സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി

266
0
Share:

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഐടി ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സിന്റെയും മേക്കര്‍ വില്ലേജിന്റെയും ഉദ്ഘാടനം കളമശേരിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 500 ലധികം സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രവര്‍ത്തന സൗകര്യമൊരുക്കുന്ന 180,000 ചതുരശ്ര വിസ്തീര്‍ണ്ണത്തിലുളള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്‌സ് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ്.

ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ പുതിയ വളര്‍ച്ചാ മേഖലയാണ്. ഈ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കണം. ഇതിന് ഉതകുന്ന തരത്തില്‍ പുതിയ വ്യവസായ മേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും കഴിയണം. ഇതിനാവശ്യമായ ഭൗതിക, പശ്ചാത്തല, സാമൂഹിക പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുകയാണ് സര്‍ക്കാര്‍. അതിനൂതനാശയങ്ങളുമായെത്തുന്ന സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് എല്ലാ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കും.

ഒരു കോടി 30 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലായിരുന്ന കേരളത്തിലെ ഐടി പശ്ചാത്തല സൗകര്യങ്ങള്‍ രണ്ട് കോടി 30 ലക്ഷം ചതുരശ്ര അടിയായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 30 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ഐടി ആവാസ വ്യവസ്ഥ വികസിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ഐടി മേഖലയില്‍ 2.5 ലക്ഷം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ലക്ഷ്യം സാക്ഷാത്കരിക്കുന്ന ചരിത്രപരമായ ചുവടുവെയ്പ്പാണ് കളമശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട് അപ്പ് കോപ്ലക്‌സും മേക്കര്‍ വില്ലേജും. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബായ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ജയ്പൂരിലെ ടെക്‌നോ ഹബ്ബിനേക്കാള്‍ 82000 ചതുരശ്ര അടി അധിക വിസ്തീര്‍ണ്ണമാണുള്ളത്. ഇതോടെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ ഉള്‍പ്പെടുന്ന കോംപ്ലക്‌സ് സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്അപ്പ് ഹബ്ബായി മാറിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ക്യുബേഷന്‍ സെന്റര്‍ മൂന്നു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള പാരീസിലെ സ്റ്റേഷന്‍ എഫ് ആണ്. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ടെക്‌നോളജി ഹബ്ബ് തെലങ്കാനയില്‍ ആരംഭിക്കുകയാണ്.

കൊച്ചിയിലെ 13 ഏക്കറില്‍ ഏഴ് കെട്ടിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ ഭാവിയില്‍ അഞ്ച് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലേക്ക് വികസിപ്പിക്കാനാകും.

നിലവില്‍ പരിമിതമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി നൂറിലധികം സ്റ്റാര്‍ട്ട്അപ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 ലധികം പേറ്റന്റുകള്‍ക്കാണ് ഈ കമ്പനികള്‍ അപേക്ഷിച്ചിട്ടുള്ളത്. സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതനാശയങ്ങള്‍ സ്വാംശീകരിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ മനുഷ്യപുരോഗതിക്കും സാമൂഹ്യ നന്മയ്ക്കും ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയം.

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിന് റോബോട്ടിനെ ഉപയോഗപ്പെടുത്തി ലോകപ്രശംസ നേടാന്‍ കേരളത്തിനായി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ഉന്നത നിലവാരമുള്ള സാങ്കേതിക സ്റ്റാര്‍ട്ട്അപ്പുകളുടെ വികസനത്തിനാവശ്യമായ ഭൗതിക, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കും അത്തരം സേവനങ്ങള്‍ ലഭ്യമാക്കും. പൊതുസ്ഥലങ്ങളിലും വായനശാലകളിലും സൗജന്യ വൈഫൈ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത് ഈ നയത്തിന്റെ ഭാഗമായാണ്. ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്കായുള്ള മേക്കര്‍ വില്ലേജും കാന്‍സര്‍ പ്രതിരോധ ഗവേഷണത്തിനും പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിനുമുള്ള ഇന്‍ക്യുബേറ്ററും ബയോടെക്‌നോളജി സ്റ്റാര്‍ട്ട്അപ്പുകള്‍ക്കായുള്ള ബയോനെസ്റ്റും ഇതൊടൊപ്പം പ്രവര്‍ത്തനമാരംഭിക്കുകയാണ്.

സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍ക്കാവശ്യമായ പരിശീലനം, അടിസ്ഥാന സൗകര്യങ്ങള്‍, വിപണി കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും. ശാസ്ത്ര സാങ്കേതികവിദ്യയെ സമഗ്രമായി വിലയിരുത്തുന്ന നയമാണ് സര്‍ക്കാരിനുള്ളത്. വലിയ ഐടി കമ്പനികള്‍ കേരളത്തിലേക്ക് വരുന്നതും കേന്ദ്രസര്‍ക്കാരിന്റെ ടോപ്പ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് കേരളത്തിന് ലഭിച്ചതും ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബയോമെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. കൊച്ചി കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 7500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കാന്‍സര്‍ റിസര്‍ച്ച് ആന്‍ഡ് ഇന്‍ക്യുബേഷന്‍ സൗകര്യങ്ങളൊരുക്കുന്നത്. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയുമായി കേരള സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

Share: