‘കരിയർ വുമൺ’ -സന്തോഷ്

Share:

ന്ത്യയെ സംബന്ധിച്ചിടത്തോളം വനിതകൾക്ക് പുരുഷനോടൊപ്പം തുല്യ അവസരങ്ങൾ നിലവിലുണ്ട്. അവസരങ്ങൾ ഇല്ലാത്തതുകൊണ്ടല്ല നമ്മുടെ വനിതകൾ പുരുഷനോടൊപ്പം തൊഴിൽ രംഗത്ത് മുന്നേറാത്തതു.
തൊഴിലിൻറെ  അടിസ്ഥാനത്തിൽ സ്ത്രീകളെ രണ്ടായി തരംതിരിക്കാം. ഗൃഹഭരണംമാത്രം വശമുള്ള വീട്ടമ്മയെന്നും പുരുഷന്മാരെപ്പോലെ പുറത്തുപോയി ജോലിചെയ്തു ശമ്പളം വാങ്ങുന്ന ‘കരിയർ – വുമൺ’ എന്നും.

വീട്ടമ്മ സ്വന്തം ആവശ്യങ്ങൾക്ക് ഭർത്താവിനെ ആശ്രയിക്കുമ്പോൾ ‘കരിയർ വുമൺ’ സാമ്പത്തികമായി സ്വാതന്ത്ര്യം അനുഭവിക്കുന്ന കൂട്ടത്തിലാണ്.എന്നാൽ പുരുഷനെ അപേക്ഷിച്ചു സ്ത്രീകളുടെ കരിയറിന് ചില പ്രത്യേകതകളുണ്ട്. സ്ത്രീകൾക്ക് ജന്മനാ വിധിച്ചിട്ടുള്ള വീട്ടുജോലിക്കു പുറമെ ഒരു അഡീഷണൽ ഭാരമായിട്ടുവേണം അവൾ ഒരു കരിയർ വളർത്തിയെടുക്കേണ്ടത്. പുരുഷൻ അങ്ങനെയല്ലല്ലോ? അവനു ഏതെങ്കിലും ഒരു കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽമതി, അതായതു തൊഴിൽ രംഗത്ത് എങ്ങനെയും ഉന്നതമായ ഒരു സ്ഥാനത്തു എത്തിച്ചേരുക എന്നത് മാത്രമാണ് ഓരോ പുരുഷന്റെയും ശ്രദ്ധ. അവനു വീട്ടുജോലികളുടെ ഭാരം അറിയേണ്ടകാര്യമില്ല.
പുരുഷനോടൊപ്പം ഇന്ന് സ്ത്രീ എല്ലാ തുറകളിലും എത്തിയിരിക്കുന്നു എന്നൊക്കെയുള്ള ഭംഗിവാക്ക് നാം സാധാരണ കേൾക്കാറുള്ളതാണ്. ഒരു പരിധിവരെ ഇത് ശരിയാണുതാനും. ബഹിരാകാശ യാത്രകളിൽ പോലും ഇന്ന് വനിതകൾ സജീവമായി പങ്കുകൊള്ളാറുണ്ട്. എന്നാൽ ഏതെങ്കിലും ഒരു കരിയറിനെക്കുറിച്ചു ചിന്തിക്കേണ്ടിവരുമ്പോൾ സ്ത്രീകൾക്ക് ഇന്നും ചില വിലക്കുകൾ നേരിടേണ്ടി വരുന്നു. ആണുങ്ങൾക്ക് ചേർന്ന പണിയെന്നും, പെണ്ണുങ്ങൾക്ക് ചേർന്ന പണിയെന്നും തൊഴിൽ മണ്ഡലത്തെ രണ്ടായി വിഭജിച്ചിട്ടുണ്ട്.

പെണ്ണുങ്ങൾക്കു ചേർന്ന പണിയെന്നു പറയുമ്പോൾ പെട്ടന്ന് നമ്മുടെ മനസ്സിൽ ഓടിവരുന്നത് നേഴ്‌സ്, റ്റീച്ചർ, റിസെപ്ഷനിസ്റ്റ്, എയർ ഹോസ്റ്റസ്, ലേഡിസെക്രട്ടറി, ടൈപ്പിസ്റ്റ്, ടെലിഫോൺ ഓപ്പറേറ്റർ, സെയിൽസ് ഗേൾസ്, മോഡൽ ഗേൾസ് തുടങ്ങിയവരെയാണ്. അതായതു കുറഞ്ഞ ശമ്പളംമാത്രം നൽകുന്ന, കുറഞ്ഞ സ്റ്റാറ്റസ് പേറുന്ന തൊഴിലുകളാണ് സ്ത്രീകൾക്ക് വേണ്ടി നാം നീക്കിവച്ചിരിക്കുന്ന. സെക്സിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം തൊഴിൽ വിഭജനം എങ്ങനെ ഉണ്ടായി എന്ന് പറയാൻ വിഷമമാണ്. ആകെ കൂടി കിട്ടുന്ന ഒരേയൊരു വിശദീകരണം സ്ത്രീക്ക് രണ്ടാം സ്ഥാനംമാത്രം വിധിച്ചിട്ടുള്ള മുതലാളിത്ത വ്യവസ്ഥിതി തൊഴിലിൻറെ  കാര്യത്തിലും ഈ വിവേചനം വച്ചുപുലർത്തുന്നു വെന്നതാണ്. കൂടാതെ അനേക ദശാബ്ദങ്ങളിലെ പാരമ്പര്യവും കീഴ്വഴക്കവുംകൂടി ഇത്തരമൊരു തൊഴിൽ വിഭജനത്തിനു കാരണമായിട്ടുണ്ട്. ഫലമോ? ലേഡീ സെക്രട്ടറിയെ ആവശ്യമുണ്ട്. എന്ന് ചില കമ്പനികൾ കൊടുക്കാറുള്ള പരസ്യം വായിച്ചാൽ അതൊരു വിവാഹ പരസ്യമാണോ എന്നുപോലും തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. “സുന്ദരിയും ചുറുചുറുക്കുള്ളവളും ഹൃദ്യമായി പെരുമാറാൻ കഴിവുള്ളവളുമായ ഒരു ലേഡീ സെക്രട്ടറിയെ ആവശ്യമുണ്ട്. ഇരുപതുവയസ്സിനു താഴെ പ്രായമുള്ള യൂണിവേഴ്‌സിറ്റി ബിരുദമുള്ള യുവതികൾക്കു മുൻഗണന നൽകുന്നതുമാണ്.”

സ്ത്രീയുമായി ബന്ധപ്പെട്ടതെല്ലാം സെക്സും. വിവാഹവുമായി ബന്ധപ്പെടുത്തി മാത്രം ചിന്തിക്കാൻ ശീലിച്ചുപോയ ഒരു സമൂഹത്തിൽ ജീവിക്കുന്നതുകൊണ്ടാണ് നാം പരസ്യങ്ങൾക്കുപോലും ഇങ്ങനെ ഒരു നിറം നൽകുന്നത്. മാനേജിങ് ഡയറക്ടറുടെ സെക്രട്ടറി കാണാൻ കൊള്ളാവുന്ന യുവതി ആയിരിക്കണമെന്ന് എല്ലാ കമ്പനികൾക്കും നിർബന്ധമുണ്ട്. അതെ സമയം അതെ കമ്പനിയിൽ ഒരു ഡ്രൈവറുടെ വേക്കൻസിയുണ്ട് എന്നിരിക്കട്ടെ. നിശ്ചയമായും അത് പുരുഷനെ ഉദ്ദേശിച്ചുള്ള ഒരു തൊഴിലാണ് എന്ന് എടുത്തു പറയേണ്ട കാര്യമില്ല. ലൈംഗിക വിപ്ലവം നടന്ന, സ്ത്രീ വിമോചനം കൊടികുത്തിവാഴുന്ന അമേരിക്കയിൽപോലും അനേക ദശാബ്ദങ്ങളായി നിലനിന്നുപോരുന്ന ഒരു അവസ്ഥയാണ്‌ഇത്.
പുരുഷന് ഒരു കരിയർ ഉണ്ടായിരിക്കണം എന്നുള്ളത് നിർബന്ധമാണ്. ഓരോരുത്തരുടെയും വിദ്യാഭ്യാസത്തിനും കഴിവിനും അനുസരിച്ചുള്ള ഒരു കരിയർ കൂടിയേ തീരു. ഇക്കാരണത്താൽ വിദ്യാഭ്യാസകാലം മുതൽക്കേ നാം ഒരു കരിയറിനുവേണ്ടിയുള്ള തയ്യാറെടുപ്പു ആരംഭിക്കുന്നു.നാം തിരഞ്ഞെടുക്കുന്ന വിവിധയിനം കോഴ്‌സുകൾ പോലും ഭാവിയിൽ ഡോക്ടറോ, എഞ്ചിനിയറോ, വക്കീലോ, ചാർട്ടേഡ് അക്കൗണ്ടന്റോ, ഐ. എ. എസ്സുക്കാരനോ ആരായിത്തീരണം എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും തീരുമാനിക്കപ്പെടുന്നത്. എന്നാൽ പെൺകുട്ടികൾക്ക് ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടത്താനുള്ള അവസരം ലഭിക്കാറില്ല. ആൺകുട്ടി പഠിച്ചുനടക്കുമ്പോൾ കൂടെകൂടെ അവൻറെ  മാതാപിതാക്കൾ അവനെ ഡോക്ടറൊ, എഞ്ചിനിയറോ ആക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കിൽ പെൺകുട്ടി പഠിച്ചുനടക്കുമ്പോൾ അവളുടെ മാതാപിതാക്കൾപറയുന്നത് അവളുടെ വിവാഹത്തെക്കുറിച്ചായിരിക്കും.എങ്ങിനെയും പഠിത്തമൊന്നു അവസാനിച്ചാൽ ആരുടെയെങ്കിലും തലയിൽ അവളെ കെട്ടിവെയ്ക്കുന്നതിനെക്കുറിച്ചായിരിക്കും പെൺകുട്ടിയുടെ മാതാപിതാക്കൾ വേവലാതികൊള്ളുക. പെണ്ണായി പിറന്നാൽ അവളുടെ ഒന്നാമത്തേതും അനിവാര്യമായതുമായ ചുമതല ആരുടെയെങ്കിലും ഭാര്യാപദവി സ്വീകരിക്കുക എന്നതാണ് ഇവിടെ നിലവിലുള്ള സാമൂഹ്യരീതി. കരിയറിന് അവളുടെ ജീവിതത്തിൽ രണ്ടാം സ്ഥാനമേയുള്ളൂ. അഥവാ ഒരു കരിയറും ദാമ്പത്യജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ അവൾ നിർബന്ധിതയാകുന്നു.
ഏതെങ്കിലും ഒരു പെൺകുട്ടി ഒരു കരിയർ തിരഞ്ഞെടുക്കാൻ നിർബന്ധിതയായാൽ അതിനു പിന്നിൽ പല കാരണങ്ങളും ഉണ്ടാകാം. ഒന്നാമത്തേത് സാമ്പത്തികമായ പ്രശ്നങ്ങൾ തന്നെയാണ്. സാമ്പത്തികമായി തീരെ ഗതിയില്ലാത്ത കുടുംബത്തിലെ പെൺകുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ നിത്യവും കാണേണ്ടി വരൂമ്പോൾ അവർക്കൊരു തണലാകട്ടെ എന്ന് കരുതി സ്വന്തമായി ഒരു ജോലിയെക്കുറിച്ചു സ്വപനം കാണാൻതുടങ്ങുന്നു. തന്നെയുമല്ല തൻറെ  കഷ്ടപ്പാടുകൾക്ക് ഒരറുതി വരണമെങ്കിൽ മകൾ ജോലിക്കുപോയിതുടങ്ങണം എന്ന് ഇടയ്ക്കിടെ അച്ഛന്റെ ഓർമിപ്പിക്കലും ഒരു തൊഴിൽ തിരഞ്ഞെടുക്കാൻ പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന ഘടകമാണ്. സ്വന്തമായ ഒരു വരുമാനമാർഗം ഇല്ലാതെ പോയതിൻറെ  പേരിൽ അടുക്കളയിൽ കിടന്നു നരകിക്കുന്ന, തൊട്ടതിനും പിടിച്ചതിനുമൊക്കെ അച്ഛൻറെ അടിയും തൊഴിയുംകൊണ്ടു നിശബ്ദമായി കരയുന്ന അമ്മയുടെ ഗതി തനിക്ക് ഉണ്ടാകരുത് എന്ന് മനസ്സിലാക്കുന്ന ചില പെൺകുട്ടികളും ഒരു കരിയറിനെക്കുറിച്ചു ചിന്തിക്കാറുണ്ട്. ഇവക്കെല്ലാം പുറമേ കൂടുതൽ കൂടുതൽ വനിതകൾ ജോലിക്കുപോയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മാറിയ സാമൂഹ്യപശ്ചാത്തലവും ഒരു കരിയർ തിരഞ്ഞെടുക്കുന്നതിന് സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
അങ്ങനെ സ്വന്തമായി ഒരു ജോലി സമ്പാദിക്കണം എന്നു ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞാൽ ഏതുതരം ജോലി എന്നതായി അടുത്തചിന്ത. ആണുങ്ങളെപോലെ എന്തുപണിയും ചെയ്യാം എന്ന വെല്ലുവിളിയോടെ സ്ത്രീക്കു മാർക്കറ്റിൽ ഇറങ്ങാൻ പറ്റുമോ? ഇല്ല. ‘പെണ്ണുങ്ങൾക്കു ചേർന്ന പണിയെന്നു സമൂഹം കല്പിച്ചിട്ടുള്ള ഏതെങ്കിലും ഒരു തൊഴിൽ അവൾക്കു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.എന്താണു് ഈ പെണ്ണുങ്ങൾക്ക് അനുയോജ്യമായ പണി എന്നുപറഞ്ഞാൽ?

സ്ത്രീക്ക് പാരമ്പര്യമായി സമൂഹം വിധിച്ചിട്ടുള്ള വീട്ടുജോലിയും ഗൃഹഭരണവും ഉപേക്ഷിച്ചു പുറത്തുപോയി പണിയെടുത്താൽ സ്ത്രീത്വം നഷ്ടമാകും എന്നൊരു ധാരണ പരക്കെയുണ്ട്. അതായതു സമൂഹം കല്പിച്ചിട്ടുള്ള സെക്‌സ്‌റോളിനെക്കുറിച്ചു വളരെ ശക്തമായ സങ്കൽപ്പങ്ങൾ സൂക്ഷിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇലക്ട്രിക് പോസ്റ്റിൽ കയറി ഏതെങ്കിലും ഒരു പെണ്ണ് അല്പം റിപ്പയർവർക്ക്‌നടത്തുന്നത് താഴെനിന്ന് ആരെങ്കിലും കണ്ടാൽ ഒരു ഷോക് ഏറ്റതുപോലെ അവർപ്രതികരിക്കും. ‘അമ്പടികേമി.’ എന്ന്. പുരുഷന് കണിശമായും അനേക ദശാബ്ദങ്ങളായി നീക്കിവച്ചിട്ടുള്ള ഒരു മേഖലയിലേക്ക് സ്ത്രീ കടന്നുചെന്നാലുണ്ടാകുന്ന ഷോക്കാണ് അതു. സൂഷ്മമായി പരിശോധിച്ചാൽ ഇത് കേവലമൊരു ഷോക്കിൽ അവസാനിക്കില്ല എന്ന് കാണാനൊക്കും. സമൂഹത്തിൽ നിലവിലുള്ള സെക്‌സ്റോളിനെ അതിലംഘിച്ചു ഏതെങ്കിലും കരിയർ വുമൺ നേട്ടങ്ങളുടെ ഉന്നതശ്രേണിയിലേക്കു കയറാൻ ശ്രമിച്ചാൽ നമ്മുടെ വ്യവസ്ഥിതി അവളെ ഒറ്റപ്പെടുത്തുകയോ മനപൂർവം അവഗണിക്കുകയോ ചെയ്യുന്നു. അമേരിക്ക പോലുള്ള തനി മുതലാളിത്ത രാജ്യങ്ങളിലെ സ്ഥിതി ഏറെക്കൂടി വഷളാണ്. ഒരു തുറയിലും പുരുഷനോടൊപ്പം വളർന്നുവരാനുള്ള അവസരം അമേരിക്കൻ വനിതയ്ക്കില്ല. വേതനത്തിന്റെ കാര്യത്തിൽ അവിടെ വ്യക്തമായ ഏറ്റക്കുറച്ചിൽ നിലനിൽക്കുന്നു. ഇന്ത്യയിലേതുപോലെ സ്ത്രീക്കും പുരുഷനും തുല്ല്യവേതനം എന്ന പരിപാടി അമേരിക്കൻ മുതലാളിത്തത്തിന് അജ്ഞാതമാണ്. ഇതിൻറെ അർത്ഥം ഇന്ത്യയിൽ സ്ത്രീക്കും പുരുഷനും തുല്ല്യ അവസരങ്ങൾ ഉണ്ടെന്നോ ഇന്ത്യയിലെ കരിയർവുമണിന് എത്രവേണമെങ്കിലും വളരാൻ കഴിയുമെന്നോ അല്ല. സാമ്പത്തികവും സാമൂഹ്യവും, പാരമ്പര്യവുമായ പിന്നോക്കാവസ്ഥയും അതിൻറെ കെടുതികൾ സൃഷ്ടിച്ചിട്ടുള്ളതുമായ ഒരു പുകമറയ്ക്കുപിന്നിൽ കിടന്നു നമ്മുടെ സ്ത്രീകൾ വീർപ്പു മുട്ടുകയാണ്. പുറമേ നിന്നുനോക്കിയാൽ വീർപ്പുമുട്ടുന്ന ഇന്ത്യൻ സ്ത്രീത്വത്തിൻറെ മാനസികവും ഭൗതികവുമായ അവശതകൾ നമുക്ക് മനസിലാക്കാൻ കഴിയാതെ വരും. പാരമ്പര്യത്തിന്റെ കനത്ത തോടുപൊട്ടിച്ചു പുരുഷനെ പോലെ വിജയങ്ങളിലേക്കു കുതിക്കാൻ ഇന്ത്യൻ സ്ത്രീ ഭയപ്പെടുന്നു. അവസരങ്ങൾ ഉണ്ടെങ്കിലും വിജയങ്ങളെ ഭയപ്പെട്ടുകൊണ്ടു മുന്നേറാതെ നിൽക്കുന്ന കരിയർ വുമണിന്റെ മനോഭാവത്തെയാണ് മാറ്റേണ്ടത് . പുരുഷനെപോലെ നേട്ടങ്ങളിലേക്കു കുതിച്ചാൽ സ്ത്രീത്വം നഷ്ടപ്പെടുമെന്നും, അങ്ങനെ ആയാൽ സമൂഹത്തിൽ താൻ ഒറ്റപ്പെടുമെന്നും അവൾ ഭയപ്പെടുന്നു. ഒരു കരിയറും അതുവഴിയുള്ള സാമൂഹ്യമായുള്ള ഔന്നത്യവും നമ്മുടെ സാമൂഹ്യ മന:സാക്ഷി ഇന്നും സ്ത്രീക്ക് വിലക്കിയിരിക്കുകയാണ്. കരിയർ വഴിയുള്ള ഔന്നത്യത്തിനു ശ്രമിച്ചാൽ സ്ത്രീ സ്ത്രീയല്ലാതെ ആയിത്തീരും എന്ന അറുപഴഞ്ചൻ വിശ്വാസത്തിന്റെ കൂച്ചുവിലങ്ങിലാണ് ഇന്ത്യൻ സ്ത്രീത്വം ഇപ്പോഴും കഴിഞ്ഞുകൂടുന്നത്. സെയിൽസും ടെക്‌നോളജിയും തനി പുരുഷന്റെ മേഖലയാണെന്നു ഉപബോധവിശ്വാസം വലിയൊരു പരിധിവരെ അങ്ങോട്ട് കടക്കാൻ സ്ത്രീകളെ അനുവദിക്കുന്നില്ല. സ്വാഭാവികമായും കരിയർ വേണമെന്ന് കൊതിക്കുന്ന വനിതകൾ പിന്നേയും ചെന്നുപറ്റുന്നതു കുറഞ്ഞ വേതനവും കുറഞ്ഞ സ്റ്റാറ്റസും ഉള്ള സ്ത്രീ മണ്ഡലങ്ങളിൽ തന്നെ.
ഭാര്യയ്ക്കും ഭർത്താവിനും ജോലിയുണ്ടെന്നു സങ്കല്പിക്കുക. ഭർത്താവിനെക്കാൾ ഉയർന്ന ശമ്പളമോ ഔന്നത്യമോ ഉള്ള കരിയർ സ്വീകരിക്കാൻ ഭാര്യ തയ്യാറാവുന്നില്ല. വിവാഹച്ചന്തയിൽ ഇറങ്ങിയാലും കരിയർ വുമൺ അന്വേഷിക്കുന്നത് തന്നെക്കാൾ ഉയർന്ന ശമ്പളക്കാരനേയും, ഉയർന്ന കരിയർ ഉള്ള പുരുഷനേയും ആയിരിക്കും. മറിച്ചായാൽ തൻ്റെ സ്ത്രീത്വത്തെ സമൂഹം ചോദ്യം ചെയ്യുമോ എന്ന് അവൾ ഭയപ്പെടുന്നു. ചുരുക്കത്തിൽ പാരമ്പര്യത്തിന്റെ ബലിയാടുകളാണ് നമ്മുടെ വനിതകൾ.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വനിതകൾക്ക് പുരുഷനോടൊപ്പം തുല്യ അവസരങ്ങൾ നിലവിലുണ്ടു്. സെക്‌സിന്റെ പേരിലുള്ള വിവേചനം നമ്മുടെ ഭരണഘടനപരമായിപോലും ശിക്ഷാർഹമാണു്. എന്നാൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടല്ല നമ്മുടെ വനിതകൾ പുരുഷനോടൊപ്പം തൊഴിൽ മണ്ഡലങ്ങളിൽ മുന്നേറാത്തതു. വിജയങ്ങളെ ഒഴിവാക്കിയില്ലെങ്കിൽ സമൂഹത്തിൽ താൻ ഒറ്റപ്പെടുമെന്നു ഭയവും അതുപോലുള്ള മനഃശാസ്ത്രപരമായ സങ്കോചങ്ങളുമാണു് ‘കരിയർ വുമണി’ൻറെ പ്രധാനപ്രശ്നങ്ങൾ. ഇക്കാരണത്താൽ മാനസ്സികമായ തടസ്സങ്ങളെ പിഴുതെറിഞ്ഞിട്ടു നമ്മുടെ വനിതകൾ പുരുഷന്മാരെപോലെ തൊഴിൽമണ്ഡലങ്ങളിലേക്കു ഇറങ്ങിവരേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ പുരുഷനോടൊപ്പം ഏതു തുറയിലും പണിയെടുക്കുന്ന സോവിയറ്റു് വനിതകളെയാണ് നാം മാതൃക സ്വീകരിക്കേണ്ടതാണ്.

Share: