രാഷ്ട്രത്തിനാവശ്യം ആശയവിസ്ഫോടനം !!!

Share:
Personality development

എം ആർ കൂപ് മേയർ   പരിഭാഷ: എം ജി കെ നായർ 

സംഭ്രമജനകമാം വിധം നമ്മുടെ രാജ്യത്തേയും പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള ജനസംഖ്യ പെട്ടന്നുവര്‍ദ്ധിച്ചപ്പോള്‍, അതിനെ നാടകീയമാക്കാന്‍ ഉപയോഗിച്ച സംജ്ഞ ഇതാണ് : “ജനസംഖ്യാ വിസ്ഫോടനം”.

നിങ്ങളേയും ഈ പരമ്പര  വായിക്കുന്ന ആയിരക്കണക്കിന് വായനക്കാരേയും എന്നോടൊപ്പം ചേര്‍ന്ന്  ഈ ആശയം പ്രചരിപ്പിക്കുവാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു: “നമ്മുടെ രാഷ്ട്രത്തിന് ആവശ്യം ആശയവിസ്ഫോടനമാണ്.”
കിട്ടുന്ന എല്ലാ അവസരങ്ങളിലും അതേപ്പറ്റി സംസാരിക്കുക.  നിങ്ങളുടെ പ്രാദേശിക വാര്‍ത്താപത്രങ്ങളിലെ പത്രാധിപര്‍ക്കുള്ള കത്തുകളിലോ വായനക്കാരുടെ അഭിപ്രായങ്ങള്‍ കൈകാര്യം ചെയ്യുന്ന പംക്തിയിലോ പ്രസിദ്ധീകരിക്കുന്നത്തിനുള്ള കത്തുകള്‍ എഴുതുക.

ഈ രാജ്യത്ത് ഒടുവിലത്തെ ആശയവിസ്ഫോടനം ആരംഭിക്കാന്‍ രണ്ടാം ലോകമഹായുദ്ധമാണ് കാരണമായത്.  പൊതുജനം നിങ്ങളെ ശ്രദ്ധിക്കുന്നു.  ഗവവേഷകരല്ല.  അഞ്ചുമില്യന്‍ഡോളര്‍ അങ്കിള്‍ സാമിന് (അമേരിക്കയ്ക്ക്) ലാഭിക്കുവാന്‍ തക്കവിധം യുദ്ധോപകരണങ്ങള്‍ മെച്ചപ്പെടുത്തുന്നത്തിനുള്ള ആശയങ്ങള്‍ നല്‍കിയത് പൊതുജനങ്ങളാണ്!  (പണപ്പെരുപ്പം കൊണ്ട് മൂല്യശോഷണം സംഭവിക്കാത്ത അന്നത്തെ അഞ്ചുമില്യന്‍ഡോളര്‍!)
പതിനെട്ടു മാസംകൊണ്ട് യുദ്ധവകുപ്പിലെ സിവിലിയന്‍ ജീവനക്കാര്‍ 20069 പുതിയ ആശയങ്ങള്‍ ചിന്തിച്ചെടുക്കുക വഴി 43,793,000 ഡോളറുകള്‍ ലാഭിച്ചു!  വെറും രണ്ടാഴ്ചകൊണ്ട് മെച്ചപ്പെടുത്തുന്നതിനുള്ള 900 ആശയങ്ങള്‍ നേവിയാര്‍ഡിലെ ജീവനക്കാര്‍ സമര്‍പ്പിച്ചു!

എന്നാല്‍ ഒരാശയ വിസ്ഫോടനത്തിന് പ്രചോദനമരുളാന്‍ നമുക്ക് ഒരു യുദ്ധത്തിന്‍റെ ആവശ്യമില്ല.  മിക്കവാറും എല്ലാ പരിതോവസ്ഥകളിലും നാമിന്ന്   – ഇപ്പോള്‍ – വിനാശകരമായ പ്രതിസന്ധി നേരിടുകയാണ്.  ലോകം മുഴുവന്‍ അപ്രകാരം തന്നെ!

ഭക്ഷ്യപ്രതിസന്ധി നമുക്കുണ്ട് (എല്ലാ യുദ്ധങ്ങളിലും കൂടിമരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പട്ടിണികൊണ്ട് ഇപ്പോള്‍ മരിക്കുന്നു!)
സാമ്പത്തിക പ്രതിസന്ധി, പണപ്പെരുപ്പം മൂലമുള്ള പ്രതിസന്ധി, സ്വര്‍ണ്ണരംഗത്തെ പ്രതിസന്ധി, പലിശനിരക്കിലുള്ള പ്രതിസന്ധി, പണവിതരണ പ്രതിസന്ധി…… അങ്ങനെ എത്രയെത്ര പതിസന്ധികള്‍! കുറ്റകൃത്യങ്ങള്‍ കൊണ്ടുള്ള പ്രതിസന്ധി, ലഹരി മരുന്നുകള്‍ കൊണ്ടുള്ള പ്രതിസന്ധി…. സദാചാര രാഹിത്യം കൊണ്ടുള്ള പ്രതിസന്ധി – അങ്ങനെ എത്ര എത്ര പ്രതിസന്ധികള്‍!

അവിശ്വസനീയമാംവിധമുള്ള ധൂര്‍ത്ത്, ചോദ്യംചെയ്യപ്പെടാനാവാത്ത കാര്യക്ഷമതയില്ലായ്മ, പലപ്പോഴും സംശയകരമായ നീതിനിഷ്ഠ – ഇവയെല്ലാം ചേര്‍ന്നുള്ള ഭരണപരമായ പ്രതിസന്ധി.

ഇന്ധനപ്രതിസന്ധി, ഇറക്കുമതി കുന്നുകൂടുന്നതുകൊണ്ടുള്ള പ്രതിസന്ധി, അസ്ഥിരമായ വ്യാപാരരംഗം കൊണ്ടുള്ള പ്രതിസന്ധി, കയറ്റുമതിരംഗത്തുള്ള പ്രതിസന്ധി…. അങ്ങനെ എത്രയെത്ര പ്രതിസന്ധികള്‍!
നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളും എഴുതിക്കൂട്ടുന്നതില്‍ അര്‍ത്ഥമില്ല.  നിങ്ങള്‍ എന്തിന്‍റെയെങ്കിലും പേരുപരയൂ – അതില്‍ നമുക്കൊരു പ്രതിസന്ധിയുണ്ട്!

ഇത്തരമൊരുകുഴപ്പത്തില്‍ ഈ രാഷ്ട്രവും ലോകവും എങ്ങനെ ചെന്നു ചാടിയെന്നതിനെപ്പറ്റി തെളിവുകള്‍ ശേഖരിക്കുന്നത് രസകരമെങ്കിലും പാഴ് വേലയാണ്.
എന്നാല്‍, മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ “ചിന്തിച്ചെടുക്കുകയും” “എഴുതിവവെയ്ക്കുകയും” “തുറന്നുപറയുകയും” ചെയ്യുകയെന്നതാണ് കൂടുതല്‍ ക്രിയാതമാകം!

അബദ്ധങ്ങള്‍ നമുക്ക് ആവശ്യത്തിലേറെ ഉണ്ടായിക്കഴിഞ്ഞു! മെച്ചപ്പെടുത്തലുകള്‍ക്കുള്ള ആശയങ്ങള്‍ രൂപപ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു!
ഈ രാഷ്ട്രത്തിനാവശ്യം ഇതാണ് : ആശയവിസ്ഫോടനം!
ഒരാശയവിസ്ഫോടനം എന്തുകൊണ്ടാണാവശ്യം?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ : അതിജീവിക്കുന്നതിന് !

വളരെക്കാലമായി ആശയങ്ങള്‍ക്കുവേണ്ടി നാം ആശ്രയിച്ചുപോരുന്നത് അസംഘടിതരും അമിതവിദ്യാഭ്യാസയോഗ്യതയുള്ളവരും പരിചയം കുറഞ്ഞവരുമായ തലച്ചോര്‍ (?) ട്രസ്റ്റുകളെയാണ്.  ശരിക്കും കാര്യങ്ങള്‍ അറിയാവുന്നവരില്‍ നിന്നും പ്രായോഗികാശയങ്ങള്‍ ലഭിക്കുമായിരുന്നപ്പോഴാണ് ഈസമ്പ്രദായം സ്വീകരിച്ചുപോന്നത്.  യഥാര്‍ത്ഥത്തില്‍ ജോലിചെയ്യുന്ന, ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന, ഉപകരണ ങ്ങള്‍ ഉപയോഗിക്കുന്ന, സേവനങ്ങള്‍ ചെയ്തുകൊടുക്കുന്ന, ആത്യന്തികമായി സകലതിനും വിലകൊടുക്കുന്ന ദശലക്ഷക്കണക്കിനാളുകളില്‍ നിന്നും പ്രായോഗികാശയങ്ങള്‍ ലഭിക്കുമായിരുന്നപ്പോള്‍!

“ദന്തഗോപുരങ്ങളില്‍” നിന്നും, അവരുടെ വിനാശകരമായ സാമ്പത്തിക ശാസ്ത്രങ്ങളില്‍ നിന്നും നാം മോചിതരാകേണ്ടിയിരിക്കുന്നു.
വിജയകരമായ ഒരു ദേശീയ ദുരന്തത്തില്‍ നിന്നും മറ്റൊന്നിലേക്ക് നമ്മെ നയിച്ചുകൊണ്ടിരിക്കുന്ന വൈദഗ്ദ്ധ്യം നേടിയിട്ടില്ലാത്ത ‘കളിക്കാരി’ല്‍ നിന്നും നാം മോചിതമാകേണ്ടിയിരിക്കുന്നു.
“ഏറ്റവും കൂടുതല്‍ ലേലം വിളിക്കുന്നവന് ഭരണം” എന്നു സംശയിക്കേണ്ടിയിരിക്കുന്ന പ്രവണതയുടെ എല്ലാ കാരണവും നാം നീക്കിക്കളയണം.
“വിലക്കയറ്റം – വേതനവര്‍ദ്ധനയെന്ന” എന്ന സര്‍പ്പിളസ്വഭാവം നമുക്ക് അവസാനിപ്പിക്കണം – വിലകൊടുക്കാനോ വേതനം കൊടുക്കാനോ കഴിയാതാകുന്നതിനു മുമ്പ്.

നമ്മള്‍ ജനങ്ങളാല്‍ ഭരിക്കപ്പെട്ടാല്‍ പോരാ – ജനങ്ങളുടെ ആശയങ്ങളാല്‍  ഭരിക്കപ്പെടണം!
ഈ അദ്ധ്യായം അതിനെക്കുറിച്ചാണ് : ജനങ്ങളുടെ ആശയങ്ങള്‍!
ഓരോ ജീവനക്കാരനേയും എല്ലാ തലത്തിലും അവന്‍റെ തൊഴിലിനോടു ബന്ധപ്പെടുത്തി, മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ ചിന്തിച്ചെടുക്കാന്‍ തീവ്രമായി പ്രോത്സാഹിപ്പിച്ചാല്‍, മെച്ചപ്പെടുത്തപ്പെട്ട സമ്പ്രദായങ്ങളും നടപടികളും സേവനങ്ങളും ഓരോരുത്തര്‍ക്കും അമിതമായ സമൃദ്ധിയും സുരക്ഷിതമായ ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുവാന്‍ സാധിക്കും.
നമ്മുടെ എല്ലാ മാദ്ധ്യമങ്ങളും ഓരോ പൗരനെയും എല്ലാത്തലത്തിലും അവന്‍റെ ജീവിതത്തെ ബാധിക്കുന്ന ഉല്പന്നങ്ങളേയും സേവനങ്ങളേയും മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ ചിന്തിച്ചെടുക്കാന്‍ തീവ്രമായി പ്രോത്സാഹിപ്പിച്ചാല്‍ ദേശീയമായ ഉദാസീനതമാറ്റി എല്ലാം മെച്ചപ്പെടുത്തുന്നതിന്‍റെ പുളകവും ആവേശവും അനുഭവിക്കാന്‍ കഴിയും.
ഈ രാഷ്ട്രത്തിന് ഒരു ആശയവിസ്ഫോടനമാണ് ആവശ്യം….. അത് ഇങ്ങനെ നേടിയെടുക്കാം:

എല്ലാത്തരത്തിലും വലുപ്പത്തിലുമുള്ള വ്യവസായസ്ഥാപനങ്ങള്‍, എല്ലാത്തലത്തിലുമുള്ള എല്ലാ ജീവനക്കാര്‍ക്കും വേണ്ടി നിരന്തരം നിര്‍ദ്ദേശ പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കുകയും ഓഫീസുകളിലും ഫാക്ടറികളിലും സ്റ്റോറുകളിലും മറ്റും ആശയനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള പെട്ടികള്‍ വെച്ച് അവരുടെ നിര്‍ദ്ദേശപദ്ധതികള്‍ തീവ്രമായി ഉത്തേജിപ്പിക്കുകയും വേണം.  ഇതേപ്പറ്റിയുള്ള പ്രചരണത്തിന് സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പോസ്റ്ററുകളും ജീവനക്കാരുടെ പ്രസിദ്ധീകരണങ്ങളില്‍ പരസ്യങ്ങളും ജീവനക്കാര്‍ക്കുള്ള ഫോള്‍ഡറുകളില്‍ വിശദാംശങ്ങളും നല്‍കാവുന്നതാണ്‌.
മെച്ചപ്പെടുത്തലിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കരസ്ഥമാക്കുന്നതിനും പ്രതിഫലം കൊടുക്കുന്നതിനും മൂല്യനിര്‍ണ്ണയത്തിനും സാദ്ധ്യമെങ്കില്‍ ഉപയോഗിക്കുന്നതിനും എല്ലാസ്ഥാപനവും വലുപ്പമനുസരിച്ച്, ഒരു വകുപ്പിനേയോ ഏറ്റവും കുറഞ്ഞത് ഒരു വ്യക്തിയേയോ ചുമതലയേല്പിക്കണം.

ഒരു തലമുറയ്ക്കു മുമ്പ് ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ദ്ധനും മാനേജ്മെന്റ് ഉപദേഷ്ടാവുമായ ഹെര്‍ബര്‍ട്ട് എന്‍. കാസ്സന്‍ എഴുതി : “കാര്യക്ഷമതയുള്ള ഒരു സ്ഥാപനം സംഘടിത സൗഹൃദമായിരിക്കണം.”  ഇക്കാലത്ത് പണിമുടക്ക്  യോഗങ്ങളില്‍ തൊഴിലാളികള്‍ തൊഴില്‍ദായകരെ അധിക്ഷേപിക്കുകയും ശപിക്കുകയും ചെയ്യുന്നത് നാം കാണുന്നു.  മാനേജ്മെന്റ് യോഗങ്ങളില്‍ കാണുന്നതും അതുപോലെയുള്ള ശാഠ്യമനോഭാവമാണെന്നത് എത്രവിചിത്രമായിരിക്കുന്നു!

ടെലിവിഷനിലോ മറ്റ് വാര്‍ത്താമാദ്ധ്യമങ്ങളിലോ സ്ഥാനം പിടിക്കത്തക്കവിധം പകിട്ടോ പ്രകാശമോ ഇല്ലാത്തവയെങ്കിലും മുകളില്‍ പറഞ്ഞവയ്ക്ക് അപവാദമായി ഏതാനും സ്ഥാപനങ്ങള്‍ ഉണ്ടെന്നതും സത്യസന്ധതക്കുവേണ്ടി പറയേണ്ടിയിരിക്കുന്നു.  അവയുടെ എണ്ണം പരിമിതമാണെന്നും ഖേദപൂര്‍വ്വം പറയട്ടെ.

എന്നിരുന്നാലും തൊഴിലാളി – തൊഴിലുടമബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗം, മിക്കപ്പോഴും മാനേജ്മെന്റ്ന് മാത്രമായി മാറ്റിവെയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും തൊഴിലാളികള്‍ അത്തരം പരസ്പരം നേട്ടമുണ്ടാക്കുന്ന പദ്ധതികളില്‍ – ആശയ നിര്‍ദ്ദേശ പദ്ധതികളില്‍ – സഹകരിക്കുകയുമാണ്.
ഒരു പക്ഷെ, മാനേജ്മെന്റിനും  തൊഴിലാളികള്‍ക്കും ബിസിനസ് മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളിന്മേല്‍ സഹകരിച്ചു പ്രവര്‍ത്തിച്ച് ഒരു “സംഘടിത സൗഹൃദം” സ്ഥാപിക്കാവുന്നതും അതില്‍ നിന്നും ഇരുകൂട്ടര്‍ക്കും ആദായം ഉണ്ടാക്കാവുന്നതുമാണ്.

മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ക്കുള്ള അന്വേഷണം (അവാര്‍ഡുകളും) സ്വന്തം ജീവനക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തരുത്‌.  ഉല്പന്നവും സേവനവും മെച്ചപ്പെടുത്തുന്നതിന് ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ ആരായുന്നതിന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണം.

എല്ലാ ഉപഭോക്താക്കളില്‍ നിന്നും ഉപഭോക്താക്കളാകാന്‍ സാദ്ധ്യതയുള്ളവരില്‍ നിന്നും ഉല്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്ന ഒരു സ്ഥാപനം ആശയങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുകയും ഉല്പന്നങ്ങളും സേവനങ്ങളും ഭൗതിതകമായി മെച്ചപ്പെടുത്തുകയും ചെയ്താല്‍ ഉല്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താന്‍ പരസ്യത്തിന്‍റെ ഒരു ഭാഗം മാത്രം ഉപയോഗിച്ച് ആശയങ്ങള്‍ ക്ഷണിക്കുന്ന മറ്റൊരു സ്ഥാപനത്തെക്കാള്‍ ആദ്യംപറഞ്ഞ സ്ഥാപനം കൂടുതല്‍ മാനിക്കപ്പെടും.  ഉപഭോക്താക്കളെക്കൂടി ‘ടീമി’ല്‍ ഉള്‍പ്പെടുത്തുക.

ഗുണഭോക്താക്കളാകാന്‍ സാദ്ധ്യതയുള്ളവരില്‍ നിന്നും ഗുണഭോക്താക്കളായിരുന്നവരും ഇപ്പോള്‍ ഗുണഭോക്താക്കളല്ലാത്തവരുമായവരില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അവര്‍ എന്തുകൊണ്ടു സാധനങ്ങള്‍ വാങ്ങുന്നില്ലെന്ന്  വ്യക്തമാക്കും – അങ്ങനെ ബിസിനസ്സിന് അവര്‍ക്കുവേണ്ടത് കൂടുതല്‍ നല്‍കാനും വേണ്ടാത്തത് കുറച്ചു നല്‍കാനും സാധിക്കും – ചോദിക്കുക അത്രമാത്രം.

മെച്ചപ്പെടുത്തലിനുള്ള ആശയങ്ങള്‍ മിക്കവാറും അയയ്ക്കുകയില്ലെങ്കിലും, ചോദിക്കുന്നത് വിലമതിക്കപ്പെടും.  ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്ന ഉല്പന്നങ്ങളും, സേവനങ്ങളും കൊടുക്കാന്‍ ആത്മാര്‍ത്ഥതയോടും താല്പര്യത്തോടും ശ്രമിക്കുന്ന, അവരെ വിഷമിപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന സാധനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന, സ്ഥാപനത്തിന് കൂടുതല്‍ ആദരവ് നേടാന്‍ സാധിക്കും.  സാദ്ധ്യതകള്‍ വര്‍ദ്ധിക്കും.

വായനക്കാര്‍ സമര്‍പ്പിക്കുന്ന “മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍” – എന്തിനെ സംബന്ധിച്ചായാലും – പ്രസിദ്ധപ്പെടുത്തുന്നതിന് എല്ലാദിനപ്പത്രങ്ങളും മാസികകളും ബിസിനസ് പ്രസിദ്ധീകരണങ്ങളും സ്ഥിരം ഫീച്ചര്‍ കോളമോ പേജോ നീക്കിവെയ്ക്കണം.  “പത്രാധിപര്‍ക്കുള്ള കത്തുകള്‍”, “വായനക്കാരുടെ അഭിപ്രായം” എന്നിവയ്ക്കുള്ള പേജുകളില്‍ നിന്നും വ്യത്യസ്ഥമായിരിക്കണം ഇത്  കാരണം, ആ പേജുകള്‍ മെച്ചപ്പെടുത്തലുകള്‍ക്കുള്ള ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയല്ല.  ഒട്ടേറെവായനക്കാര്‍ അവരുടെ ആശയങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള ഈ മാര്‍ഗ്ഗത്തെ സ്വാഗതം ചെയ്യും.

എല്ലാ ടെലിവിഷന്‍ – റേഡിയോ നിലയങ്ങളും “മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍” – എന്തായാലും – തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്നതിനും പ്രേക്ഷകര്‍ അത്തരം ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് തീവ്രമായി പ്രോത്സാഹിപ്പിക്കുന്നതിനും തുടര്‍ച്ചയായ പരിപാടികള്‍ നടത്തണം.  എന്തെങ്കിലും ഒന്ന്  മെച്ചപ്പെടുത്താന്‍ ഏതെങ്കിലും ഒരാശയം ഓരോരുത്തര്‍ക്കും ഉണ്ടാകും – അല്ലെങ്കില്‍ ചിന്തിച്ചെടുക്കാന്‍ സാധിക്കും.  ആശയങ്ങള്‍ ചിന്തിച്ചെടുക്കുകയെന്നത് പകരുന്ന സ്വഭാവമാണ്.  മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ – നഗരം മെച്ചപ്പെടുത്തുന്നതു മുതല്‍ വീടുകളില്‍ ചെയ്യേണ്ടവ വരെ – പ്രേക്ഷകരില്‍ ഉത്തേജിപ്പിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്ന ടെലിവിഷന്‍ – റേഡിയോ പരിപാടികള്‍ സ്വാഗതാര്‍ഹവും സാധാരണ പരിപാടികള്‍ക്ക് പുറമേ രസകരമായ മറ്റൊരു പരിപാടി ആയിത്തീരുകയും ചെയ്യും.

കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത്തിനുള്ള, സൃഷ്ടിക്കുന്നതിനുള്ള വിദ്യകള്‍ പഠിപ്പിക്കുന്നത്തിനുള്ള ക്ലാസുകള്‍ ആഴ്ചതോറും സ്കൂളുകളിലും ഉണ്ടായിരിക്കണം.  താഴ്ന്ന ക്ലാസുകളില്‍ നിന്നു തന്നെപഠനം ആരംഭിക്കാം.  ക്ലാസിന്‍റെ ശ്രദ്ധപതിയേണ്ട കാര്യങ്ങള്‍ കേന്ദ്രബിന്ദുക്കളാക്കി പ്രത്യേകപദ്ധതികള്‍ ആരംഭിക്കാം.  ഉദാഹരണമായി, “ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ തേടുന്നതിനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കൂടുതലായി നിര്‍ദ്ദേശിക്കാനുള്ള ആശയങ്ങള്‍ എന്തെല്ലാം?” എന്ന വിഷയം സീനിയര്‍ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്യുന്ന ആശയപദ്ധതിയായിരിക്കും,  “പഠനം കൂടുതല്‍ രസകരമാക്കാന്‍ നിങ്ങള്‍ക്ക് എന്തൊക്കെ ആശയങ്ങളാണുള്ളത്?”  എന്നത് എല്ലാത്തലത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തേജനം നല്‍കുന്ന വിഷയമാണ്.

പിന്നീട്, ക്രിയാത്മകമായ ആശയങ്ങള്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍, ആശയങ്ങള്‍ക്കുവേണ്ടിയുള്ള ക്ലാസുകള്‍ എല്ലാം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സ്വതന്ത്രവും വിലക്കുകളില്ലാത്തതുമായ ചര്‍ച്ചകളായിരിക്കണം.
മത്സരരൂപത്തില്‍ വെല്ലുവിളികളും ഉണ്ടായിരിക്കണം, നൂറുവ്യത്യസ്തകാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രായോഗികാശയങ്ങളുടെ ഒരു പട്ടിക ആദ്യം എഴുതി സമര്‍പ്പിക്കുന്നത് ആരായിരിക്കും?” അല്ല, നൂറെന്നു പറയുന്നത് വളരെക്കൂടുതലല്ല.  ക്രിയാത്മകചിന്തയിലൂടെ എന്തും ഏതും മെച്ചപ്പെടുത്താന്‍ സാധിക്കും എന്നകാര്യം പരിഗണിക്കുമ്പോള്‍. (13 – അദ്ധ്യായത്തിലെ 61 മാന്ത്രികചോദ്യങ്ങള്‍ അവലോകനം ചെയ്യുക.)

ഷേര്‍വുഡ് ആന്‍ഡേഴ്സൺ പറഞ്ഞതുപോലെ, “വിദ്യാഭ്യാസത്തിന്‍റെ മുഴുവനായ ഉദ്ദേശ്യം മാനസികവികസനമാണ്, അല്ലെങ്കില്‍ ആയിരിക്കണം.  മനസ്സ് പ്രവര്‍ത്തിക്കുന്ന ഒന്നായിരിക്കണം”.  കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്‍ ചിന്തിച്ചെടുക്കാന്‍ മനസ്സിനെ ഉത്തേജിപ്പിക്കുന്നതിനേക്കാള്‍ മാനസിക പ്രവര്‍ത്തനം പരിശീലിപ്പിക്കുന്നതിനുള്ള കൂടുതല്‍ നല്ലമാര്‍ഗ്ഗം എന്താണുള്ളത്!

അത്തരം പരിശീലനം കൊടുക്കുന്നതിനുള്ള ഏറ്റവും പറ്റിയ സ്ഥലങ്ങളിലൊന്ന്  വീടാണ്.  ആശയങ്ങളുടെ ഉത്തേജിപ്പിക്കല്‍ വീടുകളില്‍ കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തരുത്‌.  ചെറുപ്രായത്തില്‍ “ചിന്തിച്ചെടുക്കല്‍” കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, മുതിര്‍ന്നവര്‍ അവരുടെ മനസ്സ് അയവുള്ളതും മാറ്റം സ്വീകരിക്കാന്‍ തയ്യാറുള്ളവയുമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
“പാരമ്പര്യ പക്ഷാഘാതം” എന്നറിയപ്പെടുന്ന പ്രതിഭാസം മൂലമാണ് മിക്ക ആളുകളും സംഘടനകളും ബിസിനസ് സ്ഥാപനങ്ങളും ദുരിതമനുഭവിക്കുന്നതെന്ന്  മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു.  നേരത്തെ അംഗീകരിക്കപ്പെട്ടിട്ടുള്ള ചിന്തകളും പ്രവര്‍ത്തനമാതൃകകളില്‍ നിന്നും മാറിപ്പോകാന്‍ മാനസികമായും വൈകാരികമായും ശാരീരികമായും അവര്‍ അശക്തരായിത്തീരുന്നു.

എന്നാല്‍ ഡബ്ലു. ഒ. ഡഗ്ളസ് പറഞ്ഞതുപോലെ, “നിരന്തരമാറ്റത്തിലൂടെ മാത്രമേ, കാലം കഴിഞ്ഞതിനാല്‍ പ്രയോജനരഹിതമായ ആശയങ്ങള്‍ നിരാകരിക്കുന്നതിലൂടെ മാത്രമേ, സമകാലിക വസ്തുതകള്‍ക്ക് അനുയോജ്യമായ പുതിയ ആശയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ മാത്രമേ, സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളൂ”.
മാറ്റങ്ങള്‍ സംഭവിക്കുന്ന മുറയ്ക്ക് അവയ്ക്ക് അനുരൂപമായി പ്രവര്‍ത്തിക്കുന്നതിനുള്ള പുതിയ ആശയങ്ങള്‍ നാം നിരന്തരം സൃഷ്ടിക്കണം.  അല്ലെങ്കില്‍ പരിണാമത്തിലൂടെ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി മാറാന്‍ കഴിയാതെ പോയതും ഇപ്പോള്‍ ഇല്ലാത്തതുമായ ജീവിവര്‍ഗ്ഗങ്ങളുടെ വിധി നമുക്കും ഉണ്ടാകും.

ഒരു മനുഷ്യന്‍റെ ജീവിതകാലത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്കനു സൃതമായി മാറാന്‍ പരാജയപ്പെടുന്നതുകൊണ്ടുണ്ടാകുന്ന അനന്തരഫലങ്ങള്‍ “ജീവിവര്ഗ്ഗനാശം” അല്ല, ശരിതന്നെ.  വിനാശം അതിനേക്കാള്‍ കൂടുതല്‍ കാലക്രമേണ ഉണ്ടാകുന്നതാണ്.

വിനാശം സംഭവിക്കുന്നത് തുടര്‍ച്ചയായ നഷ്ടങ്ങളുടെ ശ്രേണിയിലൂടെയാണ്.  നിങ്ങള്‍ ഇപ്പോള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തരത്തിലുള്ള വ്യാപാരം ഇല്ലാതായേക്കാം.  നിങ്ങളുടെ ജോലി പോയേക്കാം.  നിങ്ങളുടെ ആദായം ഇല്ലാതായേക്കാം.  നിങ്ങള്‍ക്ക് ഉറപ്പുള്ള ഒരെയോരുകാര്യം മാറ്റമാണ്.
മാറ്റത്തെ വിജയകരമായി നിങ്ങള്‍ക്ക് എങ്ങനെ നേരിടാനാവും?
താഴെപ്പറയുന്ന മൂന്നുകാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം:

(1) മാറ്റത്തിന്‍റെ അനിവാര്യത സ്വീകരിക്കുകയും അത് പ്രതീക്ഷിക്കുകയും ചെയ്യുക.
(2) മാറ്റത്തിന്‍റെ ദിശയും രീതിയും മുന്‍കൂട്ടികാണുക – അതു നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും.
(3) മാറ്റത്തെ കൈകാര്യം ചെയ്യാന്‍ പഠിക്കുക! മാറ്റത്തെ കൈകാര്യം ചെയ്യണമെങ്കില്‍, മാറ്റത്തിന്‍റെ ദിശയും രീതിയും മുന്‍കൂട്ടി കാണണം.  മാറ്റം ഇനിയും സംഭവിച്ചിട്ടില്ലാത്തതിനാല്‍, ആദ്യം അത് മനോദൃഷ്ടിയില്‍ കാണുകയും ഭാവനയില്‍ അതിനെ കൈകാര്യം ചെയ്യുകയും വേണം.
ഭാവനയില്‍ കാണുക – ധീരമായി!

ജോണ്‍ ഡ്യൂയി നമ്മെ പഠിപ്പിച്ചിട്ടുള്ളതുപോലെ, “ശാസ്ത്രത്തിലെ മഹത്തായ എല്ലാ പുരോഗതിയും ഭാവനയുടെ, ഒരു പുതിയ, നിര്‍വ്വിശങ്കമായ ധീരതയില്‍ നിന്നുമാണ് ബഹിര്‍ഗമിച്ചിട്ടുള്ളത്”.
അസാദ്ധ്യമായത് സങ്കല്‍പ്പിക്കുവാന്‍ ധീരതകാട്ടുക! അസാദ്ധ്യമായതിന്‍റെ അങ്ങേയറ്റം വരെ നിങ്ങളുടെ ഭാവന വലിച്ചുനീട്ടാന്‍ ധൈര്യപ്പെടുക – നിങ്ങളുടെ ഭാവി അതിനപ്പുറം സ്ഥിതിചെയ്യുന്നതിനാല്‍, ആ ഭാവി നിങ്ങളെ കാത്തിരിക്കുകയാണ് – കണ്ടുപിടിക്കപ്പെടാന്‍ വേണ്ടി!
( തുടരും )
 

 

 

 

 

Share: