റെയിൽ വേയിൽ 2,22 ,159 ഒഴിവുകൾ : മന്ത്രി പിയൂഷ് ഗോയൽ

Share:

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയില്‍ 2,22 ,159 ജീവനക്കാരുടെ കുറവുണ്ടെന്ന് മന്ത്രി പിയൂഷ് ഗോയൽ ലോക്സഭയിൽ പറഞ്ഞതോടെ ഉദ്യോഗാർഥികളുടെ ശ്രദ്ധ അവിടേക്ക് തിരിയുകയാണ്. പട്ടിക ജാതി/ വർഗ്ഗത്തിൽപ്പെട്ടവർക്ക് മാത്രം 41,128 ഒഴിവുകളാണുള്ളത്. ഏറ്റവും കൂടുതല്‍ ഒഴിവുള്ളത് നോര്‍ത്തേണ്‍ സെക്ടറിലാണ്. അവിടെ 27,537 തസ്തികയില്‍ ആളില്ല. കേരളം ഉള്‍പ്പെടുന്ന ദക്ഷിണ റെയില്‍വേയില്‍ 13,911 എണ്ണമാണ് ഒഴിഞ്ഞു കിടക്കുന്നത്. ഏറ്റവും പുതിയ കണെക്കെടുക്കുമ്പോൾ ഒഴിവുകളുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലായിരിക്കും.
ഒഴിവുകള്‍ എത്രയും വേഗം അതത് റിക്രൂട്ട്മെന്റ് ബോര്‍ഡുകളെ അറിയിക്കണമെന്ന് സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ നേരിട്ട് റെയില്‍വേ ബോര്‍ഡിനെ അറിയിക്കുകയാണ് സാധാരണ ചെയ്യുന്നത്. അത് മാറ്റി റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഒഴിവുകള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമന നടപടികള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. ചെയര്‍മാന്‍ അശ്വനി ലൊഹാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഒഴിവുകള്‍ നിലവില്‍ വന്നാല്‍ ഒരു മാസത്തിനകം റിക്രൂട്ട്മെന്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യാനും സോണല്‍ ജനറല്‍ മാനേജര്‍മാരോട് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. സോണല്‍ ഓഫീസുകളില്‍ നിന്ന് ഒഴിവുകള്‍ കൃത്യമായി അറിയിക്കാത്തതിനാലാണ് സോണല്‍ മാനേജര്‍മാരുടെ യോഗം വിളിച്ചത്.
ഇന്ത്യന്‍ റെയില്‍വേയില്‍ മൊത്തം 13 ലക്ഷത്തിലധികം തസ്തികകളാണുള്ളത്. ഇതിലാണ് രണ്ടേകാല്‍ ലക്ഷത്തോളം ഒഴിഞ്ഞു കിടക്കുന്നത്. കരാര്‍ നിയമനത്തിനായി വിരമിച്ചവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചെങ്കിലും തണുത്ത പ്രതികരണമാണുണ്ടായത്. അതിനാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് പ്രധാന വിഭാഗങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നത്.
സുരക്ഷാവിഭാഗത്തില്‍ മാത്രം 1,28,942 ഒഴിവുകളുള്ളതായാണ് കേന്ദ്ര റെയില്‍വെ സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. നിലവിലുള്ള രണ്ടേകാല്‍ ലക്ഷം ഒഴിവുകളില്‍ 41,128 എണ്ണം പിന്നോക്ക വിഭാഗകാര്‍ക്ക് സംവരണം ചെയ്തതാണ്. ഇവ നികത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ അതിനായി പ്രത്യേക നിയമനം നടത്തേണ്ടതില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചത്.
ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ 19,942 ഒഴിവും സെന്‍ട്രലില്‍ 19,651 ഒഴിവും വെസ്റ്റേണില്‍ 17,520 ഒഴിവും ഈസ്റ്റ്-സെന്‍ട്രലില്‍ 17,065 ഒഴിവുമുണ്ട്. ദക്ഷിണ റെയില്‍വെയിലെ ആറു ഡിവിഷനുകളിലായി 1,02,827 ജീവനക്കാര്‍ വേണ്ടിടത്ത് നിലവില്‍ 88,916 പേര്‍ മാത്രമാണുള്ളത്.
പരമ്പരാഗത പരീക്ഷകൾക്ക് പകരം ഓൺലൈൻ പരീക്ഷ നടത്താനാണ് റയിൽവേ ആലോചിക്കുന്നത്.
പരീക്ഷകളിലെ ക്രമക്കേടിനു തടയിടാന്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷനടത്തി ഇന്ത്യന്‍ റയില്‍വേ മാതൃക കാട്ടിയിട്ടുണ്ട്. 95 ലക്ഷം ഉദ്യോദാര്‍ത്ഥികളില്‍ നിന്നും യോഗ്യത നേടിയ 2.73 ലക്ഷം പേര്‍ ക്കാണ് ഓണ്‍ലൈല്‍ പരീക്ഷ നടത്തിയത്.എഴുത്തു പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യപേപ്പര്‍ ചോർന്ന സാഹചര്യത്തിലാണ് റെയിൽ വേ ഓണ്‍ലൈന്‍ പരീക്ഷ തയ്യാറാക്കിയത്. 18000 ഒഴിവുകളിലേക്കാണ് റെയില്‍വെ അപേക്ഷ ക്ഷണിച്ചിരുന്നത്.

Share: