ഐ ഇ എൽ ടി എസ് ( IELTS ) സ്കോർ നേടുക എത്ര എളുപ്പം !

Share:

ബ്രിട്ടനിലെ പല ഐ ടി കമ്പനികളും ഐ ഇ എൽ ടി എസ്‌ പരീക്ഷക്ക് പഠിക്കാവുന്ന ഓൺലൈൻ ആപ്ലിക്കേഷൻ ( Apps ) ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI ) ഉപയോഗിച്ചുള്ള പഠന സമ്പ്രദായം പരീക്ഷ എഴുതുന്നവർക്ക് വളരെയേറെ സഹായം ചെയ്യും. ബ്രിട്ടീഷുകാർ തന്നെ പഠിപ്പിക്കുമ്പോൾ ബിട്ടീഷ് ഇംഗ്ലീഷ് ശരിയായ രീതിയിൽ പഠിച്ചെടുക്കാനും പരീക്ഷയിൽ ഉപയോഗപ്പെടുത്താനും കഴിയും.

 

ന്ത്യയിൽ ഒരു വർഷം ഐ ഇ എൽ ടി എസ് പരീക്ഷ എഴുതുന്നവരുടെ എണ്ണം 50 – 60 ലക്ഷത്തോളമാണ്.
അമേരിക്ക, ബ്രിട്ടൻ ,കാനഡ തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്നവർ, ജോലി തേടി പോകുന്നവർ, സ്ഥിരതാമസത്തിനായി പോകുന്നവർ എന്നിവരാണ് ഐ ഇ എൽ ടി എസ് പരീക്ഷയിൽ നിശ്ചിത വിജയം നേടേണ്ടത്.

ഐ ഇ എൽ ടി എസ് പരീക്ഷയിൽ നാലു ഭാഗങ്ങൾ ആണുള്ളത്. Listening, Reading, Writing
Speaking – നാലു ഭാഗങ്ങളിലും കിട്ടുന്ന മാർക്കിൻറെ ശരാശരി ആയിരിക്കും പരീക്ഷയിൽ ലഭിക്കുന്ന മാർക്ക്‌. നാലു വിഭാഗങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു ആകും മാർക്ക്‌ ലഭിക്കുക. ഓരോന്നിനും പരമാവധി മാർക്ക്‌ 9 ആയിരിക്കും.

Listening & Reading വിഭാഗത്തിൽ നാൽപതു ചോദ്യങ്ങൾ ഉണ്ടാകും. അതിൽ 38 -39–40 മാർക്ക്‌ ലഭിച്ചാൽ 9 സ്കോർ ലഭിക്കും. ഉത്തരം തെറ്റിയാൽ അതനുസരിച്ചു മാർക്ക്‌ കുറയും. ഇതേ രീതിയിൽ reading നും മാർക്ക്‌ ലഭിക്കും. ഇതിൽ ഇംഗ്ലീഷിൽ നിങ്ങൾക്ക് വായിക്കാൻ അറിയുമോ എന്ന് മാത്രല്ല നോക്കുന്നത്. പ്രധാന ആശയം വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക, സംഗ്രഹിക്കുക, രചയിതാവിൻറെ അഭിപ്രായങ്ങൾ/വാദങ്ങൾ തിരിച്ചറിയുക, അവ വിശകലനം ചെയ്യാൻ കഴിയുക എന്നിങ്ങനെയുള്ള വായനാ വൈദഗ്ധ്യത്തിൻറെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിനാണ് IELTS-ൻറെ വായനാ വിഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അനായാസം സ്‌കോർ നേടുവാൻ സാധിക്കുന്നതാണ്  റീഡിങ് .  നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായി ഉത്തരങ്ങൾ കണ്ടെത്തുക എന്നതാണ് നിങ്ങളുടെ മുന്നിലെ പ്രധാന വെല്ലുവിളി.

റീഡിങിനെ നമുക്ക് നാലു വ്യത്യസ്ത രീതികളിൽ സമീപിക്കാം: എല്ലാ പാസേജും പൂർണമായി വായിക്കുവനായി ചുരുങ്ങിയത് 5-6 മിനിറ്റുകൾ ചിലവഴിച്ചതിനു ശേഷം മാത്രം ചോദ്യങ്ങളിലേക്ക് കടക്കുക. പാസ്സേജിൻറെ ആദ്യ രണ്ടു പാരഗ്രാഫ് വായിച്ചതിനു ശേഷം ചോദ്യങ്ങളിലേക്ക് പ്രവേശിക്കുക. ചോദ്യം മാത്രം ആദ്യം വായിക്കുക. അതിനു ശേഷം പാസ്സേജിൽ പോയി ഉത്തരങ്ങൾ കണ്ടു പിടിക്കണം.

സ്കാനിങ് ഇൻടെൻസിവ് റീഡിങ് നടത്തുന്നതിലൂടെ റീഡിങ് എളുപ്പമാവും. സ്കിമിങ്-ഒറ്റനോട്ടത്തിൽ പാസ്സേജ് വായിച്ചു മനസ്സിലാക്കൽ (3-4 മിനുറ്റ്സ്). സ്കാനിങ്-ചോദ്യം ശ്രദ്ധയോടെ വായിക്കുക. ചോദ്യങ്ങളുടെ കീ വേർഡ്‌സ് പാസ്സേജിൽ നിന്ന് കണ്ടു പിടിക്കുക (ഓരോ വാക്കുകളായി എടുത്ത് വായിച്ചു സമയം കളയരുത്). ഇൻടെൻസിവ് റീഡിങ് – കീ വേർഡ്‌സ് (പ്രധാന വാക്കുകൾ) ഉൾപ്പെട്ട ഭാഗം ശ്രദ്ധാപൂർവം വായിക്കുക. ഒറ്റനോട്ടത്തിൽ പാസേജിലുള്ള പ്രധാനപ്പെട്ട തിയ്യതികളും സ്ഥലപ്പേരുകളും ആവർത്തിച്ചു വരുന്ന പേരുകളും അടിവരയിടുക. ഇത് ഉത്തരം പെട്ടന്ന് കണ്ടെത്താൻ സഹായിക്കും.

ഓരോ വാക്കുകൾ വീതം വേർതിരിച്ചു വായിക്കാതിരിക്കുക, അത് നമ്മുടെ സമയം പാഴാക്കും. കഠിനമായ വാക്കുകളുടെ അർത്ഥ വ്യാഖ്യാനം നടത്തി സമയം നഷ്ടപ്പെടുത്താതിരിക്കുക. എല്ലാ വാക്കുകളും മനസിലാകാതെ തന്നെ ഉത്തരങ്ങൾ കണ്ടെത്താൻ പറ്റും. നെഗറ്റീവ് മാർക്ക് ഇല്ലാത്തത് കൊണ്ട് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക. അറിയാത്തതോ കിട്ടാതെ വരുന്നതോ ആയുള്ള ഉത്തരങ്ങൾ ഊഹിച്ചു എഴുതിയാൽ അഥവാ ഉത്തരങ്ങൾ തെറ്റി പോയാലും മാർക്ക് നഷ്ടപ്പെടില്ല. പക്ഷെ ഉത്തരങ്ങൾ ശരിയായാൽ അവയ്ക്ക് മാർക്ക് ലഭിക്കുകയും ചെയ്യും. ദിവസേന ഒരു ഇംഗ്ലീഷ് പത്രമോ, മാസികയോ, നോവലോ സമയം കണ്ടെത്തി വായിക്കാൻ ശ്രമിക്കുക, അത് റീഡിങിൽ സഹായകമാകും.

Listening: വളരെ അനായാസം സ്കോർ നേടാൻ സാധിക്കുന്നതാണ് ലിസണിങ് ( Listening ) മൊഡ്യൂൾ. ലിസണിങ്ങിൽ 40 ചോദ്യങ്ങളെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒരു തവണ മാത്രമേ ഓഡിയോ ക്ലിപ് കേൾക്കുകയുള്ളു എന്നത് കൊണ്ട് ശ്രദ്ധാപൂർവം കേൾക്കുക. ഈ ഓഡിയോ ക്ലിപ്സ് നമുക്ക് നിയന്ത്രിക്കാൻ സാധ്യമല്ല. കേൾക്കുന്ന അതേ വേഗതയിൽ തന്നെ ഉത്തരങ്ങൾ എഴുതണം. അക്ഷര തെറ്റുകൾ വരുത്താതെ സൂക്ഷിക്കുക. ഓരോ ഉത്തരത്തിലെ അക്ഷര പിശകുകൾക്കും ഓരോ മാർക്ക് വീതം നഷ്ടപ്പെടുന്നതായിരിക്കും. ലിസണിങ് പരീക്ഷയുടെ സമയം അര മണിക്കൂർ ശ്രദ്ധയോടെ കേട്ടിരിക്കണം. ഇയർ ഫോണോ, ഹെഡ്‌സെറ്റോ, വെച്ചു കേൾക്കുന്നത് വാക്കുകളും ഉച്ചാരണവും അവയുടെ അർത്ഥവും വ്യക്തമായി മനസിലാക്കുന്നതിന് സഹായമാകും. ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കിൽ അതിനു കൂടുതൽ ശ്രമിക്കാതെ അടുത്ത ചോദ്യത്തിന് ഉത്തരം കണ്ടെത്തുക. ഉത്തരം എഴുതേണ്ടത്, ചോദ്യം തന്നിരിക്കുന്ന അതേ ക്രമത്തിൽ തന്നെ ആയിരിക്കും. അതിനാൽ ഒരു ചോദ്യം അഭിമുഖീകരിക്കുമ്പോൾ അടുത്ത ചോദ്യത്തിലും കൂടി ശ്രദ്ധ വെക്കുക. ചോദ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ക്രിയപദങ്ങളുടെ വ്യാകരണവും വാക്കുകളുടെ വ്യാഖ്യാനവും ഉൾപ്പെടുന്ന ഗ്രാമർ പദങ്ങളെ വളരെ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ ഉത്തരങ്ങൾ പ്രവചിക്കാൻ എളുപ്പമായിരിക്കും .

ലിസണിങ് കഴിവുകളെ മെച്ചപ്പെടുത്തുവാനായി ബ്രിട്ടീഷ് / അമേരിക്കൻ ഇംഗ്ലീഷ് ശരിയായി മനസ്സിലാക്കണം. ഇംഗ്ലീഷ് വാർത്തകളും, വിഡിയോകളും, പാട്ടുകളും കേൾക്കുക എന്നതായിരുന്നു പഴയരീതിയെങ്കിൽ ഇൻർനാഷണൽ ഇംഗ്ലീഷ് മനസ്സിലാക്കാൻ ഉപകരിക്കുന്ന ബ്രിട്ടനിൽ രൂപകൽപ്പന ചെയ്ത ലാൻലോ പോലുള്ള ഓൺലൈൻ പഠന സംവിധാനം വളരെയേറെ പ്രയോജനം ചെയ്യും. ബ്രിട്ടീഷ് / അമേരിക്കൻ ഇംഗ്ലീഷ് കേൾക്കുന്നത് ഒരു ശീലമാക്കിയാൽ ഈ മൊഡ്യൂൾ എളുപ്പം കൈകാര്യം ചെയ്യാൻ കഴിയും.

Writing – ൽ രണ്ടു എസ്സേ (essay) എഴുതണം. മുൻകൂട്ടി നൽകിയിരിക്കുന്ന നിബന്ധനകൾ പാലിക്കുന്നതിന് അനുസരിച്ചു മാർക്ക്‌ ലഭിക്കും. ഐ.ഇ.എൽ.ടി.എസ്. നേടാൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികളുടെയും സ്വപ്നത്തെ അലട്ടുന്നത് റൈറ്റിങ് മൊഡ്യൂൾ എന്ന പ്രധാന കടമ്പയാണ്. ഐ.ഇ.എൽ.ടി.എസ്. ലക്ഷ്യത്തിലെത്താൻ റൈറ്റിങ് മൊഡ്യൂൾ വിജയകരമായി പൂർത്തീകരിച്ചേ മതിയാവു.റൈറ്റിംഗ് ഘടനയെ കുറിച്ച് മികച്ച ധാരണയുണ്ടെങ്കിൽ മാത്രമേ ആ കടമ്പ കടക്കാൻ കഴിയു.

റൈറ്റിങ്ങിനെ മികച്ച രീതിയിൽ നേരിടാൻ ചില മാർഗങ്ങൾ :

ഐ.ഇ.എൽ.ടി.എസ്. ൽ ഭൂരിഭാഗം ആളുകളുടെയും സ്‌കോർ കുറയുന്നത് റൈറ്റിംഗിലാണ് അതിനു കാരണം ഘടന (സ്‌ട്രെക്ചർ) യെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഒരേ വാക്ക് പല തവണ ഉപയോഗിക്കാതെ സമാനാർത്ഥ പദങ്ങൾ മാറി മാറി ഉപയോഗിക്കുക. ചോദ്യങ്ങളുടെ ഘടനയെക്കുറിച്ചും വാക്കുകളുടെ ആവശ്യകതയും ടാസ്ക്-ഒന്ന്, ടാസ്ക്-രണ്ട് എന്നീ ഇരു ടാസ്കുകൾക്കും വേണ്ടി അനുവദിച്ചുള്ള സമയത്തെ കുറിച്ചും വ്യക്തമായ അറിവ് മുൻകൂട്ടി ഉണ്ടാവണം. വ്യത്യസ്ത തരത്തിലുള്ള എസ്സേ ഉണ്ട്. ഇവയെ എങ്ങനെ സമീപിക്കാം എന്നറിഞ്ഞാൽ തന്നെ നിങ്ങൾ  പാതി ജയിച്ചിരിക്കുന്നു. എക്സാം ഹാളിലേക്ക് പ്രവേശിക്കും മുൻപ് തന്നെ ഓരോ റിപ്പോർട്ടും (ടാസ്ക്-ഒന്ന്) എസ്സേ (ടാസ്ക്-രണ്ട്) യുടെയും ഘടനയെ കുറിച്ചൊരു മുൻധാരണ വെക്കുക.

Speaking പരീക്ഷകൻറെ മുൻപിൽ ആണ് നടത്തേണ്ടത്. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള കഴിവ്, ചോദ്യങ്ങൾ കൃത്യമായി നേരിടാൻ ഉള്ള കഴിവ്, ഗ്രാമർ തുടങ്ങിയ നിരവധി കാര്യങ്ങൾ ഈ വിഭാഗത്തിൽ പരിശോധിക്കും. ഐ.ഇ.എൽ.ടി.എസ്.  പരീക്ഷയിൽ നിങ്ങളുടെ വാക്‌ചാതുര്യവും ആത്മവിശ്വാസവും അളക്കാനുള്ള ഒരു വേദിയാണ് സ്‌പീക്കിങ് ടെസ്റ്റ്. സ്‌പീക്കിങ് പലപ്പോഴും ഒരു വെല്ലുവിളിയാണെങ്കിലും അത് നേടിയെടുക്കുവാൻ അത്ര കഠിനമല്ലതാനും.

