തോപ്പിലാശാനെ ഓർക്കുമ്പോൾ ….
രാജൻ പി തൊടിയൂർ
ആധുനിക മലയാള സാഹിത്യത്തിന് വളക്കൂറായത് ‘മലയാളനാട് ‘ വാരികയും എസ് കെ നായരും.
മലയാള നാട്ടിലേക്കുള്ള എൻറെ കാൽവെയ്പ്പിന് കാരണക്കാരൻ തോപ്പിലാശാൻ എന്ന് വിളിക്കുന്ന തോപ്പിൽ ഭാസി.
തോപ്പിലാശാനെ , ആദ്യമായി കാണുന്നത് തമ്പിയണ്ണൻറെ വീട്ടിൽ വെച്ചാണ്. അന്നവർ രൂപീകരിച്ച ‘ടാഗോർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ നാടകം സംവിധാനം ചെയ്യുന്നത് തോപ്പിലാശാൻ. ‘പാപം ചെയ്യാത്തവർ കല്ലെ റിയട്ടെ’. രചന , സി എ രാജൻ. ദൂരെ നിന്ന് നോക്കി കാണാനേ ഞങ്ങൾ പിള്ളേർക്ക് അനുവാദമുണ്ടായിരുന്നുള്ളു. എങ്കിലും അദ്ദേഹം അടുത്ത് വിളിച്ചു . പേര് ചോദിച്ചു. പിന്നെയും വർഷങ്ങൾ വേണ്ടിവന്നു അദ്ദേഹവുമായി സംസാരിക്കാൻ.
ഫാത്തിമ കോളേജിൽ ക്യാമ്പസ് സിനിമ എടുക്കുമ്പോൾ തിരക്കഥ ആദ്യം കാണിച്ചത് കാമ്പിശ്ശേരിയെ ആണ്. “കോളേജ് വിദ്യാർഥികൾ മാത്രമായി എടുക്കുന്ന സിനിമയാണ്. തിരക്കഥ വായിച്ചു അഭിപ്രായം പറയണം.” -ബാലയുഗത്തിലെയും സിനീരമയിലെയും സ്ഥിരം എഴുത്തുകാരൻ എന്ന നിലയിൽ കാമ്പിശ്ശേരിയുമായി നല്ല അടുപ്പമായിരുന്നു.
” ഇതുവല്ലോം നടക്കുവോടോ? എനിക്കിതൊന്നും അറിയില്ല. തോപ്പിൽ ഭാസിയെ കാണിക്ക്.” എന്നായിരുന്നു കാമ്പിശ്ശേരിയുടെ മറുപടി.
” എനിക്കദ്ദേഹത്തെ പരിചയമില്ല.”
“ചെന്നാൽ മതി. ഞാൻ പറയാം.”
വള്ളികുന്നത്തെത്തുമ്പോൾ അജയനും സോമനും രാജനുമൊക്കെയുണ്ട്.
‘ദി ഗ്യാപ്’ , തിരക്കഥ അദ്ദേഹം വായിച്ചു.
” കൊള്ളാം”
പിന്നീട് നിരന്തരം യാത്രകൾ. വള്ളികുന്നത്തേക്ക്.
മുച്ചീട്ടുകളിക്കാരൻറെ മകൾ , സർവ്വേക്കല്ല്, മോചനം…. ലൊക്കേഷനുകളിൽ.
ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിക്കണമെന്നുള്ളത് അദ്ദേഹത്തിൻറെ നിർബ്ബന്ധമായിരുന്നു.
എഴുതുന്നതിന് ഒരുപാട് പ്രോത്സാഹനം.
മലയാളനാടിൽ സബ് എഡിറ്ററുടെ ഒഴിവ് വന്നപ്പോൾ അദ്ദേഹം എസ് കെ നായർക്കു കത്ത് തരുന്നു.
അങ്ങനെ മലയാളനാടിൽ …
സിംഹ ഗർജ്ജനവുമായി മലയാറ്റൂർ രാമകൃഷ്ണൻ, മടക്കി കുത്തിയ മുണ്ടും നീളൻ കുടയുമായി
തകഴിച്ചേട്ടൻ ,കറുത്ത അംബാസിഡർ കാറിൽ തോപ്പിൽ ഭാസി, ചുവന്ന കണ്ണുകളുമായി പദ്മരാജൻ,
വല്ലപ്പോഴുമെത്തുന്ന ഒ വി വിജയൻ , എം മുകുന്ദൻ ,എം പി നാരായണ പിള്ള , അയ്യനേത്ത്,പാറപ്പുറം,
നൂറനാട് ഹനീഫ്, പി ഭാസ്കരൻ ,കടമ്മനിട്ട , ബാലചന്ദ്രൻ ചുള്ളിക്കാട് , കെ ജി സേതുനാഥ്, വി കെ എൻ, പി ഭാസ്കരൻ, ജഗതി എൻ കെ ആചാരി , എം ജി രാധാകൃഷ്ണൻ ….തുടങ്ങിയ സാഹിത്യകാരന്മാർ .
മലയാളനാടിൻറെ സാഹിത്യ സായാഹ്നങ്ങൾക്ക് ലഹരിയുടെ നറുമണം പകർന്നു വെച്ച ബേബിച്ചായൻ എന്ന കാക്കനാടൻ ….
സാഹിത്യത്തിലേയും സിനിമയിലെയും രാഷ്ട്രീയത്തിലെയും മഹാരഥന്മാരുമായുള്ള സൗഹൃദങ്ങൾ
1992 ഡിസംബർ എട്ടാം തിയതി രാത്രി നിതാന്ത നിദ്രയിലായ തോപ്പിലാശാനോട് വിട പറഞ്ഞു മടങ്ങുമ്പോൾ കാറിലിരുന്ന് അടൂർജി ( അടൂർ ഗോപാലകൃഷ്ണൻ) പറഞ്ഞു : “മനുഷ്യസ്നേഹിയായ ഒരെഴുത്തുകാരൻ നമുക്ക് നഷ്ടമാകുന്നു”. കെ ജി ജോർജും ലത്തീഫും രാജശേഖരൻ നായരും അതേറ്റു പറഞ്ഞു.
നീണ്ടകരയിലെത്തുമ്പോൾ ഒരുകൂട്ടമാളുകൾ ഞങ്ങളുടെ കാർ തടഞ്ഞു നിർത്തി.
“12 മണി കഴിഞ്ഞു , ഇനി ബന്ദാണ്.”
തോപ്പിലാശാൻറെ വിയോഗം സൃഷ്ടിച്ച ബന്ദിൽ നിന്നും ഇനിയും മലയാള നാടകത്തിന് മോചനം ലഭിച്ചിട്ടില്ല.