ഏതു പ്രശ്നവും നിരുപദ്രവകരമാക്കാം ; കുഴപ്പം ഒഴിവാക്കുന്നതിലൂടെ!
എം ആർ കൂപ് മേയർ പരിഭാഷ: എം ജി കെ നായർ
നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചതിനു ശേഷം മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ഒരു ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് വലിയ സമ്പന്നനാകാം.
അതു സംബന്ധിച്ച് സങ്കീര്‍ണ്ണമായ യാതൊന്നും തന്നെയില്ല.
ആര്‍ക്കും അതു ചെയ്യാവുന്നതേയുള്ളൂ.
ആയിരക്കണക്കിന് വിജയികളായ ആളുകള്‍ അത് ചെയ്യുന്നു.
എങ്ങനെയാണെന്നറിയുകയാണ് പ്രധാനം . അതിനാല്‍, എങ്ങനെയെന്നു പറയാം.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അടിസ്ഥാന തത്ത്വം – എല്ലാ പ്രശ്നങ്ങളും – ഒന്നു തന്നെയാണ്. അതിനാല്‍ ഏതെങ്കിലും വിജയിച്ച പ്രശ്ന പരിഹാരകനില്‍ നിന്നും അതു നമുക്കു പഠിക്കാം.
പ്രശ്നപരിഹാരം തൊഴിലാക്കിയ ഒരു മനുഷ്യനില്‍ നിന്നും പ്രശ്നപരിഹാരത്തിനുള്ള അടിസ്ഥാന തത്ത്വം നമുക്ക് പഠിക്കാം. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ദശലക്ഷക്കണക്കിനു ഡോളര്‍ പ്രതിഫലം പറ്റിയിട്ടുള്ള ആളാണ് അദ്ദേഹം.
അദ്ദേഹത്തിന്‍റെ പേര്‍: സ്റ്റാന്‍ലി അര്‍നോള്‍ഡ് . അദ്ദേഹം പ്രശ്നം പരിഹരിക്കുന്നതിന്‍റെ രഹസ്യം ഇതാണ്: “ഓരോ പ്രശ്നത്തിന്‍റെയും ഉള്ളില്‍ത്തന്നെ അതിന്‍റെ പരിഹാരത്തിനുള്ള ബീജവും അടങ്ങിയിരിക്കുന്നു.”
അതേ, തീര്‍ച്ചയാണ്! ഓരോ പ്രശ്നത്തിന്‍റെയും പരിഹാരം അതിനുള്ളില്‍ തന്നെയാണ്! ഓരോ പ്രശ്നത്തിന്‍റെയും പരിഹാരം അപ്രഗത്ഭര്‍ നോക്കുന്നതു പോലെ പ്രശ്നത്തിനുവെളിയിലല്ല, പിന്നെയോ വിദഗ്ദ്ധരായ പ്രശ്നപരിഹാരകര്‍ നോക്കുന്നതുപോലെ പ്രശ്നത്തിനുള്ളില്‍ തന്നെയാണ്. അവര്‍ ഉള്ളിലേക്കു നോക്കുന്നു. കണ്ടുപിടിക്കുന്നു, അതും അതുപോലെ മറ്റു പ്രശ്നങ്ങളും പരിഹരിച്ച് ധനവാന്മാരാകുന്നു.
ഒരു വലിയ കെട്ടിടത്തില്‍ ബോംബുവെച്ചിരിക്കുന്നത് കണ്ടുപിടിച്ചാല്‍, ബോംബ് നിര്‍വ്വീര്യമാക്കാന്‍ ‘ബോംബ് സ്ക്വാഡി’നെ വിളിക്കും. എടുത്തുമാറ്റിയില്ലെങ്കില്‍ ബോംബു പൊട്ടിത്തെറിക്കാനും തന്മൂലം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാനും ഇടയാക്കുന്ന സംവിധാനം എടുത്തുമാറ്റുന്നതിനേയാണ് നിര്‍വ്വീര്യമാക്കൽ എന്നു പറയുന്നത്.
ബോംബ് നിര്‍വ്വീര്യമാക്കപ്പെടുമ്പോള്‍, ബാക്കിഭാഗങ്ങള്‍ ഉപദ്രവരഹിതമാകുന്നതിനാല്‍ അവ ശാന്തമായും സുരക്ഷിതമായും ഇളക്കിമാറ്റാനും പ്രയോജനകരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കുന്നു.
പ്രശ്നങ്ങള്‍ ബോംബുകളെപ്പോലെയാണ്. ഭയങ്കരമായ നാശം വിതക്കാന്‍ കെല്പുള്ളവ.
അവതമ്മിലുള്ള വ്യത്യാസം ഇതാണ്: ബോംബ് നിര്‍വ്വീര്യമാക്കണം; പ്രശ്നങ്ങളിലെ കുഴപ്പങ്ങള്‍ ഒഴിവാക്കണം.
ഫലം ഒന്നു തന്നെ.
ഒരു പ്രശ്നത്തിന്‍റെ കുഴപ്പമുണ്ടാക്കുന്ന ഭാഗമാണ് ഭീഷണിഉയര്‍ത്തുന്നത്. ‘കുഴപ്പം’ ഇല്ലാതാക്കിയാല്‍ ഉടന്‍തന്നെ മറ്റു ഭാഗങ്ങള്‍ ഇളക്കിമാറ്റാം – സമാധാനമായി, ഒരു സമയത്ത് ഒന്നു വീതം, മാറ്റാം – പ്രശ്നം തന്നെ ഇല്ലാതാകുന്നതുവരെ വേര്‍തിരിക്കപ്പെട്ട ഭാഗങ്ങള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ – നിങ്ങളുടെ നേട്ടത്തിന് ഉപയോഗിക്കുവാന്‍ വേണ്ടി.
അപകടകരമായ ഘടകം, കുഴപ്പം, ഒരിക്കല്‍ ഇല്ലാതാക്കിയാല്‍, ഒരു പ്രശ്നത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതും അവ ഒറ്റക്കൊറ്റക്കെടുത്താല്‍ എത്രമാത്രം നിരുപദ്രവമാണെന്നും – കുഴപ്പം കൂട്ടിച്ചേര്‍ക്കാത്ത കാലത്തോളം – മനസ്സിലാക്കുന്നത് യഥാര്‍ത്ഥത്തില്‍ രസകരമാണ്.
അതു കൊണ്ടാണ് ശാസ്ത്രജ്ഞര്‍ സസന്തോഷം അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ അര്‍പ്പണബുദ്ധിയോടെ ഏര്‍പ്പെടുന്നത്. (അതും ഒരു തരത്തിലുള്ള പ്രശ്നനിര്‍ദ്ധാരണം തന്നെ) അവരുടെ ശാസ്ത്രീയ സമീപനം, ആദ്യം പ്രശ്നം ഒഴിവാക്കുകയും എല്ലാ കുഴപ്പവും തീരുന്നതുവരെ കൂടുതല്‍ മുമ്പോട്ടു പോകാതിരിക്കലുമാണ്. എന്നിട്ട് അവര്‍ ഓരോ ഘടകവും ശാന്തമായി വേര്‍തിരിക്കുകയും പ്രയോജനപ്രദമായ വിധത്തില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കാന്‍ വേണ്ടി ശാസ്ത്രീയമായി പരിശോധിക്കുകയും ചെയ്യുന്നു.
ജീവിതം പ്രധാനമായും പ്രശ്നസങ്കീര്‍ണ്ണമാകയാലും സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും അന്യരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും എത്രമാത്രം വിജയിക്കുന്നുവെന്നതിനെ ആശ്രയിച്ച് നിങ്ങള്‍ എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകുമെന്നതിനാലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു യഥാര്‍ത്ഥ വിദഗ്ദ്ധന്‍ ആയിത്തീരുക.
(1) ഓരോ പ്രശ്നത്തിന്‍റെ ഉള്ളിലും അതിന്‍റെ നിര്‍ദ്ധാരണത്തിനുള്ള ബീജങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന് അറിയുക.
(2) ആദ്യം, പ്രശ്നം നിര്‍വ്വീര്യമാക്കുക, ആശാഭംഗത്തിന്‍റെയും സുനിശ്ചിത പരാജയത്തിന്‍റെയും ഭീഷണിപ്പെടുത്തുന്ന അനന്തര ഫലങ്ങളുടേയും ‘കുഴപ്പം’ ഇല്ലാതാക്കുക.
(3) കുഴപ്പം ഇല്ലാതാക്കിക്കഴിഞ്ഞാല്‍ ശാന്തമായി അതിന്‍റെ ഭാഗങ്ങളെ വേര്‍തിരിച്ചെടുക്കുക. എന്നിട്ട് ഒരു ശാസ്ത്രജ്ഞന്‍റെ നിസ്സംഗമായ വസ്തുനിഷ്ഠതയോടെ അവ പരിശോധിക്കുക.
(4) ഓർമ്മിക്കുക: ജീവിതം പ്രധാനമായും പ്രശ്നങ്ങളുടെ നിര്‍ദ്ധാരണത്തിലാണ് നിലകൊള്ളുന്നത്. നിങ്ങളുടെ പ്രശ്നങ്ങളും അന്യരുടെ പ്രശ്നങ്ങളും വിജയപൂര്‍വ്വം പരിഹരിക്കുന്നതിന്‍റെ അളവനുസരിച്ച് നിങ്ങള്‍ എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകും.
( തുടരും )