സ്വാമി സംഗീതമാലപിക്കും ….

Share:

സ്വാമി സംഗീതമാലപിക്കും …. എന്ന പ്രത്യേകതയുള്ള റിങ്ടോൺ ഇനിയില്ല!
എഴുതിയ ആൾ തന്നെ സംഗീതം പകർന്ന വരികൾ …ഗാനഗന്ധർവൻറെ ശബ്ദത്തിൽ നാം കേൾക്കുന്നു.
ആലപ്പി രംഗനാഥ് എന്ന സംഗീതജ്ഞനെ ഫോണിൽ വിളിക്കുമ്പോൾ…

കഴിഞ്ഞ ദിവസം രാവിലെ ( ജനുവരി 16 ഞായറാഴ്ച്ച ) വിളിക്കുമ്പോൾ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. ‘ഹരിവരാസനം’ ബഹുമതി ലഭിച്ചതിലുള്ള സന്തോഷം.

” എന്താ രാജനേ ? ” ( അദ്ദേഹം അങ്ങനെയാണ് വിളിച്ചിരുന്നത്; തകഴിച്ചേട്ടനെപ്പോലെ )

“മനോരമ ഞായറാഴ്ച പതിപ്പിൽ ചേട്ടനെക്കുറിച്ചു നന്നായി എഴുതിയിരിക്കുന്നു. അഭിമാനം തോന്നുന്നു. അഭിനന്ദനങ്ങൾ ”

” രാജനേ ,മാതൃഭൂമിയിലും നന്നായി എഴുതിയിട്ടുണ്ട്. മനോരമ ഞാൻ കണ്ടില്ല. ഒക്കെ കാണുമ്പോഴും കേക്കുമ്പോഴും സന്തോഷം.”

” ചേട്ടന് പദ്‌മശ്രീ കിട്ടേണ്ടതാണ് ”
” അത് നിങ്ങൾ ചെയ്യണം ” – മറുപടി

പണ്ട് പി ആർ ഡി ആയിരുന്നു കേരളത്തിൽ നിന്നുള്ളവരെ പദ്‌മശ്രീക്ക് പരിഗണിക്കാൻ ലിസ്റ്റ് കൊടുക്കുന്നത്.

” ചെയ്യാം ചേട്ടാ. ഇപ്പോഴും പി ആർ ഡിയിൽ എൻറെ സുഹൃത്തുക്കളുണ്ട്”.
( ഇപ്പോൾ വ്യക്തികൾക്കും നാമനിർദ്ദേശം നൽകാം )

” എന്നാ കാണുന്നത് ? ഇപ്പോൾ എവിടെയാ ? ദുബൈയിൽ ?”

” ഇവിടെയുണ്ട്. തൊടിയൂരിൽ . ചേട്ടനിപ്പോൾ എവിടെയാ ?”

” കോട്ടയം. ഏറ്റുമാനൂരിനടുത്തു ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഒരാശ്രമമുണ്ട്. അവിടെ ഒരു കണ്ടെത്തലിൻറെ പണിപ്പുരയിലാണ്. സംഗീതവുമായി ബന്ധപ്പെട്ട ഒരന്വേഷണം. ആരും ശ്രദ്ധിക്കാതിരിക്കുന്ന ചില കാര്യങ്ങൾ. ശേഷിച്ച ജീവിതം അതിനായി …”

“ഞാൻ വരാം “.
“അല്ല രാജനേ , ഞാൻ അങ്ങോട്ട് വരാം. വീട്ടിലേക്ക്. മോൾക്ക് സുഖമാണോ? മോൻ എവിടെ?”

“മോൻറെ സിനിമ ഒ ടി ടി റിലീസ് ആയി. .”
അദ്ദേഹത്തിന് സന്തോഷം.

“അവൻ മിടുക്കനാ. സിനിമയിൽ രക്ഷപെടും. കഠിനാദ്ധ്വാനിയാ . കഴിഞ്ഞ തവണ കൊച്ചിയിൽ റിയാൻ സ്റ്റുഡിയോയിൽ വെച്ച് കണ്ടിരുന്നു.”

‘ചേട്ടൻ ‘ബേബി സാം’ കാണണം’ സൈന പ്ലേയ്‌യുടെ ലിങ്ക് ഞാൻ അയച്ചുതരാം.”

“എനിക്കും അവൻറെ സിനിമ കാണണമെന്നുണ്ട് ….പിന്നെ , ഒരു കടം ബാക്കി കിടപ്പുണ്ട്”.

“ഞാൻ സകുടുംബം വരാം ഏറ്റൂമാനൂരിന് ”
“വരണം. നമുക്ക് ചിലത് ചെയ്യണം “.

ഒരു കടം എന്ന് പറഞ്ഞത് സുമംഗലാമ്മയുടെ പാട്ടുകളെക്കുറിച്ചാണ് .

‘അമ്മേ ,ആറ്റുകാലമ്മേ ‘ എന്ന സുമംഗലാ ശങ്കരൻകുട്ടിയുടെ (കെ ജി സേതുനാഥിൻറെ സഹോദരി ) ഗാനങ്ങൾക്ക് സംഗീതം പകരുമ്പോൾ ,അത് ദൃശ്യവൽക്കരിക്കുന്നതിനെക്കുറിച്ചു ഞങ്ങൾ ആലോചിച്ചിരുന്നു. കഴിയുമെങ്കിൽ ആ ഗാനങ്ങൾ ഉൾപ്പെടുത്തി ആറ്റുകാലമ്മയെക്കുറിച്ചു ഒരു സിനിമ.

പാട്ടിലും സംഗീതത്തിലും മാത്രമല്ല സിനിമ, നാടകം , നൃത്തം തുടങ്ങിയവയിലൊക്കെയും ആലപ്പി രംഗനാഥിന് സ്വന്തമായ സ്ഥാനമുണ്ടായിരുന്നു.

രണ്ടായിരത്തോളം ഗാനങ്ങൾക്ക് ഈണമിട്ട, ഗാനഗന്ധർവൻ യേശുദാസിനെക്കൊണ്ട് ഇരുനൂറിലധികം ഗാനങ്ങൾ ഈണമിട്ട് പാടിച്ച , നിരവധി നാടകങ്ങൾ എഴുതിയ, തിരക്കഥ എഴുതിയ ,  സിനിമ സംവിധാനം ചെയ്ത ആലപ്പി രംഗനാഥിന് അർഹിക്കുന്ന അംഗീകാരം കേരളം നൽകിയോ എന്ന ചോദ്യം ബാക്കി നിൽക്കുമ്പോഴാണ് , അദ്ദേഹം നമ്മെ വിട്ടുപോയി എന്ന വാർത്തയുമായി ഇന്നത്തെ ( 17/1/22) പത്രം, മുൻപേജ് വാർത്തയുമായി എത്തുന്നത്.

അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രഭാതത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ലഘു ഫീച്ചർ വായിച്ച മനോരമയുടെ ഇന്നത്തെ മുൻപേജിൽ അദ്ദേഹം വിട പറഞ്ഞ വാർത്ത.
ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത വാർത്ത.

ഒരുപാട് സ്വപ്‌നങ്ങൾ മനസ്സിൽ ബാക്കി നിർത്തി , ഒരു ജ്യേഷ്ട സഹോദരൻ …ഒരു മഹാ പ്രതിഭ നമുക്ക് നഷ്ടമാകുന്നു.

സുമംഗലാമ്മയുടെ ഗാനങ്ങൾക്ക് ഈണമിടുമ്പോൾ അമ്മ പറയുമായിരുന്നു :
“മോനെ, ആലപ്പി രംഗനാഥ് ഒരു ബഹുമുഖ പ്രതിഭയാണ്. നമ്മൾ തിരിച്ചറിയാതെ പോയ മഹാപ്രതിഭ”.

സുമംഗലാമ്മ എത്രയോ മുൻപേ യാത്രയായി!
ഒരിക്കലും തിരിച്ചുവരാനാകാത്ത ലോകത്തേക്ക് രംഗനാഥ് ചേട്ടനും വിട വാങ്ങുമ്പോൾ , സംഗീതത്തെയും കലയെയും സ്നേഹിച്ച അസാധാരണ പ്രതിഭ സുമംഗലാമ്മയോടൊപ്പം ചേരുന്നു.
പുതിയൊരു രാഗമാലികക്കായി ….

  • രാജൻ പി തൊടിയൂർ 
Share: