മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പ്രവേശന പരീക്ഷാ പരിശീലനം

Share:

കൊച്ചി: ജില്ലാ ഭരണകൂടിത്തിന്റെയും ഫിഷറീസ്, വിദ്യാഭ്യാസ വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പുതുയുഗം വിദ്യാഭ്യാസ പദ്ധതി പ്രകാരം മത്സ്യക്ഷേമനിധി ബോര്‍ഡില്‍ അംഗമായുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ പരിശീലന പരിപാടി സംഘിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ 50 മത്സ്യത്തൊഴിലാളി കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് പഠിക്കുന്ന കുട്ടികളെയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവേശന പരീക്ഷാപരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. സ്‌ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും 50 വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. സൗജന്യ പ്രവേശനപരീക്ഷാ പരിശീലനത്തിനുളള യോഗ്യതാ നിര്‍ണയ പരീക്ഷ ഫെബ്രുവരി 25-ന് രാവിലെ 11-ന് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്റെ സമീപത്തുളള ഗവ:ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തും. യോഗ്യതാ നിര്‍ണയ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ താത്പര്യമുളള കുട്ടികള്‍ രക്ഷിതാവിന്റെ മത്സ്യത്തൊഴിലാളി പാസ്ബുക്കും സ്‌കൂളിലെ തിരിച്ചറിയല്‍ രേഖയുമായി 25- ന് രാവിലെ 10-ന് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2394476.

ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ പഠനമികവു പുലര്‍ത്തുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് അനുയോജ്യരാക്കുന്ന പദ്ധതിയാണ് പുതുയുഗം. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുളളയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Share: