യാത്രയുടെ ആദ്യ സൂചന : രാജൻ പി. തൊടിയൂർ

പിന്നീടുള്ള യാത്രയുടെ ആദ്യ സൂചന….
ഇന്ന് പിന്നോട്ടുനോക്കുമ്പോൾ, ആ ക്യാമ്പസ് സിനിമാ ശ്രമം ജീവിതത്തിലെ ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ലെന്ന് മനസ്സിലാക്കുന്നു.
പിന്നീട് പത്രപ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധവെച്ചു.
സിനിമാ നിരൂപണം എഴുതി.
വിവിധ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതികളിലും പ്രസാധക രംഗത്തും പ്രവർത്തിച്ചു.
ബാലയുഗം , ജനയുഗം , സിനിരമ എന്നിവയുടെ സ്പെഷ്യൽ കറസ്പോണ്ടൻറ്, മലയാളനാട് രാഷ്ട്രീയ വരിക , സിനിമ വാരിക എന്നിവയുടെ പത്രാധിപർ, മധുരം വാരികയുടെ ചീഫ് എഡിറ്ററും പ്രസാധകനും, കരിയർ മാഗസിൻ, സ്വയംവരം , കർമ്മ ഭൂമി ദിനപ്പത്രം എന്നിവയുടെ സ്ഥാപക പത്രാധിപർ .
തൊഴിൽ (കരിയർ) വിദ്യാഭ്യാസ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങൾ പരീക്ഷിച്ചു.
മലയാളത്തിലും ഇംഗ്ലീഷിലും, ഇന്ത്യയിലും വിദേശത്തും പ്രസിദ്ധീകരിച്ചു.
ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചു.
ടെലിവിഷനിലും വിദേശ മാധ്യമരംഗത്തും പുതിയ സാധ്യതകൾ തേടി.
ഓരോ ഘട്ടത്തിലും 1976-ലെ ആ ക്യാമ്പസ് സിനിമയുടെ ഒരു ചെറിയ പ്രതിധ്വനി ഉണ്ടായിരുന്നു:
“പുതിയത് പരീക്ഷിക്കാം.”
അതാണ് ഒരുപക്ഷേ ആ കാലഘട്ടം എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം.
ഒരു സിനിമയ്ക്കപ്പുറം…
ഒരു ക്യാമ്പസ് സിനിമ നിർമ്മിക്കാനുള്ള ശ്രമം പിന്നീട് ജീവിതത്തിലെ പല ആശയങ്ങളുടെയും തുടക്കമായി.
മാധ്യമത്തെ ഒരു ജോലി എന്നതിലുപരി സൃഷ്ടിയുടെ മേഖലയായി കാണാൻ അത് എന്നെ പഠിപ്പിച്ചു.
ഒരു ആശയം മനസ്സിൽ ജനിക്കുമ്പോൾ അതിന് യാഥാർത്ഥ്യമാകാനുള്ള സാധ്യതയുണ്ടെന്ന് തീവ്രമായി വിശ്വസിക്കാൻ പഠിപ്പിച്ചു.
ആ വിശ്വാസമാണ് പിന്നീട് മാധ്യമത്തിലും പ്രസിദ്ധീകരണത്തിലും സിനിമയിലും ടെലിവിഷനിലും ഐ.ടി. മേഖലയിലും പുതിയ പരീക്ഷണങ്ങളിലേക്ക് എന്നെ നയിച്ചത്.
1976-ൽ ഞങ്ങൾ ഒരു സിനിമ നിർമ്മിക്കാൻ ശ്രമിക്കുകയായിരുന്നു.
പക്ഷേ യഥാർത്ഥത്തിൽ, അന്ന് ഞങ്ങൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നത് ഞങ്ങളുടെ സ്വന്തം ഭാവിയായിരുന്നു.
ഫാത്തിമ മാതാ നാഷണൽ കോളേജിൻറെ ആ ക്യാമ്പസ് ഇന്ന് വളരെ ദൂരെയാണെന്ന് തോന്നാം.
എന്നാൽ ആ കാലത്തെ സ്വപ്നങ്ങൾ ഇന്നും അടുത്തുതന്നെയുണ്ട്.
ഒരു വലിയ മരത്തിൻറെ തണലിൽ ആരംഭിച്ച സംഭാഷണങ്ങൾ…
ഫിലിം ക്ലബ്ബിലെ ചർച്ചകൾ…
സിനിമയെക്കുറിച്ചുള്ള നിരൂപണങ്ങൾ…
ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിന്ന സുഹൃത്തുക്കൾ…
ഒരു സിനിമ ഉണ്ടാക്കണമെന്ന ആഗ്രഹം…
ഇവയെല്ലാം ചേർന്നാണ് എൻറെ മാധ്യമജീവിതത്തിൻറെ ആദ്യ തിരക്കഥ എഴുതിയത്.
ആ തിരക്കഥയ്ക്ക് അന്ന് അവസാനമുണ്ടായിരുന്നില്ല.
കാരണം, കഥ അപ്പോഴാണ് ആരംഭിച്ചത്. ബേബിച്ചായൻ (കാക്കനാടൻ ) പറഞ്ഞതായിരുന്നു ശരി.
ചിത്രം : കാക്കനാടൻ, ചാത്തന്നൂർ മോഹൻ എന്നിവരോടൊപ്പം
(തുടരും )
rajan@careermagazine.in






