നമ്മുടെ കഴിവുകൾ – രാജൻ പി. തൊടിയൂർ

ഹരികുമാർ ആദ്യ ചിത്രം ‘ആമ്പൽപ്പൂവ്’ നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ പറഞ്ഞു. “നമ്മൾ ഒരു റിസ്ക് എടുത്താലേ നമ്മുടെ കഴിവുകൾ പുറം ലോകത്തെ ബോധ്യപ്പെടുത്താനാകൂ…അതുകൊണ്ട് ഞാനൊരു സിനിമ സംവിധാനം ചെയ്യുകയാണ്. നിർമ്മാണവും ഞാൻ തന്നെ ..”
1976 ൽ ഞങ്ങൾ , ഫാത്തിമ മാത നാഷണൽ കോളേജിലെ കുട്ടികൾ , ‘ദി ഗ്യാപ് ‘ എന്ന ഹ്രസ്വ ചിത്രമെടുക്കുമ്പോൾ ഒരു കാഴ്ചക്കാരനായി ഹരികുമാറുമെത്തുമായിരുന്നു.
അന്ന് ജനയുഗത്തിലെ എഴുത്തുകാരിലൊരാളായിരുന്നു ഹരികുമാർ. ഞങ്ങൾ ജനയുഗത്തിൽ കാമ്പിശ്ശേരിയുടെ മുറിയിൽ അല്ലെങ്കിൽ തെങ്ങമത്തിന്റെ മുമ്പിൽ കണ്ടുമുട്ടുകയും സിനിമയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും സംസാരിക്കുകയും, തർക്കിച്ചു പിരിയുകയും ചെയ്യുന്ന ദിവസങ്ങൾ.
കൊല്ലത്തെ ,ക്യുയിലോൺ ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ തൃപ്തി വരാതെയാണ് മുൻസിപ്പാലിറ്റിയിൽ ജോലിയുള്ള ഹരികുമാർ സംവേദന ഫിലിം സൊസൈറ്റി രൂപീകരിക്കുന്നത്. താമസിക്കുന്ന മുറിയിൽത്തന്നെ ഫിലിം സൊസൈറ്റിയുടെ ഓഫീസും.
അവിടെയും ജനറൽ പിക്ചർസിൻറെ ഓഫീസിലും കൊല്ലം ബീച്ചിലും കാർത്തിക ഹോട്ടലിമിരുന്നു സിനിമ ചർച്ചകൾ.
അപ്പോഴേക്കും ഞാൻ മലയാളനാട് സിനിമ വാരികയുടെ സഹ പത്രാധിപരായി.
സംവിധായകൻ എ എൻ തമ്പിയുടെ വീട്ടിലിരുന്നാണ് ‘ആമ്പൽ പൂവി’ നെക്കുറിച്ചു പറയുന്നത്.
മലയാളനാട് സിനിമ വാരികയിൽ ആമ്പൽ പൂവിനു നല്ല കുറിപ്പുകൾ കൊടുക്കണം. മറ്റു വാരികകളും എഴുതണം. എഴുതി. ആമ്പൽപ്പൂവ്, സ്നേഹപൂർവ്വം മീര. ഒരു സ്വകാര്യം …സുകൃതം.
‘സുകൃത’ ത്തിൽ ഹരികുമാർ താമസം തുടങ്ങുമ്പോൾ ഞങ്ങൾ അവിടെത്തന്നെ കിടന്നുറങ്ങിയതും പരസ്പരം അന്വേഷിച്ചു നടന്നതും ജനറൽ പിൿചേ ഴ്സിൻറെ രാജശേഖരൻ നായർക്ക് ഹരികുമാറിനെ കാണുമ്പോഴുള്ള തമാശയായിരുന്നു.
ഹരികുമാർ തൊടിയൂരിലെത്തുന്നതും മധുപാലിനോടും അനിൽ പനച്ചൂരാനിനോടും ഇന്നത്തെ എം എൽ എ സി ആർ മഹേഷിനോടുമൊപ്പം മികച്ച ചലച്ചിത്ര രചനക്കുള്ള സംസ്ഥാന അവാർഡ് നേടിയതിനുള്ള പുരസ്കാരം തന്നതും ഇപ്പോഴും എൻറെ നാട്ടുകാരുടെ മനസ്സിൽ തെളിഞ്ഞ ചിത്രമായുണ്ട്.
നാലു പതിറ്റാണ്ടു കാലത്തോളം മലയാള സിനിമയിലെ മാറ്റങ്ങളോടൊപ്പം നിന്ന ഹരികുമാർ’ സുഹൃത്തെന്ന നിലയിൽ എപ്പോഴും ഒപ്പം നിന്നു . ഹരികുമാറിൻറെ സെറ്റിൽ വെച്ച് മധുവും ശ്രീവിദ്യയും നെടുമുടിയും സുകുമാരനും മമ്മൂട്ടിയും ജയറാമും ശ്രീനിവാസനും ഒക്കെ ചേർന്നുള്ള ചർച്ചകൾ. സിനിമയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഒരുപാട് മനസ്സിലാക്കുകയും എഴുതുകയും ഒരുപിടി മികച്ച സിനിമകൾ മലയാളത്തിന് സമർപ്പിക്കുകയും ചെയ്ത ഹരികുമാർ ഒരു സുഹൃത്തെന്നനിലയിൽ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും. ഒരു സുകൃതമായി !
മമ്മൂട്ടി നായകനായെത്തിയ സുകൃതം തന്നെയാണ് ഹരികുമാറിന്റെ മാസ്റ്റർ പീസ് . ആമ്പൽ പൂവ് , സ്നേഹപൂർവം മീര , ഒരു സ്വകാര്യം , അയനം , പുലി വരുന്നേ പുലി , ജാലകം , ഊഴം , എഴുന്നെള്ളത്ത് , ഉദ്യാനപാലകൻ , സ്വയംവരപ്പന്തൽ തുടങ്ങിയ ചിത്രങ്ങൾ.
തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ ഹരികുമാർ കോളെജ് വിദ്യാഭ്യാസത്തിനായി തലസ്ഥാന നഗരത്തിലേക്കെത്തിയതോടെയാണ് സിനിമയെ സ്നേഹിച്ച് തുടങ്ങിയത്. 1975ല്‍ സര്‍ക്കാര്‍ ജോലി കിട്ടിയതോടെ ഹരികുമാർ കൊല്ലംകാരനായി. സംവേദന ഫിലിം സൊസൈറ്റി സ്ഥാപിച്ചു.
സിനിമ കൊണ്ട് ജീവിക്കാമെന്ന ആത്മവിശ്വാസം വന്നപ്പോള്‍ ജോലി ഉപേക്ഷിച്ച് പൂര്‍ണമായും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കുടുംബവും പൂർണ പിന്തുണ നൽകി. ഒരിക്കൽ പറഞ്ഞു: ” ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് വന്നയാളാണ് ഞാന്‍. അവിടെ നിന്ന് ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയത് തന്നെ വലിയ സുകൃതമായി കാണുന്നു. സിനിമ എന്റെ ലക്ഷ്യവും സ്വപ്നവും ജീവിതവും എല്ലാമാണ്’.
“കലാകാരന് റിട്ടയര്‍മെന്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. 88ാം വയസിൽ മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ സിനിമ ചെയ്ത ആളാണ് കുറസോവ. മരിക്കും വരെ സിനിമ ചെയ്യണമെന്നാണ് എന്റെയും ആഗ്രഹം.”- ഒരിക്കൽ ഹരികുമാർ പറഞ്ഞു . പറഞ്ഞ വാക്കുകൾപോലെ രോഗശയ്യയിലേക്ക് കടക്കുന്നതിന് തൊട്ടു മുമ്പ് വരെ സിനിമാജീവിതത്തിൽ സജ്ജീവമായി നിന്നാണ് ഹരികുമാർ വിടവാങ്ങിയതും….
ചിത്രം : സി ആർ മഹേഷ്, ഹരികുമാർ, അനിൽ പനച്ചൂരാൻ, രാജൻ പി തൊടിയൂർ, മധുപാൽ തൊടിയൂരിൽ
(തുടരും )
rajan@careermagazine.in






