പട്ടികജാതി: പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്

Share:
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം 2018-19 പ്രകാരം പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2018-19 അധ്യയന വര്‍ഷം അഞ്ച്, എട്ട് ക്ലാസുകളില്‍ പ്രവേശനം നേടിയവരും നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി പ്ലസ് ഗ്രേഡെങ്കിലും നേടിയ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്. ഉയര്‍ന്ന ഗ്രേഡ് ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. രക്ഷകര്‍ത്താക്കളുടെ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റിന് പുറമേ പഠനോപകരണങ്ങള്‍, യൂണിഫോം, ഷൂസ്, ബാഗ്, കുട എന്നിവ വാങ്ങുന്നതിനും സയന്‍സ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ സ്‌പെഷ്യല്‍ ട്യൂഷനും ധനസഹായം ലഭിക്കും.
താത്പര്യമുള്ളവര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, നാല്, ഏഴ് ക്ലാസുകളില്‍ ലഭിച്ച മാര്‍ക്ക്/ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയത്), നിലവില്‍ പഠനം നടത്തുന്ന സ്ഥാപന മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് എട്ടിനകം അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം.
Share: