എളുപ്പത്തില്‍ സമ്പന്നനാകാന്‍ ലളിതവും ആയാസ രഹിതവുമായ രണ്ടുകാര്യങ്ങള്‍ മാത്രം ചെയ്യുക!

Share:

എം ആർ കൂപ് മേയർ പരിഭാഷ: എം ജി കെ നായർ

എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാന്‍, അല്ലെങ്കില്‍ ഏതൊരു ജീവിതലക്ഷ്യവും നേടുന്നതിന്, ലളിതവും ആയാസരഹിതവുമായ രണ്ടുകാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു:

(1) എങ്ങനെയെന്ന്‍ നിങ്ങള്‍ അറിയണം.

(2) അറിഞ്ഞതിനുശേഷം, നിങ്ങള്‍ അതുചെയ്യണം.

അതുശരി! അത്രയേ ഉള്ളൂ! (1) എങ്ങനെയെന്നറിയുക (2) ചെയ്യുക. ഇത്തരം സുവ്യക്തമായ വസ്തുതകള്‍ക്കുവേണ്ടി കൂടുതല്‍ വിചിന്തനം നടത്തുന്നത് സമയം പാഴാക്കലാണ്, കാരണം അതത്രയ്ക്കു പ്രാഥമികമായ അറിവാണ്. ഏതു കാര്യത്തിലായാലും വിജയം നേടുന്നതിന്റെ അടിസ്ഥാനഘടകം അതാണ്, അതു സുവ്യക്തമാണ്.

എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകുന്നതിനുവേണ്ടിയുള്ള ലളിതമാര്‍ഗ്ഗങ്ങള്‍ പഠിക്കാന്‍ മിക്ക ആളുകളും ശ്രമിക്കാറില്ലെന്ന വസ്തുത അവിശ്വസനീയമായി തോന്നാം. ജീവിതത്തിലെ നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ അവര്‍ക്ക് ധാരാളം സമയമുണ്ട്. എന്നാല്‍ കൂടുതല്‍ സമ്പന്നരാകുന്നതിന്, അല്ലെങ്കില്‍ ശക്തരാകുന്നതിന്, അതുമല്ലെങ്കില്‍ പ്രശസ്തരാകുന്നതിന് സഹായിക്കുന്ന തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ പഠിക്കാനും പ്രയോഗത്തിലാക്കാനും അതിലൂടെ ജീവിതത്തില്‍, ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാനും അവര്‍ക്ക് സമയമില്ല!

അടുത്ത ദിവസവും അതിനടുത്തദിവസങ്ങളിലും ചെയ്യുന്ന കാര്യങ്ങള്‍ കൂടുതല്‍ വിജയകരമായി എങ്ങനെ ചെയ്യാമെന്നതിനെപ്പറ്റി ഓരോ രാത്രിയും ഒരുമണിക്കൂറെങ്കിലും ഗൗരവമായി ചിന്തിക്കുന്ന എത്രപേരെ നിങ്ങള്‍ക്കറിയാം?

ഒരു പഴയ ചൊല്ലുണ്ട്. “പിറുപിറുത്തതുകൊണ്ട് റൊട്ടിക്കഷണം വലുതാവുകയില്ല.”

എന്നിട്ടും ആളുകള്‍ പിറുപിരുത്ത് സമയം വ്യഥാ ചെലവഴിക്കുന്നു. കാരണം അവര്‍ക്ക് വളരെ “കുറച്ചേയുള്ളു.” റൊട്ടിക്കഷണം വലുതാക്കാന്‍ അവര്‍ പിറുപിറുത്തതുകൊണ്ടേയിരിക്കുന്നു. അങ്ങനെ കളയുന്ന സമയം തന്നെ വളരെക്കുറച്ച് ആകാതിരിക്കുന്നതിനെപ്പറ്റി പഠിക്കുവാന്‍ അവര്‍ക്ക് ഉപയോഗിക്കാവുന്നതാണ് – സ്ഥിരമായി “റൊട്ടിക്കഷണം വലുതാക്കുവാന്‍” വേണ്ടി.

ഒരു വ്യക്തിയെന്ന നിലയില്‍ വിലക്കയറ്റത്തിനുമേല്‍ നിങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. നിങ്ങള്‍ക്കുള്ള ഏക പരിഹാര മാര്‍ഗ്ഗം എളുപ്പത്തില്‍ കൂടുതല്‍ പണക്കാരനാവുകയെന്നതാണ്. അതിലൂടെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതിനെല്ലാം വിലകൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും – വില എന്തായാലും നിങ്ങള്‍ പഠിക്കണം. എന്നിട്ടു വേണ്ടതു ചെയ്യണം – “നിങ്ങളുടെ സ്വന്തം റൊട്ടിക്കഷണം കൂടുതല്‍ വലുതാക്കാന്‍”.

ദരിദ്രനായി കഴിയുന്നതിനെക്കാള്‍ സമ്പന്നനായിത്തീരുകയെന്നതാണ് കൂടുതല്‍ എളുപ്പം. പാവപ്പെട്ടവര്‍ക്ക് സകലതും പ്രയാസമേറിയതായി അനുഭവപ്പെടും. അവരെ സംബന്ധിച്ചിടത്തോളം എല്ലാം പ്രയാസമേറിയതായി തുടരുകയും ചെയ്യും – വിജയിക്കുന്നതിനുള്ള ലളിതവും സുനിശ്ചിതവുമായ മാര്‍ഗ്ഗങ്ങള്‍ – എളുപ്പത്തില്‍ സമ്പന്നനാകുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ – പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യാത്തിടത്തോളം കാലം.