നാച്യുറൽ സ്പീകിംഗ് (സ്വാഭാവിക രീതി) ആണ് സ്പീകിംഗ് ടെസ്റ്റിൻറെ മർമ്മ പ്രധാനമായ ഘടകം. നമ്മൾ എത്രത്തോളം താല്പര്യത്തോടെ സ്വാഭാവികമായി സംസാരിക്കുന്നുവോ, അത്രത്തോളം സ്‌കോർ കൂടുതൽ ലഭിക്കും. ആത്മവിശ്വാസം ആണ്രണ്ടാമത് വേണ്ടത്. ചോദ്യം മനസ്സിലായില്ലെങ്കിൽ, ഒന്ന് കൂടി ആവർത്തിക്കാൻ ആവശ്യപ്പെടുക. നമ്മുടെ ചിന്തകളെ പ്രതിനിധീകരികുന്നതാവണം നമ്മുടെ സംസാരം. ഒരു സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കെ, അത് ആസ്വദിക്കുന്നതായും നമ്മൾ സംസാരിക്കുന്ന വ്യക്തിയോട് സൗഹൃദം പാലിക്കുന്നതായും പ്രകടിപ്പിക്കുക. സംസാരിക്കുന്ന വ്യക്തിയുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക. അത് നിങ്ങളുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കും. ഇടയ്ക്കു വെച്ചു നിർത്താത്ത വിധം സംസാരം തുടർന്ന് കൊണ്ടേയിരിക്കുക. ഇത് നിങ്ങൾ ഇംഗ്ലീഷ് ഭാഷ സംസാരിക്കുമ്പോൾ അസ്വസ്ഥരല്ലെന്നും മറിച്ച് ഇംഗ്ലീഷ് ഭാഷയിൽ ഏറെ പ്രാവീണ്യം ഉള്ള വ്യക്തിയാണെന്നും തോന്നിപ്പിക്കും. നിങ്ങൾക്ക് എത്ര അറിവുണ്ട് എന്നതിലല്ല കാര്യം എങ്ങനെ, സംസാരം വഴി അറിവുകൾ പ്രകടിപ്പിക്കുന്നു എന്നതിനാണ് പ്രാധാന്യം. നമ്മുടെ സംഭാഷണത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക. സ്വന്തം സംസാരത്തിൽ വൈരുദ്ധ്യം വരുത്താതെ ശ്രദ്ധിക്കുക.

പരീക്ഷ എഴുതാനായി പെൻസിൽ ഉപയോഗിക്കുക. പെൻസിൽ കൊണ്ട് മാത്രം എഴുതുക. പേന ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എല്ലാ ഉത്തരങ്ങളും വലിയ അക്ഷരത്തിൽ ( capital letter ) എഴുതുന്നത് നന്നായിരിക്കും . സ്പെല്ലിങ് ഒരു അത്യാവശ്യ ഘടകം ആയതിനാൽ ഉത്തരം വലിയ അക്ഷരത്തിൽ എഴുതിയാൽ തെറ്റുധാരണ ഒഴിവാക്കി ശരിയായി എഴുതിയ ഉത്തരങ്ങൾക്കു ഫുൾ സ്‌കോർ നേടാൻ സാധിക്കും.

ഹാളിൽ പ്രവേശിച്ചു ചോദ്യം ലഭിച്ചതിനു ശേഷം ഒരു പ്ലാൻ തയ്യാറാക്കുക, എഴുതുക, എന്നിട്ട് എഴുതിയതിനു ശേഷം ഉത്തരങ്ങളെ ഒരിക്കൽ കൂടി പരിശോധിക്കുക എന്നത് മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. സ്വാഭാവികമായ അവതരണ രീതിയാണ് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മനഃപാഠമാക്കിയ വാക്കുകൾ എക്‌സാമിനർ എന്നും തള്ളി കളഞ്ഞിട്ടുണ്ട്. ആവശ്യത്തിലധികം വൃത്തിയുള്ള എഴുത്തായാൽ പഠിച്ച് വന്ന ഉത്തരങ്ങളാണെന്നർത്ഥം. ആയതിനാൽ ഉത്തരങ്ങളെ അത്യധികം വൃത്തിയായി എഴുതാതെ പലപ്പോഴും തെറ്റുകൾ വരുന്നിടത്തൊക്കെ വെട്ടുന്നതും ചില ഉത്തരങ്ങളെ മായിച്ചു തിരുത്തുന്നതും നല്ലതായിരിക്കും.ഇത്തരം ടിപ്സുകളുടെ പ്രയോഗങ്ങളാൽ നിങ്ങൾ എഴുതിയ ഉത്തരങ്ങൾ സ്വയം എഴുതിയതാണെന്ന് വിശ്വസിച്ചു കൊള്ളും. മുകളിൽ പറഞ്ഞ ആശയങ്ങൾ ശ്രദ്ധിച്ചും പിന്നെ ഐ.ഇ.എൽ.ടി.എസ്. വിദഗ്ധരുടെ പരിശീലനം സ്വീകരിച്ചും ഐ.ഇ.എൽ.ടി.എസ്. ൽ ഉയർന്ന സ്‌കോർ എന്നത് ഒരു യാഥാർഥ്യമാക്കാം.

ഇംഗ്ലീഷ് എവിടെയെല്ലാം അടിസ്ഥാന ഭാഷയായി പരിഗണിക്കുന്നുവോ അവിടെയെല്ലാം ഒഴിവാക്കാനാവാത്ത ഘടകമാണ് ഐ.ഇ.എൽ.ടി.എസ് . നാൾക്കുനാൾ അതിൻറെ പ്രസക്തി വർദ്ധിച്ചു വരികയും ചെയ്യും. ഉയർന്ന ജീവിതനിലവാരം പുലർത്തുന്ന യു.കെ, യു എസ് എ , കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഐ.ഇ.എൽ.ടി.എസ് എന്ന കടമ്പ കടന്നിരിക്കണം. ഈ സാഹചര്യം മാത്രം വിലയിരുത്തിയാൽ മതി ആധുനിക സമൂഹത്തിൽ ഐ.ഇ.എൽ.ടി.എസിൻറെ പ്രസക്തി വിലയിരുത്താൻ.

ഇന്ത്യയിൽ ഓരോ വർഷവും ദശലക്ഷക്കണക്കിനു കുട്ടികളാണ് ഐ ഇ എൽ ടി എസ് എഴുതുന്നത്. ഇന്ത്യയിൽ ഐ ഇ എൽ ടി എസ് പരീക്ഷ നടത്തുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ബ്രിട്ടീഷ് കൗൺസിലിൽ നിന്നും ആസ്ട്രേലിയൻ വിദ്യാഭ്യാസ സ്ഥാപനമായ ഐ ഡി പി 130 ദശലക്ഷം ഡോളറിന് ഏറ്റെടുത്തതിൽ നിന്നും അതിൻറെ വ്യാപ്തി മനസ്സിലാക്കാൻ കഴിയും.

അതിനാൽ തന്നെ ഐ ഇ എൽ ടി എസ് പരീക്ഷ എഴുതുന്നതിനുള്ള ആധുനിക പഠന സമ്പ്രദായങ്ങൾ ഏവരും അറിഞ്ഞിരിക്കണം. ബ്രിട്ടനിലെ പല ഐ ടി കമ്പനികളും ഐ ഇ എൽ ടി എസ്‌ പരീക്ഷക്ക് പഠിക്കാവുന്ന ഓൺലൈൻ ആപ്ലിക്കേഷൻ ( Apps ) ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI ) ഉപയോഗിച്ചുള്ള പഠന സമ്പ്രദായം പരീക്ഷ എഴുതുന്നവർക്ക് വളരെയേറെ സഹായം ചെയ്യും. ബ്രിട്ടീഷുകാർ തന്നെ പഠിപ്പിക്കുമ്പോൾ ബിട്ടീഷ് ഇംഗ്ലീഷ് ശരിയായ രീതിയിൽ പഠിച്ചെടുക്കാനും പരീക്ഷയിൽ ഉപയോഗപ്പെടുത്താനും കഴിയും.

  • ഋഷി പി രാജൻ

കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in

TagsIELTS
Share: