ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയും സൈബര്‍ ലോയും: പുതിയ കോഴ്‌സുകൾ

Share:

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയും സൈബര്‍ ലോയും പുതിയ തൊഴിൽ സാധ്യതകളാണ് തുറന്ന് തരുന്നത്. സാങ്കേതിക പഠനശാഖകളില്‍ അസാധാരണ വളര്‍ച്ചയും ഉയർന്ന തൊഴിലവസരങ്ങളും ഈ രണ്ട് പഠന വിഷയങ്ങളും ഉറപ്പ് നൽകുന്നു.
ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം, മാനനഷ്ടം, സ്വകാര്യത, കോപ്പിറൈറ്റ് തുടങ്ങി ലീഗല്‍ ഡ്രാഫ്റ്റിങ് വരെ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്രവര്‍ത്തനമേഖലയാണ് സൈബര്‍ നിയമങ്ങളും സൈബര്‍ സെക്യൂരിറ്റിയും കൈകാര്യം ചെയ്യേണ്ടത്.
വ്യവസായങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വിവരങ്ങള്‍ അതി രഹസ്യമായി സൂക്ഷിക്കാനും ഇവയൊന്നും മറ്റാരാലും നശിപ്പിക്കപ്പെടാതിരിക്കാനും ഉപയോഗിക്കപ്പെടാതിരിക്കാനും സൈബര്‍ സ്പേസില്‍ സൂക്ഷിക്കുക എന്നതാണ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ജോലിയിലൂടെ അര്‍ഥമാക്കുന്നത്. ആയതിനാല്‍ നെറ്റ്വര്‍ക് സെക്യൂരിറ്റി ഓഡിറ്റിങ്ങും ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്‍റും സെക്യൂരിറ്റി നയങ്ങളും ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയുടെ കുറ്റമറ്റ പ്രവര്‍ത്തനത്തിന് വളരെ അത്യാവശ്യമാണ്. ഈ വിഷയങ്ങളില്‍ ഉയര്‍ന്നതലത്തിലുള്ള അറിവും കഴിവും ഉണ്ടായേ മതിയാകൂ. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഒരാള്‍ക്ക് ഈ ടെക്നോളജിയില്‍ കാര്യമായി ഇടപെട്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കാവശ്യമായ പ്രോജക്ടുകളും സാങ്കേതികസഹായവും നല്‍കാനാകും.
തിയറി പഠനംപോലെ അത്രതന്നെ പ്രാധാന്യമുള്ളതാണ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പഠനത്തിന്‍െറ ഭാഗമായി സമ്പാദിക്കേണ്ട പരിശീലനപരിചയം. പലപ്പോഴും വിദ്യാര്‍ഥികള്‍ ‘പ്രാക്ടിക്കല്‍’ പ്രവര്‍ത്തനങ്ങളില്‍ വലിയ താല്‍പര്യം കാണിക്കാതെ വിട്ടുനില്‍ക്കുന്നതായും കാണാറുണ്ട്. ഇത് ഭാവിയില്‍ തൊഴിലവസരങ്ങള്‍ക്കും കരിയര്‍ വളര്‍ച്ചക്കും തടസ്സമാകും.
ഇന്ന് രാജ്യത്ത് സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ലോസ് അനുബന്ധ വിഷയങ്ങളുടെ പഠനങ്ങള്‍ക്ക് വ്യത്യസ്ത തലങ്ങളില്‍ പഠനസൗകര്യങ്ങളുണ്ട്. എം.ടെക്, എം.എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ തുടങ്ങി ഡിപ്ളോമ തലം വരെയുള്ള പഠനസൗകര്യങ്ങള്‍ ലഭ്യമാണ്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, എം.സി.എ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ചുകളില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പഠനത്തില്‍ എം.ടെക്, എം.എസ് പഠനങ്ങള്‍ക്കായി രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്താന്‍ കഴിയും. താഴെപ്പറയുന്ന സ്ഥാപനങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ എം.എസ്, എം.ടെക് പഠനസൗകര്യങ്ങള്‍ ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
1. അടല്‍ ബിഹാരി വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്, ഗ്വാളിയോര്‍-എം.ടെക് കോഴ്സ് ഇന്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി നടക്കുന്ന സ്ഥാപനമാണ്. വിവരങ്ങള്‍ക്ക് www.iiitm.ac.in.
2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അലഹബാദ്, ഉത്തര്‍പ്രദേശ് നല്‍കുന്ന എം.ടെക് ബിരുദാനന്തര ബിരുദം ‘സൈബര്‍ ലോ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയിലാണ്. വിവരങ്ങള്‍ക്ക് www.iiita.ac.in.
3. ഗുരു ഗോവിന്ദസിങ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാല, ന്യൂഡല്‍ഹി ‘എം.ടെക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയില്‍ ബിരുദാനന്തര ബിരുദം നല്‍കുന്നു. വിവരങ്ങള്‍ക്ക് www.ipu.ac.in.
4. ഇവ കൂടാതെ തമിഴ്നാട്ടിലെ എസ്.ആര്‍.എം സര്‍വകലാശാല, കാഞ്ചിപുരം നടത്തുന്ന എം.ടെക് പ്രോഗ്രാം ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആന്‍ഡ് സൈബര്‍ ഫോറന്‍സിക് എന്ന പേരിലാണ്. സര്‍വകലാശാലയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.srmuniv.ac.in ല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.
5. അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് കോയമ്പത്തൂര്‍ രണ്ട് എം.ടെക് പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.
a) എം.ടെക് ഇന്‍ സൈബര്‍ സെക്യൂരിറ്റി
b) എം.ടെക് ഇന്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റം ആന്‍ഡ് നെറ്റ് വര്‍ക്സ്. വിശദാംശങ്ങള്‍ സര്‍വലാശാലയുടെ സൈറ്റായ www.amrita.edu ല്‍ ലഭ്യമാണ്.
6. കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എം.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയിലാണ് ബിരുദാനന്തര ബിരുദം നല്‍കുന്നത്. വിവരങ്ങള്‍ക്ക്: www.nitc.ac.in.
മുകളില്‍ സൂചിപ്പിച്ച വിദ്യാഭാസ സ്ഥാപനങ്ങളില്‍നിന്ന് ഭിന്നമായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കല്‍ക്കട്ട താഴെപ്പറയുന്ന രംഗങ്ങളില്‍ പി.ജി ഡിപ്ളോമ കോഴ്സുകള്‍ നടപ്പാക്കുന്നു.
a) പി.ജി ഡിപ്ളോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ആന്‍ഡ് ക്ളൗഡ് കമ്പ്യൂട്ടിങ്.
b) അഡ്വാന്‍സ്ഡ് പി.ജി ഡിപ്ളോ ഇന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി.
സൈബര്‍ ലോസ്
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000 രാജ്യത്ത് നിലവില്‍വന്നതോടെ സൈബര്‍ ലോയുടെ സാധ്യതകളേറി. ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും സൈബര്‍ ലോസ് കടന്നുചെല്ളേണ്ടതുള്ളതിനാല്‍ പൊതുസമൂഹം സൈബര്‍ ലോ പഠനത്തെ കൂടുതല്‍ ഉറപ്പോടെ കാണാന്‍ തുടങ്ങിയത് ഈ മേഖലയില്‍ മികവുള്ളവര്‍ക്ക് നല്ല കരിയര്‍ കണ്ടത്തൊന്‍ സഹായകമാവുന്നു.
എന്നാല്‍, സൈബര്‍ ലോയുടെ പഠനത്തില്‍ ബിരുദാനന്തര ബിരുദം പ്രദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ളോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ സൈബര്‍ ലോ പഠനത്തിനുള്ള ധാരാളം സ്ഥാപനങ്ങള്‍ രാജ്യത്തിന്‍െറ പല ഭാഗത്തും ലഭ്യമാണ്. താഴെപ്പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൈബര്‍ ലോയില്‍ അന്തര്‍ദേശീയ നിലവാരമുള്ള പഠനപരിശീലനങ്ങള്‍ നല്‍കുന്നു.
1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അലഹബാദില്‍ എം.ടെക് ഇന്‍ സൈബര്‍ ലോ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പഠിക്കാന്‍ അവസരമുണ്ട്.
2. ഇതുകൂടാതെ ഇന്ദിര ഗാന്ധി ദേശീയ ഓപണ്‍ സര്‍വകലാശാല ന്യൂഡല്‍ഹി വിദൂരവിദ്യാഭ്യാസം വഴി പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സൈബര്‍ ലോ നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക് www.ignou.ac.in
3. എന്‍.എ.എല്‍.എസ്.എ.ആര്‍ (NALSAR) സര്‍വകലാശാല ഹൈദരാബാദും വിദൂര വിദ്യാഭ്യാസം വഴി സൈബര്‍ ലോ പഠനത്തിന് അവസരം നല്‍കുന്നു. ഇവര്‍ നടത്തുന്ന കോഴ്സ് ‘പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ സൈബര്‍ ലോ’ ആണ്.
ഈ മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കി ഉന്നതവിജയം വരിക്കുന്നവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജര്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഡിറ്റര്‍, സെക്യൂരിറ്റി റിസര്‍ച്ചര്‍, കമ്പ്യൂട്ടര്‍ ഫോറന്‍സിക് എക്സ്പേര്‍ട്ട്, ഡാറ്റാബേസ് ആപ്ളിക്കേഷന്‍ സെക്യൂരിറ്റി ആര്‍ക്കിടെക്ട് തുടങ്ങിയ ജോലികള്‍ സര്‍ക്കാര്‍- -സ്വകാര്യ-കോര്‍പറേറ്റ് മേഖലകളില്‍ ലഭിക്കും.

  • ബാബു പള്ളിപ്പാട്ട്
Share: