ലോകത്തിനൊപ്പം ഉയരാൻ നമുക്ക് ( കേരളത്തിന് ) കഴിയാത്തതെന്തുകൊണ്ട്?
– രാജൻ പി തൊടിയൂർ
നമുക്ക് അഭിമാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്.
സാക്ഷരതയിൽ ഇന്ത്യയിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം എന്നതാണ് എപ്പോഴും നമ്മെ ഊറ്റം കൊള്ളിക്കുന്നത് .
ഏറ്റവും മികച്ച മാനവ വിഭവശേഷിയുള്ള സംസ്ഥാനം. ലോകം മുഴുവൻ നമ്മെ അംഗീകരിക്കുന്നു.
(നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാല് കുത്തിയപ്പോൾ അവിടെയും ഉണ്ടായിരുന്നു ഒരു മലയാളി എന്നാണ് കഥ.)
നാസയിലും സിലിക്കൺ വാലിയിലും ഭരണത്തിലും എവിടെയുമുണ്ട് ഒരു മലയാളി.
ഇത് നമ്മൾ പറയുന്നതല്ല. മറ്റുള്ളവർ . മലയാളിയെ , അവരുടെ കർമ്മശേഷിയെ അതിശയത്തോടെ കാണുന്നവർ.
ഭാരതത്തിലെ ഏറ്റവും സുന്ദരമായ സംസ്ഥാനം കേരളമാണെന്ന് ശത്രുക്കൾ പോലും പറയുന്നു.
വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ. ഇംഗ്ലീഷ് സംസാരിക്കുന്നതിൽ , വിദേശത്തുപോയി ജോലി ചെയ്യുന്നതിൽ. ബിസിനസ് തുടങ്ങുന്നതിൽ…എന്തിന് വിദേശത്തുനിന്ന് നാട്ടിലേക്ക് പണമയക്കുന്നതിൽപോലും മലയാളിയാണ് മുന്നിൽ. ഇന്ത്യയിൽ വിദേശത്തുനിന്നുള്ള ധനനിക്ഷേപം ഗണ്യമായി കുറഞ്ഞപ്പോൾ വിദേശ മലയാളികളുടെ ബാങ്ക് നിക്ഷേപം കേരളത്തിൽ ബാധിച്ചില്ല എന്നുമാത്രമല്ല കൂടുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ വരെ എസ് ബി ടിയിൽ വന്ന വിദേശ നിക്ഷേപം 1,10,069 കോടി രൂപ!
ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ലഭിച്ചതും ഒരു മലയാളിക്കാണ് .ബൈജു രവീന്ദ്രൻറെ . ബൈജൂസ് ലേർണിംഗ് ഡോട്ട് കോമിന്. എന്നാൽ അത് കേരളത്തിൽ അല്ല. കണ്ണൂർക്കാരൻ ബിജുവിൻറെ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനം ബാംഗ്ളൂരിലാണ് . ഏകദേശം 2000 കോടിയോളം രൂപയാണ് ബൈജൂസ് ലേർണിംഗിന്റെ വികസനത്തിന് വിദേശികൾ നിക്ഷേപിച്ചിരിക്കുന്നത്. ഫേസ് ബുക്ക് ഉടമ സക്കർ ബക്കറും ഇതിൽ നിക്ഷേപിച്ചിട്ടുണ്ട് 50 ദശ ലക്ഷം ഡോളർ ( ഏകദേശം 335 കോടി രൂപ)
കേരളത്തിലെ ഒരു ഐ ടി പദ്ധതിക്കും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല. അടുത്തെങ്ങും ലഭിക്കുമെന്ന് കരുതാനും വയ്യ. ഒരു അന്തർ ദ്ദേശീയ വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയും കേരളത്തിൽ ഓഫീസ് തുടങ്ങാൻ ഇനിയും തയ്യാറായിട്ടില്ല എന്നതാണതിന് കാരണം. ടെക്നോപാർക്കും ഐ ടി പാർക്കും ഇൻഫോ പാർക്കും ഇൻക്യൂബേഷൻ സെൻററും ഒക്കെ ഉണ്ടെങ്കിലും ആധുനികതയെ എതിർക്കുന്ന, ഡിജിറ്റൽ സംവിധാനങ്ങൾക്കെതിരെ നിൽക്കുന്ന സമൂഹം എന്നൊരു ദുഷ്‌പേര് നാം ചാർത്തി വെച്ചിട്ടുണ്ട്.
കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവർ ഇപ്പോൾ ‘ഡിജിറ്റൽ’ എന്ന വാക്കുകേട്ടാൽ വാളെടുക്കുന്നതു അത്’ ഡിജിറ്റൽ ഇന്ത്യ ‘ എന്ന് നരേന്ദ്ര മോദി പറഞ്ഞതുകൊണ്ടാണ്. ‘ഡിജിറ്റൽ കറൻസി’ നരേന്ദ്ര മോദി വ്യാപകമാക്കിയായത് കൊണ്ടാണ്.ഡിജിറ്റൽ വിദ്യാഭ്യാസം എന്ന് നരേന്ദ്ര മോഡി ആവർത്തിക്കുന്നത് കൊണ്ടാണ്.
രാഷ്ട്രീയ തിമിരം നമ്മുടെ വികസനത്തിന് മുന്നിൽ വീഴ്‌ത്തുന്ന നിഴൽപ്പാടുകൾ കാലത്തിനും കഴുകിക്കളയാൻ പറ്റില്ല എന്ന യാഥാർഥ്യം ഇനിയും തിരിച്ചറിയാൻ കഴിയാത്തതാണ് സർവ്വ സൗഭാഗ്യങ്ങളുമുള്ള മലയാളിയുടെ ദുര്യോഗം.എല്ലാമുണ്ടെങ്കിലും പുറകോട്ടുനടക്കാൻ വിധിക്കപ്പെട്ട ഈ സമൂഹം വിദ്യാഭ്യാസ കാര്യത്തിലും പിന്നിലാകാൻ പോവുകയാണ്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും മത്സരിച്ചു നടപ്പാക്കുന്ന തൊഴിൽ പരിശീലന പദ്ധതിക്ക് പുറംതിരിഞ്ഞു നിൽക്കുന്ന നമ്മുടെ സംസ്ഥാനം വരും തലമുറയോട് കാട്ടുന്ന നീതികേട് തിരിച്ചറിയാൻ ഇനിയും സമയമെടുക്കും.
വിദ്യാഭ്യാസം തൊഴിൽ പരിശീലനത്തിൽ അധിഷ്ഠിതമായിരിക്കണം എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവേൺ മെൻറ് രാജ്യമെമ്പാടും നടപ്പാക്കുന്ന ‘ നാഷണൽ സ്കിൽ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ ഫ്രെയിംവർക് ‘ (NSQF) പദ്ധതി എന്തുകൊണ്ടാണ് കേരളത്തിൽ പ്രാധാന്യം നൽകി ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ സജീവമാക്കാത്തത് ? തൊഴിൽ നൈപുണ്യ വികസനം എന്നപേരിൽ കഴിഞ്ഞ സർക്കാർ ആരംഭിച്ച ഈ പദ്ധതി കൂടുതൽ വിപുലമായ രീതിയിൽ പ്രത്യേക വകുപ്പുണ്ടാക്കി നരേന്ദ്രമോദി സർക്കാർ വികസിപ്പിച്ചെടുത്തത് വിദ്യാഭ്യാസം, തൊഴിൽ പരിശീലനത്തിന് ഉതകണം എന്ന ദീർഘ വീക്ഷണത്തോടുകൂടിയാണ്.
തൊഴിൽ നൈപുണ്യ പരിപാടികൾക്കായി 23000 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിട്ടുള്ളത്.തൊഴിൽ നൈപുണ്യത്തോടൊപ്പമുള്ള വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ ഓരോ വിദ്യാർഥിയുടെയും അക്കൗണ്ടിൽ 15000 രൂപ കൂടി കിട്ടുന്നു എന്നൊരാകർഷണീയതയും ഇതിനുണ്ട്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ നൂറു രാജ്യങ്ങളിൽ നടപ്പാക്കി വരുന്ന ഈ പദ്ധതി ഇനിയും കണ്ടില്ലെന്നു നടിക്കുകയാണ് കേരളം.
നാഷണൽ സ്കിൽ എഡ്യൂക്കേഷൻ പദ്ധതി ഒൻപതാം ക്‌ളാസിൽ നിന്നാണ് ആരംഭിക്കുന്നത്. ഹയർ സെക്കൻഡറി പൂർത്തിയാകുമ്പോൾ ലെവൽ 4 സർട്ടിഫിക്കറ്റ് ലഭിക്കും. അതോടൊപ്പം 15000 രൂപ വിദ്യാർഥിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും.അതിലെല്ലാം ഉപരിയായി രാജ്യാന്തര അംഗീകാരമുള്ള പഠന രീതിയും ഉപരി പഠന സാധ്യതയുമാണ് ഇതിനുള്ളത് എന്നതാണ്. രാജ്യമെമ്പാടും 2018 അവസാനം മുതൽ ഈ പദ്ധതി നിർബന്ധമാകും എന്നതാണ് ഇതിൻറെ മറ്റൊരു സവിശേഷത. വിദ്യാർഥികളുടെ ഭാവി പഠനത്തെയും ജീവിതത്തെയും വളരെയധികം സ്വാധീനിക്കാൻ സാദ്ധ്യതയുള്ള ഈ പഠന പദ്ധതി ഇന്ത്യ മുഴുവൻ വ്യാപകമാകുമ്പോൾ ഇത് നടപ്പാക്കുന്നതിനെക്കുറിച്ചു നമ്മുടെ സംസ്ഥാനം ഇനിയും ഗൗരവപൂർവം ചിന്തിച്ചുതുടങ്ങിയിട്ടില്ല എന്നതാണ് ദുഃഖകരം . സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായം കേന്ദ്ര ഗവ ൺമെന്റിൽ നിന്ന് ലഭിക്കണമെന്നുണ്ടെങ്കിൽ നാഷണൽ സ്കിൽ എഡ്യൂക്കേഷൻ പദ്ധതി നടപ്പാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാന സർക്കാരിൻറെ രാഷ്ട്രീയ താൽപ്പര്യങ്ങളിൽപ്പെട്ടു അത് അവഗണിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിലെയും പൊതുമേഖലാസ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനു നാഷണൽ സ്കിൽ എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധ മാക്കനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ , റെയിൽവേ തുടങ്ങി യവയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് കേരളത്തിലുള്ളവർക്ക് അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും.
വിദേശ ജോലിക്കും നാഷണൽ സ്കിൽ എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. രാഷ്ട്രീയ പ്രേരിതമായി ഇത്തരം കാര്യങ്ങളിൽ നാം പിന്തിരിഞ്ഞു നിന്നാൽ ലോക പുരോഗതിക്കൊപ്പം നമുക്ക് മുന്നേറാനാവില്ല. സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങളും സംവിധാനങ്ങളും പുതിയ തലമുറയ്ക്ക് പകർന്നുനൽകേണ്ട ഉത്തരവാദിത്തം ഭരിക്കുന്ന സർക്കാരിനുണ്ട്. കേന്ദ്ര സർക്കാരിനോട് നിസ്സഹകരണം പ്രഖ്യാപിച്ചു വരും തലമുറയെ പെരുവഴിയിലാക്കരുത്.