നൈപുണ്യശേഷിയുള്ള പുതിയ തലമുറയിലൂടെ നവകേരളം സൃഷ്ടിക്കും – മന്ത്രി തോമസ് ഐസക്

Share:
അടുത്ത പത്തു വര്‍ഷത്തിനകം കേരളത്തില്‍ പുതുതായി എത്തുന്ന തൊഴില്‍ അന്വേഷകരെ നൈപുണ്യ ശേഷിയുള്ളവരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ അക്കാഡമിയില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ സ്‌കിലെക്‌സ്-2018 ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തൊഴില്‍ മേഖലയ്ക്ക് ചേരുംവിധം നൈപുണ്യമുള്ളവരെയാണ് ഇനി സംസ്ഥാനം സംഭാവന ചെയ്യുക. ഇതുവഴി കൂടുതല്‍ സംരംഭങ്ങളേയും നിക്ഷേപകരേയും ആകര്‍ഷിക്കാനാകും. അവര്‍ക്കായി തൊഴില്‍ വൈദഗ്ധ്യമുള്ളവരെ കൈമാറി നവകേരള സൃഷ്ടിയുടെ ഗതിവേഗം കൂട്ടാനാകും.
മികവുറ്റ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ നിന്ന് പരിശീലനം നേടുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തും. ഏതു തൊഴില്‍ മേഖലയ്ക്കും ആവശ്യമായ നൈപുണ്യശേഷി വികസനമാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷനായി. എന്‍. വിജയന്‍പിള്ള എം.എല്‍.എ, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, തൊഴില്‍ വകുപ്പ് കമ്മീഷണര്‍ എ. അലക്‌സാണ്ടര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി, ഡയറ്കടര്‍മാരായ ടി.പി. സേതുമാധവന്‍, ഡോ. ഡി. ചിത്രപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Share: