ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു എല്ലാ പരിരക്ഷയും ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍
കൊച്ചി: കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ പരിരക്ഷയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ . കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂര്‍ വെങ്ങോല കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാതരത്തിലുമുള്ള സംരക്ഷണം നല്‍കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന് തെറ്റായ പ്രചാരണം നടക്കുന്നു. ഈ പ്രചാരണത്തില്‍ വീണുപോകരുതെന്നും മന്ത്രി പറഞ്ഞു.
ആവാസ് പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളിക്ക് ചികിത്സ നേടാന്‍ സര്‍ക്കാര്‍ ആശുപത്രികളെയും സര്‍ക്കാര്‍ എംപാനല്‍ ചെയ്ത ആശുപത്രിയിലെയും സമീപിച്ചാല്‍ 15000 രൂപ വരെ പ്രതിവര്‍ഷം സൗജന്യ ചികിത്സ ലഭിക്കും. അപകട മരണത്തിന് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും സ്ഥിരമായ അംഗവൈകല്യത്തിനു ഒരു ലക്ഷം രൂപ സഹായധനവും ലഭിക്കും. ആവാസ് പദ്ധതിപ്രകാരമുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ജനുവരി ഒന്നു മുതല്‍ ആണ് ലഭ്യമായി തുടങ്ങുക. എങ്കിലും പദ്ധതിയില്‍ അംഗങ്ങളായ ശേഷം മരണപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളുടെ മരണാനന്തര ആനുകൂല്യം കൊടുത്തുതുടങ്ങി.
ഡിസംബര്‍ 31നകം ജില്ലയില്‍ ഒരു ലക്ഷം തൊഴിലാളികളെ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ലക്ഷ്യം. സംസ്ഥാനത്താകെ അഞ്ചു ലക്ഷം തൊഴിലാളികളെ ഉള്‍പ്പെടുത്തും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ പൂര്‍ണ ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. തൊഴിലുടമകള്‍ തൊഴിലാളികളെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിക്കണം.
2010 മുതല്‍ നടപ്പാക്കിയ കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള പ്രത്യേക ക്ഷേമ പദ്ധതിയില്‍ അംഗങ്ങള്‍ ആവണമെന്ന് മന്ത്രി കെട്ടിട നിര്‍മാണ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികളോട് ആവശ്യപ്പെട്ടു. വാര്‍ഷിക അംശാദായം 30 രൂപ നല്‍കുന്ന തൊഴിലാളിക്ക് ഈ പദ്ധതിപ്രകാരം 25,000 രൂപ ചികിത്സാ സഹായവും പതിനായിരം രൂപ പ്രത്യേക ചികിത്സാ സഹായവും ലഭിക്കും. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസച്ചെലവ് ആയിരം മുതല്‍ 3000 രൂപ വരെ ലഭിക്കും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ അംഗമായ തൊഴിലാളി പദ്ധതിയില്‍ നിന്നു പിരിഞ്ഞു പോകുമ്പോള്‍ റിട്ടയര്‍മെന്റ് ആനുകൂല്യം 25,000 രൂപവരെ ലഭിക്കും. തൊഴില്‍ സ്ഥലത്ത് മരണപ്പെട്ടാല്‍ ശരീരം നാട്ടിലെത്തിക്കാന്‍ 15,000 രൂപ വരെയും മരണാനന്തര ചടങ്ങുകള്‍ക്ക് 15,000 രൂപയും നല്‍കും. പരേതന്റെ ആശ്രിതര്‍ക്ക് അമ്പതിനായിരം രൂപ ലഭിക്കും. സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളെ ക്കുറിച്ച് അറിയാനും അതിന്റെ ഭാഗമാകാനും തൊഴിലാളികള്‍ ട്രേഡ് യൂണിയനില്‍ അംഗമാവണം. അതോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഉറപ്പു വരുത്തും. തൊഴിലാളികള്‍ വൃത്തിയുള്ള സാഹചര്യത്തിലാണ് താമസിക്കുന്നതെന്നും ശുചിമുറിയും കുടിവെള്ളവും ലഭ്യമാകുന്നുവെന്നും ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. പാലക്കാട് കഞ്ചിക്കോട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നല്‍കുന്ന ഫ്‌ലാറ്റ് സമുച്ചയം ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. ചുരുങ്ങിയ വാടകയ്ക്ക് ലഭിക്കുന്ന ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ കളമശ്ശേരി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വൈകാതെ നടപ്പാക്കും. എല്ലാ ജില്ലയിലും ഈ പദ്ധതി നടപ്പാക്കാനും സര്‍ക്കാരിന് ഉദ്ദേശ്യമുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികള്‍ ലഹരി ഉപയോഗത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നും താമസ കേന്ദ്രത്തില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കരുതെന്നും മന്ത്രി പറഞ്ഞു. ലഹരിപദാര്‍ഥങ്ങള്‍ കൈവശം വയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
ആവാസ് പദ്ധതിയുടെ ആദ്യ കാര്‍ഡ് അസം സ്വദേശിനി ബെനഡിക്റ്റ ടിര്‍ക്കിക്ക് മന്ത്രി കൈമാറി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷനായിരുന്നു. രാജ്യത്ത് ആദ്യമായി കുടിയേറ്റ തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാല്‍, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ധന്യ ലെജു, ജില്ലാ പഞ്ചായത്ത് അംഗം ജോളി ബേബി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കേരള പ്ലൈവുഡ് ആന്‍ഡ് ബ്ലോക്ക് ബോര്‍ഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പുമായി ചേര്‍ന്നു മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.