വാഹന പരിശോധന ഡിജിറ്റലാക്കും: മന്ത്രി എ. കെ. ശശീന്ദ്രൻ

Share:

*മൂന്നാം തിയതി മുതൽ കർശന പരിശോധനാ പരിപാടി

വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റർ സംവിധാനത്തിലേക്ക് മാറുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിശോധനാരീതി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടി സ്വീകരിക്കുക. സെപ്റ്റംബർ മൂന്നു മുതൽ റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന കർശന പരിശോധന പരിപാടി ആരംഭിക്കും.

മോട്ടോർ വാഹന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ ഒന്നു മുതൽ പുതുക്കിയ പിഴ ഈടാക്കും. ഗതാഗത നിയമലംഘനം നടത്തി ലൈസൻസ് റദ്ദ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ കുറ്റക്കാർ റിഫ്രഷർ കോഴ്സും സാമൂഹ്യസേവനവും നടത്തണം. ഇതിനായി ആരോഗ്യവകുപ്പുമായും സാമൂഹ്യനീതി വകുപ്പുമായി ആലോചിച്ച് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ വാഹന ഉടമയ്‌ക്കോ എതിരെ നടപടിയുണ്ടാവും. 25000 രൂപ പിഴയും മൂന്ന് വർഷം തടവും അനുഭവിക്കേണ്ടി വരും. വാഹനത്തിന്റെ രജിസ്ട്രഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദ് ചെയ്യും. കൂടാതെ വാഹനം ഓടിച്ച കുട്ടിയ്ക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പതിനായിരത്തിലധികം റോഡപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ 1203 പേർക്ക് ജീവൻ നഷ്ടമായതായി മന്ത്രി പറഞ്ഞു. പുതിയ നിയമപ്രകാരം വാഹന രജിസ്ട്രേഷന് ഓൺലൈനായി  സംസ്ഥാനത്തെ ഏത് ആർ. ടി ഓഫീസിലും അപേക്ഷിക്കാം. എന്നാൽ വാഹന ഉടമയുടെ മേൽവിലാസത്തിന്റെ പരിധിയിലുള്ള ഓഫീസിലെ രജിസ്റ്റർ നമ്പറാവും ലഭിക്കുക.

പുതിയ നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് മേൽ ഈടാക്കിയിരുന്ന തുക വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാൽ 1000 രൂപ പിഴ നൽകണം. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കി. ട്രാൻസ്പോർട്ട് വാഹനങ്ങളിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാരെ കയറ്റിയാൽ വാഹന ഉടമ അധികമുള്ള ഓരോ യാത്രക്കാരനും 200 രൂപ വീതം പിഴ ഒടുക്കണം.

അമിതവേഗതയക്ക് ലൈറ്റ് മോട്ടാർ വാഹനങ്ങൾക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങൾക്ക് 4000 രൂപയുമാണ് പിഴ. കുറ്റം ആവർത്തിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യും. ചുവപ്പ് ലൈറ്റ് മറികടക്കൽ, സ്റ്റോപ്പ് സൈൻ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യുക, വൺവേ തെറ്റിച്ചുള്ള യാത്ര എന്നിവയ്ക്ക് ആറ് മാസത്തിൽ കുറയാതെ ഒരു വർഷം വരെ തടവോ അല്ലെങ്കിൽ 5000 രൂപ പിഴയോ രണ്ടും കൂടെയോ ലഭിക്കും.

മദ്യപിച്ച് വാഹനമോടിച്ചാൽ ആറ് മാസം തടവും 10,000 രൂപ പിഴയും ഒടുക്കേണ്ടി വരും. ഇതേ കുറ്റം ആവർത്തിച്ചാൽ 15,000 രൂപ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ.
ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000 രൂപ പിഴയും ലൈസൻസില്ലാത്തവർക്ക് വാഹനമോടിക്കാൻ നൽകുന്നതിന് വാഹന ഉടമ 5000 രൂപ പിഴയും നൽകണം.

നിയമാനുസൃതം നിലവിലില്ലാത്ത ലൈസൻസിൽ വാഹനം ഓടിച്ചാലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ വാലിഡിറ്റി എന്നിവയില്ലെങ്കിലും 10,000 രൂപയാണ് പിഴ. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 2000 രൂപയും കുറ്റം ആവർത്തിച്ചാൽ മൂന്ന് മാസം തടവും 4000 രൂപ പിഴയുമടയ്ക്കണം. ചരക്കുവാഹനത്തിൽ അമിതഭാരം കയറ്റിയാൽ 20,000 രൂപയും വാഹനത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തുന്നതിന് 5000 രൂപയും പിഴ നൽകണം.
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസ് കാലാവധി അഞ്ച് വർഷമായി വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാനുള്ള തിയതി കഴിഞ്ഞാൽ ഒരു വർഷം വരെ പിഴ ഒടുക്കി പുതുക്കാം. ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് വിജയിക്കേണ്ടി വരും.
ഡീലർമാർ വാഹന രജിസ്ട്രേഷനിൽ തെറ്റായ വിവരം നൽകിയാൽ ആറു മുതൽ ഒരു വർഷം വരെ തടവോ, വാർഷിക നികുതിയുടെ പത്ത് ഇരട്ടിയോളമോ പിഴ ചുമത്തും.

വാഹന നിർമ്മാണം സംബന്ധിച്ച വ്യവസ്ഥകൾ ലംഘിക്കുന്ന വാഹന നിർമ്മാതാക്കൾ 100 കോടി രൂപ പിഴ നൽകേണ്ടി വരും. വാഹന ഉടമയാണ് രൂപമാറ്റം വരുത്തുന്നതെങ്കിൽ ആറ് മാസം തടവും 5000 രൂപ പിഴയും ചുമത്തും.

Share: