നഴ്സിങ് നിയമനം സർക്കാർ ഏജൻസികൾ നടത്തും

541
0
Share:

ഇന്ത്യയിൽനിന്നുള്ള നഴ്സിങ് നിയമനം സർക്കാർ ഏജൻസികൾ വഴി മാത്രമാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കുവൈറ്റ് അംഗീകരിച്ചു. മാസങ്ങളായി നിലനിൽക്കുന്ന നിയമന പ്രതിസന്ധി കരാർ ഒപ്പിടുന്നതോടെ പരിഹരിക്കപ്പെടും .

സ്വകാര്യ ഏജൻസികൾ വഴിയുള്ള നഴ്‌സ് റിക്രൂട്മെന്റിൽ കോടികളുടെ അഴിമതി നടക്കുന്നതിനാൽ ഇന്ത്യയിൽനിന്നുള്ള നിയമനം കേരളത്തിലെ നോർക്ക റൂട്ട്‌സ്, ഒഡെപെക്, തമിഴ്‌നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കാൻ ഈ വർഷം മാർച്ചിലാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കുവൈറ്റ്സർക്കാർ രാജ്യത്തെ സ്വകാര്യ ഏജൻസികൾക്കു നൽകുന്ന കരാർ ഇന്ത്യയിലെ ഏജൻസികൾക്ക് ഉപകരാറായി നൽകി റിക്രൂട്മെന്റ് നടത്തുന്ന രീതി ഇതോടെ അവസാനിക്കും.

നഴ്‌സ് റിക്രൂട്മെന്റ് അഴിമതി സംബന്ധിച്ചു കുവൈറ്റ് എംപിമാരിൽ നിന്നുൾപ്പെടെ പരാതി ഉയരുകയും ഇന്ത്യൻ എംബസി ശക്‌തമായി ഇടപെടുകയും ചെയ്തതോടെയാണ് ഉഭയകക്ഷി ചർച്ചകൾക്കു കളമൊരുങ്ങിയത്.
അതേസമയം, നിയമന ഏജൻസിക്കുള്ള റിക്രൂട്മെന്റ് ഫീസായ 20,000 രൂപ തൊഴിലുടമ നൽകണമെന്ന വ്യവസ്ഥ കുവൈറ്റ് തള്ളി.. ഈ തുക ഉദ്യോഗാർഥി നൽകണം.

വീസ, വൈദ്യപരിശോധന തുടങ്ങിയ മറ്റു ചെലവുകളെല്ലാം തൊഴിലുടമ വഹിക്കും. ഉദ്യോഗാർഥിയിൽനിന്നു നിയമന ഏജൻസി പണം വാങ്ങരുതെന്ന ആദ്യ നിർദേശം പുതിയ ധാരണയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. 20,000 രൂപയിൽ കൂടുതൽ വാങ്ങരുതെന്നാണു പുതിയ വ്യവസ്ഥ.

കുവൈറ്റ് ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്താൻ കേരളത്തിൽനിന്നു സർക്കാർ പ്രതിനിധിസംഘം പ്രിൻസിപ്പൽ സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ കുവൈറ്റിൽ എത്തി. നോർക്ക സെക്രട്ടറി റാണി ജോർജ്, സിഇഒ ആർ.എസ്. കണ്ണൻ, ഒഡെപെക് എംഡി ഡോ. ജി.എൽ. മുരളീധരൻ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. നഴ്‌സ് റിക്രൂട്മെന്റ് കൂടുതൽ സുതാര്യമാക്കാനുള്ള നടപടികളും കുവൈറ്റ് സർക്കാർ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് അടുത്തകാലത്തായി കുവൈത്തിൽ നിയമിക്കപ്പെട്ട നഴ്‌സുമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് സംബന്ധിച്ച് അന്വേഷണവും തുടങ്ങി. ചിലതു വ്യാജമാണെന്ന് ആരോപണം ഉയരുകയും യോഗ്യത സംബന്ധിച്ചു ഡോക്‌ടർമാരിൽനിന്ന് ഉൾപ്പെടെ പരാതി ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണിത്. യോഗ്യത വ്യാജമാണെന്നു തെളിയുന്നപക്ഷം സ്വദേശത്തേക്ക് തിരിച്ചയയ്ക്കാനാണ് ആലോചന.

Share: