You are here
Home > Articles > ചുമടെടുത്തുകൊണ്ട് ഓൺലൈൻ പഠനം : ശ്രീനാഥ് മാതൃകയാകുന്നു.

ചുമടെടുത്തുകൊണ്ട് ഓൺലൈൻ പഠനം : ശ്രീനാഥ് മാതൃകയാകുന്നു.

പി എസ് സി പരീക്ഷാ രീതികൾ കാലാനുസൃതമായി മാറുമ്പോഴും ഉദ്യോഗാർത്ഥികൾ മാറാൻ തയ്യാറാകുന്നില്ല. എന്നാൽ എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷനിൽ ചുമടെടുത്തുകൊണ്ട് ഓൺലൈനിൽ പഠിച്ചു പി എസ് സി പരീക്ഷയിൽ വിജയിച്ച ശ്രീനാഥ് ഉദ്യോഗാർഥികൾക്ക് മാതൃകയാകുകയാണ്.

എല്ലാവിധ മത്സര പരീക്ഷകളും ഓൺലൈൻ ആകുന്ന ഒരു കാലഘട്ടത്തിലേക്കാണ് നാം മുന്നേറുന്നത്.

പതിനെട്ട് വർഷങ്ങൾക്ക് മുൻപുതന്നെ ഇക്കാര്യങ്ങൾ ഉദ്യോഗാർഥികളുടെ മുന്നിലെത്തിക്കാൻ ‘കരിയർ മാഗസിൻ’ ശ്രമിച്ചുതുടങ്ങി എന്നത് 2000 ജനുവരി മുതലുള്ള ലക്കങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും.
കടലാസ്സിൽ വിശദമായി എഴുതുന്ന പരീക്ഷാരീതി മാറി ഓ എം ആർ പരീക്ഷ വന്നു. അതേത്തുടർന്ന് ഓൺലൈൻ പരീക്ഷയായി. പരീക്ഷക്ക് പഠിക്കുന്നതിനും ഓൺലൈൻ സൗകര്യങ്ങൾ വ്യാപകമാകുന്നു.

കഴിഞ്ഞ 34 വർഷങ്ങളായി കേരളത്തിലെ ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കും അച്ചടിച്ച മാസികയുടെയും പുസ്തകങ്ങളിലൂടെയും പ്രതിവാര പത്രത്തിലൂടെയും മാർഗ്ഗനിർദ്ദേശം നൽകിവരുന്ന ‘കരിയർ മാഗസിൻ’ ഓൺലൈൻ ആയത് പുതിയതലമുറയ്ക്ക് കൂടുതൽ അറിവും പഠിക്കാനുള്ള സൗകര്യവും നൽകുന്നതിന് വേണ്ടിയാണ്. ഇരുപത്തിനാലു മണിക്കൂറും വിരൽത്തുമ്പിൽ വിജ്ഞാനമെത്തിക്കുന്ന ഓൺലൈൻ സൗകര്യം എത്രമാത്രം പ്രയോജനപ്രദമാണ് എന്നറിയണമെങ്കിൽ ചുമട്ടുകാരനായി ജോലി ചെയ്തുകൊണ്ട് ഓൺലൈനിൽ പഠിച്ചു പി എസ് സി പരീക്ഷയിൽ വിജയം വരിച്ച ശ്രീനാഥിൻറെ കഥ അറിയണം.

ചുമട് എടുക്കുമ്പോള്‍ മൊബൈലിൽ പാഠഭാഗങ്ങള്‍ പഠിച്ചു പിഎസ്‌സി പരീക്ഷയിൽ മുന്നിരയിലെത്തിയ മധുര വിജയത്തിന് പിന്നിൽ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും കഥ കൂടിയുണ്ട്. റയില്‍വേ സ്റ്റേഷനിലെ വൈ-ഫൈ സൗകര്യം പ്രയോജനപ്പെടുത്തിയാണ് ചുമട്ടുതൊഴിലാളിയായ ശ്രീനാഥ് പഠിച്ചത്

സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതമാണ് അഞ്ചു വർഷം മുൻപ് ശ്രീനാഥിനെ ചുമട്ടു തൊഴിലാളിയാക്കിയത്. അപ്പോഴും മനസ്സു നിറയെ സർക്കാർ ജോലിയെന്ന സ്വപ്നമായിരുന്നു. സാഹചര്യങ്ങൾ പിന്നിലേക്കു വലിച്ചെങ്കിലും പിൻമാറാൻ ശ്രീനാഥ് തയ്യാറായിരുന്നില്ല.

ജോലിക്കിടയിലും എന്തു ത്യാഗം സഹിച്ചും പഠിക്കാൻ തീരുമാനിച്ചു. രണ്ടു വര്‍ഷം മുൻപ് അതിനുള്ള ശ്രമങ്ങളാരംഭിച്ചു. ആദ്യകാലത്ത് കോച്ചിങ്ങിന് പോയിരുന്നു. എന്നാൽ ജോലിയും ക്ലാസും ഒന്നിച്ചു കൊണ്ടു പോകുക ബുദ്ധിമുട്ടായി. ഒരു ഘട്ടത്തിൽ ജോലി നിർത്തി പഠിക്കാൻ പോയാലോ എന്നു പോലും ചിന്തിച്ചു.

അങ്ങനെയിരിക്കെ സ്റ്റേഷനിൽ വൈഫൈ സംവിധാനമായി. ഡിജിറ്റൽ ഇന്ത്യക്ക് ഇങ്ങനെയും ചില ഗുണങ്ങളുണ്ടെന്ന് ശ്രീനാഥ് മനസ്സിലാക്കി. അങ്ങനെ സ്റ്റേഷനിലെ വൈഫൈ പ്രയോജനപ്പെടുത്തി ഓൺലൈനിൽ പഠനം തുടങ്ങി. ജോലിയുടെ ഇടവേളയിൽ പി.എസ്.സി കോച്ചിങ്ങ് സൈറ്റുകളിൽ നിന്നും പാഠഭാഗങ്ങൾ കണ്ടും കേട്ടും വായിച്ചും പഠിക്കാൻ തുടങ്ങി. ചോദ്യോത്തരങ്ങളടങ്ങിയ പി.ഡി.എഫുകൾ പരമാവധി ഡൗൺലോഡ് ചെയ്തു. ഓൺലൈനിൽ വായിച്ചു പ്രധാന സംഭവങ്ങളുടെ വിവരങ്ങളൊക്കെ മനസ്സിലാക്കി.

ഓൺലൈനിൽ പാഠഭാഗം കണ്ടു കൊണ്ട് ചുമട് എടുക്കുന്നതായിരുന്നു ശ്രീനാഥിന്റെ ശൈലി. തോര്‍ത്തെടുത്ത് തലയില്‍ കെട്ടി ഫോണില്‍ പഠിക്കാനുള്ള പാഠഭാഗം പ്ലേ ചെയ്ത് അത് വായിച്ചുകൊണ്ടുപോലും ശ്രീനാഥ് ജോലി ചെയ്തു . ഓണ്‍ലൈനായി പഠിച്ചത് കൊണ്ട് തനിക്ക് പുസ്തകത്തിനുള്ള കാശും ലഭിക്കാന്‍ സാധിച്ചതായി ശ്രീനാഥ് പറയുന്നു.

പിഎസ്‌സി പരീക്ഷ പാസായ ശ്രീനാഥ് അഭിമുഖം കൂടി വിജയിക്കുകയാണെങ്കിൽ ലാന്‍ഡ് റവന്യു വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായി ഈ ചെറുപ്പക്കാരനെ കാണാന്‍ കഴിയും. റെയില്‍വെ ഈയടുത്ത് പുറത്തിറക്കിയ പരീക്ഷാവിജ്ഞാപനങ്ങള്‍ക്കും ശ്രീനാഥ് അപേക്ഷ നല്‍കിയിട്ടുണ്ട്.

മൂന്നാറാണ് ശ്രീനാഥിന്റെ സ്വദേശം. ഭാര്യയും ഒരു വയസ്സുള്ള മകളും അടങ്ങുന്നതാണ് കുടുംബം. ശ്രീനാഥിന്റെ നേട്ടം സഹപ്രവർത്തകരെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ചുമട്ടു ജോലിയിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് ശ്രീനാഥ് രക്ഷപ്പെടുന്നതു മാത്രമല്ല ഇവരെ ആഹ്ളാദിപ്പിക്കുന്നത്. ആരോഗ്യം ക്ഷയിച്ചു ജീവിക്കേണ്ട അവസ്ഥ ഒഴിവാക്കാൻ കൂട്ടുകാരനായല്ലോ എന്നതുമാണ്. ഇപ്പോഴത്തെ ജോലി സന്തോഷിപ്പിക്കുന്നുവെങ്കിലും കൂടുതൽ നല്ല ജോലി ലഭിക്കും വരെ ശ്രമം തുടരാനാണ് ശ്രീനാഥിന്റെ തീരുമാനം.

ശ്രീനാഥിന്റെ വിജയം ഇന്റർനെറ്റ് സൗകര്യങ്ങള്‍ ഉള്ളവര്‍ക്ക് ഒരു പാഠമാണ്. പിഎസ്സി പരീക്ഷയില്‍ വിജയം
വരിക്കാൻ ഓൺലൈൻ സൗകര്യം ഏറ്റവും മികച്ചതാണെന്ന് ശ്രീനാഥിൻറെ വിജയം ഉറപ്പിച്ചു പറയുന്നു.
ഇരുപത്തിനാലു മണിക്കൂറും ലഭിക്കുന്ന കോച്ചിങ് സൗകര്യമാണ് ഓൺലൈൻ പഠനമെന്നു ശ്രീനാഥ് ആവർത്തിച്ചു പറയുന്നു; അസാധാരണ വിജയത്തിലൂടെ.

– ഋതു രാജ്

Top