സത്യജിത് റായിക്ക് 97 !
സത്യജിത് റായ് , രാജൻ പി തൊടിയൂർ
മെയ് 2 ,1921.
വിശ്വപ്രസിദ്ധ ചലച്ചിത്രകാരൻ സത്യജിത് റായ് ജീവിച്ചിരുന്നെങ്കിൽ ഇന്ന് 97 വയസ്.
1983 ലെ ഒരു പ്രഭാതത്തിൽ , കോവളം അശോകാ ഹോട്ടലിലെ വിശാലമായ മുറിയിൽ നീണ്ടു നിവർന്നു ചുണ്ടിൽ പൈപ്പുമായി, ഇന്ത്യൻ സിനിമയെ മഹാപ്രതിഭ! നേരിൽ കാണാനും ദീർഘനേരം സംസാരിക്കാനും കഴിഞ്ഞത് മഹാഭാഗ്യം.
ഇന്ത്യൻ സിനിമയുടെ ഭീഷ്മാചാര്യൻ എന്ന് മാത്രമല്ല. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രതിഭാശാലിയായ മൂന്നു ചലച്ചിത്രകാരന്മ്മാരിൽ ഒരാളായാണ് ബ്രിട്ടീഷ് ഫിലിം അക്കാഡമി അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
അദ്ദേഹത്തിന്റെ ആദ്യചിത്രമായ ‘പഥേർ പാഞ്ചാലി’ കണ്ടനാൾ മുതൽ സത്യജിത് റായിയെ നേരിൽ കാണണമെന്നുള്ള ആഗ്രഹം മനസ്സിൽ ഉദിച്ചിരുന്നു. ‘മലയാളനാട് ‘സിനിമ വാരികയുടെ പത്രാധിപർ ആയിരിക്കുമ്പോഴാണ്, റായ് കേരളത്തിൽ എത്തുന്നത്. 1983 ൽ. ‘മലയാളനാടിനു വേണ്ടി റായിയെ അഭിമുഖം നടത്തുന്നതിനുള്ള ചുമതല ചീഫ് എഡിറ്റർ എസ് കെ നായർ ഏൽപ്പിച്ചത് ഒരു ഭാഗ്യമായി. സൂര്യയുടെ ക്ഷണം സ്വീകരിച്ചു എത്തിയത് കൊണ്ട് അശോക ഹോട്ടലിൽ നേരിട്ട് കാണാനും അദ്ദേഹവുമായി ഏറെ നേരം ചെലവഴിക്കാനുമുള്ള സമയം കൃഷ്ണമൂർത്തി ഒരുക്കിത്തന്നു.
വളരെ സ്വതന്ത്രമായി , അദ്ദേഹം സംസാരിച്ചു. കഥകളിയെക്കുറിച്ചും ‘ക്യാംപസ്’ സിനിമയെക്കുറിച്ചും ബംഗാളിനെക്കുറിച്ചും കേരളത്തിൻറെ സൗന്ദര്യത്തെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായി.
മുഴങ്ങുന്ന സ്വരത്തിൽ പൊട്ടിച്ചിരിച്ചു.
അദ്ദേഹത്തിന്റെ ഒരു കഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിനുള്ള അനുവാദം തന്നു. ഒരുമിച്ചുനിന്ന് ഫോട്ടോ എടുത്തു.
ഒടുവിൽ മഹാനായ ചലച്ചിത്രകാരന്റെ കാലിൽ തൊട്ടു വണങ്ങിയപ്പോൾ പ്പോൾ ഉറക്കെ പൊട്ടിച്ചിരിച്ചു. കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു , ” യു കാന്റ് ബി എ ഗുഡ് ഫിലിം മേക്കർ ബൈ ടച്ചിങ് മൈ ഫീറ്റ്” .
അതൊരു വലിയ പാഠമായി പിന്നീട് തോന്നി. “വിജയത്തിന് കുറുക്കുവഴികളില്ല”. അദ്ദേഹം നൽകിയ ഒരു വലിയ സന്ദേശമായിരുന്നു അത്.
അദ്ദേഹവുമായി 1983 ൽ നടത്തിയ അഭിമുഖം ഇപ്പോഴും ചിലരുടെ മനസ്സിൽ ഉണ്ടെന്നുള്ളത് ‘ദി വീക്കി’ ന്റെ പത്രാധിപരായിരുന്ന വിനു എബ്രഹാം കഴിഞ്ഞ തവണ കണ്ടപ്പോൾ അത് ഓർമ്മപ്പെടുത്തിയപ്പോഴാണ്.
”ഒരിക്കല്‍ ഞാനൊരു മഹത്തായ സിനിമയെടുക്കും”. 1946-ല്‍ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് സത്യജിത് റായി തന്റെ ആത്മ സുഹൃത്തായ ചിതാനന്ദദാസ് ഗുപ്തയോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത് ചിരിച്ചു തള്ളുകയാണ് ഉണ്ടായത് പക്ഷേ 1955ല്‍ ആ വാക്ക് സത്യമായി ഭവിച്ചപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു. ‘പഥേർ പാഞ്ചാലി ‘ ലോകസിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ‘പഥേർ പാഞ്ചാലി’ ഇന്നും വാഴ്ത്തപ്പെടുന്നു.
ഐക്കഫ് നടത്തിയ ചലച്ചിത്ര ക്യാമ്പിൽ ‘പഥേർ പാഞ്ചാലി’ കണ്ട് ഒന്നിച്ചിരിക്കുമ്പോൾ സണ്ണി ജോസഫ് , എൻ പി ഹാഫിസ് മുഹമ്മദ് , അലി എന്നിവരുമായെടുത്ത തീരുമാനം കൽക്കട്ടയിൽ പോയി റായിയെ നേരിൽ കാണണമെന്നുള്ളതായിരുന്നു.
എന്നാൽ റായി കേരളത്തിലെത്തി. അദ്ദേഹത്തെ കണ്ടു. അഭിമുഖം നടത്തി.
മലയാളനാട് വരികയിലും സിനിമ വരികയിലും കരിയർ മാഗസിനിലും മലയാളം കർമ്മഭൂമിയിലും പ്രസിദ്ധീകരിച്ചു.
അദ്ദേഹവുമായുള്ള അഭിമുഖം പ്രഥമ അദ്ധ്യായ മായി പ്രസിദ്ധീകരിച്ച ‘നിഴൽച്ചിത്രങ്ങളുടെ പൊരുൾ ‘ എന്ന പുസ്തകത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചു.
സത്യജിത് റായ് നമുക്ക് നഷ്ടമായിട്ട് 26 വർഷങ്ങൾ. (1992 – ഏപ്രിൽ 23)
കഥാത്രങ്ങൾ, രേഖാചിത്രങ്ങൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ പഥേർ പാഞ്ചാലി (1955) 11 അന്താരാഷ്ട്രപുരസ്കാരങ്ങൾ കരസ്ഥമാക്കി. കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരവും ഇതിൽപ്പെടും. പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങളാണ് അപുത്രയം എന്ന പേരിൽ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കൽ (casting), പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിർമ്മാണരംഗത്തെ എല്ലാ മേഖലകളിലും റേ പ്രവർത്തിച്ചിട്ടുണ്ട്.
നീണ്ട ചലച്ചിത്ര,സാഹിത്യ ജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങളും ,അംഗീകാരങ്ങളും റായിയെ തേടിയെത്തി. ഇതിൽ ഇന്ത്യാ ഗവൺമെന്റ് നൽകിയ 32 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും ഉൾപ്പെടുന്നു. മൂന്ന് ‘പദ്മ’ പുരസ്കാരങ്ങളും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും നേടിയ രണ്ടു പേരിൽ ഒരാളാണ് റായി.
ഓക്സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകിയപ്പോൾ ചാർലി ചാപ്ലിനു ശേഷം ചലച്ചിത്രരംഗത്തുനിന്നും അത് നേടുന്ന രാണ്ടാമത്തെ വ്യക്തിയായി സത്യജിത് റായി.
1987-ൽ ഫ്രഞ്ച് ഗവൺമെന്റ് അദ്ദേഹത്തിന് ലീജിയൻ ഓഫ് ഓണറും 1985-ൽ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരവും റേക്ക് ലഭിക്കുകയുണ്ടായി.
അദ്ദേഹം മരിക്കുന്നതിനു അടുത്ത നാളുകളിലാണ് ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിനു ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരത രത്നം സമ്മാനിച്ചത് .
അക്കാദമി ഓഫ് മോഷൻ പിച്ചർ ആന്റ് സയൻസസ് ( Academy of Motion Picture Arts and Sciences) അദ്ദേഹത്തിനു സമഗ്രസംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം 1992 -ൽ സമ്മാനിച്ചു.
1992-ൽ തന്നെ സംവിധാന രംഗത്തെ സമഗ്ര സംഭാവക്കുള്ള അകിര കുറസോവ പുരസ്കാരം (Akira Kurosawa Award for Lifetime Achievement in Directing) സാൻഫ്രാൻസിസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലഭിക്കുകയും, ശർമിള ടാഗോർ റായിക്ക് വേണ്ടി പുരസ്കാരം സ്വീകരിക്കുകയും ചെയ്തു.
- രാജൻ പി തൊടിയൂർ