ദ്രൗപതി മുർമു : പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രതീക്ഷ!
” ഇന്ത്യ ചരിത്രം കുറിച്ചു. 130 കോടി ഇന്ത്യക്കാർ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന വേളയിൽ , കിഴക്കൻ ഇന്ത്യയുടെ വിദൂര ഭാഗത്ത് ഗോത്രവർഗത്തിൽ ജനിച്ച ഇന്ത്യയുടെ മകളെ ഇന്ത്യക്കാര്‍ അവരുടെ പ്രസിഡൻറായി തിരഞ്ഞെടുത്തു. ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും താഴെത്തട്ടിലുള്ളവർക്കും പ്രതീക്ഷയുടെ കിരണമായി മുര്‍മു മാറി.” – രാജ്യത്തെ ഉന്നത ഭരണഘടനാ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ദ്രൗപതി മുർമു ഒരു മികച്ച രാഷ്ട്രപതിയാകും. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു വനിത ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യ ചരിത്രമെഴുതിയെന്നും മോദി പറഞ്ഞു. മുർമുവിനെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി മുര്‍മുവിന്‍റെ ദില്ലിയിലെ താത്കാലിക വസതിയില്‍ നേരിട്ടെത്തി.
ഇന്ത്യയുടെ 15-ാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു (Draupadi Murmu) 2015 മുതൽ 2021 വരെ ജാർഖണ്ഡിൻറെ ഒമ്പതാമത്തെ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വടക്കൻ സംസ്ഥാനമായ ഒഡീഷയിൽ നിന്നുള്ള പട്ടികവർഗ്ഗ സമുദായാംഗമായ മുർമു, അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ ഗവർണറും ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്രവർഗക്കാരിയുമാണ് .
1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ സന്താലി ഗോത്രവർഗ കുടുംബത്തിലാണ് ദ്രൗപതി മുർമു ജനിച്ചത്. പഞ്ചായത്തീരാജ് സംവിധാനത്തിന് കീഴിൽ അച്ഛനും മുത്തച്ഛനും ഗ്രാമത്തലവന്മാരായിരുന്നു.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സ്കൂൾ അധ്യാപികയായിരുന്നു . റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇൻറെഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രൊഫസറായും, ഒഡീഷ സർക്കാരിൻറെ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും ജോലി ചെയ്തു.
1997 ൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന മുർമു റൈരംഗ്പൂർ നഗർ പഞ്ചായത്ത് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. മുർമു 2000-ൽ റായ്‌രംഗ്‌പൂർ നഗർ പഞ്ചായത്തിൻറെ
ചെയർപേഴ്‌സണായി. ബി.ജെ.പി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും അവർ സേവനമനുഷ്ഠിച്ചു.
2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. ഒരു ഇന്ത്യൻ സംസ്ഥാനത്തിൻറെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയാണ് ഇവർ. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. 2007-ൽ ഒഡീഷ ലെജിസ്ലേറ്റീവ് അസംബ്ലി അവർക്ക് മികച്ച എം.എൽ.എ.ക്കുള്ള നീലകണ്ഠ അവാർഡ് നൽകി ആദരിച്ചു.
ഛോട്ടാനാഗ്പൂർ ടെനൻസി ആക്ട്, 1908, സന്താൽ പർഗാന ടെനൻസി ആക്റ്റ്, 1949 എന്നിവയിൽ ഭേദഗതികൾ ആവശ്യപ്പെട്ട് ജാർഖണ്ഡ് നിയമസഭ അംഗീകരിച്ച ബില്ലിന് 2017-ൽ ഗവർണർ എന്ന നിലയിൽ അനുമതി നൽകാൻ മുർമു വിസമ്മതിച്ചിരുന്നു. ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായി കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് രഘുബർ ദാസിൻറെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനോട് മുർമു വിശദീകരണം തേടി.
ദ്രൗപതി മുർമു, ശ്യാം ചരൺ മുർമുവിനെ വിവാഹം കഴിച്ചു. അദ്ദേഹം ഒരു ബാങ്കർ ആയിരുന്നു. 2014-ൽ അദ്ദേഹം അന്തരിച്ചു. ദമ്പതികൾക്ക് ഒരു മകളും രണ്ട് ആൺമക്കളും ഉണ്ടായിരുന്നു. ആൺമക്കൾ ഇരുവരും അന്തരിച്ചു.
“ദ്രൗപതി മുർമുവിന്‍റെ ജീവിതം, അവരുടെ ആദ്യകാല പോരാട്ടങ്ങൾ, അവരുടെ സമ്പന്നമായ സേവനം, അവരുടെ മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. നമ്മുടെ പൗരന്മാർക്ക്, പ്രത്യേകിച്ച് ദരിദ്രർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, അടിച്ചമർത്തപ്പെട്ടവർ എന്നിവരുടെ, പ്രതീക്ഷയുടെ കിരണമായി മുര്‍മു ഉയർന്നുവന്നിട്ടുണ്ട്,” – പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.