എം.ബി.എ ഇന്‍റര്‍നാഷനല്‍ ബിസിനസ് കോഴ്സ്

Share:

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ,ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (IIFT) നടത്തുന്ന എം.ബി.എ ഇന്‍റര്‍നാഷനല്‍ ബിസിനസ്, സമര്‍ഥരായ ബിരുദധാരികള്‍ക്ക് മികച്ച കരിയറിന് വഴിയൊരുക്കുന്ന പാഠ്യപദ്ധതിയാണ് . രണ്ടുവര്‍ഷത്തെ ഈ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്ക് അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ മള്‍ട്ടിനാഷനല്‍ കമ്പനികളില്‍ പ്രതിവര്‍ഷം 18 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങളാണുള്ളത്. ‘എ’ ഗ്രേഡ് ‘NAAC’ അക്രഡിറ്റേഷനുള്ള IIFTയുടെ ന്യൂഡല്‍ഹി, കൊല്‍ക്കത്ത കാമ്പസുകളില്‍ 2017-19 എം.ബി.എ ഇന്‍റര്‍നാഷനല്‍ ബിസിനസ് പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്കെല്ലാം ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. വനിതകള്‍ക്ക് പ്രത്യേകം വിഭാഗമുണ്ട്. ആറ് ട്രൈസെമസ്റ്ററുകളായാണ് കോഴ്സ്.നിലവില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസ് 7,60,000 രൂപയാണ്. ഇത് മൂന്ന് ഗഡുക്കളായി അടക്കാം.കൂടാതെ കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ്, ലൈബ്രറി ഉള്‍പ്പെടെ മറ്റു സൗകര്യങ്ങള്‍ക്കായി രണ്ടുവര്‍ഷത്തേക്ക് 50,000 രൂപയും നല്‍കണം. എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങള്‍ക്ക് 50 ശതമാനം ഇളവുണ്ട്. 2017-19 വര്‍ഷത്തെ എം.ബി.എ (ഐ.ബി) കോഴ്സിന്‍െറ ട്യൂഷന്‍ ഫീസ് നിരക്ക് അഡ്മിഷന്‍ ഓഫര്‍ ലെറ്ററിലൂടെ മാര്‍ച്ച്/ഏപ്രില്‍ മാസത്തില്‍ അറിയിക്കും. വാര്‍ഷിക കുടുംബവരുമാനം നാലരലക്ഷം രൂപക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് പലിശ സബ്സിഡിയോടുകൂടിയ ബാങ്ക് വായ്പ ലഭ്യമാകും. ഹോസ്റ്റല്‍ ഫീസ് പ്രത്യേകം നല്‍കണം.
യോഗ്യത: മൂന്നു വര്‍ഷത്തില്‍ കുറയാത്ത ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയുള്ളവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതാനിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2017 ഒക്ടോബര്‍ 7നകം യോഗ്യത തെളിയിക്കം. പ്രായപരിധിയില്ല.
അപേക്ഷാഫീസ് ജനറല്‍, ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 1550 രൂപയും എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 775 രൂപയും. വിദേശ ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാര്‍ഥികള്‍ക്കും 4500 രൂപ. അപേക്ഷ ഓണ്‍ലൈനായോ ഓഫ്ലൈനായോ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷ www.iift.edu എന്ന വെബ്സൈറ്റില്‍ ADMISSIONS2017 എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് സമര്‍പ്പിക്കാം. അല്ളെങ്കില്‍ IIFTക്ക് ന്യൂഡല്‍ഹിയില്‍ മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി അപേക്ഷാഫീസ് തുക അയച്ച് ആവശ്യപ്പെട്ടാല്‍ Indian Institute of Foreign Trade, B-21 Qutab Institutional Area, New Delhi-110016 എന്ന വിലാസത്തില്‍നിന്ന് അപേക്ഷാഫോമും പ്രോസ്പെക്ടസും തപാലില്‍ ലഭിക്കും. ഇത് പൂരിപ്പിച്ച് ഓഫ്ലൈനായി അപേക്ഷിക്കാം. നിര്‍ദേശങ്ങള്‍ പ്രോസ്പെക്ടസിലും വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകള്‍ 2016 സെപ്റ്റംബര്‍ 5 വരെ സ്വീകരിക്കും. പൂര്‍ണമായ അപേക്ഷ, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവയുടെ ഫോട്ടോകോപ്പികള്‍ അപേക്ഷാര്‍ഥികള്‍ എടുത്ത് റഫറന്‍സിനായി സൂക്ഷിക്കണം.
IIFTയുടെ ഡല്‍ഹി കാമ്പസില്‍ MBA (IB)ക്ക് 220 സീറ്റുകളും കൊല്‍ക്കത്ത കാമ്പസില്‍140 സീറ്റുകളുമാണുള്ളത്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഗ്രൂപ് ചര്‍ച്ച, അഭിമുഖം, ഉപന്യാസമെഴുത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ 2016 നവംബര്‍ 27 ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണിവരെ കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ഡല്‍ഹി, അഹ്മദാബാദ്, അലഹബാദ്, ഭുവനേശ്വര്‍, ചണ്ഡിഗഢ്, ഡറാഡൂണ്‍, ഗുവാഹതി, ഇന്‍ഡോര്‍, ജയ്പുര്‍, ജംഷഡ്പുര്‍, കൊല്‍ക്കത്ത, ലഖ്നോ, നാഗ്പുര്‍ കേന്ദ്രങ്ങളില്‍ നടക്കും. ഇതില്‍ യോഗ്യത നേടുന്നവരെ ഉപന്യാസമെഴുത്ത്, ഗ്രൂപ് ചര്‍ച്ച, അഭിമുഖം എന്നിവക്കായി 2017 ജനുവരി, ഫെബ്രുവരി മാസത്തില്‍ ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നോ, മുംബൈ കേന്ദ്രങ്ങളിലായി ക്ഷണിക്കും. ഇതിന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍നിന്നുമാണ് അഡ്മിഷന്‍ നല്‍കുക. മള്‍ട്ടിപ്ള്‍ ചോയ്സ് ഒബ്ജക്ടിവ് മാതൃകയിലുള്ള എന്‍ട്രന്‍സ് ടെസ്റ്റില്‍ ഇംഗ്ളീഷ് കോംപ്രിഹെന്‍ഷന്‍, ജനറല്‍ നോളജ് ആന്‍ഡ് അവയര്‍നെസ്, ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് അനാലിസിസ് എന്നീ മേഖലയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും.
വിദേശ വിദ്യാര്‍ഥികളെയും പ്രവാസി ഇന്ത്യക്കാരെയും GMAT സ്കോര്‍ മാത്രം പരിഗണിച്ചാണ് അഡ്മിഷന്‍ നല്‍കുക. ഇവരുടെ അപേക്ഷകള്‍ 2017 ഫെബ്രുവരി 15 വരെ സ്വീകരിക്കും. 2015 ജനുവരി ഒന്നിന് ശേഷമുള്ള GMAT സ്കോര്‍ 2017 മാര്‍ച്ച് 31നകം IIFTക്ക് ലഭിച്ചിരിക്കണം.
പ്ളേസ്മെന്‍റ്: പഠിച്ചിറങ്ങുന്നവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്ളേസ്മെന്‍റ് സെല്‍ ഉണ്ട്. ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കാവശ്യമായ മാന്‍പവര്‍ ലഭ്യമാക്കുകയാണ് പ്ളേസ്മെന്‍റ് സെല്ലിന്‍െറ ദൗത്യം. 2016ല്‍ പുറത്തിറങ്ങിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 75 കമ്പനികളിലായി തൊഴില്‍ ലഭിച്ചു. ഇതില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം ഒരു കോടി രൂപ ശമ്പളത്തില്‍ ജോലി നേടാനായി. മറ്റുള്ളവര്‍ക്ക് പ്രതിവര്‍ഷം 18 ലക്ഷം മുതല്‍ ഉയര്‍ന്ന ആകര്‍ഷകമായ ശമ്പള നിരക്കിലാണ് ജോലി ലഭിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ബാങ്ക് ഓഫ് അമേരിക്ക, ബ്രിട്ടാനിയ, ബ്രിട്ടീഷ് ടെലികോം, സിറ്റി ബാങ്ക്, ഗൂഗ്ള്‍, ഐ.ബി.എം, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ സ്കൈ, ടാറ്റാ സ്റ്റീല്‍, വോഡഫോണ്‍, വിപ്രോ തുടങ്ങിയ മള്‍ട്ടി നാഷനല്‍ കമ്പനികളിലാണ് നിയമനം.
കൂടുതല്‍ വിവരങ്ങള്‍ www.iift.edu എന്ന വെബ്സൈറ്റിലുണ്ട്.

Share: