പാവപ്പെട്ടവരെ കളിയാക്കരുത് …

Share:

ജനാധിപത്യത്തെയും അവസര സമത്വത്തെയും സംരക്ഷിക്കുന്നതിനും സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരായി നിന്ന് ‘എല്ലാം ശരിയായി കാണാൻ’ ആഗ്രഹിക്കുകയും ചെയ്ത കേരളത്തിലെ സമ്മതിദായകർക്കേറ്റ പ്രഹരമാണ് സ്വന്തക്കാരെ പിൻവാതിലൂടെ നിയമിച്ചു എല്ലാവിധ ജനാധിപത്യ വ്യവസ്ഥകളെയും തകിടം മറിച്ച അധികാര കോമരങ്ങൾ ചെയ്തു കൂട്ടിയത്. ഭരണ വ്യവസ്ഥകളുടെയും നിയമ സംവിധാനങ്ങളുടെയും പച്ചയായ ലംഘനം ഇത്രയേറെ പ്രകടമായി ഉണ്ടായിട്ടുള്ള ഒരു സാഹചര്യം കേരളം ഇതിനുമുൻപ് കണ്ടിട്ടില്ല.
48 ലക്ഷം തൊഴിൽ രഹിതർ ഉന്നത വിദ്യാഭ്യാസം നേടി പബ്ലിക് സർവീസ് കമ്മീഷനിലും നിയമന രീതികളിലും വിശ്വാസമർപ്പിച്ചു ജോലിക്കായി അലഞ്ഞു നടക്കുന്ന ഒരു സംസ്ഥാനത്താണ് അധികാര രാഷ്ട്രീയത്തിന്റെ സുഖശീതളിമയിൽ കഴിയുന്ന ഭരണ നേതൃത്വം പിൻവാതിലിലൂടെ സ്വന്തക്കാരെ തിരുകിക്കയറ്റി സംരക്ഷിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യതയോ പരിചയമോ നോക്കാതെ മക്കളെയും കൊച്ചുമക്കളെയും മരുമക്കളെയും ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നവർ അതുമൂലം നാടിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചു ഒട്ടും വ്യാകുലപ്പെടുന്നില്ല. സർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോഴും അത് വിജയകരമായി നടപ്പാക്കാൻ കഴിയാതെ പോകുന്നത് ഇത്തരത്തിലുള്ള ആളുകൾ ഭരിക്കുകയും ഔദ്യോഗിക തലത്തിൽ കഴിവുകെട്ടവരെ പിൻവാതിലിലൂടെ നിയമിക്കുകയും ചെയ്യുമ്പോഴാണെന്ന് തിരിച്ചറിയാൻ സമ്മതിദായകർ തയ്യാറാകണം.
സാധാരണക്കാരായ ആളുകൾ പബ്ലിക് സർവീസ് കമ്മീഷനിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കളിലും വിശ്വാസമർപ്പിച്ചു പഠിച്ചും പരീക്ഷയെഴുതിയും ജോലിക്കായി അലയുമ്പോൾ അധികാര രാഷ്ട്രീയത്തിൽ കയറിപ്പറ്റുന്നവർ അവരുടെ ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക് , പിണിയാളുകൾക്ക് അടിസ്ഥാന യോഗ്യത പോലും പരിഗണിക്കാതെ ഉന്നത സ്ഥാനങ്ങളിൽ നിയമനങ്ങൾ തരപ്പെടുത്തുന്നു. ഇവർക്കായി കൂടിയ ശമ്പളവും ആനുകൂല്യങ്ങളും ഒരുക്കുന്നു. സാധാരണ സർക്കാർ ഉദ്യോഗസ്ഥർ പെൻഷന് യോഗ്യത നേടാൻ പത്തും മുപ്പതും വർഷം കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുമ്പോൾ മന്ത്രിമാരുടെയും മറ്റും പേർസണൽ സ്റ്റാഫിൽ കയറിക്കൂടുന്നവർ കുറഞ്ഞ കാലം കൊണ്ട് അത് നേടിയെടുക്കുന്നു. ജനാധിപത്യത്തിലും അവസര സമത്വത്തിലും അന്ധമായി വിശ്വസിക്കുന്ന സാധാക്കാരന്റെ ചുമലിൽ കയറിനിന്നുകൊണ്ട് സ്വന്തക്കാരെയും ബന്ധുക്കളെയും സംരക്ഷിക്കുവാൻ പൊതുമുതലും അധികാരവും ഉപയോഗപ്പെടുത്തുന്നവർ ജനാധിപത്യ സംവിധാനത്തിന്റെ കടക്കൽ കത്തിവെക്കുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയുന്നില്ല.
സർക്കാർ ( സ്റ്റേറ്റ്) ശമ്പളം നൽകുന്ന ഒരു നിയമനത്തിലും സ്വകാര്യ താല്പര്യങ്ങൾ , സ്വാധീനം, സ്വന്തക്കാർ ഉണ്ടാകാൻ പാടില്ല എന്ന് ഭരണഘടനയുടെ അനുച്ഛേദം 12 – ൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമനങ്ങൾ ഭരണഘടനാ വിരുദ്ധവും അതുകൊണ്ടുതന്നെ ശിക്ഷാർഹവുമാണ് . പൊതു സംവിധാനങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ തുല്യതാസങ്കല്പങ്ങളിലും അവസര സമത്വത്തിലും അധിഷ്ഠിതമായിരിക്കണം എന്ന സുപ്രീം കോടതി വിധിയും നിലവിലുണ്ട്. ( ഉമാദേവി കേസ് -2006 ) സർക്കാർ തസ്തികകളിൽ നിയമിക്കുന്നതിന്, നിയമപ്രകാരം യോഗ്യത നിശ്ചയിക്കൽ, വിഞ്ജാപനം പ്രസിദ്ധീകരിക്കൽ , യോഗ്യതയും താല്പര്യവുമുള്ള എല്ലാ ഉദ്യോഗാര്ഥികളുടെയും അപേക്ഷ സമഭാവനയോടെ പരിഗണിക്കൽ , സ്വതന്ത്രവും സുതാര്യവുമായ മൂല്യനിർണ്ണയ സമ്പ്രദായം നടപ്പാക്കൽ , സത്യസന്ധതയും നിയമ പരിപാലനവും ഉറപ്പുവരുത്തൽ , നിയമന തീരുമാനങ്ങൾ പരസ്യപ്പെടുത്തൽ തുടങ്ങിയവ അനിവാര്യമാണെന്ന് ഭരണഘടനയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് .
വഴിവിട്ട നിയമനങ്ങൾ നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്നു മാത്രമല്ല , ബിരുദവും ബിരുദാനന്തര ബിരുദവും നേടി തൊഴിൽ തേടി , ഉറക്കം നിന്ന് പരീക്ഷയെഴുതി, നിയമപരമായ രീതിയിൽ ഉദ്യോഗം കാത്തിരിക്കുന്ന അനേക ലക്ഷങ്ങളോട് കാട്ടുന്ന ക്രൂരത കൂടിയാണ്.
വഴിവിട്ട നിയമനങ്ങളുടെ പേരിൽ ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ട ഹരിയാനയിലെ മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയും മകൻ അജയ് ചൗതാലയും ഈ രാജ്യത്താണുള്ളതെന്നും നമ്മുടെ ഭരണാധികാരികൾ മറക്കരുത്.

Share: