ഐ.ടി.ഐ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ അടുത്തയാഴ്ച മുതല്‍

Share:

ഗവണ്‍മെന്റ് ഐ.ടി.ഐ പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി ജൂണ്‍ മൂന്നാം വാരം മുതല്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ട്രെയിനിംഗ് ഡയറക്ടര്‍ അറിയിച്ചു. അതിനായി www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ സജ്ജമായിട്ടുണ്ട്.

91 ഗവണ്‍മെന്റ് ഐ.ടി.ഐകളിലായി 76 ട്രേഡുകളില്‍ പ്രവേശനം നേടുന്നതിനാണ് അവസരം. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ഉളള എന്‍.സി.വി.ടി മെട്രിക്ക്, എന്‍.സി.വി.ടി നോണ്‍ മെട്രിക്ക്, സി.ഒ.ഇ സ്ട്രീമുകളിലും കേരള സര്‍ക്കാര്‍ അംഗീകാരമുളള എസ്.സി.വി.ടി നോണ്‍ മെട്രിക്ക്, പ്ലസ്ടു യോഗ്യതാ ട്രേഡുകള്‍ എന്നീ സ്ട്രീമുകളിലും ഉള്‍പ്പെടുന്ന ട്രേഡുകളില്‍ യോഗ്യത അനുസരിച്ച് പ്രവേശനത്തിനായി അപേക്ഷിക്കാം.

എസ്.സി.വി.ടി, പ്ലസ്ടു ട്രേഡുകളായ സോഫ്ട്‌വെയര്‍ ടെസ്റ്റിംഗ് അസിസ്റ്റന്റ്, ഡാറ്റബെയ്‌സ് മാനേജ്‌മെന്റ് അസിസ്റ്റന്റ് എന്നിവ കാസര്‍കോഡ് ഐ.ടി.ഐയില്‍ മാത്രമാണ് നിലവിലുളളത്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ (എസ്.എസ്.എല്‍.സി ബുക്ക്, അപേക്ഷിക്കുന്ന ട്രേഡുകള്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ഗ്രേസ് മാര്‍ക്ക് ലഭിക്കേണ്ട യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റ്, മറ്റ് മുന്‍ഗണന ലഭിക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സംസ്ഥാനത്തെ ഏതെങ്കിലും ഒരു ഗവണ്‍മെന്റ്‌ഐ.ടി.ഐയില്‍ നിശ്ചിത സമയപരിധിക്ക് മുമ്പ് പരിശോധനയ്ക്കായി സമര്‍പ്പിച്ച് ഫീസ് ഒടുക്കി രസീത് വാങ്ങണം.

ഐ.ടിഐകളില്‍ നേരിട്ടോ, ട്രഷറി ചെലാന്‍ മുഖേന ‘0230-00-L&E-800-other receipts-88-other items’ എന്ന ശീര്‍ശകത്തിലോ ഫിസ് ഒടുക്കാം. നിശ്ചിത സമയ പരിധിക്ക് മുമ്പായി ഏതെങ്കിലും ഒരു ഗവ. ഐ.ടി.ഐയില്‍ സമര്‍പ്പിച്ച് ഫീസ് ഒടുക്കി രസീത് വാങ്ങാത്ത അപേക്ഷകള്‍ അസാധുവാകും.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്.എം.എസ് ആയി ലഭിക്കുന്ന യൂസര്‍ ഐ.ഡി പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് അപേക്ഷയില്‍ തിരുത്തല്‍ വരുത്താം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അന്തിമ സമയപരിധി വരെ അതിനുളള അവസരം ലഭിക്കും.

പ്രവേശന കൗണ്‍സലിംഗിനു യോഗ്യത നേടിയ അപേക്ഷകര്‍ പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. റാങ്ക് ലിസ്റ്റ്, പ്രവേശന കൗണ്‍സലിംഗ് തീയതി എന്നിവ അതത് ഐ.ടി.ഐകളുടെ നോട്ടീസ് ബോര്‍ഡ്, വെബ്‌സൈറ്റ് എന്നിവിടങ്ങളിലും പത്ര മാധ്യമങ്ങളിലും പരസ്യപ്പെടുത്തും. വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും അപേക്ഷകരെ അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ സമീപമുളള ഐ.ടി.ഐകളില്‍ നിന്നും www.itiadmissions.kerala.gov.in , www.det.kerala.gov.in എന്നീ പോര്‍ട്ടലുകളില്‍ നിന്നും ലഭിക്കും.

Share: