നഴ്‌സുമാർക്ക് യു.കെ യിൽ ജോലി: 21ന് കരാർ ഒപ്പുവയ്ക്കും
* പ്രതിവർഷം 500 നഴ്‌സുമാർക്ക് പ്രയോജനം
യു.കെ യിലെ നാഷണൽ ഹെൽത്ത് സർവ്വീസിന്റെ കീഴിലുള്ള ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് നടപ്പിലാക്കുന്ന ഗ്ലോബൽ ലേണേഴ്‌സ് പ്രോഗ്രാം മുഖേന കേരളത്തിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് യു.കെ യിലെ പ്രമുഖ ആശുപത്രികളിൽ മൂന്ന് വർഷം ജോലിക്കൊപ്പം അന്താരാഷ്ട്ര സർട്ടിഫിക്കറ്റും ലഭിക്കുന്നതിന് അവസരമൊരുങ്ങുന്നു.
ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം തലസ്ഥാനത്തെത്തും. തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ 21ന് വൈകുന്നേരം അഞ്ചിന് ഒഡെപെകും ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ധാരണാപത്രം ഒപ്പുവയ്ക്കും. വർഷത്തിൽ അഞ്ഞൂറോളം നഴ്‌സുമാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ യു.കെ സന്ദർശനത്തോടനുബന്ധിച്ചു നടന്ന ചർച്ചയിലാണ് ഈ ആശയത്തിന് തുടക്കമായത്. പദ്ധതിയുടെ നടത്തിപ്പിനായി പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയിൽ പങ്കെടുക്കുന്ന സർക്കാർ നഴ്‌സുമാർക്ക് മൂന്നു വർഷത്തേക്ക് ലീവ് അനുവദിച്ച് ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കി. ഐഇഎൽറ്റിഎസ്/ഒഇറ്റി യിൽ നിശ്ചിത സ്‌കോർ നേടിയ നഴ്‌സുമാർക്കാണ് പദ്ധതിയിൽ ചേരാനാവുക. താത്പര്യമുള്ള നഴ്‌സുമാർക്ക് ഐഇഎൽറ്റിഎസ്/ഒഇറ്റി എന്നിവയിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും ഒഡെപെകിന്റെ പരിഗണനയിലുണ്ട്.