അതിനാല്‍ വിജയം വരിക്കുന്നതിനുള്ള ആദ്യത്തെ അടിസ്ഥാന ആവശ്യകതയിലേക്ക് നമുക്ക് മടങ്ങിവരാം.

എങ്ങനെയെന്നു നിങ്ങള്‍ പഠിക്കണം. അറിവില്ലാത്തവര്‍ക്ക് ഒരു ചിതല്‍പ്പുറ്റും പര്‍വ്വതമാണ്! പക്ഷേ എങ്ങനെയെന്നറിയുന്ന ഒരു വ്യക്തിക്ക് വിജയം എളുപ്പമാണ്. സ്വയം പരിശീലനം നേടിയ ശാസ്ത്രീയഗവേഷണത്തിലൂടെയെന്നതിലുപരി തികച്ചും ആകസ്മികമായിട്ടാണ് ലൂയി പാസ്ചര്‍ വാക്സിനേഷന്‍ കണ്ടുപിടിച്ചത്. എന്നിട്ടും വിമർശകർ ആ കണ്ടുപിടിത്തം വെറും യാദൃശ്ചികം എന്നു പറഞ്ഞു വിമര്‍ശിച്ചപ്പോള്‍, പാസ്ചര്‍ പറഞ്ഞത് ഇപ്രകാരമാണ്.

“സത്യമാണ്, പക്ഷെ യാദൃശ്ചികത അനുഗ്രഹിക്കുന്നത് പരിശീലനം നേടിയ മനസ്സിനെയാണ്.”

അതുപോലെയാണ് വിജയവും !

തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്‌താല്‍ മാത്രമേ നിങ്ങള്‍ക്ക് വിജയിക്കുവാന്‍ സാധിക്കുകയുള്ളു.

ജീവിതകാലത്ത് ഏറ്റവും വലിയ ധനികനും മഹാനായ ഉരുക്കുവ്യവസായ പ്രമുഖനും അന്യരെ സഹായിക്കുന്നതിനുവേണ്ടി ദശലക്ഷക്കണക്കിനു ഡോളര്‍ ചെലവാക്കുകയും ചെയ്ത ആന്‍ഡ്രൂ കാര്‍ണീജ് പറയുമായിരുന്നു. “സ്വയം സഹായിക്കാന്‍ ശ്രമിക്കാത്തവരെ സഹായിക്കാന്‍ ശ്രമിക്കുന്നതു കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. നിങ്ങള്‍ക്ക് ആരേയും ഏണിയില്‍ ഉന്തിക്കയറ്റുവാന്‍ പറ്റുകയില്ല. അയാള്‍ കയറാന്‍ ആഗ്രഹിക്കാത്ത കാലത്തോളം.”

അടുത്ത അദ്ധ്യായങ്ങളിലുള്ള തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ വിജയസോപാനം കയറുന്നതിനുള്ള ലളിതമാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്കു പ്രദാനം ചെയ്യുന്നു. പക്ഷെ നിങ്ങള്‍, നിങ്ങള്‍തന്നെ, ആ പടികള്‍ ചവിട്ടിക്കയറണം! ഗോവേണി ഞാന്‍ പ്രദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ എനിക്ക് നിങ്ങളെ അതില്‍ കയറ്റാന്‍ സാധിക്കുകയില്ല. നിങ്ങള്‍ക്കുവേണ്ടി മറ്റാര്‍ക്കും അതില്‍ കയറാനും പറ്റുകയില്ല. വിജയത്തിൻറെ ഏണിപ്പടികള്‍ നിങ്ങള്‍ തന്നെ കയറണം!
നിങ്ങളുടെ തുടക്കം ഒരു പദ്ധതി പഠിച്ചുകൊണ്ടാവാം – പക്ഷെ, ആ രീതിയില്‍ അതു മുഴുമിപ്പിക്കാന്‍ ആവുകയില്ല.

“അറിവാണ് ശക്തി”യെന്ന്‍ പറഞ്ഞിട്ടുണ്ട്. ലളിതമായി പറഞ്ഞാല്‍ അതങ്ങനെയല്ല! അറിവ് ശക്തിയല്ല, അറിവ് ലീനശക്തി മാത്രം! അറിവ് ഉപയോഗിക്കുമ്പോഴാണ് നിങ്ങള്‍ക്കു ശക്തി കൈവരുന്നത്.

പഠിച്ചുകഴിഞ്ഞാലുടന്‍ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ഓരോന്നും പ്രയോഗത്തില്‍ വരുത്താന്‍ ആരംഭിക്കുക. പരമ്പര മുഴുവന്‍ വായിച്ചു തീരുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഒരു സമയത്ത് നിങ്ങളുടെ വിജയസോപാനത്തിൻറെ ഒരുപടി കയറുക. കാത്തിരിക്കരുത്. അവസാനം ഒരു കുതിച്ചുചാട്ടത്തിലൂടെ മുകളിലെത്താനും ശ്രമിക്കരുത്.

ഓര്‍മ്മിക്കുക……. ഒരുസമയത്ത്, ‘ഒരുപടി’മാത്രം!

നിങ്ങളുടെ ആദ്യത്തെ ചുവട് അടുത്ത അദ്ധ്യായത്തില്‍……..

Share: