പകുതി കഷ്ടപ്പാടുകള്‍ എങ്ങനെ ഒഴിവാക്കാം!
എം ആർ കൂപ് മേയർ പരിഭാഷ : എം ജി കെ നായർ
ഫലിതക്കാരനായ ജോഷ് ബില്ലിംഗ്സ് എഴുതി (ഫലിതത്തേക്കാള്‍ അധികം വിവേകത്തോടെ): “ഈ ജീവിതത്തിലെ പകുതി കഷ്ടപ്പാടുകളുടെ ഉറവിടം വളരെ വേഗം ‘അതെ’ എന്നു പറയുന്നതാണ് – വേണ്ടത്ര വേഗത്തില്‍ ‘ഇല്ല’ എന്നു പറയാത്തതും”.
അതേ, അതാണു ശരി. എങ്ങനെ നിങ്ങളുടെ പകുതി കഷ്ടപ്പാടുകള്‍ ഒഴിവാക്കാം!
ഇപ്രാവശ്യം ജോഷ് ബില്ലിംഗ്സ് കളിപറഞ്ഞു പറ്റിക്കുകയായിരുന്നില്ല. അദ്ദേഹം തെളിയിക്കപ്പെട്ട ഒരു വിജയമാര്‍ഗ്ഗം പ്രസ്താവിക്കുകയായിരുന്നു. അതിനു രണ്ടു ഭാഗങ്ങളുണ്ട്:
(1) ‘അതെ’ എന്നു പറയാന്‍ വലിയ ധൃതി കാണിക്കരുത്.
(2) “ഇല്ല” എന്നു പറയാന്‍ വലിയ കാലതാമസം വരുത്തരുത്.
നമുക്ക് കുറേകൂടി സൂക്ഷമമായി പരിശോധിക്കാം:
(1) വളരെ വേഗം “അതെ” എന്നുപറയുന്നതാണ് എണ്ണമറ്റ അബദ്ധങ്ങള്‍ക്കു കാരണമാകുന്നത്.
എങ്ങനെയെന്നാല്‍: (1) ബന്ധപ്പെട്ട എല്ലാ വസ്തുതകളും ആദ്യം നേടിയെടുക്കാതെ, (2) സാദ്ധ്യമായ എല്ലാ പക്ഷാന്തരങ്ങളും ബുദ്ധിപൂര്‍വ്വം ആദ്യം പരിഗണിക്കാതെ, (3) പ്രസ്താവനയോ നിര്‍ദ്ദേശമോ യുക്തിപൂര്‍വ്വം ആദ്യം ചിന്തിച്ച് പരിസമാപ്തിയില്‍ എത്തിക്കാതെ.
ആവേശഭരിതവും സാഹസികവുമായ യുവത്വം വളരെ വേഗം ‘അതെ’ എന്നു പറയുന്നതിനാല്‍ കുഴപ്പത്തിലേക്ക് എടുത്തുചാടുന്നു. പരിചയമില്ലാത്ത യുവത്വത്തിന് “എല്ലാവരും അതുചെയ്യുന്നതാണ്” എന്നു പറഞ്ഞു പഴകിയ ക്ഷണം ചെറുത്തു നില്‍ക്കാന്‍ മിക്കപ്പോഴുംകഴിയുകയില്ല. അതുപോലെ, എല്ലാപ്രായത്തിലുമുള്ള, എളുപ്പത്തില്‍ കബളിപ്പിക്കപ്പെടാവുന്നവര്‍ക്കും ചിന്തിക്കാതെ ചെയ്യുന്നവര്‍ക്കും അതു ചെറുത്തുനില്‍ക്കാന്‍ മിക്കപ്പോഴും സാധിക്കുകയില്ല.
വസ്തുതകളേയും പക്ഷാന്തരങ്ങളേയും പ്രത്യാഘാതങ്ങളേയും ആലോചനാപൂര്‍വ്വം പരിഗണിക്കുന്നതിന് സമയം തരാത്ത ഏതൊരു നിര്‍ദ്ദേശവും സംശയത്തോടെ വീക്ഷിക്കണമെന്നതാണ് തെളിയിക്കപ്പെട്ട ഒരു വിജയമാര്‍ഗ്ഗം.
ഉടന്‍ ‘അതെ’ പറയാന്‍ നിര്‍ബ്ബന്ധിക്കുന്ന, കൂലങ്കുഷമായ പരിഗണനയ്ക്ക് സമയം നല്‍കാതെ സമ്മര്‍ദ്ദം ചെലുത്തി സ്വീകരിപ്പിക്കാനുള്ള ഏതു നിര്‍ദ്ദേശവും ഉടന്‍ തന്നെ നിസ്സന്ദേഹം നിരസിക്കണം.
വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള യുക്തിക്കുപകരം “ജന്മവാസന” കൊണ്ടു കാര്യങ്ങള്‍ ചെയ്തു കബളിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാക്കി സ്വന്തം “ജന്മവാസന”യില്‍ അഭിമാനം കൊള്ളരുത്. ബുദ്ധിയുള്ള ഏതൊരാള്‍ക്കും, അല്ലെങ്കില്‍ “വികാരോത്തേജനപദങ്ങള്‍ അറിയാവുന്ന ഏതൊരാള്‍ക്കും, ജന്മവാസന തനിക്കനുകൂലമായ വിധത്തില്‍ തിരിച്ചുവിടാന്‍ കഴിയുമെന്നതാണ് സത്യം.
(1) ‘അതെ’ എന്നു പറയാന്‍ വലിയ ധൃതികാണിക്കരൂത്.(2) ‘ഇല്ല’ എന്നുപറയാന്‍ വലിയകാലതാമസം വരുത്തരുത്.
ഇതിന്‍റെയര്‍ത്ഥം നിങ്ങള്‍ ഒരു ‘ഇല്ല – വ്യക്തി’ ആകണമെന്നല്ല. പിന്നെയോ നിങ്ങളൊരു ‘അറിയുന്ന-വ്യക്തി’ ആകണമെന്നാണ്.
‘അറിയുന്ന-വ്യക്തി’ ആയിരിക്കുക എന്നതിനര്‍ത്ഥം, നിങ്ങള്‍ “അതെ” എന്നോ ‘ഇല്ല’ എന്നോ പറയുന്നതിനു മുമ്പ്, നിങ്ങള്‍ ആദ്യം (1) എല്ലാവസ്തുതകളും ശേഖരിക്കുകയും, (2) എല്ലാ പക്ഷാന്തരങ്ങളും ബുദ്ധിപൂര്‍വ്വം പരിഗണിക്കുകയും, (3) യുക്തിപൂര്‍വ്വം നിര്‍ദ്ദേശം പരിഗണിച്ച് സ്വാഭാവികമായ നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്യുക എന്നതാണ്.
തെളിയിക്കപ്പെട്ട ഈ വിജയമാര്‍ഗ്ഗം – അറിയുന്ന വ്യക്തി ആയിരിക്കുക എന്ന മാര്‍ഗ്ഗം – നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പിന്നീട് മന:പ്രയാസം കൂടാതെ നിങ്ങള്‍ക്കു ഫലത്തെപ്പറ്റി തീരുമാനിക്കാന്‍ സാധിക്കും.
പ്രശസ്ത മനഃശ്ശാസ്ത്രജ്ഞന്‍ വില്യം ജെയിംസ് നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ നിങ്ങള്‍ക്കു പ്രവര്‍ത്തിക്കാം:
“ഒരു തീരുമാനത്തില്‍ എത്തിച്ചേരുകയും ആ തീരുമാനം നടപ്പിലാക്കുന്നത് അത്യാവശ്യമാകുകയും ചെയ്യുമ്പോള്‍, ഫലത്തെപ്പറ്റിയുള്ള എല്ലാ ശ്രദ്ധയും (ഉൽക്കണ്ഠയും) പൂര്‍ണ്ണമായി തള്ളിക്കളയുക.”
നിങ്ങള്‍ ഉൽക്കണ്ഠകുലനായി പിന്തിരിഞ്ഞു നോക്കേണ്ട കാര്യമില്ല. വിജയശ്രീലാളിതനായ എണ്ണവ്യവസായി വെയ്റ്റ് ഫിലിപ്സിന്‍റെ ഉപദേശം – എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാന്‍ – നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്: “നാം തീരുമാനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട ഒരു സമയംവരും, ഒരിക്കലും പിന്തിരിഞ്ഞു നോക്കരുത്.”
നേരെ മുമ്പിലേക്കു നോക്കുക. അവിടെയാണ് നിങ്ങളുടെ ഭാവി! ഓർമ്മിക്കുക , നിങ്ങളുടെ ഭാവി ഇന്നത്തേതിന്‍റെ ഒരു തുടര്‍ച്ചയാണ്, അതിനാല്‍, (1) ‘അതെ’ പറയുന്നതില്‍ നിങ്ങള്‍ വലിയ ധൃതി കാണിച്ചാല്‍, അല്ലെങ്കില്‍ (2) “ഇല്ല” എന്നു പറയാന്‍ വലിയ കാലതാമസം വരുത്തിയാല്‍, അതിന്‍റെ അനന്തരഫലം, ആയിത്തീരുന്നത് നിങ്ങളുടെ ഭാവിയായിരിക്കും!
ഏതാനും “വികാരോത്തേജകപദങ്ങള്‍” കൊണ്ട് മാറ്റിമറിക്കാവുന്ന “ജന്മവാസന’യെ ഭാരമേല്പിക്കത്തക്കവിധം അപ്രധാനമല്ല, നിങ്ങളുടെ ഭാവി.
ജീവിതത്തില്‍ എന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം നേടിയെടുത്ത സ്ത്രീ പുരുഷന്മാര്‍ ഉപയോഗിച്ച, അതേ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ പഠിക്കാനും അവ ഉപയോഗിക്കാനും നിങ്ങളുടെ ഭാവിക്ക് അര്‍ഹതയുണ്ട്.
തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പഠിക്കുമ്പോള്‍, നിങ്ങള്‍ക്കു ചുറ്റും സൗജന്യമായി എറിയപ്പെടുന്ന ഉപദേശങ്ങളില്‍ മിക്കതും അങ്ങനെയല്ലെന്നു കാണാം!
ഉദാഹരണമായി, “നിങ്ങള്‍ നിങ്ങളായിരിക്കുക” എന്ന് മിക്കപ്പോഴും നിങ്ങള്‍ക്കു കിട്ടുന്ന അനുശാസനം, സാദ്ധ്യമായ ഉപദേശങ്ങളില്‍ ഏറ്റവും മോശമായതാണെന്നു കാണാം.
എന്തുകൊണ്ടാണെന്നു നിങ്ങള്‍ക്കു പഠിക്കാം….. അടുത്ത അദ്ധ്യായത്തില്‍.