“മാറ്റങ്ങൾ ഉൾക്കൊള്ളാനും മുന്നേറാനും നാം പഠിക്കണം”

Share:

വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും ധാരാളം മാറ്റങ്ങൾ ഉണ്ടാകുകയാണ് . ഏതു രീതിയിലാണ് ഇത് നമ്മുടെ യുവതലമുറയെ ബാധിക്കുന്നത്? ‘എൻറെ റേഡിയോ 91.2 ലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിൽ കരിയർ മാഗസിൻ ചീഫ് എഡിറ്റർ, രാജൻ പി തൊടിയൂർ , മുംതാസ് രഹാസുമായി സംസാരിക്കുന്നു.

മുംതാസ് രഹാസ് : പുതിയ സാങ്കേതിക സൗകര്യങ്ങൾ, വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലുകളെ സംബന്ധിച്ചുമുള്ള നമ്മുടെ ധാരണകൾ മാറ്റി മറിച്ചു. ഈ മേഖലകളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു എന്താണ് പറയാനുള്ളത്?

രാജൻ പി തൊടിയൂർ: വിദ്യാഭ്യാസവും തൊഴിലും സംബന്ധിച്ചുള്ള പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ അതിവേഗത്തിൽ മാറിമറിയുകയാണ് . നാമൊരു ‘ട്രാൻസിഷൻ ജംഗ്ഷനി’ലാണിപ്പോൾ. പരമ്പരാഗത രീതികളിൽ നിന്നും സാങ്കേതിക വളർച്ച നൽകുന്ന പുതിയ സാദ്ധ്യതകളിലേക്ക്  മാറിക്കൊണ്ടിരിക്കുന്ന പരിവർത്തനത്തിൻറെ നാൽക്കവലയിൽ. എങ്ങോട്ടു പോകണമെന്നതാണ് യുവ തലമുറ നേരിടുന്ന ചോദ്യം.

സാധാരണ കോഴ്‌കളെ ആശ്രയിച്ചു കഴിവ് വികസിപ്പിക്കാമെന്നും ജോലിനേടാമെന്നുമുള്ള   ധാരണ കുട്ടികളുടെ ഉള്ളിൽ നിന്നും അപ്രത്യക്ഷമാകുകയാണ്.  എന്‍ജിനീയറിങ് പാസ്സായി എന്നതുകൊണ്ട് മാത്രം ഇപ്പോള്‍ കാര്യമില്ല. മറിച്ച് കൃത്യമായി എന്ത് ചെയ്യാന്‍ പറ്റും എന്നതാണ് പ്രധാനം. ക്രിയാത്മകമായ എന്തെങ്കിലും അറിഞ്ഞിരുന്നാലേ എഞ്ചിനീയറിംഗ് കൊണ്ടും പ്രയോജനമുള്ളു. കൃത്യമായ നൈപുണ്യം എല്ലാമേഖലയിലും ആവശ്യപ്പെടുന്നുണ്ട്.

സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള കോഴ്‌സുകൾ പുതിയ തൊഴിൽ സാദ്ധ്യതകൾ നൽകുന്നുണ്ട്.
അതോടൊപ്പം ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ദ്ധ്യം വളരെ പ്രധാനമാണ്.

പല സാങ്കേതിക കഴിവുകള്‍ ഉള്ളവര്‍ക്കും വേഗം ഉയരാന്‍ പറ്റാത്തതിൻറെ പ്രധാന കാരണം ഇംഗ്ലീഷ് വേണ്ടത്ര പഠിക്കാന്‍ ശ്രമിച്ചില്ല എന്നതാണ്.

സാങ്കേതിക സൗകര്യങ്ങളും – ഇംഗ്ലീഷ് ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യവും മുന്നോട്ടുവെക്കുന്ന ജോലി സാധ്യതകള്‍ കുറച്ചൊന്നുമല്ല. മടി പിടിച്ചിരുന്നാല്‍ നടക്കില്ല  ഇനിയുള്ള കാലം കരിയര്‍ ഡെവലപ്മെന്റിന് സ്വന്തം ഭാഗത്തുനിന്നുതന്നെ കാര്യമായ ശ്രമം ഉണ്ടാകണം. പഠിച്ചതിനു സമാനമായ തൊഴില്‍ മേഖലകൾ മനസിലാക്കി ആര്‍ജിച്ചെടുക്കേണ്ട പുതിയ കഴിവ് എന്തുതന്നെ ആയാലും അതിനെ സ്വായത്തമാക്കണം.

മുംതാസ് രഹാസ് : ഓണ്‍ലൈന്‍ കോഴ്സുകള്‍ ധാരാളമായി ഉണ്ടല്ലോ? അതേക്കുറിച്ചു വിശദമായി പറയാമോ ?

രാജൻ പി തൊടിയൂർ: സാങ്കേതികവിദ്യയുടെ വളര്‍ച്ച വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ കോഴ്‌സുകളുടെ രംഗപ്രവേശം അതില്‍ പ്രധാനമാണ് .

പരമ്പരാഗത രീതിയില്‍ കോളേജ്, സര്‍വകലാശാല വിദ്യാഭ്യാസം നേടിയവർക്കും നേടാൻ കഴിയാത്തവർക്കും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ മുന്നോട്ടുവെക്കുന്നത് വലിയ സാധ്യതകളാണ്. വേണമെങ്കില്‍ ജോലിയോടൊപ്പം തന്നെ കോഴ്‌സുകള്‍ ചെയ്യാമെന്ന സൗകര്യവും ഓണ്‍ലൈന്‍ പഠനരീതിയെ ആകര്‍ഷകമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ കോഴ്സുകള്‍ ഗൗരവപൂർവ്വം കാണണം. പുതിയ കഴിവുകളാണ് അതിലൂടെ നേടിയെടുക്കാൻ കഴിയുന്നത്. അത് വെറുതെ കിട്ടില്ല, മെനക്കെടാന്‍ തയ്യാര്‍ ആവണം. അതിനു നിരന്തരം പ്രാക്റ്റീസ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഗൂഗിൾ സെർച്ചിലൂടെ കോഴ്‌സുകൾ കണ്ടെത്താം. പഠിക്കാം. യൂട്യൂബ് വീഡിയോസ് നോക്കി കാര്യങ്ങൾ മനസ്സിലാക്കാം. അതിനു വേണ്ടി എന്നും രണ്ടു മണിക്കൂര്‍ സമയം കണ്ടെത്താവുന്നതേയുള്ളൂ. അങ്ങനെ ആറ് മാസം ചെയ്താല്‍, നാലു കൊല്ലം എന്‍ജിനീയറിങ് പഠിച്ചതിനേക്കാള്‍ ഗുണം ലഭിക്കും.  മികച്ച സര്‍വകലാശാലകള്‍ നല്ല കോഴ്‌സുകള്‍ ഇട്ടിട്ടുണ്ട്. പഠിച്ചാല്‍ അത് വലിയ തുടക്കമാവും. ചിലതിൽ ട്രയല്‍ പീരീഡ് ഉണ്ട് ചിലതില്‍, പഠിച്ചിട്ട് ഒട്ടും ശരിയാവുന്നില്ലെങ്കില്‍ ഫീ കൊടുക്കണ്ട. വേണമെങ്കില്‍ കോഴ്സ് നിര്‍ത്തി അടുത്തത്  കണ്ടുപിടിച്ചു തുടങ്ങാം. പഠിക്കാൻ മറ്റെങ്ങും ലഭിക്കാത്ത സ്വാതന്ത്ര്യമാണ് ഓൺലൈൻ കോഴ്സസ് നൽകുന്നത്.

പഠിത്തം ഇനി ഓണ്‍ലൈനിലാണ് നടക്കാന്‍ പോകുന്നത്. അമേരിക്കയിലെ സര്‍വകലാശാലകള്‍ എല്ലാം കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ ആക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ മൂവായിരത്തോളം ഫ്രീ കോഴ്‌സുകളുണ്ട് . എല്ലാം നല്ല യൂണിവേഴ്സിറ്റികള്‍ ഉണ്ടാക്കിയത്. അതിമനോഹരമായ വീഡിയോസ്, ടെസ്റ്റ് – എല്ലാം പ്രാക്ടിക്കല്‍  പരീക്ഷ. അത് കഴിഞ്ഞാല്‍ പ്രൊജക്റ്റ് ചെയ്യാന്‍ റെഡിയാവും. കമ്പനികള്‍ക്കു വേണ്ടത് ഇനി ഇത്തരം നൈപുണ്യം സ്വന്തമാക്കിയ യുവതീ – യുവാക്കളെയാണ്.

കേരളത്തിലെ സര്‍വകലാശാലകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരുപടി മുന്‍പു തന്നെ ഇക്കാര്യങ്ങള്‍ മനസിലാക്കി മുന്നേറുകയെന്നത് അനിവാര്യമാണ്.

മുംതാസ് രഹാസ് : ശരിയായ കോഴ്‌സുകൾ എങ്ങനെയാണ് തിരഞ്ഞെടുക്കുക ?

രാജൻ പി തൊടിയൂർ:  പ്രധാനമായും സ്വന്തം അഭിരുചി മനസിലാക്കണം. കൂട്ടുകാര്‍ ചെയ്യുന്നതു നോക്കിയാണ് പലരും കോഴ്‌സുകള്‍ .തിരഞ്ഞെടുക്കുന്നത്. മിക്കപ്പോഴും അത് ഒരുമിച്ചു പഠിക്കാമല്ലോ എന്നോര്‍ത്താണ്. എന്നാല്‍ നമ്മുടെ അഭിരുചി എന്താണ് എന്ന് ആദ്യം സ്വയം മനസിലാക്കണം. എങ്കില്‍മാത്രമേ കാര്യമുള്ളൂ. അല്ലെങ്കില്‍ കുറച്ചു കഴിഞ്ഞാല്‍ നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യേണ്ടി വരും.  ഉപദേശം തരാന്‍ കെല്പുള്ളവര്‍ ആരുമില്ല എന്ന് മനസ്സിലാക്കുക.

പണ്ടൊക്കെ അച്ഛനമ്മമാര്‍ക്കോ ചേട്ടന്‍, ചേച്ചി എന്നിവരോടൊക്കെ ചോദിച്ചാലോ വല്ല കാര്യവും ഉണ്ടായിരിന്നു. ഇന്ന് കരിയര്‍ ഗ്രാഫ് ഉയര്‍ത്താന്‍ എന്ത് പറഞ്ഞു കൊടുക്കണമെന്ന് അവര്‍ക്കും വ്യക്തമായ ധാരണയില്ല. അവര്‍ കണ്ടു പരിചയിച്ച ലോകമല്ല ഇത്. അതുകൊണ്ട് ഉപദേശം തേടി പോകുന്നതില്‍ കാര്യമില്ല. നല്ല ഗൂഗിള്‍ സെര്‍ച്ച് നടത്തി എന്താണ് നടക്കുന്നതെന്ന്  കണ്ടുപിടിക്കുന്നവര്‍ക്കേ ഭാവിയുള്ളു.

പഠിച്ചേ പറ്റൂ  ; അതിന്‌ സ്വയം പഠിക്കാനുള്ള ശേഷി കൂട്ടുക  എന്നതാണ് എളുപ്പമാർഗ്ഗം. സ്വയം പഠിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുകയെന്നത് മാറിയ കാലത്തിന്റെ അനിവാര്യതയാണ്. ആരെങ്കിലും വന്ന് നമ്മെ രക്ഷപ്പെടുത്തും എന്ന് വിചാരിച്ചിരുന്നാല്‍ ഒരു രക്ഷയുമില്ല.. ജോലിസ്ഥലത്തു പോലും ഇനി ട്രെയിനിങ് കിട്ടില്ല. കാരണം പുതിയ സ്‌കില്‍സ് പഠിപ്പിക്കാനുള്ള സമയവും അറിവും കുറവാണ്.

മുംതാസ് രഹാസ് : എന്ത് പഠിച്ചാല്‍ നല്ല ജോലി ലഭിക്കും എന്ന് എങ്ങനെയാണ് തിരിച്ചറിയുക ?

രാജൻ പി തൊടിയൂർ: എപ്പോഴുമുയരുന്ന സ്ഥിരം ചോദ്യമാണിത് – എന്ത് പഠിച്ചാലാണ് ജോലി കിട്ടുന്നത്. വെറുതെ ഒരുത്തരം പറയാന്‍ പറ്റുന്ന ചോദ്യമല്ലിത്. എന്നാലും പറയാം, മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ഉള്ള സ്‌കില്‍സ് ഏതാണ് എന്ന് മനസിലാക്കാന്‍ പറ്റിയാല്‍ അതാണ് ഉന്നം വെക്കേണ്ടത്. ഭാവിയില്‍ എന്തിനു ഡിമാന്‍ഡ് വരാം എന്നതും പ്രധാനം. മാര്‍ക്കറ്റ് ഡിമാന്‍ഡാണ് കാതല്‍.  ഒപ്പം തന്നെ സ്വന്തം അഭിരുചി അതിനു പറ്റുന്നതാണോ എന്ന് കൂടി മനസിലാക്കിയാല്‍ സംഗതി എളുപ്പമാകും.

ഒരു കാര്യം നമുക്ക് പറ്റിയതാണോ അല്ലയോ എന്നത് പെട്ടെന്ന് മനസിലാക്കുക എന്നതാണ് പ്രധാനം.  ഇനിയെല്ലാം ഒറ്റക്കിരുന്നു പഠിച്ചെടുക്കേണ്ട സ്‌കില്‍സ് ആണ്. ടീം വര്‍ക്ക് ഇല്ല എന്നല്ല, ഓരോ ടീമംഗങ്ങള്‍ക്കും  കൃത്യമായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. സ്വന്തം മേഖല വ്യക്തമായി  അറിഞ്ഞിരിക്കണം. പഠിപ്പിച്ചു തരാന്‍ ആരും ഉണ്ടാവില്ല, സ്വയം പര്യാപ്തത കൈവരിക്കുക. അപ്പോള്‍ സമയം കണ്ടെത്തി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യാന്‍ ഉടന്‍ ആരംഭിക്കാം. രണ്ടു മണിക്കൂര്‍ മുതല്‍ ഇരുന്നൂര്‍ മണിക്കൂര്‍ വരെയുള്ള കോഴ്‌സുകള്‍ ഉണ്ടെന്നോര്‍ക്കുക. സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാം.

എപ്പോഴും കരിയറിന് യോജിച്ചതാവണം തിരഞ്ഞെടുക്കുന്ന കോഴ്‌സ് .

നിലവില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ തൊഴിലില്‍ ഓരോദിവസവും വരുന്ന വെല്ലുവിളികളെ നേരിടാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോയെന്ന് സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും. ജോലി എളുപ്പമാക്കാനോ സ്ഥാനക്കയറ്റത്തിനോ ആവശ്യമായ എന്ത് കഴിവാണോ ആവശ്യം, അത് ആര്‍ജിച്ചെടുക്കാന്‍ സഹായിക്കുന്ന ധാരാളം ഓണ്‍ലൈന്‍ കോഴ്സുകള്‍ ലഭ്യമാണ്.

മുംതാസ് രഹാസ് : ഓണ്‍ലൈനായി ചെയ്യാവുന്ന മൂക്  – കോഴ്‌സുകളെ ക്കുറിച്ചു വിശദീകരിക്കാമോ?

രാജൻ പി തൊടിയൂർ: ഓൺ ലൈനിലൂടെ അനേകമാളുകൾക്ക് ഒരേ സമയം പങ്കെടുക്കാനാവുന്ന പഠന രീതിയാണ് മാസീവ് ഓപൺ ഓ ൺലൈൻ കോഴ്സ് ( MOOC,  – Massive Open Online Course). പ്രയാസമേറിയ പാഠഭാഗങ്ങൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിധത്തിൽ ഗ്രാഫിക്‌സുകളും അനിമേഷനുകളും ഉപയോഗിച്ചാണ് കോഴ്സ് . വീഡിയോയിൽ തയ്യാറാക്കിയ പാഠഭാഗങ്ങളുമുണ്ട്. ഓൺലൈനായോ അല്ലാതെയോ പരീക്ഷ നടത്തും. 2006 ൽ ആരംഭിച്ച മൂക് കോഴ്സുകൾക്ക് 2012 ഓടെ വലിയ പ്രചാരം ലഭിച്ചു.

ആദ്യകാല മൂക് കോഴ്സുകൾ സ്വതന്ത്ര ഉള്ളടക്കത്തിലുള്ള സാമഗ്രികൾ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ചിരുന്നു. പകർപ്പവകാശം ഉള്ള ഉള്ളടക്കം തന്നെ വിദ്യാർത്ഥികൾക്ക് സൗജന്യമയി ലഭ്യമാക്കുന്നു.

ഡിജിറ്റൽ കാലത്തിനുമുമ്പ് വിദൂരപഠനത്തിന് പരിമിതികളേറെയായിരുന്നു. റേഡിയോയുടെയും ടെലിവിഷന്റെയും  വരവോടെ വിദൂരപഠനത്തിന് പുതിയ സാധ്യതകൾ തുറന്നു. 21ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഓൺലൈൻ പഠനത്തിന് തുടക്കമായി.

2006- ലാണ് മൂക് വരുന്നത്. 2012ആയപ്പോഴേക്കും അത് വ്യാപകമായ ഒരു പഠനസങ്കേതമായി വളർന്നു. ഇന്ന് ആയിരക്കണക്കിന് കോഴ്സുകളും ദശലക്ഷക്കണക്കിന് വിദ്യാർഥികളും ചേർന്ന ഒരു സംരംഭമായി മൂക് വളർന്നിട്ടുണ്ട്.

ഡിജിറ്റൽ കാലത്തിനു മുമ്പ് ഏകദേശം 5% ആളുകൾ മാത്രമാണ് വിദൂര  കോഴ്സുകൾ പൂർത്തിയാക്കിയിരുന്നത്.2000 ത്തോടെ വിദൂര, ഇ – പഠന, ഓൺ ലൈൻ പഠന രീതികളിൽ വലിയ മാറ്റങ്ങൾ വന്നു.

പ്ലസ് ടു കഴിഞ്ഞുനില്‍ക്കുന്നവര്‍, ബിരുദപഠനം കഴിഞ്ഞവർ ,.ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ എല്ലാവര്‍ക്കും പഠിക്കാവുന്ന കോഴ്‌സുകളുടെ ഒരു നിരതന്നെയുണ്ട് ഇതിൽ . മാസ്സീവ് ഓണ്‍ലൈന്‍ ആന്‍ഡ് ഓപ്പണ്‍ കോഴ്‌സസ് നോടൊപ്പം   സ്വയം (SWAYAM – Study Webs Of Active Learning For Young Aspiring Minds) എന്നപേരില്‍ മൂകിന്റെ പോര്‍ട്ടല്‍ സജ്ജമാണ്.  ആര്‍ട്‌സ്, സയന്‍സ്, കൊമേഴ്‌സ്, സോഷ്യല്‍ സയന്‍സ്, എന്‍ജിനീയറിങ്, ടെക്‌നോളജി മുതലായ വിഭാഗങ്ങളിലായി 2000 കോഴ്‌സുകള്‍ ഓണ്‍ലൈനായി ചെയ്യാന്‍ അവസരമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. 200 കോഴ്‌സുകള്‍ ഇപ്പോള്‍ത്തന്നെ ഇതില്‍ ലഭ്യമാണ്.

ഓഡിയോവീഡിയോ, ഇബുക്ക്, വിവരണാത്മകം, ടെക്സ്റ്റ് പുസ്തകങ്ങള്‍, കേസ് സ്റ്റഡികള്‍, ഗവേഷണ പ്രബന്ധങ്ങള്‍ തുടങ്ങിയ രീതികളെല്ലാം വിവിധ കോഴ്‌സുകളിലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ജോലിക്കൊപ്പം കോഴ്‌സ് പൂര്‍ത്തിയാക്കാം അക്കാദമിക രംഗത്തെ മുതിര്‍ന്നയാളുകള്‍ ചേര്‍ന്ന സംഘമാണ് കോഴ്‌സുകളുടെ ഘടന തയ്യാറാക്കിയിരിക്കുന്നത്. ഗുണനിലവാരം ചോര്‍ന്നുപോകാതെ കോഴ്‌സുകളുടെ സിലബസ് തയ്യാറാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഈ രംഗത്തു പ്രവര്‍ത്തിച്ചവര്‍ പറയുന്നു.ജോലിക്കൊപ്പംതന്നെ കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടാനാകും. സര്‍വകലാശാലകളില്‍ നിലവില്‍ പഠിക്കുന്നവര്‍ക്ക് അവരുടെ കോഴ്‌സിന്റെ 20 ശതമാനം ക്രെഡിറ്റുകള്‍ ഇത്തരം ഓണ്‍ലൈന്‍ കോഴ്‌സുകളിലൂടെ പൂര്‍ത്തിയാക്കാമെന്ന സൗകര്യവുമുണ്ട്.

മുംതാസ് രഹാസ് : ഓൺലൈൻ പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

രാജൻ പി തൊടിയൂർ:  വിവിധ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജന്‍സികളും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുമുണ്ട്.

വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത പ്രൊഫഷണല്‍ കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും നിരവധി വെബ്സൈറ്റുകള്‍ വഴി നല്‍കുന്നുണ്ട്. ഇതില്‍നിന്ന് ആവശ്യമായ കോഴ്സ് കൃത്യമായി തിരിച്ചറിഞ്ഞ് വേണം തിരഞ്ഞെടുക്കാന്‍. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാഷാ പഠനത്തിനുള്ള കോഴ്സുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ നല്‍കുന്നുണ്ട്. പ്രത്യേക സോഫ്റ്റ്‌വെയറുകളേക്കുറിച്ചോ നെറ്റ്‌വര്‍ക്കുകളേക്കുറിച്ചോ പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ലഭ്യമാണ്. സിവില്‍ സര്‍വീസ് പോലുള്ള മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനവും പേഴ്സണാലിറ്റി ട്രെയിനിങ്ങുമുള്‍പ്പെടെ ധാരാളം കോഴ്സുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി  പ്രയോജനപ്പെടുത്തുന്നവര്‍ കുറവല്ല. കരിയർ മാഗസിൻ ( www.careermagazine.in ) ഈ രംഗത്തെ പുത്തൻ സാദ്ധ്യതകൾ മലയാളികളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.

ഓണ്‍ലൈന്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പഠനരീതി ഏതുതരത്തിലുള്ളതാണെന്ന് തുടക്കത്തില്‍തന്നെ നോക്കണം.

അഫിലിയേഷനും വിശ്വാസ്യതയും ഉറപ്പുവരുത്തുക

ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്ന ഏജന്‍സികളില്‍ മിക്കവയും ഇന്ത്യയിലെയോ വിദേശത്തെയോ മികച്ച വിദ്യാഭ്യാസ .സ്ഥാപനവുമായോ സര്‍വകലാശാലയുമായോ അഫിലിയേറ്റ് ചെയ്തിട്ടുണ്ടാകും.  കോഴ്‌സിന് ചേരും മുന്‍പ് ഇക്കാര്യം ഉറപ്പുവരുത്തുന്നത് നല്ലതാണ്.

അഫിലിയേഷന്‍ ഉറപ്പാക്കുന്നതോടൊപ്പം ബന്ധപ്പെട്ട സ്ഥാപനത്തിന് പൊതുവേയുള്ള മതിപ്പ് എത്രത്തോളമുണ്ടെന്ന് അറിയുന്നതും നല്ലതാണ്. ഇന്ത്യയിലും വിദേശത്തും മൂന്നു പതിറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ച വിശ്വാസ്യതയുമാണ് കരിയർ മാഗസിൻ ( www.careermagazine.in ) ഈ മേഖലയിലേക്ക് വരുന്നത്.

കോഴ്‌സിന്റെ ചെലവും കാലയളവും നിശ്ചിത കാലയളവും ഫീസും എല്ലാ കോഴ്‌സുകള്‍ക്കുമുണ്ടാകും. ഫീസ് അടയ്ക്കുന്നതിന് മുന്‍പ് സമാനമായ മറ്റ് കോഴ്‌സുകളുമായി താരതമ്യം ചെയ്യുന്നതും സുഹൃത്തുക്കളോട് അഭിപ്രായം ചോദിക്കുന്നതും നല്ലതാണ്. നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ജോലിയും പഠനവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്നതിന് കൃത്യമായ ധാരണയുണ്ടാകണം.  കൂടുതല്‍ ഓണ്‍ലൈന്‍ സെഷനുകളില്‍ പങ്കെടുക്കാന്‍ അനുയോജ്യമായ സമയം തിരഞ്ഞെടുക്കുന്നത് നല്ലതാണ്. സ്വായത്തമാക്കുന്ന പുതിയ അറിവുകള്‍ തൊഴിൽ ചെയ്യുന്നിടത്തു പ്രയോഗിച്ചുനോക്കുന്നതുവഴി പഠിക്കുന്ന കോഴ്‌സിന്റെ കാര്യക്ഷമത അറിയാനുമാകും.

മുംതാസ് രഹാസ് : കേരള സർവ്വ കലാശാല യുടെ അംഗീകാരം ഇത്തരം കോഴ്‌സുകൾക്കുണ്ടോ ?

രാജൻ പി തൊടിയൂർ: കേരള സര്‍വകലാശാല ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക്  2002 ൽ തുടക്കം കുറിച്ചു . സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് .  വെബ് സാങ്കേതിക വിദ്യയില്‍ ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ആദ്യം തുടങ്ങിയത്. സര്‍വകലാശാലയുടെ വിദൂര പഠന കേന്ദ്രമാണ് ഈ ക്ലാസുകള്‍ സംഘടിപ്പിയ്ക്കുന്നത് ജാവാ പ്രോഗ്രാമിംഗ്, ക്ലൈന്റ് സൈഡ് സ്ക്രിപ്റ്റിംഗ്, സെര്‍വര്‍ സൈഡ് സ്ക്രിപ്റ്റിംഗ് എന്നിവ പഠനവിഷയങ്ങളാണ്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലാ ബിരുദമുളള ആര്‍ക്കും വെബ് സാങ്കേതിക വിദ്യാ കോഴ്സിന് അപേക്ഷിയ്ക്കാം.

ഇന്റര്‍നെറ്റ് വഴിയാണ് പഠിതാക്കളുമായി ബന്ധപ്പെടുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ഇ-ഗ്രൂപ്പുകളുമായി ചാറ്റിംഗ് ഉണ്ടായിരിക്കും. എല്ലാ പഠനോപകരണങ്ങളും ഓണ്‍-ലൈന്‍ വഴി ലഭ്യമാകും. ക്ലാസുകള്‍ സിഡിയില്‍ ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് പാസ് വേഡുകളും തിരിച്ചറിയല്‍ നാമങ്ങളും സര്‍വകലാശാല നല്‍കും. ഇതുപയോഗിച്ചാണ് ഓണ്‍ലൈനില്‍ പഠനോപകരണങ്ങള്‍ ലഭ്യമാകുന്നത്.

ബയോ ഇന്‍ഫര്‍മാറ്റിക്സില്‍ ഓണ്‍ലൈന്‍ എം. ഫില്‍. കോഴ്സ് ആരംഭിക്കാനും സര്‍വകലാശാല പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി ചേര്‍ന്നാണ് ഈ കോഴ്സ് നടത്തുന്നത്. ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയുളള ഒരു ഓണ്‍ലൈന്‍ മെഡിക്കല്‍ കോഴ്സിനും പദ്ധതിയുണ്ട്. സെസ്, അനര്‍ട്ട് മുതലായ സ്ഥാപനങ്ങള്‍ ഇത്തരം കോഴ്സുകള്‍ക്കുളള സഹായവുമായി സമീപിച്ചിട്ടുണ്ട് .  ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ വൈകാതെ ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഓണ്‍ ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍(യു.ജി.സി) ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്, മെഡിസിന്‍ എന്നിവ ഒഴിച്ചുള്ള വിഷയങ്ങളില്‍ ഓണ്‍ ലൈന്‍ വഴി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും, യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന കോഴ്‌സുകള്‍ക്കും അംഗീകാരം നല്‍കാനാണ് നീക്കം.  മാറ്റങ്ങൾ ഉൾക്കൊള്ളാനും മുന്നേറാനും നാം പഠിക്കണം. വിജയത്തിലേക്കുള്ള എളുപ്പവഴി അത് മാത്രമാണ്.

Share: