യോമസേനയിൽ 1500 വനിതകളുണ്ട്. 94 പേർ പൈലറ്റുമാരാണ്.

പ്രതിരോധമന്ത്രാലയം വനിതകളെ യുദ്ധമുഖത്തേക്ക് അയയ്ക്കുന്നതിനു അനുകൂലമായിരുന്നില്ല. 2006ലും 2011ലും ഈവിഷയം പഠിക്കുന്നതിനു നിയോഗിച്ച സമിതിയും എതിരഭിപ്രായമാണു പ്രകടിപ്പിച്ചത്. നാവികസേനയിൽ വനിതകളെ കമ്മിഷൻഡ് ഓഫിസർമാരായി നിയമിക്കാനും അടുത്തകാലത്തു ഡൽഹി ഹൈക്കോടതി ഉത്തരവായിരുന്നു. നാവികസേനയിൽ വനിതകളെ കപ്പലുകളിൽ നിയോഗിക്കാറില്ല. യുഎസ്, ഇസ്രയേൽ, പാക്കിസ്ഥാൻ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ സേനകളിൽ വനിതാ ഫൈറ്റർ പൈലറ്റുമാരുണ്ട്.

Share: