മധുരോദാരം ഈ നിമിഷം…..
1984 ഓഗസ്ററ് 1.
മലയാളത്തിലെ ആദ്യ തൊഴിൽ-വിദ്യാഭ്യാസ മാസികയുടെ, കരിയർ മാഗസിൻ, പ്രകാശനം.
കൊല്ലം പബ്ലിക് ലൈബ്രറിയിൽ അന്നത്തെ കേരള മുഖ്യമന്ത്രി കെ . കരുണാകരൻ നിർവ്വഹിക്കുന്നു.
ആദ്യ പ്രതി ഏറ്റുവാങ്ങുന്നത് വ്യവസായ പ്രമുഖനും ചലച്ചിത്ര നിർമ്മാതാവും സാംസ്കാരിക പ്രവർത്തകനുമായ കെ. രവീന്ദ്രനാഥൻ നായർ എന്ന അച്ചാണി രവി.
മലയാള സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ കെ. രവീന്ദ്രനാഥൻ നായർ, മലയാള പ്രസിദ്ധീകരണ രംഗത്തിന് നൽകിയ സംഭാവനയാണ്, കരിയർ മാഗസിൻ.
അദ്ദേഹത്തിൻറെ ഉപദേശവും സഹായവും കൊണ്ട് മാത്രമാണ്, മലയാള പ്രസിദ്ധീകരണ രംഗത്തെ നാഴികക്കല്ലായി മാറിയ , കരിയർ മാഗസിൻ ജന്മം കൊണ്ടതും സംസ്ഥാനത്തിന് മാതൃകയായതും. – രാജൻ പി തൊടിയൂർ പറയുന്നു.
കരിയർ മാഗസിൻ മുപ്പത്തിനാലാം വർഷത്തിലേക്ക് കടക്കുമ്പോൾ , അതിൻറെ മൊബൈൽ അപ്ലിക്കേഷൻ ജന്മം കൊള്ളുകയാണ്.
കരിയേഴ്സ് ആപ്പ്. ( www.careersapp.in )
ഇന്ത്യയിലെ 430 ദശലക്ഷം ചെറുപ്പക്കാർക്ക് വേണ്ടി, തൊഴിലന്വേഷകർക്ക് വേണ്ടി, അവർക്ക് ആവശ്യമായ എല്ലാവിവരങ്ങളും വിരൽത്തുമ്പിൽ എത്തിച്ചുകൊടുക്കുന്ന മൊബൈൽ അപ്ലിക്കേഷൻ.
രണ്ടായിരം കോടി രൂപയുടെ വെഞ്ച്വർ ഫണ്ടിങ്ങുമായി , വിദ്യാർഥികളെ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള , മലയാളിയുടേതായ ബൈജൂസ് ആപ് ഒന്നരക്കോടി വരിക്കാരുടെ പിൻബലവുമായി മുന്നേറുമ്പോഴാണ് ഇന്ത്യയിലെ 43 കോടി തൊഴിലന്വേഷകരായ ചെറുപ്പക്കാരെ ലക്‌ഷ്യം വെച്ചുകൊണ്ട് ‘കരിയേഴ്സ് ആപ്പ്’ ജന്മം കൊള്ളുന്നത്. അതിന് വേണ്ടുന്ന ‘ഏഞ്ചൽ’ പിൻബലം നല്കുന്നതാകട്ടെ അച്ചാണി രവിയുടെ സഹോദരീ പുത്രൻ
ഡോ. രാജ്‌മോഹൻ പിള്ളയും.
വ്യവസായ രംഗത്ത് നൂതനങ്ങളായ പല ആശയങ്ങൾക്കും തുടക്കം കുറിച്ചിട്ടുള്ള ഡോ. രാജ്‌മോഹൻ പിള്ള 2800 കോടി രൂപ ടേൺഓവറുള്ള ബീറ്റ ഗ്രൂപ്പിൻറെ ചെയർമാനാണ്.
ബീറ്റ ഗ്രൂപ്പിൻറെ സഹോദര സ്ഥാപനമായ പേസ് ഹൈടെക് എന്ന ഐ ടി കമ്പനിയാണ് ‘കരിയേഴ്സ് ആപ്പ്’ നിരവധി ഇന്ത്യൻ ഭാഷകളിൽ രൂപപ്പെടുത്തി എടുക്കുന്നത്. ഒരുപക്ഷെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി ഇ ഒ നേതൃത്വം നല്കുന്ന സ്ഥാപനമാണ്, പേസ് ഹൈടെക്.
ഇക്കഴിഞ്ഞ മെയ് 29 ന് പേസ് ഹൈടെക്കുമായുള്ള കരാറിൽ ഒപ്പുവെക്കുമ്പോൾ അത് മധുരോദാരമായ അനുഭവമായി മാറി എന്ന് കരിയർ മാഗസിൻ സ്ഥാപക പത്രാധിപരും സി എം ഡി യുമായ രാജൻ പി തൊടിയൂർ പറയുന്നത് പല കാരണങ്ങളാലാണ്.
ചെറുപ്പക്കാരുടെ ഒരു ടീം ആണ് സി ഇ ഒ ഗീതു ശിവകുമാറിനോടൊപ്പമുള്ളത്. അവർ വിദ്യാഭ്യാസത്തെയും തൊഴിൽ മാർഗ്ഗദർശന ത്തെയും ഒരു ‘പാഷൻ’ ആയി കരുതുന്നു. സംസ്ഥാന സർക്കാരും ടെക്നോപാർക്കും ഐടി മിഷനും ചേർന്ന് സംയുക്തമായി നടത്തിയ സംസ്ഥാന ഐടി ഫെസ്റ്റിലെ കേരളത്തിലെ ഏറ്റവും മികച്ച വെബ് ഡെവലപ്പർ ആയി വിജയിച്ച ഗീതു രാജ്യത്തെ ആദ്യത്തെ ക്യാമ്പസ് ന്യൂസ് അപ്ലിക്കേഷൻ സ്വന്തം കോളേജിന് വേണ്ടി വികസിപ്പിച്ചു . കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി ജപ്പാനും സന്ദർശിച്ച ഗീതു നവീന ആശയങ്ങൾ ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെ പുതിയ തലമുറയിൽ എത്തിക്കുക എന്ന കാര്യത്തിൽ പ്രതിജ്ഞാ ബദ്ധയാണ്.
ഇന്ത്യയുടെ കശുവണ്ടി വ്യവസായത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു കുടുംബത്തിൽ പിറന്നു, ഗ്ലോബൽ ബിസിനസ്സ് എന്ന ആശയവുമായി ലോകം മുഴുവൻ ഫുഡ് ആൻറ് ബിവറേജസ്, സര്‍വീസസ്, ഐ ടി , എന്റര്‍ടെയ്ന്‍മെൻറ് എന്നീ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. രാജ്‌മോഹൻ പിള്ള. ഗ്ലോബൽ ബിസിനസ് എന്ന ആശയവുമായി അൻപതോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അദ്ദേഹവുമായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിയുന്നത്.
അതിലുമുപരി, കെ. രവീന്ദ്രനാഥൻ നായർ ‘മെൻറർ’ ആയ ഒരു സംരംഭത്തിന് അദ്ദേഹത്തിൻറെ കുടുംബത്തിൽ നിന്നുള്ള ഒരു ആഗോള വ്യവസായി ‘ഏഞ്ചൽ’ പിൻബലം നൽകാൻ തയ്യാറായി വന്നത് തീർച്ചയായും ‘മധുരോദാരമായ’ ഒന്നാണ്.
ഡോ. രാജ്‌മോഹൻ പിള്ള പറയുന്നു.
” ബിസിനസിന്റെ അതിരുകളും നിയമങ്ങളുമൊക്കെ മാറിമറിയുന്ന ഒരു ഗ്ലോബല്‍ ബിസിനസിന്റെ കാലഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്്. വിദേശ കമ്പനികള്‍ ലോകത്തൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ ഇന്ത്യന്‍ കമ്പനികളും ആഗോളതലത്തില്‍ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് വിജയം കൈവരിക്കേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും നമ്മുടെ കമ്പനികള്‍ക്ക് ആഗോളതലത്തില്‍ വിജയം നേടാനാകാതെ വരുന്ന സാഹചര്യമുണ്ട്. ബിസിനസിന്റെ വിജയത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ചില ഘടകങ്ങളുടെ അഭാവമാണ് മിക്കപ്പോഴും ആഗോളതലത്തിലുള്ള ഒരു മുന്നേറ്റത്തിന് വിഘാതം സൃഷ്ടിക്കുന്നത്.
ഒരു ബിസിനസ് ഐഡിയയുടെ കണ്ടെത്തല്‍ മുതല്‍ അതിൻറെ നടത്തിപ്പ്, ഫണ്ടിംഗ്, ആസൂത്രണം തുടങ്ങിയ ഓരോ ഘട്ടങ്ങളും വളരെയേറെ നിര്‍ണ്ണായകമാണ്. അവയിലെല്ലാം തന്നെ വളരെ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനമാണ് സംരംഭകൻറെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. ഇവയില്‍ ഏതെങ്കിലും ഒന്ന് മറ്റൊന്നിനേക്കാള്‍ പ്രധാനമല്ല. മറിച്ച് ഇവയുടെയെല്ലാം ശരിയായ സംയോജനമാണ് ഒരു ബിസിനസിനെ ആഗോളതലത്തില്‍ വിജയത്തിലേക്കെത്തിക്കുന്നത്. സംരംഭങ്ങള്‍ക്ക് മാത്രമല്ല രാജ്യത്തിനും ഇക്കാര്യത്തില്‍ ശരിയായ ഫോക്കസ് ഉണ്ടാകേണ്ടിയിരിക്കുന്നു. അതിലൂടെ മാത്രമേ വിദേശ രാജ്യങ്ങളെപ്പോലെ ഇന്ത്യക്കും അതിലെ ജനങ്ങളെ ഒന്നടങ്കം ശരിയായ ദിശയിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂ. അതിന് ഇത്തരം ഘടകങ്ങളെയെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തനമാണ് ഏറ്റവും അനിവാര്യം.
പു സ്തകക്കച്ചവടവുമായി ആരംഭിച്ച ആമസോൺ ഇന്ന് ലോകം കീഴടക്കുന്നു. പുതിയ സാങ്കേതിക വിദ്യയിലൂടെ അവർ ഓൺലൈൻ ആയപ്പോൾ അവർക്കു ലോകമെമ്പാടും വിപണനം ചെയ്യാനുള്ള സൗകര്യമുണ്ടായി. കരിയർ മാഗസിൻ 1984 ൽ തുടങ്ങുമ്പോൾ അതൊരു പുത്തൻ ആശയമായിരുന്നു. ഇന്നത് ഡിജിറ്റൽ ആകുമ്പോൾ ലോകമെമ്പാടുമുള്ള സാദ്ധ്യതകളാണ് തുറന്ന് കിട്ടുന്നത്. അതുകൊണ്ടാണ് ഈ സംരംഭത്തിന് ഞങ്ങൾ പിൻബലം നൽകുന്നത്.
അദ്ദേഹം തുടർന്നു –
മലയാളികള്‍ക്ക് എല്ലാ കാര്യങ്ങളിലും നല്ല ആശയങ്ങളുണ്ട്. എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഐഡിയകളാണ് ഇന്ത്യക്കാര്‍ പ്രകടിപ്പിക്കാറുള്ളത്. എന്നാല്‍ അതിനുപകരം സ്വന്തം പ്രവര്‍ത്തന മേഖലകളില്‍ എങ്ങനെ മികച്ച ആശയങ്ങൾ കൊണ്ടുവരാമെന്നതാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഏറ്റവും മികച്ച ആശയമാണ് ഒരു സംരംഭത്തിൻറെ വിജയത്തിനാവശ്യമായ ആദ്യത്തെ ഘടകം. അതിനാല്‍ ഒറിജിനല്‍ ഐഡിയകള്‍ വികസിപ്പിച്ച് പ്രാവര്‍ത്തികമാക്കുകയെന്നതാണ് നമുക്ക് മുന്നിലുള്ള വലിയൊരു വെല്ലുവിളി. ഒരു മീറ്റിംഗ് പോലും കൃത്യസമയത്ത് തുടങ്ങാന്‍ നമ്മളാരും ശീലിച്ചിട്ടില്ല. അതുപോലെ ഒരു മികച്ച ഐഡിയ ഉണ്ടെങ്കിലും അത് ശരിയായ വിധത്തില്‍ നടപ്പാക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല. ഒരു പക്ഷെ വിജയിച്ചാലും പിന്നീടതില്‍ ഒരടി പോലും മുന്നോട്ട് പോകില്ല. ഈയൊരു മനോഭാവത്തിലാണ് നമ്മള്‍ മാറ്റം വരുത്തേണ്ടത്.
കുറെയധികം പണം ഉണ്ടായതുകൊണ്ട് മാത്രം ഒരു ആശയം പ്രവൃത്തിപഥത്തിലെത്തിക്കാന്‍ സാധിക്കില്ല. പണം മാത്രം ഉപയോഗിച്ചുകൊണ്ട് ലോകത്ത് ഒരു കമ്പനിയും വിജയം നേടിയിട്ടുമില്ല. ലോക പ്രശസ്ത സംരംഭങ്ങളായ ആപ്പിള്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളൊക്കെ പണമില്ലാത്തവര്‍ സ്വന്തം നിലയില്‍ തുടങ്ങിയതാണ്്. പൂര്‍വ്വികരുടെ പണം ഉപയോഗിച്ചല്ല അത്തരം കമ്പനികളെ സംരംഭകര്‍ വളര്‍ത്തി വലുതാക്കിയത്. സമാന മേഖലകളില്‍ വളരെയധികം സമ്പത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളേക്കാള്‍ മികവ് പ്രകടിപ്പിച്ചതിനാലാണ് അവയൊക്കെ വന്‍വിജയം കൈവരിച്ചത്.
സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഫണ്ടിംഗ് ആവശ്യമാണ്. വ്യക്തികള്‍ക്കായാലും നമ്മുടെ രാജ്യത്തിനായാലും ഇന്ന് എല്ലാതരത്തിലുമുള്ള വിഭവങ്ങള്‍ ലഭ്യമാണ്. പക്ഷെ അവയൊക്കെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നില്ലെന്ന് മാത്രം. യഥാര്‍ത്ഥത്തില്‍ പണത്തിനല്ല, മറിച്ച് മികച്ച ആശയങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ആളുകള്‍ നമുക്കില്ലെന്നതാണ് പ്രശ്‌നം. ഫണ്ടിംഗ് മാത്രമുപയോഗിച്ച് വളര്‍ച്ച നേടാനാകില്ല. പണമെന്നത് വിജയം കൈവരിക്കുന്നതിനുള്ള ഒരു മാര്‍ഗവുമല്ല. അത് വളര്‍ച്ചക്കുള്ള ഒരു ഘടകം മാത്രമാണെന്ന വസ്തുത സംരംഭകര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്്. ബിസിനസിനോടുള്ള നിങ്ങളുടെ പാഷനാണ് പ്രധാനം. പണമുണ്ടാക്കുക എന്നതായിരിക്കരുത് ബിസിനസിലെ നിങ്ങളുടെ പ്രധാന ലക്ഷ്യം.
ബിസിനസ് ചെയ്യുന്നത് പണത്തിന് വേണ്ടിയാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. പാഷന്‍ ഇല്ലെങ്കില്‍ സംരംഭകര്‍ക്ക് മാത്രമല്ല ആര്‍ക്കുംതന്നെ യാതൊന്നും ചെയ്യാനാകില്ല.
സമൂഹത്തിന് നല്‍കുന്ന സേവനമാണ് ബിസിനസ്. ഉപഭോക്താവിന് ആവശ്യമുള്ള സംഗതികള്‍ നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള പ്രതിഫലമാണ് തിരികെ ലഭിക്കുന്നത്. വിദ്യാഭ്യാസരംഗത്തു നൽകുന്ന സേവനമാണ് ഒരു സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള പ്രധാന ഘടകം. തൊഴിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ‘കരിയേഴ്സ് അപ്’ നിരവധി ജീവിതങ്ങൾ രക്ഷപ്പെടുത്തും എന്നകാര്യത്തിൽ തർക്കമില്ല.
ഡോ. രാജ്‌മോഹൻ പിള്ള പറഞ്ഞു.
തയ്യാറാക്കിയത്: രഘു കെ തഴവ
ഫോട്ടോ അടിക്കുറിപ്പ് : ഡോ. രാജ്‌മോഹൻ പിള്ള, ഗീതു ശിവകുമാർ, സനാ റമീസ് , രാജൻ പി തൊടിയൂർ, ആർ ആർ നായർ