നഴ്സിംഗ് പഠനവും സൈന്യത്തിൽ ജോലിയും
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിനു കീഴിലുള്ള നഴ്സിംഗ് കോളജുകളിലെ ബിഎസ്സി നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവർ മിലിട്ടറി നഴ്സിംഗ് സർവീസിൽ അഞ്ചു വർഷത്തെ സേവനം ചെയ്യാൻ സന്നദ്ധമായിരിക്കണം. വ്യവസ്ഥ ലംഘിക്കുന്നവർ പഠനത്തിനും പരിശീലനത്തിനും ചെലവായ തുക തിരികെ നൽകണം. പഠനകാലത്ത് താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമായിരിക്കും. കൂടാതെ പ്രതിമാസ സ്റ്റൈപ്പൻഡും ലഭിക്കും.വിജയിക്കുന്നവർക്ക് സായുധ സേനയിൽ ജോലിയും ലഭിക്കും.
വിവാഹിതരാകാത്തവർക്കും നിയമ പ്രകാരം വിവാഹ ബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. 1993 ഒക്ടോബർ ഒന്നിനും 2001 സെപ്റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സൈനിക സേവനത്തിനാവശ്യമായ കുറഞ്ഞ ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.
ഫെബ്രുവരിയിലായിരിക്കും പ്രവേശന പരീക്ഷ. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി,ബയോളജി, ഇംഗ്ലീഷ് എന്നിവയ്ക്കു പുറമേ ബൗദ്ധിക ശേഷി അളക്കുന്നതിനുള്ള ചോദ്യങ്ങളും ഉണ്ടാകും. ടെസ്റ്റ് പാസാകുന്നവരെ ഇന്റർവ്യു, വൈദ്യ പരിശോധന എന്നിവ നടത്തിയായിരിക്കും അന്തിമമായി തെരഞ്ഞെടുക്കുക. കൊച്ചി, തിരുവനന്തപുരം, ഏഴിമല (കണ്ണൂർ) എന്നിവിടങ്ങളിൽ പ്രവേശന പരീക്ഷയ്ക്കു കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.
വെബ്സൈറ്റിൽ നിന്നു ഡൗണ്ലോഡ് ചെയ്തെടുക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ഡിസംബർ 30 നകം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾ www.indanarmy.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും .