തൊഴിൽ ബോധം; വികസനം: സ്വയം വിശ്വസിക്കുക

നിങ്ങളുടെ ഭാവി ആരംഭിക്കുന്നത് ആത്മവിശ്വാസത്തിൽ നിന്നാണ്
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട യാത്രകളിലൊന്നാണ് തൊഴിൽ ബോധം; വികസനം. ഒരു ജോലി കണ്ടെത്തുകയോ നല്ല ശമ്പളം നേടുകയോ ചെയ്യുന്നതിൽ മാത്രം ‘കരിയർ’ തിരഞ്ഞെടുക്കൽ ഒതുങ്ങുന്നില്ല. സ്വന്തം കഴിവുകൾ കണ്ടെത്തുകയും, ശക്തികൾ തിരിച്ചറിയുകയും, ജീവിതത്തിന് അർത്ഥവും ലക്ഷ്യവും നൽകുന്ന ഒരു ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്നതാണ് യഥാർത്ഥത്തിൽ ‘കരിയർ’ വികസനം.
വിജയകരമായ ഒരു കരിയറിലേക്കുള്ള ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ചുവടുവയ്പ് ‘സ്വയം വിശ്വസിക്കുക’ എന്നതാണ്.
ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നതിനു മുമ്പ് സ്വന്തം കഴിവുകളിലും സാധ്യതകളിലും പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കണം. ഒരിക്കലും സ്വയം വിലകുറച്ചു കാണരുത്. ഭയമോ പരാജയമോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ നിങ്ങളുടെ ഭാവി തീരുമാനിക്കാൻ അനുവദിക്കരുത്. ഓരോ വ്യക്തിയും വ്യത്യസ്തനാണ്. ഓരോരുത്തർക്കും അവരുടേതായ കഴിവുകളും താൽപര്യങ്ങളും അഭിരുചികളും സ്വപ്നങ്ങളുമുണ്ട്. അതിനാൽ എല്ലാവർക്കും ഒരുപോലെ അനുയോജ്യമായ ഒരു ‘മികച്ച കരിയർ’ എന്നൊന്നില്ല.
ഒരാൾക്ക് വിജയവും സംതൃപ്തിയും നൽകുന്ന തൊഴിൽ മറ്റൊരാൾക്ക് അനുയോജ്യമാകണമെന്നില്ല. അതിനാൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വയം മനസ്സിലാക്കുക എന്നതാണ്.
സ്വയം തിരിച്ചറിയുക
ഒരു തൊഴിൽ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനു മുമ്പ് നിങ്ങളുടെ വ്യക്തിത്വത്തിലെ അഞ്ച് പ്രധാന ഘടകങ്ങളെക്കുറിച്ച് ചിന്തിക്കുക:
മനോഭാവം (Attitude)
നല്ലൊരു മനോഭാവം വെല്ലുവിളികളെ നേരിടാനും തെറ്റുകളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും പ്രയാസകരമായ സാഹചര്യങ്ങളിലും ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാനും സഹായിക്കുന്നു.
അഭിരുചിയും കഴിവും (Aptitude):
നിങ്ങളുടെ സ്വാഭാവിക കഴിവുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന മേഖലകളും തിരിച്ചറിയുക. അനുയോജ്യമായ തൊഴിൽമേഖല തിരഞ്ഞെടുക്കാൻ ഈ കഴിവുകൾ വഴികാട്ടിയാകും.
താൽപര്യവും അഭിനിവേശവും (Passion): നിങ്ങളെ ആത്മാർത്ഥമായി ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും വിഷയങ്ങളും കണ്ടെത്തുക. നിരന്തരം പഠിക്കാനും സ്വയം മെച്ചപ്പെടുത്താനും താൽപര്യം നിങ്ങളിൽ ആവേശം നിറയ്ക്കും.
മൂല്യബോധം (Values): സത്യസന്ധത, സേവനമനോഭാവം, സർഗാത്മകത, സ്വാതന്ത്ര്യം, സാമ്പത്തിക സുരക്ഷിതത്വം, നേതൃത്വം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയവയിൽ നിങ്ങൾക്ക് ഏറ്റവും പ്രാധാന്യമുള്ളത് എന്താണെന്ന് മനസ്സിലാക്കുക. നിങ്ങളുടെ വ്യക്തിപരമായ മൂല്യങ്ങൾക്ക് അനുയോജ്യമായിരിക്കണം തൊഴിൽ.
ലക്ഷ്യബോധവും അഭിലാഷവും (Aspiration): ഭാവിയിൽ നിങ്ങൾ എങ്ങനെയുള്ള വ്യക്തിയായി മാറാൻ ആഗ്രഹിക്കുന്നു എന്നും എന്തെല്ലാം ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചിന്തിക്കുക. വ്യക്തമായ കാഴ്ചപ്പാട് നിങ്ങളുടെ പരിശ്രമങ്ങൾക്ക് ശരിയായ ദിശ നൽകും.
ഈ അഞ്ച് ഘടകങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുമ്പോൾ തൊഴിൽ തിരഞ്ഞെടുപ്പ് കൂടുതൽ അർത്ഥവത്തും ലക്ഷ്യബോധമുള്ളതുമായി മാറും.
ആത്മവിശ്വാസത്തോടെ നിങ്ങളുടെ വഴി തിരഞ്ഞെടുക്കുക
നിങ്ങളുടെ സുഹൃത്തുക്കൾ തിരഞ്ഞെടുത്തതുകൊണ്ടോ സമൂഹം ഒരു തൊഴിൽമേഖലയെ കൂടുതൽ മഹത്തരമായി കാണുന്നതുകൊണ്ടോ മറ്റുള്ളവർ പ്രതീക്ഷിക്കുന്നതുകൊണ്ടോ മാത്രം ഒരു തൊഴിൽ തിരഞ്ഞെടുക്കരുത്. മാതാപിതാക്കൾ, അധ്യാപകർ, മാർഗദർശകർ, കരിയർ കൗൺസിലർമാർ എന്നിവരുടെ ഉപദേശങ്ങൾ ശ്രദ്ധിക്കുക. എന്നാൽ നിങ്ങളുടെ തീരുമാനത്തോടൊപ്പം ജീവിക്കുകയും വളരുകയും ചെയ്യേണ്ടത് നിങ്ങളാണെന്ന കാര്യം മറക്കരുത്.
വിവിധ തൊഴിൽസാധ്യതകൾ അന്വേഷിക്കുക. ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക. ഓരോ മേഖലയ്ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതകളും നൈപുണ്യങ്ങളും തിരിച്ചറിയുക. നിങ്ങളുടെ സാഹചര്യങ്ങളെ യാഥാർഥ്യബോധത്തോടെ വിലയിരുത്തുക. അതേസമയം, വലിയ സ്വപ്നങ്ങൾ കാണുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. സ്വയം തിരിച്ചറിവിൻ റെ യും ആത്മവിശ്വാസത്തിൻ റെ യും അടിസ്ഥാനത്തിൽ എടുക്കുന്ന അറിവോടെയുള്ള തീരുമാനം സംതൃപ്തി നൽകുന്ന ഒരു തൊഴിൽജീവിതത്തിന്റെ അടിത്തറയായിരിക്കും.
നിങ്ങളുടെ സ്വപ്നങ്ങളെ പ്രവർത്തനങ്ങളാക്കി മാറ്റുക
ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നത് തുടക്കം മാത്രമാണ്. വിജയം നേടുന്നതിന് അർപ്പണബോധവും അച്ചടക്കവും നിരന്തരമായ പഠനവും കഠിനാധ്വാനവും ആവശ്യമാണ്. ലക്ഷ്യം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ അത് കൈവരിക്കുന്നതിനായി നിങ്ങളുടെ മനസ്സും കഴിവുകളും പൂർണ്ണമായി സമർപ്പിക്കുക.
വ്യക്തവും പ്രായോഗികവുമായ ലക്ഷ്യങ്ങൾ നിശ്ചയിക്കുക. നിങ്ങൾ തിരഞ്ഞെടുത്ത തൊഴിൽമേഖലയ്ക്ക് ആവശ്യമായ അറിവും നൈപുണ്യങ്ങളും വളർത്തിയെടുക്കുക. ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ക്രിയാത്മകമായ വിമർശനങ്ങളെ സ്വീകരിക്കുകയും ഓരോ അനുഭവത്തിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുക.
പരാജയങ്ങൾ ഉണ്ടാകുകയാണെങ്കിൽ…
നിങ്ങളുടെ യാത്രയുടെ അവസാനമാണ് തിരിച്ചടികളെന്ന് ഒരിക്കലും കരുതരുത്. പരാജയം എന്നത് ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുടരേണ്ട ഒരു മുദ്രയല്ല. എന്താണ് തെറ്റിയത് എന്ന് മനസ്സിലാക്കാനും സമീപനം മെച്ചപ്പെടുത്താനും വീണ്ടും ശ്രമിക്കാനുമുള്ള ഒരു അവസരമാണത്. വിജയത്തിലേക്കുള്ള പാത എപ്പോഴും സുഗമമായിരിക്കണമെന്നില്ല. എന്നാൽ നിരന്തരമായ പരിശ്രമവും ഉറച്ച മനസ്സും നിങ്ങളെ മുന്നോട്ടു നയിക്കും.
തൊഴിൽലോകം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യകളും വളർന്നുവരുന്ന വ്യവസായ മേഖലകളും മാറുന്ന സാമൂഹിക ആവശ്യങ്ങളും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ ജീവിതത്തിലുടനീളം പഠിക്കാനും മാറ്റങ്ങളോട് പൊരുത്തപ്പെടാനും പുതിയ കാര്യങ്ങൾ അറിയാനും തയ്യാറായിരിക്കുക. വളരാനും സ്വയം മെച്ചപ്പെടുത്താനുമുള്ള നിങ്ങളുടെ കഴിവ് തൊഴിൽ മേഖലയിലെ ഏറ്റവും വലിയ സമ്പത്തുകളിലൊന്നാണ്.
വിജയം ആരംഭിക്കുന്നത് നിങ്ങളുടെ ഉള്ളിൽ നിന്നാണ്
നിങ്ങളുടെ ജീവിതയാത്ര മറ്റുള്ളവരുടേതുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. ചിലർ വളരെ നേരത്തെ ലക്ഷ്യങ്ങൾ കൈവരിച്ചേക്കാം. മറ്റുചിലർക്ക് അതിന് കൂടുതൽ സമയം വേണ്ടിവന്നേക്കാം. ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമാണ്. നിങ്ങൾ എത്രത്തോളം പഠിക്കുന്നു, എത്രത്തോളം മെച്ചപ്പെടുന്നു, നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്രത്തോളം മുന്നേറുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം നിങ്ങളുടെ പുരോഗതി വിലയിരുത്തേണ്ടത്.
ഭയം നിങ്ങളുടെ സ്വപ്നങ്ങൾക്ക് അതിരുകൾ നിശ്ചയിക്കാൻ അനുവദിക്കരുത്. താൽക്കാലികമായ ബുദ്ധിമുട്ടുകൾ നിങ്ങളുടെ ആത്മവിശ്വാസത്തെയും നിശ്ചയദാർഢ്യത്തെയും തകർക്കാൻ അനുവദിക്കരുത്. പുതിയ സാധ്യതകൾ അന്വേഷിക്കാനുള്ള ധൈര്യവും ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള വിവേകവും ലക്ഷ്യത്തിലെത്തുന്നതുവരെ പരിശ്രമിക്കാനുള്ള അച്ചടക്കവും വളർത്തിയെടുക്കുക.
എല്ലാറ്റിനുമുപരിയായി, ഈ ലോകത്തിന് വിലപ്പെട്ട എന്തെങ്കിലും സംഭാവന ചെയ്യാൻ നിങ്ങൾക്ക് കഴിവുണ്ടെന്ന് വിശ്വസിക്കുക.
നിങ്ങളുടെ പ്രവർത്തനങ്ങൾ ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിന് മാത്രമല്ല; സ്വയം കണ്ടെത്തലിൻറെ യും വളർച്ചയുടെയും സമൂഹത്തിന് സംഭാവന നൽകുന്നതിൻറെയും ജീവിതകാലം മുഴുവൻ നീളുന്ന ഒരു യാത്രയാണ്. നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുക, വിവേകത്തോടെ നിങ്ങളുടെ വഴി തിരഞ്ഞെടുക്കുക, ആത്മവിശ്വാസത്തോടെയും അർപ്പണബോധത്തോടെയും നിങ്ങളുടെ സ്വപ്നങ്ങൾക്കായി പരിശ്രമിക്കുക.
സ്വയം വിശ്വസിക്കുക. നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുക. നിങ്ങളുടെ താൽപര്യങ്ങൾ പിന്തുടരുക. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുക. നിങ്ങളുടെ ഭാവി സൃഷ്ടിക്കാൻ കാത്തിരിക്കുന്നത് നിങ്ങളെയാണ്!
– രാജൻ പി . തൊടിയൂർ






